വ്രതം നിർബന്ധമായവരും ഇളവുള്ളവരും

ചോദ്യം- ഒരു വ്യക്തിക്കു റമദാൻ വ്രതം നിർബന്ധമായിത്തീരുന്നതിനുള്ള ഉപാധികളെന്തെല്ലാമാണ്?
ഉത്തരം- റമദാൻ വ്രതം നിർബന്ധമാകുവാൻ നാല് ഉപാധികളാണുള്ളത്. 1. മുസ്ലിമായിരിക്കുക. 2. പ്രായപൂർത്തിയെത്തിയവനായിരിക്കുക. കുട്ടികൾക്ക് നോമ്പ് നിർബന്ധമില്ലെങ്കിലും നമസ്കാരം പോലെ ഏഴു വയസ്സുമുതൽ രക്ഷിതാക്കൾ അവരെ നോമ്പ് ശീലിപ്പിക്കേണ്ടതാണെന്നും പത്തു വയസ്സുമുതൽ നോമ്പുപേക്ഷിക്കുന്നവരെ ലഘുവായി ശിക്ഷിക്കേണ്ടതാണെന്നും ചില പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 3. വിശേഷബുദ്ധിയുള്ളവനായിരിക്കുക. ഭാന്തൻമാർ നോമ്പനുഷ്ഠിക്കേണ്ടതില്ല. ഭാന്ത് കാലത്ത് പാഴായിപ്പോയ നോമ്പുകൾ ഭാന്ത് സുഖപ്പെട്ട ശേഷം വീട്ടേ ണ്ടതുമി ല്ല. ബോധക്ഷയം, ലഹരി മുതലായവ ബാധിച്ചവരും നോമ്പനുഷ്ഠിക്കേണ്ടതില്ല. എങ്കിലും അവർ ബോധക്ഷയത്തിൽ നിന്നോ ലഹരിയിൽ നിന്നോ മുക്തരായ ശേഷം പാഴായിപ്പോയ നോമ്പുകൾ അനുഷ് ഠിച്ച് വീട്ടാൻ ബാധ്യസ്ഥരാണ്. 4. നോമ്പനുഷ്ഠിക്കാനുള്ള ശാരീരിക യോഗ്യത യുള്ളവരായിരിക്കുക. വാർധക്യം മൂലമോ മാറാവ്യാധി മൂലമോ നോമ്പനുഷ്ഠിക്കുന്നത് അപായത്തിനിടയാക്കും വിധം അവശരായവർ നോമ്പനുഷ്ഠിക്കേണ്ടതില്ല. അവർ അതിന് പ്രായശ്ചിത്തം ചെയ്താൽ മതിയാകും. പിൽക്കാലത്ത് ആരോഗ്യം വീണ്ടുകിട്ടിയേക്കാവുന്ന രോഗികൾക്കും രോഗാവസ്ഥയിൽ വ്രതാനുഷ്ഠാനം നിർബന്ധമില്ല. അവർ പക്ഷേ പാഴായിപ്പോയ നോമ്പുകൾ രോഗവിമുക്തരായ ശേഷം അനുഷ്ഠിച്ച് വീട്ടേണ്ടത് നിർബന്ധമാകുന്നു. ദീർഘ യാത്രക്കും നോമ്പുപേക്ഷിക്കാവുന്നതാണ്. അവരും പിന്നീടത് നോറ്റ് വീട്ടണം. സ്ത്രീകളുടെ ആർത്തവം, പ്രസവം തുടങ്ങിയ സംഗതികളും നോമ്പിന്റെ നിർബന്ധത്തെ തടയുന്ന ശാരീരികമായ അയോഗ്യതകളിൽപെടുന്നു. ഇക്കൂട്ടരും പാഴായിപ്പോയ നോമ്പുകൾ പിൽക്കാലത്ത് നോറ്റുവീട്ടേണ്ടതുണ്ട്.