നോമ്പ് ദുർബലപ്പെടുത്തുന്ന കാര്യങ്ങൾ

ഇത് രണ്ടുവിധമുണ്ട്.
1. നോമ്പ് ദുർബലപ്പെടുത്തുകയും ഖദാഅ് (മറ്റൊ രിക്കൽ നിർവഹിക്കൽ) നിർബന്ധമാക്കുകയും ചെയ്യുന്ന കാര്യങ്ങൾ.
2. നോമ്പ് ദുർബലപ്പെടുത്തുന്നതോടൊപ്പം ഖദാഉം പ്രായശ്ചിത്തവും നിർബന്ധമാക്കുന്ന കാര്യങ്ങൾ,
നോമ്പ് ദുർബലപ്പെടുത്തുകയും ഖദാഅ് മാത്രം നിർബന്ധമാക്കുകയും ചെയ്യുന്ന കാര്യങ്ങൾ താഴെ വിവരിക്കാം.
1, 2. ബോധപൂർവം തിന്നുക, കുടിക്കുക
എന്നാൽ ഒരാൾ നോമ്പുകാരനായിരിക്കെ മറന്നിട്ടോ തെറ്റിദ്ധാരണ മൂലമോ നിർബന്ധിക്കപ്പെട്ടതുകൊണ്ടോ തിന്നുകയോ കുടിക്കുകയോ ചെയ്യുന്ന പക്ഷം അയാൾക്ക് പകരം നോമ്പനുഷ്ഠിക്കലോ പ്രായശ്ചിത്തം ചെയ്യലോ നിർബന്ധമില്ല.
നബി(സ) പറഞ്ഞതായി അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു.
من نسي – وهو صائم فأكل أو شرب،فليتم صومه فإنما أطعمه الله وسقاه (رواه الجماعة) (നോമ്പുകാരനായിരിക്കെ ആരെങ്കിലും മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്തു പോയാൽ അയാൾ തന്റെ നോമ്പ് പൂർത്തിയാക്കിക്കൊള്ളട്ടെ. എന്തുകൊണ്ടെന്നാൽ അവനെ തീറ്റിയതും കുടിപ്പിച്ചതും അല്ലാഹുവത്രേ.)
തിർമിദി പറയുന്നു: പണ്ഡിതൻമാരിൽ അധിക പേരുടെയും അഭിപ്രായത്തിൽ ഇതനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. സുഫ്യാനുസ്സൗരി, ശാഫിഈ, അഹമദ്, ഇസ്ഹാഖ് എന്നിവരും ഇതേ അഭിപ്രായക്കാരാണ്.
നബി(സ) ഇങ്ങനെ പറഞ്ഞതായി അബൂഹുറയ്റ (റ) നിവേദനം ചെയ്യുന്നു. من أفطر في رمضان ناسيا فلا قضاء عليه ولا كفارة (റമദാനിൽ ആരെങ്കിലും മറന്നുകൊണ്ട് നോമ്പ് മുറിച്ചുപോയാൽ, അയാൾ പകരം നോമ്പെടുക്കുകയോ പ്രായശ്ചിത്തം അനുഷ്ഠിക്കുകയോ ചെയ്യേണ്ടതില്ല.)
ഇത് ദാറഖുത്തി, ബൈഹഖി, ഹാകിം എന്നിവർ ഉദ്ധരിക്കുകയും ഇതിന്റെ നിവേദകൻമാർ മുസ്ലിമിന്റെ നിവേദകൻമാരാണെന്ന് ഹാകിം പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് ഇബ്നുഹജറും രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ) പറഞ്ഞതായി ഇബ്നു അബ്ബാസിൽ നിന്നു നിവേദനം.
إن الله وضع عن أمتي الخطأ والنسيان وما استكرهوا عليه (പിഴവും മറവിയും നിർബന്ധിതാവസ്ഥയിൽ ചെയ്തതും അല്ലാഹു എന്റെ സമുദായത്തിന് വിട്ടുകൊടുത്തിരിക്കുന്നു. (ഇബ്നുമാജ, ത്വബ്റാനി, ഹാകിം)
3. ഉദ്ദേശ്യപൂർവം ഛർദിക്കൽ
ഒരാൾ നോമ്പുകാരനായിരിക്കെ ഉദ്ദേശ്യപൂർവം ഛർദിക്കുന്നപക്ഷം അയാളുടെ നോമ്പ് ദുർബലപ്പെടുന്നതാണ്. എന്നാൽ നിയന്ത്രിക്കാനാവാതെ ഛർദിച്ചു പോയതാണെങ്കിൽ അയാൾ പകരം നോമ്പനുഷ്ഠിക്കേണ്ടതില്ല. പ്രായശ്ചിത്തവും വേണ്ടതില്ല.
നബി(സ) പറഞ്ഞതായി അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം:
من ذَرَعه القيء فليس عليه قضاء ومن استقاء عمدا فليقض (നോമ്പുകാരനായിരിക്കെ ആരെങ്കിലും തടുക്കാനാവാതെ ഛർദിച്ചുപോയാൽ അയാൾക്ക് ഖദാഅ് വേണ്ടതില്ല. വല്ലവനും ഉദ്ദേശ്യപൂർവം ഛർദിയുണ്ടാക്കിയാൽ അവൻ പകരം നോമ്പനുഷ്ഠിക്കേണ്ടതാണ്.) (അഹ്മദ്, അബൂദാവൂദ്, തിർമിദി, ഇബ്നുമാജ, ഇബ്നുഹിബ്ബാൻ, ദാറഖുത്നി, ഹാകിം, ഹാകിം ഇത് സ്വഹീ ഹാണെന്നുകൂടി പറഞ്ഞിരിക്കുന്നു.
ഖത്താബി പറയുന്നു: “ഒരാൾ നിയന്ത്രിക്കാൻ കഴിയാതെ ഛർദിച്ചുപോയാൽ അയാൾ പകരം നോമ്പനുഷ്ഠിക്കേണ്ടതില്ലെന്നും വല്ലവനും ഉദ്ദേശ്യപൂർവം ഛർദിച്ചാൽ പകരം നോമ്പനുഷ്ഠിക്കൽ നിർബന്ധമാണെന്നുമുള്ള വിഷയത്തിൽ പണ്ഡിതൻമാർക്കിടയിൽ ഒരു ഭിന്നാഭിപ്രായവും ഉള്ളതായി എനിക്കറിയില്ല.
4,5 ഋതുരക്തവും പ്രസവരക്തവും
സൂര്യാസ്തമയത്തിന് ഒരു നിമിഷം മുമ്പെങ്കിലും നോമ്പുകാരിക്ക് ഋതുരക്തമോ പ്രസവരക്തമോ ഉണ്ടവുകയാണെങ്കിൽ നോമ്പ് ദുർബലപ്പെടുന്നതാണ്.ഇത് പണ്ഡിതൻമാർ ഏകോപിച്ച കാര്യങ്ങളിൽ പെട്ടതത്രേ .
6. സ്ഖലനം
നോമ്പുകാരൻ തന്റെ ഭാര്യയെ ചുംബിച്ചുകൊണ്ടോ ആലിംഗനം ചെയ്തുകൊണ്ടോ കൈകൊണ്ട് മറ്റു മാർഗേണയോ ഇന്ദ്രിയം പുറപ്പെടുവിക്കുന്ന പക്ഷം അത് നോമ്പിനെ ദുർബലപ്പെടുത്തുന്നതാണ്. ആ നോമ്പ് പിന്നീട് അനുഷ്ഠിക്കലും നിർബന്ധമാണ്.എന്നാൽ സ്ത്രീയെ നോക്കിയതുകൊണ്ടു മാത്രം നോമ്പുള്ള സമയത്ത് ഇന്ദ്രിയസ്ഖലനമുണ്ടാവുന്ന പക്ഷം അതുകൊണ്ട് നോമ്പ് ദുർബലപ്പെടുകയില്ല. മറ്റൊന്നും നിർബന്ധമാവുകയില്ല.
അപ്രകാരം തന്നെ മദിയ്യ( കാമവികാര സന്ദർഭത്തിൽ ലിംഗത്തിൽനിന്ന് പുറപ്പെടുന്ന ഇന്ദ്രിയമല്ലാത്ത കൊഴുത്ത ദ്രാവകം. ) പുറപ്പെടുന്നതുകൊണ്ടു-കുറച്ചായാലും അധികമായാലും നോമ്പ് ദുർബലപ്പെടുകയില്ല.
7. കൃത്രിമാഹാരം
ശരീരത്തിലുള്ള സാധാരണ മാർഗങ്ങളിലൂടെ പോഷണത്തിനുപകരിക്കാത്ത പദാർഥങ്ങൾ ഉള്ളിലേക്ക് പ്രവേശിപ്പിക്കൽ നോമ്പിനെ ദുർബലപ്പെടുത്തും. മേൽ പറഞ്ഞ മാർഗങ്ങളിലൂടെ ധാരാളം ഉപ്പ് ശരീരത്തിൽ പ്രവേശിക്കുന്നത് ഇതിനുദാഹരണമത്രേ. അങ്ങനെ ചെയ്താൽ നോമ്പ് ദുർബലപ്പെടുമെന്നാണ് ഭൂരിപക്ഷം പണ്ഡിതൻമാരും അഭിപ്രായപ്പെടുന്നത്.
8. നോമ്പ് മുറിക്കാൻ തീരുമാനിക്കൽ
നോമ്പുകാരനായിരിക്കെ ഒരാൾ നോമ്പ് മുറിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, നോമ്പ് മുറിക്കുന്ന മറ്റു കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും അയാളുടെ നോമ്പ് ദുർബലപ്പെടുന്നതാണ്. കാരണം, നിയ്യത്ത് നോമ്പിന്റെ അനിവാര്യ ഘടകങ്ങളിൽ പെട്ട ഒന്നാണ്.
ദ്ദേശ്യപൂർവം നോമ്പ് മുറിക്കണമെന്നു കരുതുക മുഖേന പ്രസ്തുത ഘടകം ആരെങ്കിലും തകർക്കുന്ന പക്ഷം അയാളുടെ നോമ്പും തകരുമെന്നതിൽ സംശയമില്ല.( നബി(സ) ഭക്ഷണമുണ്ടോ എന്നന്വേഷിച്ചശേഷം ഭക്ഷണമില്ലെങ്കിൽ നോമ്പ് തുടർന്നതായി തെളിവുണ്ട്. ഭക്ഷണമുണ്ടെങ്കിൽ നോമ്പ് മുറിക്കാം എന്നെങ്കിലും തിരുമേനി ഉദ്ദേശിച്ചിരിക്കണം. അതിനാൽ അതിലപ്പുറമുള്ള ദൃഢനിശ്ചയമായിരിക്കണം ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. )
9. സമയത്തിന് മുമ്പാകൽ
സൂര്യൻ അസ്തമിച്ചെന്നോ, പ്രഭാതം ഉദിച്ചിട്ടില്ലെന്ന് വിചാരിച്ച് ഒരു നോമ്പുകാരൻ തിന്നുകയോ കുടിക്കുകയോ ഭോഗിക്കുകയോ ചെയ്തശേഷം തന്റെ ധാരണ ശരിയല്ലെന്ന് വ്യക്തമാകുന്ന പക്ഷം അയാൾ പ്രസ്തുത നോമ്പിനു പകരം മറ്റൊരു ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. നാല് മദ്ഹബുകളുടെയും ഇമാമുകളടക്കം ഭൂരിഭാഗം പണ്ഡിതൻമാരുടെയും അഭിപ്രായം അതത്രെ.
എന്നാൽ ഇസ്ഹാഖ്, ദാവൂദ്, ഇബ്നുഹസം, അത്വാഅ്, ഉർവത്ത്, ഹസനുൽബസ്വരി, മുജാഹിദ് എന്നിവരുടെ അഭിപ്രായം അയാളുടെ നോമ്പ് സാധുവാകുമെന്നും ആ നോമ്പ് വീണ്ടും അനുഷ്ഠിക്കേണ്ടതില്ലന്നുമാണ്.
ഈ ഖുർആൻ വാക്യമാണ് അവർക്ക് തെളിവ് وليس عليكم جناح فيما أخطأتم به ولكن ما تعمدت قلوبكم (الأحزاب 5) (നിങ്ങൾ പിഴച്ച് ചെയ്തതിൽ നിങ്ങൾക്ക് കുറ്റമില്ല; നിങ്ങൾ മനഃപൂർവം ചെയ്തതിലാണ് കുറ്റമുള്ളത്)
ان الله و ضع عن أمتي الخطأ …..الخ എന്നു തുടങ്ങി മുമ്പ് വിവരിച്ച നബിവചനവും അവർക്ക് തെളിവ്ത്രെ.
സൈദുബ്നു വഹബ് പറഞ്ഞതായി അതിൽ നിന്ന് അവർ വഴി അബ്ദുർറസാഖ് ഉദ്ധരിച്ച ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം: ഉമറുബ്നുൽ ഖത്താബി(റ)ന്റെ കാലത്ത് ഒരിക്കൽ ജനങ്ങൾ നോമ്പ് തുറന്നു. അന്ന് ഹഫ്സ (റ)യുടെ വീട്ടിൽ നിന്നും വളരെ വലിയ കോപ്പകൾ പുറത്തേക്ക് കൊണ്ടുവരുന്നതായി ഞാൻ കണ്ടു. അങ്ങനെ അവരെല്ലാം കുടിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ സൂര്യൻ മേഘത്തിന്റെ ഉള്ളിൽനിന്നും വെളിവായി. ഇത് കണ്ടപ്പോൾ ജനങ്ങൾ ദുഃഖാകുലരായി. അവർ പറഞ്ഞു: “ഈ ദിവസം നമുക്ക് നോറ്റുവീട്ടാം.” ഉമർ (റ) ചോദിച്ചു: “അല്ലാഹുവാണ, മനഃപൂർവം നാം കുറ്റം ചെയ്യാനുദ്ദേശിച്ചിട്ടില്ല.“
അസ്മാഅ് ബിൻത് അബീബക്കർ (റ) ഇങ്ങനെ പറഞ്ഞതായി ബുഖാരി ഉദ്ധരിക്കുന്നു: “നബി(സ)യുടെ കാലത്ത് റമദാനിലെ മേഘം മൂടിയ ഒരു ദിവസം ഞങ്ങൾ നോമ്പ് തുറക്കുകയും തദനന്തരം സൂര്യൻ വെളിപ്പെടുകയും ഉണ്ടായി.
ഇബ്നുതൈമിയ്യ പറയുന്നു: “ഹദീസ് രണ്ട് കാര്യങ്ങളെ കുറിക്കുന്നു.
ഒന്ന്, മേഘം മൂടിയ ദിവസം സൂര്യൻ അസ്തമിച്ചെന്ന് ഉറപ്പ് വരുന്നത് വരെ നോമ്പ് തുറക്കാൻ കാത്തിരിക്കുന്നത് സുന്നത്തല്ല. എന്തുകൊണ്ടെന്നാൽ അവർ അങ്ങനെ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യണമെന്ന് നബി(സ) അവരോട് കല്പിച്ചിട്ടുമില്ല. നബിയുടെ കൂടെയുള്ള അവിടത്തെ സഹാബിമാരാണല്ലോ അവർക്ക് ശേഷം വന്നവരെക്കാൾ കൂടുതൽ അറിവുള്ളവരും അല്ലാഹുവിനോടും റസൂലിനോടും അധികം അനുസരണ ശീലമുള്ളവരും.
രണ്ടാമതായി ആ ഹദീസ് കുറിക്കുന്നത് ഇങ്ങനെയുള്ള അവസ്ഥയിൽ (മേഘം മൂടിയതു കൊണ്ടാ മറ്റോ സമയമാകുന്നതിന് മുമ്പ് നോമ്പ് തുറക്കുകയും പിന്നീട് സമയമായിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്താൽ മറ്റൊരു ദിവസം പകരം നോമ്പനുഷ്ഠിക്കേണ്ടതില്ല എന്നത്. കാരണം, നോറ്റു വീട്ടണമെന്ന് നബി(സ) അവരോട് കല്പിച്ചിരുന്നുവെങ്കിൽ അത് പ്രസിദ്ധമാവുകയും അങ്ങനെ നോമ്പ് മുറിച്ചത്. നിവേദനം ചെയ്തത് പോലെ അതും നിവേദനം ചെയ്യപ്പെടുകയും ചെയ്യുമായിരുന്നു. അങ്ങനെ നിവേദനം ചെയ്തപ്പെടാത്തതുകൊണ്ട് നബി(സ) അവരോടങ്ങനെ കല്പിച്ചിട്ടെന്ന് വ്യക്തമാകുന്നു.
നോമ്പ് ദുർബലപ്പെടുത്തുകയും, അതോടൊപ്പം പകരം നോമ്പനുഷ്ഠിക്കലും പ്രായശ്ചിത്തവും ഒരുമിച്ച് നിർബന്ധമാവുകയും ചെയ്യുന്ന ഒരേയൊരു കാര്യം ഭൂരിപക്ഷ പണ്ഡിതൻമാരുടെയും അഭിപ്രായത്തിൽ റമദാനിൽ പകൽ സമയത്ത് സംഭോഗം ചെയ്യൽ മാത്രമാണ് .
അബൂഹുറയ്റ(റ)യിൽനിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഒരാൾ നബി(സ)യുടെ അടുത്ത് വന്നു പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, ഞാൻ നശിച്ചു. നബി ചോദിച്ചു. “നിന്നെ നശിപ്പിച്ചത് എന്താണ്?“ അദ്ദേഹം: “ഞാൻ റമദാനിൽ എന്റെ ഭാര്യയെ ഭോഗിച്ചു പോയി.“ നബി ചോദിച്ചു: “നിനക്ക് ഒരടിമയെ മോചിപ്പിക്കാനുള്ള കഴിവുണ്ടോ?” അയാൾ: ‘ഇല്ല.’ നബി “എന്നാൽ തുടരെ രണ്ടു മാസം നോമ്പനുഷ്ഠിക്കാൻ നിനക്ക് കഴിയുമോ?” അയാൾ പറഞ്ഞു: ‘ഇല്ല’. നബി “എന്നാൽ അറുപത് സാധുക്കൾക്ക് ആഹാരം നൽകാൻ നിനക്ക് കഴിവുണ്ടോ?” അദ്ദേഹം പറഞ്ഞു. “ഇല്ല”. അബൂഹുറയ്റ(റ) തുടരുന്നു. പിന്നെ അയാൾ ഒരിടത്ത് ഇരുന്നു. അനന്തരം നബി(സ)യുടെ അടുക്കൽ ആരോ ഒരു കൊട്ട ( അറഖ് എന്നാണ് ഹദീസിലുള്ളത്. മിക്കവാറും 15 സ്വാഅ് കൊള്ളുന്ന ഒരു പാത്രമാണ് അറഖ്. ) കാരക്ക കൊണ്ടുവന്നു. അപ്പോൾ തിരുമേനി അയാളോട് പറഞ്ഞു: “ഇതു കൊണ്ടുപോയി ധർമം ചെയ്യുക. അയാൾ ചോദിച്ചു. “ഞങ്ങളെക്കാൾ സാധുക്കൾക്കോ? എങ്കിൽ മദീനയുടെ ഇരുഭാഗത്തുമുള്ള രണ്ട് ചരൽ ഭൂമികൾക്കിടയിൽ ഞങ്ങളെക്കാൾ കൂടുതൽ ഇതിനാവശ്യമുള്ള ഒരു വീട്ടുകാരും ഇല്ല തന്നെ. അപ്പോൾ നബി(സ) തന്റെ അണപ്പല്ലുകൾ പുറത്ത് കാണത്തക്കവിധം ചിരിക്കുകയുണ്ടായി. എന്നിട്ട് പറഞ്ഞു: “നീ ഇത് കൊണ്ടുപോയി നിന്റെ വീട്ടുകാരെ ഭക്ഷിപ്പിച്ചു കൊള്ളുക.” (
കഴിവില്ലാത്തവർക്ക് പ്രായശ്ചിത്തം നിർബന്ധമില്ല എന്നതിന് ഈ ഹദീസ് തെളിവായി ഉദ്ധരിക്കപ്പെടുന്നു. ശാഫിഈയുടെ രണ്ടിൽ ഒരഭിപ്രായവും ഹമ്പലീ മദ്ഹബിലെ പ്രസിദ്ധ അഭിപ്രായവും അങ്ങനെയാണ്. മാലിക്കികൾ അങ്ങനെ തീർത്തുപറയുകയും ചെയ്യുന്നു. എന്നാൽ കഴിവില്ലായ്മ കൊണ്ട് പ്രായശ്ചിത്തം നിർബന്ധമാകാതിരിക്കില്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം. ) (ജമാഅത്ത് ഉദ്ധരിച്ചത്)
ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭിപ്രായപ്രകാരം നോമ്പെടുക്കാൻ ഉദ്ദേശിച്ചവരായിരിക്കെ റമദാൻ മാസത്തിൽ പകൽ സമയത്ത് സ്വന്തം ഇഷ്ടപ്രകാരം സംയോഗം നടത്തുന്ന പക്ഷം സ്ത്രീയും പുരുഷനും ഒരേ പ്രകാരം പ്രായശ്ചിത്തം നൽകേണ്ടത് നിർബന്ധമാണ്. ( റമദാൻ മാസത്തിലെ നോമ്പിനുപകരം മറ്റു സമയത്ത് അനുഷ്ഠിക്കുന്ന നോമ്പോ നേർച്ച നോമ്പോ സംയോഗം കൊണ്ട് മുറിച്ചാൽ പ്രായശ്ചിത്തം വേണ്ടെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം. )
പക്ഷേ, മറവി മൂലമാണ് സംഭോഗം നടന്നതെങ്കിൽ അഥവാ അവർ രണ്ടാളും സ്വാഭിപ്രായപ്രകാരമല്ല സംയോഗമുണ്ടായതെങ്കിലും, അവർ ഇരുവരും നോമ്പനുഷ്ഠിക്കാൻ ഉദ്ദേശിക്കാത്ത അവസ്ഥയിലും നിർബന്ധിക്കപ്പെട്ടതിനാലും അവർക്ക് പ്രായശ്ചിത്തം നിർബന്ധമില്ല.
ഇനി പുരുഷൻ സ്ത്രീയെ നിർബന്ധിച്ചതാണങ്കിൽ അഥവാ സ്ത്രീ ഏതെങ്കിലും കാരണത്താൽ നോമ്പു മുറിച്ചവളായിരിക്കെയാണ് സംഭവമുണ്ടായതെങ്കിൽ പ്രായശ്ചിത്തം പുരുഷന് മാത്രമേ നിർബന്ധമാവുകയുള്ളൂ.
എന്നാൽ സ്വന്തം ഇഷ്ടപ്രകാരമായാലും നിർബന്ധിക്കപ്പെട്ടിട്ടായാലും സ്ത്രീക്ക് പ്രായശ്ചിത്തം നിർബന്ധമില്ലെന്നും അവൾ പകരം നോമ്പനുഷ്ഠിക്കുക മാത്രമേ വേണ്ടതുള്ളൂ എന്നുമാണ് ഇമാം ശാഫിഈയുടെ അഭിപ്രായം.
ഇമാം നവവി പറയുന്നു: “ഏറ്റവും ശരിയായ അഭിപ്രായം മൊത്തത്തിൽ പുരുഷന്റെ മേൽ മാത്രം ഒരു പ്രായശ്ചിത്തമേ നിർബന്ധമുള്ളൂ; സ്ത്രീക്ക് യാതൊന്നും നിർബന്ധമാവുകയില്ല എന്ന്. എന്തുകൊണ്ട്ന്നാൽ ഈ പ്രായശ്ചിത്തം ഭോഗത്തോട് ബന്ധപ്പെട്ട ഒരു സാമ്പത്തിക ബാധ്യതയാണ്. അതിനാൽ മഹ്റ് പോലെത്തന്നെ അത് പുരുഷനെ മാത്രം ബാധിക്കുന്നതാണ്. സ്ത്രീക്കത് ബാധകമല്ല.“
അബൂദാവൂദ് പറയുന്നു: “ഒരാൾ റമദാനിൽ പകൽ സമയത്ത് തന്റെ ഭാര്യയുമായി ഭോഗത്തിലേർപ്പെട്ടാൽ അവൾ പ്രായശ്ചിത്തം നൽകേണ്ടതുണ്ടോ“ എന്ന് ഇമാം അഹ്മദിനോട് ഒരാൾ ചോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: “സ്ത്രീക്ക് പ്രായശ്ചിത്തം നിർബന്ധമുണ്ടെന്ന് ആരും പറഞ്ഞതായി നാം കേട്ടിട്ടില്ല.“
മുഗ്നിയിൽ ഇങ്ങനെ പറയുന്നു: “അതിന്റെ ന്യായം ഇതാണ്. റമദാനിൽ സംയോഗം നടത്തിയ പുരുഷനോട് ഒരടിമയെ മോചിപ്പിക്കാൻ തിരുമേനി (സ) കല്പിച്ചു. സംയോഗത്തിൽ സ്ത്രീക്കും പങ്കുണ്ടെന്ന യാഥാർഥ്യം തിരുമേനിക്ക് അറിയാമായിരുന്നിട്ടും അവളുടെ കാര്യത്തിൽ അവിടന്ന് ഒന്നും കല്പിക്കുകയുണ്ടായില്ല.“
ഭൂരിപക്ഷം പണ്ഡിതൻമാരുടെ അഭിപ്രായത്തിൽ, മുമ്പുദ്ധരിച്ച ഹദീസിൽ പറഞ്ഞ അതേ ക്രമത്തിൽ തന്നെയാണ് പ്രായശ്ചിത്തം ചെയ്യേണ്ടത്. അതിനാൽ ആദ്യമായി നിർബന്ധമാകുന്നത് അടിമയെ മോചിപ്പിക്കലാണ്. അതിന് കഴിവില്ലെങ്കിൽ രണ്ടു മാസം തുടരെ നോമ്പനുഷ്ഠിക്കണം ( റമദാനും നോമ്പുപെരുന്നാളും ബലിപെരുന്നാളും തുടർന്നുള്ള മൂന്ന് ദിവസവും ഉൾപ്പെടാത്ത രണ്ട് മാസം ). അതിനും സാധിക്കുകയില്ലെങ്കിൽ തന്റെ കുടുംബത്തിന് നല്കുന്ന മിതമായ ഭക്ഷണ സാധനത്തിൽ നിന്ന് അറുപത് സാധുക്കൾക്ക് ആഹാരം നല്കണം ( ഇമാം അഹ്മദിന്റെ അഭിപ്രായത്തിൽ ഒരു മുദ്ദ് ഗോതമ്പോ അര സ്വാഅ് കാരക്കയോ നവമോ ഒരു സാധുവിന് നല്കണം. അബൂ ഹനീഫയുടെ അഭിപ്രായത്തിൽ അര സ്വാഉം മറ്റുള്ളവർ ഒരു സ്വാഉം നല്കണം. ശാഫിഈ, മാലിക് എന്നിവരുടെ അഭിപ്രായത്തിൽ എല്ലാം ഒരു മുദ്ദ് നല്കിയാൽ മതി. അബൂഹുറയ്റ, അത്വാഅ്, ഔസാഇ എന്നിവരും പറയുന്നത് ഇപ്രകാരമാണ്. നബി (സ) കൊടുത്ത അറഖ് പതിനഞ്ച് സ്വാആയിരുന്നുവല്ലോ. ) . ഇക്കാര്യത്തിൽ ആദ്യമാദ്യം പറഞ്ഞത് ചെയ്യാതെ അടുത്തതിലേക്ക് മാറണമെങ്കിൽ ആദ്യത്തേത് ചെയ്യാൻ കഴിവില്ലാതിരിക്കണമെന്നും നിർബന്ധമുണ്ട്. എന്നാൽ മാലിക്കികളുടെയും, ഒരു നിവേദനപ്രകാരം ഇമാം അഹ്മദിന്റെയും അഭിപ്രായത്തിൽ മേൽപറഞ്ഞ മൂന്ന് കാര്യങ്ങളിൽ ഏത് സ്വീകരിക്കുവാനും പ്രായശ്ചിത്തം നല്കുന്നവന് സ്വാതന്ത്ര്യമുണ്ട്. അതിനാൽ അവയിൽ ഏത് ചെയ്താലും അവന്റെ ബാധ്യത തീരുന്നതാണ്.
ഇമാം മാലിക്, ഇബ്നു ജുറൈജ് എന്നിവർ ഹുമൈദുബ്നു അബ്ദിർറഹ്മാൻ വഴി അബൂഹുറയ്റ( റ)യിൽ നിന്നും ഉദ്ധരിക്കുന്ന ഹദീസാണ് അവർക്ക് തെളിവ്. അതിങ്ങനെയാണ്: ‘ഒരാൾ റമദാനിൽ നോമ്പ് മുറിക്കുകയുണ്ടായി. അപ്പോൾ റസൂൽ(സ) തിരുമേനി അദ്ദേഹത്തോട് ഒരു അടിമയെ മോചിപ്പിക്കുകയോ അല്ലെങ്കിൽ രണ്ടു മാസം തുടർച്ചയായി നോമ്പനുഷ്ഠിക്കുകയോ അതുമല്ലെങ്കിൽ അറുപത് സാധുക്കൾക്ക് അന്നം നല്കുകയോ ചെയ്യാൻ കല്പിച്ചു.’ (മുസ്ലിം)
“അല്ലെങ്കിൽ” എന്നർഥം വരുന്ന ” او ” എന്ന പദമാണ് ഹദീസിൽ ഉപയോഗിച്ചിരിക്കുന്നത്. അത് എന്തെങ്കിലും ഒന്ന് ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ കുറിക്കുന്നു. കല്പനക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നതാണിവിടെ പ്രായശ്ചിത്തത്തിന് കാരണം. അതുകൊണ്ട് തന്നെ, സത്യത്തിന്റെ പ്രായശ്ചിത്തത്തിലെന്നപോലെ ഇവിടെയും ഏതെങ്കിലുമൊന്ന് ചെയ്താൽ മതി എന്നതും ഇവിടെ ന്യായമായി ഉന്നയിക്കപ്പെടുന്നു.
ശൗക്കാനി പറയുന്നു. (മുൻപറഞ്ഞ ഹദീസിലുള്ള പോലെ) ക്രമപ്രകാരമാണ് പ്രായശ്ചിത്തം നല്കേണ്ടതെന്നും ആ ക്രമം പാലിക്കേണ്ടതില്ലെന്നും സൂചിപ്പിക്കുന്ന വിവിധ റിപ്പോർട്ടുകളുണ്ട്. പക്ഷേ, ക്രമപ്രകാരമാണ് വേണ്ടതെന്ന് കുറിക്കുന്ന നിവേദനമാണ് കൂടുതൽ ആളുകൾ ഉദ്ധരിച്ചിട്ടുള്ളത്.
ഇപ്പറഞ്ഞ രണ്ടുവിധം ഹദീസുകളും രണ്ടു സന്ദർഭത്തെക്കുറിക്കുന്നതാണെന്ന് പറഞ്ഞുകൊണ്ട് മുഹല്ലബും ഖുർതുബിയും അവ തമ്മിൽ സംയോജിപ്പിക്കുകയുണ്ടായി.
എന്നാൽ ഹാഫിള് പറയുന്നത് അത് വിദൂരമാണന്നത്. എന്തുകൊണ്ടെന്നാൽ പറയുന്ന കഥ ഒന്നുതന്നെയാണ്. നിവേദനത്തിന്റെ അടിസ്ഥാനവും ഒന്നുതന്നെ. പ്രത്യേകം തെളിവില്ലാത്തപ്പോൾ ഒരേ സംഭവമാണെന്നാണ് വയ്ക്കേണ്ടതും.
ക്രമപ്രകാരം ചെയ്യലാണ് കൂടുതൽ ഉത്തമമെന്നും പക്ഷേ ഏതെങ്കിലും ചെയ്താൽ അത് അനുവദനീയമാണെന്നും പറഞ്ഞുകൊണ്ട് അവ തമ്മിൽ യോജിപ്പിച്ചവരുമുണ്ട്. ഇതിന്റെ നേരെ വിപരീതമായ അഭിപ്രായക്കാരുമുണ്ട്.
ഒരാൾ റമദാനിൽ പകൽ സമയത്ത് സംയോഗം ചെയ്തിട്ട് പ്രായശ്ചിത്തം ചെയ്യാതെ റമദാനിൽ തന്നെ മറ്റൊരു ദിവസം അതേ പ്രകാരം ആവർത്തിക്കുന്ന പക്ഷം ഹനഫികളുടെയും, ഒരു നിവേദന പ്രകാരം ഇമാം അഹ്മദിന്റെയും അഭിപ്രായത്തിൽ ഒരു പ്രായശ്ചിത്തം മാത്രം മതി. എന്തുകൊണ്ടെന്നാൽ ഒരു അക്രമത്തിന്റെ പ്രതിഫലമാണ് പ്രായശ്ചിത്തം, അത് നിർവഹിക്കുന്നതിനുമുമ്പായി തന്നെ അതിന്റെ കാരണം വീണ്ടും ആവർത്തിക്കപ്പെട്ടാൽ രണ്ടു പ്രായശ്ചിത്തങ്ങളും പരസ്പരം ലയിക്കുമെന്നാണ് അവരുടെ അഭിപ്രായം.
എന്നാൽ ഇമാം മാലിക്, ശാഫിഈ എന്നിവരുടെ അഭിപ്രായത്തിലും ഇമാം അഹ്മദിൽ നിന്നുള്ള ഒരു നിവേദന പ്രകാരവും മേൽപറഞ്ഞ ആൾ രണ്ട് പ്രായശ്ചിത്തം ചെയ്യേണ്ടത് നിർബന്ധമാണ്. കാരണം, ഓരോ ദിവസത്തെ നോമ്പും ഓരോ പ്രത്യേക ആരാധനയാണ്. അതിനാൽ രണ്ട് റമദാനിലെ നോമ്പ് തകരാറിലാക്കിയാൽ അതിന്റെ പ്രായശ്ചിത്തങ്ങൾ പരസ്പരം ലയിക്കാത്തതുപോലെ രണ്ട് ദിവസത്തിലെ പ്രായശ്ചിത്തങ്ങളും പരസ്പരം ലയിക്കുന്ന പ്രശ്നമില്ലെന്ന് അവർ പറയുന്നു.
ഇനി ഒരാൾ റമദാനിൽ പകൽ സമയത്ത് ബോധപൂർവം സംയോഗം ചെയ്ത് പ്രായശ്ചിത്തം നിർവഹിച്ച ശേഷം മറ്റൊരു ദിവസം വീണ്ടും സംയോഗം ചെയ്യുന്ന പക്ഷം അയാൾക്ക് മറ്റൊരു പ്രായശ്ചിത്തം കൂടെ നിർബന്ധമാണെന്നതിൽ പണ്ഡിതൻമാർ ഏകോപിച്ചിരിക്കുന്നു.
അതേ പ്രകാരം തന്നെ ഒരാൾ റമദാനിലെ ഒരു പകലിൽ രണ്ട് പ്രാവശ്യം സംയോഗം ചെയ്താൽ ആദ്യത്തതിന് പ്രായശ്ചിത്തം ചെയ്യുന്നതിന് മുമ്പാണ് രണ്ടാ മത്തതെങ്കിൽ അയാൾക്ക് ഒരു പ്രായശ്ചിത്തം മതി എന്നതിലും അവർ ഏകോപിച്ചിരിക്കുന്നു.
ഇനി ആദ്യത്തേതിന് പ്രായശ്ചിത്തം ചെയ്തതിനു ശേഷമാണ് രണ്ടാമത്തേത് നടന്നതെങ്കിൽ ഭൂരിപക്ഷം പണ്ഡിതൻമാരുടെ അഭിപ്രായത്തിൽ രണ്ടാമതൊരു പ്രായശ്ചിത്തം നിർബന്ധമില്ല. പക്ഷേ, മറ്റൊരു പ്രായശ്ചിത്തം കൂടെ വേണമെന്നാണ് ഇമാം അഹ്മദിന്റെ പക്ഷം.
നോറ്റ് വീട്ടൽ
റമദാനിലെ നോമ്പ് ആർക്കെങ്കിലും അനുഷ്ഠിക്കാൻ കഴിയാതെ വന്നാൽ ഉടനെത്തന്നെ അതിനു പകരം നോമ്പനുഷ്ഠിച്ചുകൊള്ളണമെന്ന് നിർബന്ധമില്ല. സൗകര്യം പോലെ ഏത് സമയത്തെങ്കിലും അത് നിർവഹിക്കലേ നിർബന്ധമുള്ളൂ. മേൽ പറഞ്ഞ പ്രായശ്ചിത്തവും അപ്രകാരം തന്നെ.
ആഇശ(റ) അവർക്ക് നിർബന്ധമായി നോറ്റ് വിട്ടാനുണ്ടായിരുന്ന റമദാൻ നോമ്പ് ശഅ്ബാനിലാണ് നോറ്റ് വീട്ടിയിരുന്നതെന്നും (അഹ്മദ്, മുസ്ലിം) അതിനുമുമ്പ് വീട്ടാൻ കഴിയുന്ന അവസരത്തിൽ ഉടനെ അത് നോറ്റ് വിട്ടാറുണ്ടായിരുന്നില്ലെന്നും അവർ തന്നെ നിവേദനം ചെയ്യുന്നു. റമദാനിലെ നോമ്പ് സമയത്ത് നിർവഹിക്കുമ്പോഴും നോറ്റ് വീട്ടുമ്പോഴും എണ്ണത്തെ സംബന്ധിച്ച നിയമം ഒരേ പോലെത്തന്നെയാണ്. നോറ്റു വീട്ടുമ്പോൾ എത്ര ദിവസമാണ്. ഉപേക്ഷിച്ചതെങ്കിൽ അതിനെക്കാൾ ഏറ്റുകയോ കുറക്കുകയോ ചെയ്യാൻ പാടില്ലെന്നർഥം.
എന്നാൽ റമദാനിൽ നോമ്പ് നിർവഹിക്കുമ്പോൾ തുടർച്ചയായി അനുഷ്ഠിക്കൽ നിർബന്ധമാണെങ്കിലും നോറ്റുവീട്ടുമ്പോൾ തുടർച്ചയായി അനുഷ്ഠിക്കൽ നിർബന്ധമില്ല എന്നൊരു വ്യത്യാസമുണ്ട്. താഴെ പറയുന്ന ഖുർആൻ വചനമാണ് തെളിവ്.
ومن كان مريضا أو على سفر فعدة من أيام آخر (البقرة ١٨٥) (ആരെങ്കിലും (റമദാനിൽ) രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്യുന്നപക്ഷം മറ്റു ദിവസങ്ങളിൽ അത് എണ്ണം നിർവഹിക്കേണ്ടതാണ്.
അതായത് രോഗിയോ യാത്രക്കാരനോ ആയത് കാരണം ആരെങ്കിലും നോമ്പ് ഉപേക്ഷിക്കുന്നപക്ഷം മറ്റു ദിവസങ്ങളിൽ അത്രയെണ്ണം തുടർച്ചയായിട്ടോ അല്ലാതെയോ നിർവഹിക്കണമെന്നർഥം. എന്തുകൊണ്ടന്നാൽ പൊതുവിൽ അത്രയെണ്ണം നോമ്പനുഷ്ഠിക്കണമെന്നാണ് അല്ലാഹു ഇവിടെ കല്പിച്ചിരിക്കുന്നത്. അവ തുടർന്ന് നിർവഹിക്കണമെന്ന് കല്പിച്ചിട്ടില്ല. റമദാനിലെ നോമ്പ് നോറ്റുവീട്ടുന്ന വിഷയത്തെക്കുറിച്ച് “ഉദ്ദേശിക്കുന്നപക്ഷം ഇടവിട്ടു നോക്കാം. ഉദ്ദേശ്യമുണ്ടെങ്കിൽ തുടർച്ചയായും നോല്ക്കാം’ എന്ന് നബി(സ) പറഞ്ഞതായി ഇബ്നു ഉമർ(റ) വഴി ദാറ ഖുത്നി ഉദ്ധരിച്ച ഹദീസിൽ കാണാം.
റമദാനിലെ നോമ്പ് നോറ്റുവീട്ടാൻ ബാക്കിയുള്ള ഒരാൾ അത് പിന്തിക്കുകയും അങ്ങനെ അടുത്ത റമദാനാവുകയും ചെയ്താൽ ആദ്യം നിലവിലുള്ള റമദാൻ നോമ്പ് അനുഷ്ഠിക്കുകയും പിന്നീട് മുമ്പ് ബാക്കിയുള്ളത് വീട്ടുകയുമാണ് വേണ്ടത്. അങ്ങനെ പിന്തിച്ചത് എന്തെങ്കിലും കാരണം കൊണ്ടായാലും അല്ലെങ്കിലും അയാൾ പ്രായശ്ചിത്തമൊന്നും ചെയ്യേണ്ടതില്ല. ഹനഫികളുടെയും ഹസനുൽ ബസ്വരിയുടെയും അഭിപ്രായമാണിത്.
മേൽപറഞ്ഞ പ്രകാരം നോമ്പ് നോറ്റുവീട്ടുന്നത്. പിന്തിച്ചത് എന്തെങ്കിലും പ്രതിബന്ധം കാരണമായിട്ടാണെങ്കിൽ, പ്രായശ്ചിത്തം ചെയ്യേണ്ടതില്ലെന്ന വിഷയത്തിൽ മാലിക്, ശാഫിഈ, അഹ്മദ്, ഇസ്ഹാഖ് എന്നിവർക്കും ഹനഫികളുടെ അഭിപ്രായം തന്നെയാണുള്ളത്.
പക്ഷേ, അങ്ങനെ പിന്തിച്ചത് പ്രതിബന്ധമൊന്നും കൂടാതെയാണെങ്കിൽ അവർക്ക് ഹനഫികളുമായി യോജിപ്പില്ല. ഇങ്ങനെ വരുമ്പോൾ നിലവിലുള്ള റമദാനിലെ നോമ്പ് നോൽക്കുകയും അനന്തരം കടമുള്ള നോമ്പ് നോറ്റു വീട്ടുന്നതോടെ അതിൽ ഓരോ ദിവസത്തിനും ഓരോ മുദ്ദ് വീതം പ്രായശ്ചിത്തം നല്കുകയും വേണമെന്നാണവർ പറയുന്നത്. പക്ഷേ, അവർക്കതിന് ആധാരമാക്കാവുന്ന തെളിവുകളൊന്നുമില്ല.
അതിനാൽ തെളിവുകൊണ്ട് വ്യക്തമായ അഭി പ്രായം ഹനഫികളുടേതാണ്. എന്തുകൊണ്ടെന്നാൽ ശരിയായ പ്രമാണമില്ലാതെ ശരീഅത്തിൽ ഒരു നിയമവുമില്ല.
നോമ്പ് ബാക്കിയിരിക്കെ മരിച്ചാൽ
നമസ്കാരം നഷ്ടപ്പെട്ട നിലയിൽ ഒരാൾ മരണപ്പെടുന്ന പക്ഷം അയാളുടെ രക്ഷാധികാരിയോ മറ്റുള്ളവരോ അയാൾക്കു വേണ്ടി നമസ്കാരം നിർവഹിക്കേണ്ടതില്ലെന്ന വിഷയത്തിൽ പണ്ഡിതൻമാർ എകോപിച്ചിരിക്കുന്നു. അപ്രകാരം തന്നെ ഒരാൾ നോമ്പനുഷ്ഠിക്കാൻ അശക്തനാവുന്ന പക്ഷം അയാളുടെ ജീവിതകാലത്ത് മറ്റാരും അയാൾക്ക് പകരം നോമ്പനുഷ്ഠിക്കുന്നതിനും നിയമമില്ല.
എന്നാൽ നോമ്പ് നഷ്ടപ്പെട്ട ശേഷം നോറ്റുവീട്ടാൻ സൗകര്യം ലഭിച്ചിട്ടും, അങ്ങനെ ചെയ്യാത്ത ഒരാൾ മരണപ്പെടുന്ന പക്ഷം അയാളെ സംബന്ധിച്ച വിധിയിൽ പണ്ഡിതൻമാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.
അബൂഹനീഫ, മാലിക്, ശാഫിഈ എന്നിവർ ഉൾപ്പെടെ ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭിപ്രായത്തിൽ അയാളുടെ രക്ഷാധികാരി അയാൾക്ക് പകരം നോമ്പു നോക്കേണ്ടതില്ല. പക്ഷേ, അയാൾ ഓരോ ദിവസത്തിനും ഒരു മുദ്ദ് വീതം ദാനം ചെയ്യണം. ഇമാം ശാഫിഈയുടെയും പ്രസിദ്ധമായ അഭിപ്രായമാണിത്. ശാഫിഈ മദ്ഹബിലെ മുഖ്താറായ (മുൻഗണനയുള്ള) അഭിപ്രായപ്രകാരം രക്ഷാധികാരിക്ക് നോമ്പ് നോല്ക്കൽ സുന്നത്താണ്. അത് മുഖേന മരണപ്പെട്ട ആളുടെ ബാധ്യത ഒഴിവാവുകയും ചെയ്യും. പക്ഷേ, മരിച്ച ആൾക്ക് വേണ്ടി രക്ഷാധികാരി പ്രായശ്ചിത്തം കൊടുക്കേണ്ട ആവശ്യമില്ല.
ഇവിടെ രക്ഷാധികാരി (വലിയ്യ്) എന്നതുകൊണ്ടു ദ്ദേശിക്കപ്പെടുന്നത്. അനന്തരാവകാശിയോ അല്ലാത്തവരോ ആയ ഏറ്റവും അടുത്ത വ്യക്തി എന്ന്ത്രെ.
ഇനി അന്യനായ ഒരാൾ അയാൾക്ക് വേണ്ടി നോമ്പനുഷ്ഠിക്കുന്ന പക്ഷം വലിയ്യിന്റെ സമ്മതപ്രകാരമാണെങ്കിൽ അത് സാധുവാകുന്നതാണ്. സമ്മതമില്ലാതെയാണെങ്കിൽ സാധുവാകയുമില്ല.
“നോമ്പ് ബാധ്യതയിലിരിക്കെ ആരെങ്കിലും മരണപ്പെട്ടാൽ അയാൾക്ക് വേണ്ടി തന്റെ വലിയ്യ് നോമ്പ് നോല്ക്കണം“ എന്ന് നബി(സ) പറഞ്ഞതായി ആഇശ(റ)യിൽ നിന്ന് അഹ്മദ്, ബുഖാരി, മുസ്ലിം എന്നി വരുദ്ധരിച്ച ഹദീസാണ് ഈ അഭിപ്രായക്കാരുടെ തെളിവ്, ബസ്സാറിന്റെ നിവേദനത്തിൽ അയാൾ ഉദ്ദേശിക്കുന്നുവെങ്കിൽ എന്നു കൂടിയുണ്ട്. ( ഇതിന്റെ പരമ്പര ഹസനാകുന്നു. )
ഇബ്നു അബ്ബാസ് (റ) പ്രസ്താവിക്കുന്നു. ഒരാൾ നബി(സ)യുടെ അടുത്തുവന്നു ഇങ്ങനെ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാവ് മരിച്ചു. അവർക്കാകട്ടെ ഒരു മാസത്തെ നോമ്പ് നിർബന്ധമുണ്ടായിരുന്നു. അവർക്ക് വേണ്ടി അത് നോറ്റ് വീട്ടെട്ടയോ? ” നബി(സ) ചോദിച്ചു: “നിന്റെ മാതാവിന് വല്ല കടബാധ്യതയുമുണ്ടായിരുന്നെങ്കിൽ നീ അത് വിട്ടുമായിരുന്നോ?” “അതെ’ എന്നയാൾ മറുപടി പറഞ്ഞപ്പോൾ തിരുമേനി പറഞ്ഞു. “എന്നാൽ വീട്ടാൻ ഏറ്റവും അർഹമായത് അല്ലാഹുവിന്റെ കടമാണ്.” (അഹ്മദും സുന നുകാരും ഉദ്ധരിച്ചത്.)
നവവി പറയുന്നു: ‘ഇത് ഏറ്റവും ശരിയും മുൻഗണനയുള്ളതുമായ അഭിപ്രായം. ശാഫിഈ ശിഷ്യൻമാരിൽ കർമശാസ്ത്രത്തിലും ഹദീസിലും പാണ്ഡിത്യമുള്ള സൂക്ഷ്മശാലികളായ പണ്ഡിതൻമാർ ശരിയായി അംഗീകരിച്ചിട്ടുള്ളതും ഇതുതന്നെ. മേല്പറഞ്ഞ വ്യക്തവും സ്വീകാരയോഗ്യവുമായ ഹദീസുകളാണ് അവർക്ക് തെളിവ്.
നോമ്പിന്റെ സമയനിർണയം
ദീർഘമായ പകലും കുറഞ്ഞ രാത്രിയുമുള്ള പ്രദേശങ്ങളിലും അപ്രകാരം തന്നെ നേരെ മറിച്ചുമുള്ള പ്രദേശങ്ങളിലും നോമ്പിന്റെ സമയം താരതമ്യപ്പെടുത്തി നിർണയിക്കുകയാണ് വേണ്ടത്. എന്നാൽ ഏത് പ്രദേശത്തോടാണ് താരതമ്യപ്പെടുത്തേണ്ടത് എന്ന വിഷയത്തിൽ പണ്ഡിതൻമാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.
ഭൂമധ്യരേഖയിൽ സ്ഥിതിചെയ്യുന്ന മക്ക, മദീന എന്നിവ പോലെ ഇസ്ലാമിക ശരീഅത്ത് അവതരിച്ച രാജ്യങ്ങളെയാണ് ഈ വിഷയത്തിൽ അടിസ്ഥാനമാക്കേണ്ടതെന്നാണ് ഒരഭിപ്രായം. അതല്ല, പ്രശ്നരാജ്യത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഭൂമധ്യ രേഖാ പ്രദേശത്തോടാണ് താരതമ്യം ചെയ്യേണ്ടതെന്നാണ് മറ്റൊരഭിപ്രായം.