നോമ്പിന്റെ നിയ്യത്തും അത് ഉരുവിടലും

ചോദ്യം: നോമ്പ് നിയ്യത്ത് എങ്ങനെയാണ് തുടങ്ങേണ്ടത്? അത് നാവുകൊണ്ട് ചൊല്ലേണ്ടതുണ്ടോ? അതിന്റെ സമയം? ഓരോ ദിവസത്തെ നോമ്പിനും വെവ്വേറെ നിയ്യത്ത് വേണ്ടതുണ്ടോ?
ഉത്തരം: ‘നിയ്യത്ത്’ എന്ന വാക്കിന് കരുതുക എന്നാണര്‍ഥം. കരുതല്‍ മനസ്സിലാണല്ലോ. എന്നുവച്ചാല്‍ നിയ്യത്തിന്റെ ഇടം മനസ്സാണ്, മനസ്സില്‍ കരുതാതെ അശ്രദ്ധമായി നാവുകൊണ്ട് ഉച്ചരിച്ചാല്‍ അത് നിയ്യത്താവുകയില്ല. നാവുകൊണ്ട് ഉച്ചരിക്കല്‍ നിയ്യത്തിന്റെ നിബന്ധനയല്ല. നബിയോ സ്വഹാബത്തോ നിയ്യത്ത് ഉരുവിടാറുണ്ടായിരുന്നില്ല (സാദുല്‍ മആദ്: 1/194). ഹൃദയസാന്നിധ്യമില്ലാതെ കേവലം നാവുകൊണ്ട് ‘നിയ്യത്ത്’ വെച്ചാല്‍ നോമ്പ് സ്വഹീഹാവുന്നതല്ല. – (തുഹ്ഫ 3/424).
( النِّيَّةُ شَرْطٌ لِلصَّوْمِ )… وَمَحَلُّهَا الْقَلْبُ وَلَا تَكْفِي بِاللِّسَانِ وَحْدَهُ وَلَا يُشْتَرَطُ التَّلَفُّظُ بِهَا قَطْعًا… وَلَا يُجْزِئُ عَنْهَا التَّسَحُّرُ وَإِنْ قَصَدَ بِهِ التَّقَوِّيَ عَلَى الصَّوْمِ وَلَا الِامْتِنَاعُ مِنْ تَنَاوُلِ مُفْطِرٍ خَوْفَ الْفَجْرِ مَا لَمْ يَخْطِرْ بِبَالِهِ الصَّوْمُ بِالصِّفَاتِ الَّتِي يَجِبُ التَّعَرُّضُ لَهَا فِي النِّيَّةِ.-تُحْفَةُ الْمُحْتَاجِ: فَصْلٌ: فِي النِّيَّةِ وَتَوَابِعِهَا.
അത് നാവുകൊണ്ട് ഉച്ചരിക്കണമെന്നതിനോ തറാവീഹിനു ശേഷം ഇമാം ചൊല്ലിക്കൊടുത്ത് മഅ്മൂമുകള് ഏറ്റുചൊല്ലുന്നതിനോ പ്രാമാണികമായ തെളിവൊന്നുമില്ല. നബി(സ) സ്വഹാബികള്‍ക്ക് രാത്രിയില്‍ നോമ്പിന്റെ നിയ്യത്ത് ചൊല്ലിക്കൊടുത്തതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല.
അല്ലാഹുവിന്റെ ആജ്ഞയ്ക്ക് വഴിപ്പെട്ടും അവന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ടും ഒരു കർമത്തിന് മുതിരുകയെന്നതാണ് യഥാർഥത്തിൽ നിയ്യത്ത്. അപ്പോൾ വ്രതമുദ്ദേശിച്ചുകൊണ്ടും അത് മുഖേന ദൈവസാമീപ്യം ലക്ഷ്യമാക്കിയും ഒരാൾ രാത്രി സമയത്ത് അത്താഴമുണ്ടാൽ അയാൾ നിയ്യത്തുള്ളവനായിത്തീരുന്നതാണ്. അപ്രകാരംതന്നെ ഒരാൾ അല്ലാഹുവിന്റെ തൃപ്തി മാത്രമുദ്ദേശിച്ച് പകൽ സമയത്ത് നോമ്പുമുറിക്കുന്ന കാര്യങ്ങൾ വർജിക്കാൻ തീരുമാനിക്കുന്ന പക്ഷം അത്താഴം കഴിച്ചില്ലെങ്കിലും അയാൾ നിയ്യത്തുള്ളവൻ തന്നെ. പ്രിയ പത്നി ഹഫ്സ (റ) യിൽ നിന്ന് നിവേദനം. നബി (സ) പ്രസ്താവിച്ചു: ഫജ്റിനു മുമ്പ് രാത്രി നിയ്യത്ത് ചെയ്യാത്തവന് നോമ്പില്ല’ -(അബൂദാവൂദ്: 2456).
عَنْ حَفْصَةَ زَوْجِ النَّبِىِّ صَلَّى اللَّه عَلَيْهِ وَسَلَّمَ أَنَّ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ « مَنْ لَمْ يُجْمِعِ الصِّيَامَ قَبْلَ الْفَجْرِ فَلاَ صِيَامَ لَهُ ».- رَوَاهُ أَبُو دَاوُد: 2456، وَصَحَّحَهُ الأَلْبَانِيُّ.
ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് റമദാന് നോമ്പായി പരിഗണിക്കണമെങ്കില്‍ ഓരോ രാത്രിയിലും നിയ്യത്ത് ചെയ്യുക തന്നെ വേണം. പിറ്റേന്ന് നോമ്പെടുക്കണമെന്ന് ഉദ്ദേശിച്ച് കിടക്കുന്നതും ആ ഉദ്ദേശ്യത്തോടെ അത്താഴത്തിന് എഴുന്നേല്‍ക്കുന്നതുമെല്ലാം നിയ്യത്തായി പരിഗണിക്കപ്പെടും.
നിയ്യത്ത് ചൊല്ലാന്‍ മറന്നു എന്ന് പറഞ്ഞു ഏതെങ്കിലും ഒരു സ്വഹാബി റമദാനിലെ നോമ്പ് ഉപേക്ഷിച്ച സംഭവം ഉദ്ധരിക്കപ്പെട്ടതായി കാണുന്നില്ല.
എന്നാൽ സുന്നത്ത് നോമ്പിനുള്ള നിയ്യത്ത് ഭക്ഷണപാനീയങ്ങളൊന്നും കഴിച്ചിട്ടില്ലെങ്കിൽ മദ്ധ്യാഹ്നത്തിനു മുമ്പ് പകലായാലും മതിയാകുമെന്നാണ് പണ്ഡിത മതം.
ആയിശ(റ) പറയുന്നു: “ നബി(സ) ഒരു ദിവസം എന്റെ അടുത്ത് വന്നാല്‍ ചോദിക്കുമായിരുന്നു: ” നിങ്ങളുടെ പക്കൽ കഴിക്കാന്‍ വല്ലതുമുണ്ടോ? “ എന്ന്. “ഒന്നുമില്ലെന്ന് ഞങ്ങൾ പറഞ്ഞാല്‍ അവിടന്നു പറയും: ” എങ്കിൽ ഞാൻ നോമ്പുകാരനാണ് “. (അബൂദാവൂദ്: 2455).
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ عَلَيَّ قَالَ: « هَلْ عِنْدَكُمْ طَعَامٍ؟ ». فَإِذَا قُلْنَا: لَا، قَالَ: « إِنِّي صَائِمٌ ».-رَوَاهُ أَبُو دَاوُدُ: وَصَحَّحَهُ الأَلبَانيُّ.
ഒറ്റ നിയ്യത്ത് മതിയോ?
റമദാനിന്റെ ആദ്യത്തെ രാത്രിയില്‍ റമദാന് മുഴുവന്‍ നോമ്പനുഷ്ഠിക്കുന്നതായി കരുതിയാല്‍ എല്ലാ നോമ്പിനും ആ നിയ്യത്ത് മതിയെന്നാണ് മാലികീ മദ്ഹബ്. തദടിസ്ഥാനത്തില്‍ ഏതെങ്കിലും രാത്രിയില്‍ നിയ്യത്ത് മറന്നു പോവുന്നപക്ഷം നോമ്പനുഷ്ഠിക്കാനും നോമ്പു ലഭിക്കാനും സൗകര്യപ്പെടാന്‍ വേണ്ടി റമദാനിന്റെ അദ്യരാത്രി തന്നെ മാസം മുഴുവന്‍ നോമ്പനുഷ്ഠിക്കുമെന്ന് നിയ്യത്ത് ചെയ്യുന്നതാണ് ഉത്തമം.
നിയ്യത്ത് ചൊല്ലാന്‍ മറന്നു എന്ന് പറഞ്ഞു ഏതെങ്കിലും ഒരു സ്വഹാബി റമദാനിലെ നോമ്പ് ഉപേക്ഷിച്ച സംഭവം ഉദ്ധരിക്കപ്പെട്ടതായി കാണുന്നില്ല.
നിയ്യത്തുമായി ബന്ധപ്പെട്ട് അത് മനസ്സിൽ ഉദ്ദേശിക്കുകയും നാവു കൊണ്ട് മൊഴിയാതിരിക്കുകയും ചെയ്താലും സാധുവാകും എന്നും, ഒരാൾ നാവു കൊണ്ടുച്ചരിക്കുകയും മനസ്സിൽ കരുതാതിരിക്കുകയും ചെയ്താൽ അയാളുടെ നമസ്ക്കാരം സാധുവാകയില്ല എന്നും അതാണ് ശാഫിഈ മദ്ഹബ് എന്നുമെല്ലാം ഇമാം നവവി വ്യക്തമാക്കിയിട്ടുണ്ട്. (ശർഹുൽ മുഹദ്ദബ്).
وَقَالَ الإِمَامُ النَّوَوِيُّ:
فَإِنْ نَوَى بِقَلْبِهِ وَلَمْ يَتَلَفَّظْ بِلِسَانِهِ أَجْزَأَهُ عَلَى الْمَذْهَبِ، وَبِهِ قَطَعَ الْجُمْهُورُ. وَفِيهِ الْوَجْهُ الَّذِى ذَكَرَهُ الْمُصَنِّفُ وَذَكَرَهُ غَيْرُهُ. وَقَالَ صَاحِبُ الْحَاوِي: هُوَ قَوْلُ أَبِي عَبْدِ اللَّهِ الزُّبَيْرِيِّ أَنَّهُ لَا يُجْزِئُهُ حَتَّى يَجْمَعَ بَيْنَ نِيَّةِ الْقَلْبِ وَتَلَفُّظِ اللِّسَانِ، لِأَنَّ الشَّافِعِيَّ رَحِمَهُ اللَّهُ قَالَ فِي الْحَجِّ: إِذَا نَوَى حَجًّا أَوْ عُمْرَةً أَجْزَأَ، وَإِنْ لَمْ يَتَلَفَّظْ وَلَيْسَ كَالصَّلَاةِ لَا تَصِحُّ إلَّا بِالنُّطْقِ. قَالَ أَصْحَابُنَا: غَلَطَ هَذَا الْقَائِلُ، وَلَيْسَ مُرَادُ الشَّافِعِيِّ بِالنُّطْقِ فِي الصَّلَاةِ، هَذَا بَلْ مُرَادُهُ التَّكْبِيرُ، وَلَوْ تَلَفَّظَ بِلِسَانِهِ وَلَمْ يَنْوِ بِقَلْبِهِ لَمْ تَنْعَقِدْ صَلَاتُهُ بِالْإِجْمَاعِ فِيهِ. وَلَوْ نَوَى بِقَلْبِهِ صَلَاةَ الظُّهْرِ وَجَرَى عَلَى لِسَانِه صَلَاةُ الْعَصْرِ انْعَقَدَتْ صَلَاةُ الظُّهْرِ.-شَرْحُ الْمُهَذَّبِ.
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1