ഒരു മാതാവിന്റെ മഹത്തരമായ പ്രാർത്ഥന – 8

اللهم ارحم طول ذلك القيام في الليل الطويل، وذلك النحيب والظما في هواجر المدينة ومكة، وبره بأبيه وبي، اللهم إني قد سلمته لأمرك فيه، ورضيت بما قضيت، فأثبني في عبد الله ثواب الصابرين الشاكرين
“അല്ലാഹുവേ, നീളമേറിയ രാവുകളിലെ അവന്റെ ദൈർഘ്യമുള്ള നിറുത്തത്തിലും ആ തേങ്ങിക്കരച്ചിലുകളിലും നീ അവന് കരുണ ചൊരിയേണമേ. മക്കയിലെയും മദീനയിലെയും പൊള്ളുന്ന വേനൽ ദിനങ്ങളിലെ അവന്റെ ദാഹത്തിലും നീ അവനോട് കരുണ കാണിക്കണേ. (മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെട്ട് അവൻ ഏറെ ദുരിതവും പട്ടിണിയും സഹിച്ച ദിനങ്ങൾ. അവൻ ദീർഘമായ രാവുകളിൽ നിന്നിലേക്ക് കൈകൾ ഉയർത്തി പ്രാർത്ഥിച്ച ദിനങ്ങൾ). അവന്റെ ഉപ്പയോടും എന്നോടും അവൻ കാണിച്ച സ്നേഹത്തിനും കാരുണ്യത്തിനും നീ പ്രതിഫലം നൽകേണമേ. അല്ലാഹുവേ, അവനെ ഞാൻ നിന്റെ വിധിക്ക് സമർപ്പിച്ചിരിക്കുന്നു. നിന്റെ വിധിയിൽ ഞാൻ പൂർണ്ണ സംതൃപ്തയുമാണ്. ക്ഷമ അവലംബിച്ചവരുടെയും നന്ദി കാണിച്ചവരുടെയും പ്രതിഫലം അവന്റെ കാര്യത്തിൽ നീ എനിക്ക് നൽകേണമേ.
പ്രവാചക ചരിത്രത്തിലെ ഏറ്റവും ഹൃദയസ്പൃക്കായ കഥകളിലൊന്ന് അബ്ദുല്ലാഹി ബ്നു സുബൈറുമായി (റ) ബന്ധപ്പെട്ടതാണ്. പ്രവാചകന്റെ മദീനയിലേക്കുള്ള ഹിജ്റക്ക് ശേഷം മുസ്ലിംകൾക്ക് ജനിച്ച ആദ്യത്തെ കുട്ടിയായിരുന്നു അദ്ദേഹം. ജനിച്ചു വീണ വേളയിൽ സ്വാഹാബാക്കൾ അദ്ദേഹത്തെ ചേർത്തു പിടിക്കുകയും അല്ലാഹു അക്ബർ എന്ന് വിളിച്ചു പറയുകയും ചെയ്തു. യഹൂദർ മാരണം ചെയ്തത് കാരണം മദീനയിലെ സ്ത്രീകൾക്ക് പ്രസവിക്കാൻ കഴിയില്ല എന്നും അതിന്റെ പേരിൽ അവർക്ക് മേൽ ശാപം ഉണ്ടാവുമെന്നുമെല്ലാം പരക്കെ അന്ധവിശ്വാസം ഉണ്ടായിരുന്ന ഘട്ടത്തിൽ കൂടിയാണ് അബ്ദുല്ലാഹി ബിൻ സുബൈറിന്റെ (റ) ജനനം. ആ നിലക്ക് അദേഹത്തിന്റെ ജനനം ഒരു വിപ്ലവമായിരുന്നു. ജനനം മാത്രമായിരുന്നില്ല, അദ്ദേഹത്തിന്റെ ജീവിതവും മരണവും മുഴുവനായും ചെറുത്തുനിൽപ്പും പ്രതിരോധവുമായിരുന്നു. കുരിശ്ശിലേറ്റിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ ജനനവും മരണവും മുൻനിർത്തി അബ്ദുല്ലാഹി ബിൻ ഉമർ (റ) പറയുന്നത് ഇങ്ങനെയാണ്: “അബ്ദുല്ലാഹി ബിൻ സുബൈറിന്റെ ജനനവേളയിൽ അദ്ദേഹത്തെയും ഏറ്റി മദീനയുടെ തെരുവുകളിൽ ആളുകൾ അല്ലാഹു അക്ബർ മുഴക്കുമ്പോൾ ഞാൻ അവിടെയുണ്ടായിരുന്നു. അക്രമികൾ അദ്ദേഹത്തെ ക്രൂശിച്ചപ്പോൾ അതിനും എനിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ജനനവേളയിൽ മുഴങ്ങിയ അതേ അല്ലാഹു അക്ബർ വിളിച്ചു കൊണ്ടാണ് അക്രമികളായ ആളുകൾ അദ്ദേഹത്തെ കുരുശിലേറ്റി വധിച്ചു കളഞ്ഞത്.”
അബ്ദുല്ലാഹി ബിൻ സുബൈറിന്റെ (റ) ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം സാഹചര്യമേതായാലും അനീതിക്കെതിരെ എഴുന്നേറ്റ് നിന്നു എന്നതാണ്. ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് ചൊല്ലിയ ആളുകൾക്ക് നേരെ ഖലീഫ നടത്തിയ അടിച്ചമർത്തലിന് എതിരെവരെ അദ്ദേഹം ശബ്ദമുയർത്തുകയുണ്ടായി.
അദ്ദേഹത്തിന്റെ മാതാവ് അസ്മാ ബിൻത് അബൂബകർ നടത്തിയ പ്രാർത്ഥനയാണ് ഈ അധ്യായം. ആദ്യ കാലത്ത് തന്നെ ഇസ്ലാം സ്വീകരിച്ച അവർ റസൂലിന് ധാരാളം സഹായങ്ങൾ ചെയ്ത സ്വഹാബി വനിത ആയിരുന്നു. റസൂലിന് ഭക്ഷണം നൽകുകയും റസൂലിന്റെ ഹിജ്റയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തിരുന്നു. ജീവിതമഖിലം ഇസ്ലാമിന് വേണ്ടി മാറ്റിവെച്ച അവർക്ക് അബൂ ജഹലിൽ നിന്ന് മർദനമേൽക്കേണ്ടി വരെ വന്നു.
അബ്ദുല്ലാഹി ബിൻ സുബൈറിനെ (റ) കഅ്ബക്ക് അരികിൽ വെച്ച് കുരിശ്ശിൽ ഏറ്റാൻ പോകുന്ന വേളയിൽ അരികിൽ അദ്ദേഹത്തിന്റെ ഉമ്മയുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ മനസ്സിന് സാന്ത്വനമെന്നോണമാണ് അവർ ഈ പ്രാർത്ഥന നടത്തുന്നത്. അങ്ങനെയൊരു വൈകാരികത കൂടി ഈ പ്രാർത്ഥനയിൽ ഉള്ളടങ്ങിയിട്ടുണ്ട്. അടിച്ചമർത്തപ്പെടുന്നയാൾക്ക് വേണ്ടി അദ്ദേഹത്തിൻ്റെ ഉമ്മ നടത്തുന്ന പ്രാർത്ഥന എന്ന നിലക്ക് വളരെ ശക്തിമത്തായ ഒരു പ്രാർത്ഥന കൂടിയാണിത്. ശഹീദാവാൻ തയാറായി നിൽക്കുന്ന സ്വന്തം മകന് വേണ്ടി ഒരുമ്മയുടെ സ്നേഹത്തിൽ ചാലിച്ച പ്രാർത്ഥന എന്ന നിലക്കും ഈ പ്രാർത്ഥന ഏറെ മഹത്തരമാണ്.
അബ്ദുല്ലാഹി ഇബ്നു സുബൈർ എങ്ങനെയാണ് ജീവിതം മുഴുവനും ഇസ്ലാമിന് വേണ്ടി ഉഴിഞ്ഞുവെച്ചത് എന്ന് ഉമ്മ പ്രാർത്ഥനയിൽ ഓർമിക്കുന്നു. അദ്ദേഹത്തിന്റെ ത്യാഗ പരിശ്രമങ്ങളും ബുദ്ധിമുട്ടുകളും എടുത്തു പറയുന്നതിനോടൊപ്പം തന്നെ മകന്റെ മുഴുവൻ പരിശ്രമങ്ങൾക്കും വലിയ പ്രതിഫലങ്ങൾ നൽകാൻ കൂടി ആ ഉമ്മ പ്രാർത്ഥിക്കുന്നു. ഉമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ ആഴമെത്രയെന്നും ഈ മകന് വേണ്ടിയാണ് ഉമ്മ ജീവിക്കുന്നതെന്നും പ്രാർത്ഥന കേൾക്കുമ്പോൾ നമുക്ക് മനസ്സിലാവും.
അദ്ദേഹത്തെ കുരിശിലേറ്റിയ ദിവസം ആ മാതാവ് അവിടെ ഉണ്ടായിരുന്നു. അപ്പോഴും അവർ ചോദിച്ചു കൊണ്ടിരുന്നത്, ശഹീദായ ഈ ശരീരത്തെ താഴെ ഇറക്കാനും ബഹുമാനിക്കാനും സമയമായില്ലേ എന്നായിരുന്നു. അദ്ദേഹത്തിന്റെ ശരീരം കുരിശിൽ നിന്നും താഴെയിറക്കി മണിക്കൂറുകൾ കഴിയുമ്പോഴേക്കും ആ ഉമ്മയും ഈ ലോകത്തോട് വിടപറഞ്ഞു.
തഖ്വയുടെയും പോരാട്ടത്തിന്റെയും അടയാളമായ ഈ അത്ഭുത വനിതയെ സ്വർഗത്തിൽ വെച്ച് കണ്ടുമുട്ടാനുള്ള മഹാഭാഗ്യം നൽകി അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. അവരെയും അവരുടെ കുടുംബത്തെയും അല്ലാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ. നമ്മെയും നമ്മുടെ കുടുംബത്തെയും ബാധിക്കുന്ന അടിച്ചമർത്തലുകളെ ധൈര്യത്തോടും ആത്മാർത്ഥതയോടും കൂടി നേരിടാനുള്ള ഭാഗ്യം നൽകി അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1