റമദാനില്‍ നഷ്ടപ്പെട്ട നോമ്പുകള്‍ക്കുള്ള പ്രായശ്ചിത്തം
ചോദ്യം- കഴിഞ്ഞ റമദാനില്‍ നഷ്ടപ്പെട്ട നോമ്പുകള്‍ ഞാന്‍ എങ്ങിനെയാണ് വീട്ടേണ്ടത്? മുദ്ദ് കൊടുക്കുന്ന രീതിയും കൂടി വിശദീകരിക്കുമോ?
ഉത്തരം – നോമ്പ് നഷ്ടപ്പെട്ടത് എങ്ങിനെയാണ് എന്ന് ചോദ്യത്തില്‍ നിന്ന് വ്യക്തമല്ല. അതിനാല്‍ വിഷയത്തെ പൊതുവായി പറയാം.
നോമ്പ് നഷ്ടപ്പെടാന്‍ സാധ്യതയുള്ളത് പല കാരണങ്ങളാലാണ്. ഓരോന്നും വ്യത്യസ്ഥമായ രീതിയിലാണ് വീട്ടേണ്ടതെന്നതിനാല് ഓരോന്നും പ്രത്യേകമായി പറയാം. ചോദ്യകര്‍ത്താവ് വനിത ആയതിനാല്‍, വനിതകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൊണ്ട് തുടങ്ങാം.
1. ആര്‍ത്തവം : ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നോമ്പെടുക്കല്‍ നമസ്കാരം പോലെ തന്നെ വിരോധിക്കപ്പെട്ടതാണ്. ആര്‍ത്തവകാലത്ത് നഷ്ടപ്പെട്ട നമസ്കാരങ്ങള്‍ പകരം നമസ്കരിക്കേണ്ടതില്ല. എന്നാല്‍ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടണം. അടുത്ത റമദാന് വരെയും അതിന് സാവകാശമുണ്ട് എന്നാണ് ആയിഷ (റ) യുടെ ഹദീസുകളില്‍ നിന്ന് മനസ്സിലാവുന്നത്.
ന്യായമായ എന്തെങ്കിലും കാരണങ്ങളാല്‍ അടുത്ത റമദാന് മുമ്പായി നഷ്ടപ്പെട്ടത് വീട്ടാന്‍ കഴിയുന്നില്ല എങ്കില്‍, ഈ റമദാന് ശേഷം അത് സൌകര്യം പോലെ വീട്ടിയാല്‍ മതിയാകും; മുദ്ദ് വേണ്ടതില്ല. എന്നാല്‍ അലസത കൊണ്ടാണ് നോറ്റുവീട്ടാന്‍ കഴിയാഞ്ഞത് എങ്കില്‍ നഷ്ടപ്പെട്ട അത്രയും എണ്ണം നോമ്പെടുക്കുകയും പ്രായശ്ചിത്തം എന്ന നിലയില്‍ മുദ്ദ് കൂടി നല്‍കുകയും വേണം. മുദ്ദ് മാത്രം പോര.
2. ഗര്‍ഭധാരണം: ഗര്‍ഭം ഒരു രോഗമല്ല. എന്നാലും ചില സ്ത്രീകള്‍ക്കെങ്കിലും ഗര്‍ഭകാലം വലിയ ക്ഷീണവും നോമ്പ് എടുക്കാന്‍ കഴിയാത്ത അവസ്ഥയും ആയിരിയ്ക്കും. ഗര്‍ഭകാലത്ത് നോമ്പ് ഉപേക്ഷിക്കുന്നതിന് രണ്ട് തലങ്ങള്‍ ഉണ്ട്.
ഗര്‍ഭിണി സ്വന്തം ശരീരത്തെ കുറിച്ചുതന്നെ ആധിയില്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഉപേക്ഷിക്കുന്ന നോമ്പിന് പകരം അവള് മറ്റൊരു ദിവസം നോമ്പെടുത്താല്‍ മതിയാകും. മുദ്ദ് വേണ്ടതില്ല.
എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് വേണ്ടിയാണ് നോമ്പ് ഉപേക്ഷിക്കുന്നതെങ്കില്‍, മറ്റൊരു ദിവസം നോമ്പ് എടുക്കുകയും മുദ്ദ് നല്‍കുകയും വേണം.
3. പ്രസവം: പ്രസവദിവസം മുതല്‍ രക്തം അവസാനിച്ച് ശുദ്ധിയാവുന്നത് വരെ അവള് നോമ്പ് എടുക്കാന്‍ പാടില്ല. നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടണം. അടുത്ത റമദാന് വരെയും അതിന് സാവകാശമുണ്ട് എന്നാണ് ആയിഷ (റ) യുടെ ഹദീസുകളില്‍ നിന്ന് മനസ്സിലാവുന്നത്.
ന്യായമായ എന്തെങ്കിലും കാരണങ്ങളാല്‍ അടുത്ത റമദാന് മുമ്പായി നഷ്ടപ്പെട്ടത് വീട്ടാന്‍ കഴിയുന്നില്ല എങ്കില്‍, ഈ റമദാന് ശേഷം അത് സൌകര്യം പോലെ വീട്ടിയാല്‍ മതിയാകും; മുദ്ദ് വേണ്ടതില്ല. എന്നാല്‍ അലസത കൊണ്ടാണ് നോറ്റുവീട്ടാന്‍ കഴിയാഞ്ഞത് എങ്കില്‍ നഷ്ടപ്പെട്ട അത്രയും എണ്ണം നോമ്പെടുക്കുകയും പ്രായശ്ചിത്തം എന്ന നിലയില്‍ മുദ്ദ് കൂടി നല്‍കുകയും വേണം. മുദ്ദ് മാത്രം പോര.
4. മുലയൂട്ടുന്ന സ്ത്രീ: മുലയൂട്ടുന്ന സ്ത്രീക്ക് രണ്ട് അവസ്ഥകള്‍ ഉണ്ട്.
മുലയൂട്ടുന്നത് കൊണ്ട് മാതാവിന് സ്വന്തം തന്നെ ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥയില്‍ അവള്‍ക്ക് നോമ്പ് ഉപേക്ഷിക്കാം. പകരം മറ്റൊരു ദിവസം നോമ്പെടുത്താല്‍ മതിയാവും.
താന്‍ നോമ്പെടുക്കുന്നത് കുഞ്ഞിന് മുലപ്പാല്‍ കുറയാന്‍ കാരണമാവുന്നുവെങ്കിലും നോമ്പ് ഉപേക്ഷിക്കാം. എന്നാല്‍ പകരം നോമ്പെടുക്കുകയും മുദ്ദ് നല്‍കുകയും വേണം. കാരണം അവള് നോമ്പ് ഉപേക്ഷിച്ചത് തനിക്ക് വേണ്ടിയല്ല; കുഞ്ഞിന് വേണ്ടിയാണ്.
5. രോഗി: രോഗി നോമ്പ് എടുക്കേണ്ടതില്ല എന്ന ഇളവ് അല്ലാഹു തന്നെ നല്‍കിയതാണ്.
രോഗം രണ്ട് വിധത്തില്‍ ഉണ്ട്. ഭേദമാവുമെന്ന് പ്രതീക്ഷിക്കുന്ന രോഗങ്ങള്‍: നോമ്പ് ഉപേക്ഷിക്കാം. പകരം മറ്റൊരു ദിവസം നോമ്പെടുത്താല്‍ മതിയാവും.
ശമനം പ്രതീക്ഷിക്കാത്ത രോഗി: അയാള്‍ നോമ്പ് ഉപേക്ഷിക്കുകയും പകരം ഓരോ ദിവസത്തേക്കും ഒരു മുദ്ദ് വീതം നല്‍കുകയും ചെയ്യുക. പിന്നീട് രോഗം സൌഖ്യമായാലും ഉപേക്ഷിച്ച നോമ്പ് വീട്ടണം എന്നില്ല; സുന്നത്ത് നോമ്പുകള്‍ അധികരിപ്പിച്ചാല്‍ ഉത്തമമാണ്.
6. യാത്രക്കാരന് : യാത്രക്കാരന് നോമ്പ് എടുക്കേണ്ടതില്ല എന്ന ഇളവ് അല്ലാഹു തന്നെ നല്‍കിയതാണ്. നബി തിരുമേനി (സ) യാത്രയില്‍ നോമ്പെടുത്തും, ഉപേക്ഷിച്ചും, നോമ്പുകാരനായി യാത്ര തുടങ്ങുകയും അനുചരന്മാര്ക്ക് ക്ലേശം ഉണ്ടായപ്പോള്‍ ഇടക്ക് വെച്ച് നോമ്പ് മുറിക്കുകയും ചെയ്യുകയുണ്ടായി. അതിനൊക്കെ സാദ്ധ്യതയുണ്ട് എന്ന് അര്‍ത്ഥം. യാത്രക്കാരന് ഉപേക്ഷിച്ച നോമ്പുകള്‍ അടുത്ത റമദാന് മുമ്പ് അത്രയെണ്ണം നോറ്റുവീട്ടിയാല്‍ മതിയാകും. റമദാന് കഴിഞ്ഞാല്‍ മറ്റ് സുന്നത്ത് നോമ്പുകളെക്കാള്‍ നഷ്ടപ്പെട്ട നോമ്പുകള്‍ വീട്ടുകയാണ് ഉത്തമം.
7. വൃദ്ധന്: ഒരാള്‍ പ്രായമായി എന്നത് മാത്രം നോമ്പ് ഒഴിവാക്കാന്‍ ഒരു കാരണമല്ല. എന്നാല്‍ പ്രായാധിക്യത്താല്‍ ഓര്‍മ്മ നഷ്ടപ്പെട്ട ആള്, അയാള്‍ക്ക് ഓര്‍മ്മയില്ല എന്ന കാരണത്താല്‍ മറ്റ് ഇബാദത്തുകള്‍ക്ക് നിര്‍ബന്ധം ഇല്ലാത്തതു പോലെ നോമ്പും നിര്‍ബന്ധമില്ല. അയാള്‍ നോമ്പ് എടുക്കേണ്ടതില്ലാത്തതിനാല്; പകരം മുദ്ദ് നല്‍കുകയും വേണ്ട.
ഒരു റമദാനില്‍ നഷ്ടപ്പെട്ട നോമ്പുകള്‍ അടുത്ത റമദാന് മുമ്പായി വീട്ടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നഷ്ടപ്പെട്ട നോമ്പുകള്‍ സൌകര്യം പോലെ വീട്ടിയാല്‍ മതി; കഫ്ഫാറത്ത് (മുദ്ദ്) വേണ്ടതില്ല എന്നും, അതല്ല അടുത്ത റമദാന് മുമ്പായി വീട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ മുദ്ദ് വേണം എന്നും അഭിപ്രായം ഉണ്ട്. കുറിപ്പുകാരന് മുന്‍തൂക്കം നല്‍കുന്നത് മുദ്ദ് വേണ്ടതില്ല എന്ന അഭിപ്രായത്തിനാണ്.
എന്താണ് മുദ്ദ് എന്നും കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. നോമ്പ് നഷ്ടപ്പെട്ട ആള് ചെയ്യേണ്ട പരിഹാരമാണ് (കഫ്ഫാറത്ത്) മുദ്ദ് എന്ന് അറിയപ്പെടുന്നത്. 3.250 കിലോ (അഭിപ്രായ വ്യത്യാസം ഉള്ളതിനാല്‍ സൂക്ഷ്മതക്ക് വേണ്ടി എടുത്ത അളവാണ് ഇത്) പ്രാദേശിക ധാന്യം, അല്ലെങ്കില്‍ തത്തുല്യമായ സംഖ്യ പാവങ്ങള്‍ക്ക് ദാനം നല്‍കലാണ് മുദ്ദ് എന്ന് അറിയപ്പെടുന്നത്.
നഷ്ടപ്പെടുന്ന ഓരോ നോമ്പിനും പകരം ഇങ്ങിനെ മുദ്ദ് നല്‍കേണ്ടതാണ്. നോമ്പ് എടുക്കാനേ കഴിയാത്തവര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ റമദാന് മാസത്തേക്ക് മുഴുവനും ഉള്ളത് നല്‍കാം. ഇടക്കിടെ നഷ്ടപ്പെടുന്നവര്‍ നഷ്ടപ്പെടുന്നതിന് അതാത് ദിവസം നല്‍കാം, അല്ലെങ്കില്‍ മാസാവസാനം കണക്ക് നോക്കി ഒന്നിച്ചു ചെയ്യാം. ഒരു ദരിദ്രന് ഈ സംഖ്യ മുഴുവന്‍ നല്കിയാലും, ഓരോ ദരിദ്രന് നല്കിയാലും വീട്ടിയതായി പരിഗണിക്കപ്പെടും. സ്വന്തം വീട്ടില്‍ ക്ഷണിച്ചു വരുത്തി ഭക്ഷണം നല്‍കലാണ് ഏറ്റവും നല്ല രീതി.
മുകളില്‍ പറഞ്ഞ അളവ് ഇരിക്കെ തന്നെ, ഓരോരുത്തര്‍ക്കും അവരുടെ ജീവിതനിലവാരം അനുസരിച്ച് ഇതില്‍ ഏറ്റക്കുറവുകള്‍ ഉണ്ടാവുന്നതാണ് ഏറ്റവും ന്യായം. ഓരോരുത്തരും അവരുടെ സാമ്പത്തിക സുസ്ഥിതി അനുസരിച്ച് സാധാരണ ദിവസങ്ങളില്‍ ഭക്ഷിക്കുന്നതിന് തത്തുല്യമായത് നല്‍കലാണ് ഏറ്റവും നല്ലത്; സമ്പന്നന് അയാളുടെ നിലവാരത്തിലും സാധാരണക്കാരന് അയാളുടെ നിലവാരത്തിലും ദരിദ്രന് അയാളുടെ നിലവാരത്തിലും.
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1