ഋതുമതിയുടെ നോമ്പ്

ചോദ്യം- റമദാന് വ്രതം നഷ്ടപ്പെടാതിരിക്കാനായി ആര്‍ത്തവം വൈകിപ്പിക്കാന്‍ സഹായിക്കുന്ന മെഡിസിന് ഉപയോഗിക്കുന്നതിന്റെ വിധി എന്ത്?
ഉത്തരം- റമദാനില്‍ വ്രതമനുഷ്ഠിക്കണമെന്ന് കല്പിച്ച അതേ ദീന് തന്നെയാണ് ആര്‍ത്തവ കാലത്ത് വ്രതമനുഷ്ഠിക്കരുത് എന്ന് കല്‍പ്പിച്ചിട്ടുള്ളതും. അപ്പോള്‍ ഋതുമതികളല്ലാത്തവര് നോമ്പനുഷ്ഠിക്കുന്നതും ഋതുമതികളായവര്‍ നോമ്പ് ഉപേക്ഷിക്കുന്നതും അല്ലാഹുവിനെ അനുസരിക്കല്‍ തന്നെയാണ്. ഇവിടെ ദൈവകല്പന അനുസരിക്കുന്നതിന്റെ പേരാണ് ഇബാദത്ത്. അതിനാല്‍ ആര്‍ത്തവകാലത്ത് നോമ്പ് ഉപേക്ഷിക്കുന്നവര്‍ക്ക് റമദാനില്‍ പ്രതിഫലം നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്ക അസ്ഥാനത്താണ്. അല്ലാഹു സ്ത്രീകളുടെ പ്രകൃതിയായി നിശ്ചയിച്ച ഒരു പ്രക്രിയയാണ് ആര്‍ത്തവം. ആ വേളയില്‍ നമസ്കാരവും നോമ്പും നിഷിദ്ധമാണ്. ഈ പ്രക്രിയ ദൈവനിശ്ചയമനുസരിച്ച് നടക്കുന്നതാണ്. അല്ലാതെ ഒരു സത്രീ തന്റെ ഇഛയനുസരിച്ച് തീരുമാനിക്കുന്നതല്ല. അതു കൊണ്ട് തനിക്ക് പങ്കില്ലാത്ത ഒരു പ്രക്രിയുടെ പേരില്‍ അല്ലാഹു തന്നോട് അനീതി ചെയ്യുമെന്ന് ആശങ്കിക്കുന്നതില് അര്‍ഥമില്ല. ഈ കാരണത്താല്‍ തന്നേക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രത്യേകിച്ച് പ്രതിഫലമോ അനുഗ്രഹമോ അധികം ലഭിക്കുമെന്നും തനിക്കവ വിലക്കപ്പെടുമെന്നും ആശങ്കപ്പെടേണ്ടതുമില്ല. അതിനാല്‍ റമദാന് മാസത്തില്‍ ഋതുമതികളാവുന്ന പക്ഷം ആ വേളയില്‍ നോമ്പ് ഉപേക്ഷിക്കുകയും റമദാന് കഴിഞ്ഞ് അടുത്ത റമദാന് വരെയുള്ള മാസങ്ങളില്‍ സൗകര്യമനുസരിച്ച് ഒഴിവാക്കിയ നോമ്പുകള്‍ നോറ്റ് വീട്ടുകയുമാണ് ചെയ്യേണ്ടത്.
എന്നാല്‍, ചില സഹോദരിമാര്‍ക്കെങ്കിലും റമദാന് മാസത്തിലെ നോമ്പ് നോറ്റുവീട്ടുന്നതിന് പ്രായോഗിക തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലിയുടെ ഭാരം, കാലാവസ്ഥ പ്രതികൂലമാവുക, പ്രസവം, ചികിത്സ തുടങ്ങി പല തടസങ്ങളും വരാന്‍ സാധ്യതയുണ്ട്. അതുപോലെ, റമദാനില്‍ നോമ്പനുഷ്ഠിക്കൂന്ന സൗകര്യവും അനുകൂല ഘടകങ്ങളും പിന്നെ കിട്ടിക്കൊള്ളണമെന്നില്ല. ഇങ്ങനെയുള്ള ഒരു സഹോദരിക്ക് ആര്‍ത്തവം വൈകിപ്പിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് അനുവാദമുണ്ടെന്ന് ആധുനിക പണ്ഡിതന്മാര് വ്യക്തമാക്കിയിട്ടുണ്ട്. അതു പക്ഷേ നിരുപാധികമായ അനുവാദമല്ല. ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് വഴി സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ യാതൊരു ദോഷവും ഉപദ്രവും ഉണ്ടാവുകയില്ല എന്ന് വിശ്വസ്തനായ ഒരു ഡോക്ടറുടെ സാക്ഷ്യമുണ്ടായിരിക്കണമെന്ന് കൂടി അവര്‍ ഉപാധി വെച്ചിട്ടുണ്ട്.