നോമ്പിന്റെ നിയ്യത്ത് നാവു കൊണ്ട് ഉരുവിടുക നിര്‍ബന്ധമാണോ?

ചോദ്യം- നോമ്പ് നിയ്യത്ത് എങ്ങനെയാണ് തുടങ്ങേണ്ടത്? വല്ലതും ചൊല്ലി തന്നെ തുടങ്ങേണ്ടതുണ്ടോ? നോമ്പിന്റെ നിയ്യത്ത് നാവു കൊണ്ട് ഉരുവിടുക നിര്‍ബന്ധമാണോ? എപ്പോഴാണ് അതിന്റെ സമയം? ഓരോ ദിവസത്തെ നോമ്പിനും വെവ്വേറെ നിയ്യത്ത് വേണ്ടതുണ്ടോ?
ഉത്തരം- ‘നിയ്യത്ത്’ എന്ന വാക്കിന് കരുതുക എന്നാണര്‍ഥം. കരുതല്‍ ഹൃദയം കൊണ്ടാണല്ലോ. എന്നുവെച്ചാല്‍ നിയ്യത്തിന്റെ ഇടം മനസ്സാണ്. ഹൃദയം കൊണ്ടാണ് നിയ്യത്ത് ചെയ്യേണ്ടത്. മനസ്സില്‍ കരുതാതെ അശ്രദ്ധമായി നാവുകൊണ്ടുച്ചരിച്ചാല്‍ അത് നിയ്യത്താവുകയില്ല. നാവുകൊണ്ടുച്ചരിക്കല്‍ നിയ്യത്തിന്റെ നിബന്ധനയല്ല. സുന്നത്ത്മാത്രമാണ്. അതു പോലും ശാഫിഈ, ഹനഫീ വീക്ഷണമാണ് (നിഹായ: 1-496). നബിയോ സ്വഹാബത്തോ നിയ്യത്ത് ഉരുവിടാറുണ്ടായിരുന്നില്ല (സാദുല്‍ മആദ്: 1-194). ഹൃദയത്തെ സഹായിക്കാന്‍ വേണ്ടിയാണ് നാവുകൊണ്ടുച്ചരിക്കുന്നത്. ഹൃദയസാന്നിധ്യമില്ലാതെ കേവലം നാവുകൊണ്ട് ‘നിയ്യത്ത്’ വെച്ചാല്‍ നോമ്പ് സ്വഹീഹാവുന്നതല്ല (തുഹ്ഫ 3/424).
‘ഫജ്റിനു മുമ്പ് രാത്രി നിയ്യത്ത് ചെയ്യാത്തവന് നോമ്പില്ല’ (അബൂദാവൂദ്: 8161) എന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. തദടിസ്ഥാനത്തിലാണ് റമദാന് നോമ്പായി പരിഗണിക്കണമെങ്കില്‍ ഓരോ രാത്രിയിലും നിയ്യത്ത് ചെയ്യുകതന്നെ വേണം എന്ന് പറയുന്നത്.
റമദാന് നോമ്പ്, നേര്‍ച്ച നോമ്പ് തുടങ്ങിയ ഫര്‍ള് നോമ്പുകള്‍ക്ക് നിയ്യത്ത് ചെയ്യുമ്പോള്‍ രാത്രിയില്‍ (മഗ്രിബ്-സ്വുബ്ഹിനിടയില്) ആവലും ഇന്ന നോമ്പ് എന്ന് നിര്‍ണയിക്കലും നിര്‍ബന്ധമാണ്. റമദാന് നോമ്പ് ഞാന്‍ അനുഷ്ഠിക്കുന്നുവെന്ന് രാത്രിയില്‍ നിയ്യത്ത് ചെയ്താല്‍ ഫര്‍ളായ നിയ്യത്തായി. എല്ലാ നോമ്പുകള്‍ക്കും വേണ്ടി ഒന്നാമത്തെ രാത്രി നിയ്യത്ത് ചെയ്താല്‍ മതിയാവുകയില്ലെന്നാണ് ശാഫിഈ മദ്ഹബ്. എന്നാല്‍ റമദാന് വ്രതം ഒറ്റ ഇബാദത്താണെന്നും മൊത്തം ഒരു നിയ്യത്ത് മതിയാകുമെന്നുമാണ് മാലികീ മദ്ഹബ് (ഹാശിയതു ബിന്‍ ആബിദീന്‍: 2 – 380)
പിറ്റേന്ന് നോമ്പെടുക്കണമെന്നുദ്ദേശിച്ച് കിടക്കുന്നതും ആ ഉദ്ദേശ്യത്തോടെ അത്താഴത്തിനെഴുന്നേല്‍ക്കുന്നതുമെല്ലാം നിയ്യത്തായി പരിഗണിക്കപ്പെടും.