തറാവീഹിന്റെ പിന്നില്‍ ഇശാ നമസ്കാരം?
ചോദ്യം- കഴിഞ്ഞ റമദാനില്‍ തറാവീഹ് നടന്നുകൊണ്ടിരിക്കെ പള്ളിയിലേക്കെത്തിയ ഞാന്‍ തറാവീഹ് ജമാഅത്തിന് പിന്നില്‍ അണിനിരന്നവരോടൊപ്പം ഇശാ നമസ്കരിക്കാന്‍ നിയ്യത്ത് ചെയ്ത് രണ്ട് റക്അത്ത് നമസ്കരിച്ചു. ഇമാം സലാം വീട്ടിയപ്പോള്‍ ബാക്കി രണ്ട് റക്അത്ത് പൂര്‍ത്തിയാക്കുകയും ചെയ്തു. നമസ്കാരം കഴിഞ്ഞപ്പോള്‍ ഒരു മൗലവി പറഞ്ഞു, ‘സുന്നത്തിനു പിന്നില്‍ ഫര്‍ദ് നമസ്കരിക്കാന്‍ പറ്റില്ല’. അപ്പോള്‍, ‘ഇപ്പോള്‍ നടക്കുന്ന സുന്നത്തായ തറാവീഹ് ജമാഅത്താണെന്നറിയാതെ പിന്തുടര്ന്നാലോ’ എന്ന ചോദ്യത്തിന് ‘അറിയാതെ ആയാല്‍ അതിന് കുഴപ്പമില്ല’ എന്ന് പറഞ്ഞു. എന്താണ് തറാവീഹ് ജമാഅത്തിന് പിന്നില്‍ ഇശാഅ് നമസ്കരിക്കുന്നതിന്റെ വിധി?
ഉത്തരം- ശാഫിഈ മദ്ഹബനുസരിച്ച്, സുന്നത്ത് നമസ്കരിക്കുന്നവന്റെ പിന്നില്‍, സുന്നത്താണ് നമസ്കരിക്കുന്നതെന്ന് അറിഞ്ഞുകൊണ്ടാണെങ്കിലും ഫര്‍ദ് നമസ്കരിക്കുന്നതും, ഫര്‍ദ് നമസ്കരിക്കുന്നവന്റെ പിന്നില്‍ സുന്നത്ത് നമസ്കരിക്കുന്നതും സാധുവാകും; ഫര്‍ദാണ് നമസ്കരിക്കുന്നതെന്നറിഞ്ഞുകൊണ്ടാണെങ്കിലും. നമസ്കാരത്തിന്റെ രൂപത്തില്‍ മാറ്റമുണ്ടാവരുതെന്ന് മാത്രം. ഉദാഹരണത്തിന് മയ്യിത്ത് നമസ്കാരം. കാരണം അതില്‍ മറ്റു നമസ്കാരങ്ങളിലെ ഫര്ദുകളായ റുകൂഅ്, സുജൂദ് തുടങ്ങിയവയൊന്നുമില്ലല്ലോ. അതിനാല്‍ അതിനെത്തുടര്‍ന്ന് മറ്റു നമസ്കാരം സാധുവാകില്ല.
ഇമാം നവവി പറയുന്നു: ”തറാവീഹിന്റെ പിന്നില്‍ ഇശാ നമസ്കരിക്കുന്നത് അനുവദനീയമാണ്. അങ്ങനെ ഇമാം സലാം വീട്ടിയാല്‍ ശേഷിച്ച രണ്ട് റക്അത്തുകള്‍ എഴുന്നേറ്റ് പൂര്‍ത്തിയാക്കേണ്ടതാണ്. അങ്ങനെ ഒറ്റക്കത് പൂര്‍ത്തിയാക്കുന്നതാണ് നല്ലത്. ഇനി ഇമാം വീണ്ടും എഴുന്നേല്ക്കുമ്പോള് വീണ്ടും അദ്ദേഹത്തിന്റെ കൂടെ തുടരാമോ എന്നതില്‍ രണ്ടഭിപ്രായമുണ്ട്” (ശറഹുല്‍ മുഹദ്ദബ്: 4/270, റൗദ: 1/368, നിഹായ: 6/203).
അതിനാല്‍ ഇശാ കഴിഞ്ഞ് വൈകി പള്ളിയിലെത്തുന്നവര്‍ തറാവീഹ് തുടങ്ങിയിട്ടുണ്ടെങ്കില്‍ അവിടെത്തന്നെ മറ്റൊരു ജമാഅത്ത് നടത്തുന്നത് കര്‍ശനമായി വിലക്കപ്പെട്ട കാര്യമാകയാല്‍ അത്തരക്കാര്‍ ഇശാഇന്റെ നിയ്യത്തോടെ തറാവീഹ് നമസ്കരിക്കുന്ന ഇമാമിന്റെ പിന്നില്‍ ചേരുകയും ഇമാം സലാം വീട്ടുന്ന മുറക്ക് ശേഷിച്ച റക്അത്തുകള്‍ എഴുന്നേറ്റ് പൂര്‍ത്തിയാക്കുകയുമാണ് വേണ്ടത്.
ജാബിറുബ്നു അബ്ദില്ലാ നിവേദനം ചെയ്യുന്നു: ”മുആദ് (റ) പ്രവാചകനോടൊപ്പം നമസ്കരിക്കുകയും പിന്നെ ചെന്ന് അതേ നമസ്കാരം വീട്ടില്‍ തന്റെ വീട്ടുകാര്‍ക്കായി വീണ്ടും നമസ്കരിക്കുകയും ചെയ്യാറുണ്ടായിരുന്നു” (ബുഖാരി, മുസ്ലിം). ഇവിടെ മുആദ് രണ്ടാമത് നമസ്കരിക്കുന്നത് അദ്ദേഹത്തിന് സുന്നത്തും വീട്ടുകാരെ സംബന്ധിച്ചേടത്തോളം ഫര്ദുമാകുന്നു (ഇമാം ശാഫിഈ, ഇഖ്തിലാഫുല്‍ ഹദീസ്). ഈ ഹദീസാണ് ഇമാം ശാഫിഈയുടെ തെളിവ്. ഏറ്റവും പ്രബലവും വിശാലവും സ്വഹാബിമാരുടെ ഇജ്മാഉം ഉള്ള വീക്ഷണമാണിതെന്നുമാണ് ഇമാം മാവര്‍ദി പ്രസ്താവിച്ചിട്ടുള്ളത് (അല്‍ ഹാവി: 2/316).