നന്മകൾക്കിടയിലെ മറ – 24
اللهم استرنا بسترك الجميل واجعل تحت الستر ما ترضى به عنا
“അല്ലാഹുവേ, സൗന്ദര്യമാർന്ന നിന്റെ മറ കൊണ്ട് ഞങ്ങളെ നീ മറയ്ക്കണേ.. നീ ഞങ്ങളിൽ നിന്നും തൃപ്തിപ്പെടുന്നതൊക്കെയും ആ മറക്കുള്ളിൽ ഒളിപ്പിക്കുകയും ചെയ്യണമേ.”
സുകൃതവാന്മാരായ മുൻഗാമികളുടെ പ്രാർത്ഥനകൾ പഠിക്കുമ്പോഴെല്ലാം തെളിഞ്ഞു കാണുന്നൊരു കാര്യം അവരുടെ പ്രാർത്ഥനകളിലെ ആത്മാർത്ഥതയാണ്. അവരുടെ ജീവിത മുൻഗണനകൾ എന്താണ് എന്ന് അവരുടെ പ്രാർത്ഥനകൾ നമുക്ക് പറഞ്ഞു തരും. നാം ഈ പരമ്പരയിൽ ഉദ്ധരിച്ച പ്രാർത്ഥനകൾ പരിശോധിക്കുമ്പോഴെല്ലാം അത് മനസ്സിലാവും.
സുഫിയാൻ അസ്സൗരി (റ) യുടെ ശിഷ്യനായ സുഫിയാൻ ബിൻ ഉയൈന (റ) നടത്തിയ പ്രാർത്ഥനയാണ് ഈ അധ്യായം. ഈ പ്രാർത്ഥന കേൾക്കുമ്പോൾ എത്രമാത്രമായിരുന്നു അദ്ദേഹത്തിന്റെ ആത്മാർത്ഥത എന്ന് നാം അതിശയപ്പെട്ട് പോകും.
എത്ര സൂക്ഷ്മതയോട് കൂടിയാണോ നാം തിന്മകൾ ആരോരുമറിയാതെ മൂടിവെച്ചത് അതേ സൂക്ഷ്മതയാണ് നമ്മുടെ മുൻഗാമികൾ അവരുടെ നന്മകൾ മൂടിവെക്കുന്നതിൽ കാണിച്ചിരുന്നത് എന്ന് ഫുയയ്ള് ബിൻ ഇയാള് (റ) പറയുന്നതായി കാണാം.
അത്തരമൊരു പദവിയിൽ നാം എത്തി ചേരുമ്പോൾ നമ്മുടെ കർമ്മങ്ങൾ നമുക്ക് അത്രമേൽ പ്രിയപ്പെട്ടതായി മാറും. അല്ലാഹുവിന്റെയും നമ്മുടെയും ബന്ധത്തിനിടയിൽ നന്മകൾക്ക് വലിയ പ്രാധാന്യമുണ്ടാവും. നമ്മുടെ നന്മകൾ ആരെങ്കിലും കാണുന്നത് അല്ലാഹുവിന്റെയും നമ്മുടെയും ബന്ധത്തിനിടയിലേക്ക് മറ്റാരോ നുഴഞ്ഞു കയറുന്ന അനുഭവമാണ് നമുക്ക് ഉണ്ടാക്കുക. കർമ്മങ്ങളിൽ ഈ നിലക്കുള്ള ഇഹ്സാന്റെ തലം ഉണ്ടാവുന്നതോട് കൂടി നിങ്ങളുമായിട്ട് ഏറ്റവും അടുത്തിടപഴകുന്നവർ വരെ നിങ്ങളുടെ കർമ്മം അറിയാതിരിക്കാനുള്ള ആഗ്രഹം നമ്മിൽ ഉണ്ടാവുകയും ചെയ്യും.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1