നോമ്പ് നിരോധിക്കപ്പെട്ട ദിവസങ്ങൾ

ചില ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുന്നത് വ്യക്തമായും നിരോധിച്ചുകൊണ്ട് ഹദീസുകൾ വന്നിട്ടുണ്ട്. അവ താഴെ വിവരിക്കുന്നു.
1. രണ്ടു പെരുന്നാളുകൾ
നിർബന്ധമാവട്ടെ, ഐഛികമാവട്ടെ ഏത് നോമ്പായാലും രണ്ടു പെരുന്നാൾ ദിവസങ്ങളിൽ അത് ഹറാമാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. ഉമറി(റ)ന്റെ പ്രസ്താവനയാണവർക്ക് തെളിവ്. അദ്ദേഹം പറയുന്നു: “ഈ രണ്ടു ദിവസങ്ങളിലും വ്രതമനുഷ്ഠിക്കുന്നത് റസൂൽ(സ) നിരോധിച്ചിരിക്കുന്നു. ചെറു പെരുന്നാളാണെങ്കിൽ റമദാൻ വ്രതത്തിൽ നിന്നുള്ള നിങ്ങളുടെ വിരാമമാകുന്നു. ബലിപെരുന്നാൾ ദിവസമാകട്ടെ, അന്ന് നിങ്ങളുടെ ബലിമൃഗങ്ങളിൽ നിന്നും നിങ്ങൾ ഭക്ഷിച്ചുകൊള്ളുക.” (അഹ്മദ്, നസാഈ, തിർമിദി, അബൂദാവൂദ്, ഇബ്നുമാജ )
2. അയ്യാമുത്തശ്രീഖ്
അയ്യാമുത്തശ്രീഖിൽ അഥവാ ബലിപെരുന്നാളിനെത്തുടർന്നുള്ള മൂന്നു ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കാൻ പാടുള്ളതല്ല. അബൂഹുറയ്റ നിവേദനം ചെയ്ത ഹദീസാണ് തെളിവ്. അദ്ദേഹം പറയുന്നു: “അബ്ദുല്ലാഹിബ്നു ഹുദാഫയെ റസൂൽ (സ) മിനായിൽ ചുറ്റി നടന്ന് ഇപ്രകാരം വിളംബരപ്പെടുത്താനായി അയച്ചു. “ഈ ദിവസങ്ങളിൽ നിങ്ങൾ വ്രതമെടുക്കരുത്. എന്തു കൊണ്ടെന്നാൽ അവ ആഹാരപാനാദികൾക്കും ദൈവസ്മരണക്കുമുള്ള ദിവസങ്ങളാണ്.” (അഹ്മദ്)
“ഈ ദിവസത്തിൽ നിങ്ങൾ പ്രതമെടുക്കരുത്. എന്തുകൊണ്ടെന്നാൽ അവ തിന്നാനും കുടിക്കാനും ഭാര്യാഭർതൃ ബന്ധത്തിനുമുള്ള ദിവസങ്ങളാണ് എന്നിങ്ങനെ വിളിച്ചു പറയാനായി നബി(സ) ഒരാളെ അയക്കുകയുണ്ടായെന്ന് ഇബ്നു അബ്ബാസ് പ്രസ്താവിച്ചതായി ത്വബ്റാനി ഔസതിൽ ഉദ്ധരിച്ച ഹദീസിൽ കാണാം.
എന്നാൽ നേർച്ച, പ്രായശ്ചിത്തം, ഖദാഅ് തുടങ്ങി പ്രത്യേക കാരണമുള്ള നോമ്പാണെങ്കിൽ അയ്യാമുത്തശ് രീഖിലും ആവാമെന്നാണ്. ഇമാം ശാഫിയുടെ ശിഷ്യന്മാർ അഭിപ്രായപ്പെടുന്നത്. പക്ഷേ, അങ്ങനെയുള്ള കാരണമില്ലാത്ത പക്ഷം അത് അനുവദനീയമല്ലെന്നതിൽ ഭിന്നാഭിപ്രായമില്ല. നമസ്കാരം നിരോധിക്കപ്പെട്ട സമയങ്ങളിൽ നമസ്കരിക്കുന്നതിനോടാണ് ഇതിനെ പണ്ഡിതന്മാർ സാമ്യപ്പെടുത്തിയിരിക്കുന്നത്.
3. ജുമുഅ ദിവസം മാത്രമനുഷ്ഠിക്കൽ
ജുമുഅ ദിവസം മുസ്ലിംകളുടെ വാരാന്ത പെരുന്നാൾ ദിനമത്രെ , അതിനാൽ അന്ന് നോമ്പെടുക്കരുതെന്ന് ശരീഅത്തിൽ നിരോധമുണ്ട്.
പ്രസ്തുത നിരോധം ഹറാമിനെ കുറിക്കുന്നതല്ല. കറാഹത്തിനെ കുറിക്കുന്നതാണ് എന്നത്രെ ഭൂരിപക്ഷാഭിപ്രായം. എന്നാൽ വെള്ളിയാഴ്ചക്ക് മുമ്പുള്ള ദിവസമോ ശേഷമുള്ള ദിവസമോ കൂടി നോമ്പെടുക്കുകയോ അല്ലെങ്കിൽ ഒരാൾ പതിവാക്കിപ്പോന്ന നോമ്പുമായി ഒത്തുവരികയോ അതുമല്ലെങ്കിൽ അന്ന് അറഫാ ദിവസമോ ആശൂറാ ദിവസമോ ആവുകയോ ചെയ്യുന്നപക്ഷം വെള്ളിയാഴ്ച നോമ്പെടുക്കുന്നത് കറാഹല്ല. അങ്ങനെയൊന്നുമല്ലെങ്കിൽ ആ ദിവസം നോമ്പ്ടുക്കുന്നതാണ് കറാഹത്ത്.
അബ്ദുല്ലാഹിബ്നു അംറ്(റ) പ്രസ്താവിക്കുന്നു. “റസൂൽ(സ) ഹാരിസിന്റെ മകൾ ജുവൈരിയയുടെ വീട്ടിൽ ചെന്നു. അവർ ഒരു ജുമുഅ ദിവസം നോമ്പടുത്തിരിക്കുകയായിരുന്നു. തിരുമേനി അവരോട് ചോദിച്ചു: “ഇന്നലെ നിങ്ങൾക്ക് വ്രതമുണ്ടായിരുന്നോ?’ അവർ പറഞ്ഞു: ‘ഇല്ല’, ‘നാളെ നോമ്പെടുക്കാനുദ്ദേശിക്കുന്നുണ്ടോ?’ ‘ഇല്ല.’ അപ്പോൾ തിരുമേനി പറഞ്ഞു. “അങ്ങനെയാണെങ്കിൽ വ്രതം മുറിക്കുക.”(അഹ്മദ്,നസാഈ ).
ആമിറുൽ അശ്അരി(റ) പ്രസ്താവിക്കുന്നു. റസൂൽ (സ) ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു. “ജുമുഅ ദിവസം നിങ്ങളുടെ പെരുന്നാളാണ്. അതിനാൽ, അതിന് മുമ്പോ ശേഷമോ നോമ്പനുഷ്ഠിക്കുന്നുണ്ടെങ്കിലല്ലാതെ അന്ന് നിങ്ങൾ നോമ്പ് നോൽക്കരുത് “(ബസ്സാർ)
അലി(റ) പറഞ്ഞു “നിങ്ങളിലാരെങ്കിലുംഐച്ഛികമായ നോമ്പനുഷ്ഠിക്കുകയാണെങ്കിൽ വ്യാഴാഴ്ച് ദിവസം അനുഷ്ഠിച്ചുകൊള്ളട്ടെ വെള്ളിയാഴ്ച അനുഷ്ഠിക്കാതിരിക്കട്ടെ. കാരണം, അത് ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും ദൈവസ്മരണയുടെയും ദിനമാണ് “(ഇബനു അബീശൈബ)
ജാബിറി(റ)ൽ നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഒരു ഹദീസിൽ നബി(സ) പറയുന്നു. “ജുമുഅ ദിവസം നിങ്ങൾ വ്രതമെടുക്കരുത്. അതിന് മുമ്പുള്ള ഒരു ദിവസമോ അതിനു ശേഷമുള്ള ഒരു ദിവസമോ അതിന്റെ കൂടെയില്ലെങ്കിൽ.“
മുസ്ലിം ഉദ്ധരിച്ച ഒരു നബിവചനം ഇപ്രകാരമാണ്. “രാത്രികളുടെ കൂട്ടത്തിൽനിന്ന് ജുമുഅ രാത്രിയെ നമസ്കാരത്തിനായി പ്രത്യേകം നിങ്ങൾ തിരഞ്ഞെടുക്കരുത്. മറ്റു ദിവസങ്ങളിൽ ജുമുഅഃ ദിവസത്തിൽ മാത്രമായി നിങ്ങൾ നോമ്പനുഷ്ഠിക്കുകയും ചെയ്യരുത്. നിങ്ങളിൽ ആരെങ്കിലും സാധാരണ അനുഷ്ഠിക്കുന്ന നോമ്പല്ലെങ്കിൽ. “
4. ശനിയാഴ്ച മാത്രം വ്രതമെടുക്കൽ
റസൂൽ(സ) പറഞ്ഞതായി ബസ്റുസ്സലമി തന്റെ സഹോദരി വഴി നിവേദനം ചെയ്യുന്നു. നിങ്ങൾക്ക് നിർബന്ധമാക്കപ്പെട്ട നോമ്പല്ലാതെ ( ഖദാ വീട്ടുന്നത്, നേർച്ച, സുന്നത്ത് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. പക്ഷേ, പതിവു നോമ്പിനോട് ഒത്തുവന്നാലും അറഫാ ദിവസം പോലുള്ള ദിനങ്ങൾ ഒത്തുവന്നാലും അന്ന് നോമ്പെടുക്കാവുന്നതാണ്.) ശനിയാഴ്ച ദിവസം നിങ്ങൾ അനുഷ്ഠിക്കരുത്. മുന്തിരിത്തോലിയോ, വല്ല മരക്കൊള്ളിയോ മാത്രമല്ലാതെ മറ്റൊന്നും കിട്ടിയിട്ടില്ലെങ്കിൽ അതെങ്കിലും ചവച്ചു കൊള്ളട്ടെ. (അഹ്മദും സുനനുകാരും ഹാകിമും ഉദ്ധരിക്കുന്നു). ഇത് മുസ്ലിമിന്റെ ഉപാധിയനുസരിച്ച് സ്വഹീഹാണ്. ഹാകിമും ഹസനാണെന്ന് തിർമിദിയും പറയുന്നു. ഇവിടെ കറാഹത്ത് കൊണ്ടുദ്ദേശിക്കുന്നത് ശനിയാഴ്ച ദിവസം മാത്രമായി ഒരാൾ നോമ്പെടുക്കുന്നതാണ്. ജൂതന്മാർ ശനിയാഴ്ചയെ ആദരിക്കുന്നതാണ് അതിനു കാരണം എന്നുകൂടി തിർമിദി തുടർന്നു പറയുന്നു.
നബി(സ) ഇതര ദിവസങ്ങളെക്കാളധികം ശനിയാഴ്ചയും ഞായറാഴ്ചയുമാണ് നോമ്പനുഷ്ഠിച്ചിരുന്നതെന്നും, അവ രണ്ടും ബഹുദൈവ വിശ്വാസികളുടെ പെരുന്നാൾ ദിനങ്ങളാണ്. അതിനാൽ അവരോട് വിപരീതമാവാൻ ഞാനിഷ്ടപ്പെടുന്നു’ എന്ന് തിരുമേനി പറ യാറുണ്ടായിരുന്നുവെന്നും ഉമ്മുസലമ(റ) പറയുന്നു. (അഹ്മദ്, ബൈഹഖി, ഹാകിം, ഇബ്നു ഖുസൈമ). അവസാനത്തെ രണ്ടുപേരും ഇത് സ്വഹീഹാണെന്നു കൂടി പറഞ്ഞിരിക്കുന്നു.
ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ശാഫിഈ, ഹനഫീ, ഹമ്പലീ മദ്ഹബുകാർ ശനിയാഴ്ച മാത്രം നോമ്പെടുക്കുന്നത് കറാഹത്താണെന്ന് പറയുന്നു. ഇമാം മാലിക്കാകട്ടെ ഇതിന് വിപരീതമായി ശനിയാഴ്ച മാത്രം നോമ്പെടുക്കുന്നതിൽ കറാഹത്തില്ലെന്ന പക്ഷക്കാരനാണ്. ഹദീസ് അദ്ദേഹത്തിന്നെതിരിൽ തെളിവായി നിലകൊള്ളുകയും ചെയ്യുന്നു.
5. സംശയ ദിവസത്തെ നോമ്പ് (ശഅ്ബാനിലെ അവസാന ദിവസമാണിവിടെ ഉദ്ദേശ്യം )
അമ്മാറുബ്നു യാസിർ(റ) പറയുന്നു: “സംശയ മുള്ള ദിവസം ആരെങ്കിലും നോമ്പെടുക്കുന്നപക്ഷം അവൻ നബിതിരുമേനിയോട് വിപരീതം പ്രവർത്തിച്ചു. (സുനനുകാർ ഉദ്ധരിച്ചത്.)
ഇത് ഹസനും സ്വഹീഹുമാണെന്നും അധിക പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ഇതനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും അതുതന്നെയാണ്. സുഫ്യാനുസ്സൗരി, മാലിക്, അബ്ദുല്ലാഹിബ്നുൽ മുബാറക്, ശാഫിഈ, അഹ്മദ്, ഇസ്ഹാഖ് എന്നിവരുടെ അഭിപ്രായമെന്നും സംശയദിവസം വ്രതമെടുക്കുന്നത് കറാഹത്താണെന്നും അവരെല്ലാം അഭിപ്രായപ്പെടുന്നുവെന്നും തിർമിദി തുടർന്നു പറയുന്നു.
ഒരാൾ സംശയദിവസം നോമ്പെടുക്കുകയും അത് യാദൃച്ഛികമായി റമദാനിലാവുകയും ചെയ്താൽ പോലും അതിനുപകരം മറ്റൊരു ദിവസം അയാൾ നോമ്പെടുക്കുക തന്നെ വേണമെന്നാണ് പണ്ഡിതന്മാരിൽ അധികപേരുടെയും അഭിപ്രായം.( പക്ഷേ, നോമ്പെടുത്തശേഷം ആ ദിവസം റമദാനിലായിരുന്നുവെന്ന് വ്യക്തമാവുന്നപക്ഷം അത് മതിയെന്നാണ് ഹനഫികളുടെ അഭിപ്രായം. ) എന്നാൽ ഒരാൾ തന്റെ പതിവ് നോമ്പിനോട് യോജിച്ചതുകൊണ്ടാണ് സംശയദിവസം നോമ്പെടുത്തതെങ്കിൽ അത് കറാഹത്തില്ലാതെത്തന്നെ സാധുവാകുന്നതാണ്.
നബി(സ) പറഞ്ഞതായി അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു: “റമദാനിലെ നോമ്പിന്റെ മുമ്പായി ഒരു ദിവസമോ രണ്ട് ദിവസമോ നിങ്ങൾ നോമ്പെടുക്കരുത്. എന്നാൽ ഒരാൾ പതിവായി നോമ്പെടുക്കുന്ന ദിവസ മാണെങ്കിൽ അയാൾ അന്നും നോമ്പെടുത്തുകൊള്ളട്ടെ.”(ജമാഅത്ത് ഉദ്ധരിച്ചത്.
തിർമിദി പറഞ്ഞു: “ഇത് ഹസനും സ്വഹീഹുമാണ്. പണ്ഡിതന്മാരുടെ പ്രവർത്തനവും ഇതനുസരിച്ചാണ്. റമദാൻ ആഗമിക്കുന്നതിനുമുമ്പ് റമദാനെ മുൻനിർത്തി, മുൻകൂട്ടി നോമ്പ് നോൽക്കുന്നത് അവർ അവിഹിതമായിക്കണ്ടിരിക്കുന്നു. ഒരാളുടെ പതിവ് നോമ്പിനോട് യോജിച്ചുവന്നാൽ വിരോധമില്ല.
6. വർഷം മുഴുവൻ വ്രതമെടുക്കരുത്
നോമ്പ് വിരോധിക്കപ്പെട്ട ദിവസങ്ങളടക്കം വർഷം മുഴുവനായി നോമ്പെടുക്കുന്നത് ഹറാമാണ്. “എന്നും നോമ്പെടുത്തവൻ നോമ്പേയില്ല” എന്ന് റസൂൽ(സ) പറഞ്ഞതാണ് തെളിവ്. (അഹ്മദ്, ബുഖാരി, മുസ്ലിം)
എന്നാൽ ഒരാൾ രണ്ട് പെരുന്നാൾ ദിവസങ്ങളിലും അയ്യാമുത്തശ്രീഖിലും നോമ്പുപേക്ഷിച്ചു ബാക്കി ദിവസങ്ങളിൽ നോമ്പെടുക്കുകയാണെങ്കിൽ അയാൾക്കതിന് കഴിവുള്ളപക്ഷം കറാഹത്തില്ല.
തിർമിദി പറയുന്നു: “ചെറിയ പെരുന്നാളിലും ബലി പെരുന്നാളിലും അയ്യാമുത്തശ്ശിഖിലും നോമ്പുപേക്ഷിക്കാതെ വർഷം മുഴുവനും നോമ്പനുഷ്ഠിക്കുന്നത് പണ്ഡിതന്മാരിൽ ഒരു വിഭാഗം കറാഹത്തായി ഗണിച്ചി ട്ടുണ്ട്. “
അതിനാൽ മേൽപറഞ്ഞ ദിവസങ്ങളിൽ ഒരാൾ നോമ്പുപേക്ഷിക്കുന്നപക്ഷം അയാൾ കറാഹത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാകുന്നതാണ്. അയാൾ കൊല്ലം മുഴുവൻ നോമ്പനുഷ്ഠിച്ചവരിൽ പെടുകയില്ല. മാലിക്, ശാഫിഈ, അഹ്മദ്, ഇസ്ഹാഖ് എന്നിവർ അങ്ങനെ പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു.
ഹംസത്തുൽ അസ്ലമി(റ)ക്ക് നിത്യം നോമ്പനുഷഠിക്കാൻ നബി(സ) അനുവാദം കൊടുക്കുകയും ‘ഇഛിക്കുന്നപക്ഷം നോമ്പെടുക്കുക. ഇഛിക്കുന്നപക്ഷം ഉപേക്ഷിക്കുക’ എന്നിങ്ങനെ അദ്ദേഹത്തോട് പറയുകയുമുണ്ടായി എന്ന സംഭവം മുമ്പുദ്ധരിച്ചിട്ടുണ്ട്.
എന്നാൽ ഒരു ദിവസം നോമ്പെടുക്കുകയും ഒരു ദിവസം നോമ്പെടുക്കാതിരിക്കുകയുമാണ് ഏറ്റവും ഉത്തമം. കാരണം, അതാണ് അല്ലാഹുവിന് ഏറ്റം ഇഷ്ടകരമായ നോമ്പ്.
ഭാര്യയുടെ നോമ്പ്
ഭർത്താവ് സ്ഥലത്തുണ്ടായിരിക്കെ അദ്ദേഹത്തോട് സമ്മതം ചോദിക്കാതെ ഭാര്യ വ്രതമെടുക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു.
അബൂഹുറയ്റ(റ) പറയുന്നു. “ ഭർത്താവ് സ്ഥലത്തുണ്ടായിരിക്കെ, അദ്ദേഹത്തിന്റെ സമ്മതമില്ലാതെ സ്ത്രീ ഒറ്റ ദിവസവും വ്രതമെടുക്കാൻ പാടില്ല. റമദാനൊഴിച്ച് എന്ന് നബി(സ) പറയുകയുണ്ടായി.“ (അഹ്മദ്, ബുഖാരി, മുസ്ലിം)
ഭാര്യ മേൽ പറഞ്ഞ പ്രകാരം നോമ്പനുഷ്ഠിക്കുന്നത് ഹറാമാണെന്നാണ് ഈ നിരോധം കുറിക്കുന്നതെന്ന് പണ്ഡിതന്മാർ വ്യാഖ്യാനിക്കുന്നു. തന്റെ സമ്മതം കൂടാതെ ഭാര്യ നോമ്പെടുക്കുകയാണെങ്കിൽ അത് തകരാറാക്കാൻ അവർ ഭർത്താവിന് അനുവാദം നൽകുകയും ചെയ്തിരിക്കുന്നു. അവൾ ഭർത്താവിന്റെ അവകാശം കവർന്നിരിക്കുന്നതാണ് അവരതിന് കാരണം പറയുന്നത്. ഇതെല്ലാം ഹദീസിൽ വന്നപോലെ റമദാനൊഴിച്ചുള്ള മറ്റു നോമ്പുകളെ സംബന്ധിച്ചാണ്. റമദാൻ നോമ്പിനെ സംബന്ധിച്ചാണെങ്കിൽ ഭർത്താവിന്റെ അനുവാദമൊന്നും ആവശ്യമില്ല.
അപ്രകാരം തന്നെ ഭർത്താവ് സ്ഥലത്തില്ലെങ്കിലും അദ്ദേഹത്തിന്റെ സമ്മതം കൂടാതെ അവൾക്ക് നോമ്പടുക്കാം. മടങ്ങിയെത്തിയാൽ അദ്ദേഹത്തിന് അവളുടെ നോമ്പ് തകരാറാക്കാൻ അനുവാദമുണ്ട്.
ഭർത്താവിന്റെ രോഗം, ഭാര്യാഭർത്ത്യ ബന്ധത്തിനുള്ള അദ്ദേഹത്തിന്റെ ബലഹീനത എന്നിവ ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ അഭാവം പോലെത്തന്നെയാണ് പണ്ഡിതന്മാർ കണക്കാക്കിയിട്ടുള്ളത്. അവ ഉള്ളപ്പോൾ സമ്മതം ചോദിക്കാതെത്തന്നെ നോമ്പെടുക്കാൻ അവൾക്കനുവാദമുണ്ടെന്നർഥം.
നോമ്പ് ചേർത്തനുഷ്ഠിക്കൽ ( നോമ്പു തുറക്കുകയോ അത്താഴം കഴിക്കുകയോ ചെയ്യാതെ രണ്ടു നോമ്പുകൾ തമ്മിൽ കൂട്ടുന്നതിനാണ് ചേർത്തനുഷ്ഠിക്കുക (വിസ്വാൽ) എന്നു പറയുന്നത്. )
അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു: ‘നിങ്ങൾ വിസ്വാൽ സൂക്ഷിക്കുക’ എന്ന് നബി(സ) മൂന്ന് പ്രാവിശ്യം പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങു വിസ്വാൽ ചെയ്യുന്നുണ്ടല്ലോ?’ എന്ന് സഹാബിമാർ ചോദിച്ചപ്പോൾ തിരുമേനി പറഞ്ഞു. “അക്കാര്യത്തിൽ നിങ്ങൾ എന്നെപ്പോലെയല്ല. എന്റെ നാഥൻ എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഞാൻ കഴിക്കുന്നത്.( ഭക്ഷണപാനീയങ്ങൾ കഴിച്ചവരുടെ ശക്തി അല്ലാഹു നൽകുന്നുവെന്നർഥം. ) അതിനാൽ നിങ്ങൾ നിങ്ങളെക്കൊണ്ട് സാധ്യമായ കർമങ്ങൾ അനുഷ്ഠിക്കുക. (ബുഖാരി, മുസ്ലിം)
ഈ നിരോധം കുറാഹത്തിനെ കുറിക്കുന്നതാണന്ന് കർമശാസ്ത്ര പണ്ഡിതന്മാർ വ്യാഖ്യാനിച്ചിരിക്കുന്നു .
നോമ്പുകാരന് വിഷമമില്ലെങ്കിൽ അത്താഴസമയം വരെ ‘വിസ്വാൽ’ ആവാമെന്നാണ് അഹ്മദ്, ഇസ്ഹാഖ്, ഇബ്നുൽ മുൻദിർ എന്നിവർ അഭിപ്രായപ്പെടുന്നത്. അബൂസഈദിൽ ഖുദ്രി(റ) വഴി ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസാണ് അവർക്ക് തെളിവ്. നബി(സ) തിരുമേനി പറഞ്ഞതായി അദ്ദേഹം പറയുന്നു: “നിങ്ങൾ വിസ്വാൽ ചെയ്യരുത്. നിങ്ങളിൽ ആരെങ്കിലും വിസ്വാൽ ചെയ്യാനുദ്ദേശിക്കുന്നപക്ഷം അത്താഴ സമയം വരെ വിസ്വാൽ ചെയ്തുകൊള്ളട്ടെ.