കൊടുങ്കാറ്റിനേക്കാൾ ശക്തമായ ദുആ – 10
أريتنا قدرتك فأرنا عفوك “അല്ലാഹുവേ, നിന്റെ ശക്തി ഞങ്ങൾക്ക് നീ ദൃശ്യമാക്കിയതു പോലെ നിന്റെ മുക്തി ഞങ്ങൾക്ക് ദൃശ്യമാക്കേണമേ.”
യൂനുസ് നബി (അ) യുടെ സംഭവം നമുക്ക് സുപരിചിതമാണ്. സമാനമായ സാഹചര്യത്തിൽ നിങ്ങൾ അകപ്പെട്ടു പോവുന്നതൊന്ന് സങ്കൽപ്പിച്ചു നോക്കൂ. നിങ്ങളൊരു കപ്പലിൽ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോൾ അതിശക്തമായ കാറ്റ് വീശുകയും കപ്പൽ തകർന്നടിയാൻ പോവുകയും ചെയ്യുമ്പോൾ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം.
ഇബ്റാഹീം ബിൻ അദ്ഹം ഇസ്ലാമിക പാരമ്പര്യത്തിലെ വളരെ പ്രസിദ്ധനായ പണ്ഡിതനും സൂഫി വര്യനുമായിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യം എല്ലാവരാലും അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്നു. ഇമാം ദഹബി (റ) ഇബ്റാഹീം ബിൻ അദ്ഹം (റ) യെ മുൻ നിർത്തി ഉദ്ധരിക്കുന്ന ഒരു പ്രധാനപ്പെട്ട സംഭവവും അദ്ദേഹം നടത്തുന്ന വിശിഷ്ടമായ ഒരു പ്രാർത്ഥനയുമാണ് ഈ അധ്യായം. ഇബ്റാഹീം ബിൻ അദ്ഹം (റ) ഒരിക്കൽ കപ്പൽ യാത്രയ്ക്കിടെ ഗാഢനിദ്രയിൽ ആയിരുന്നു. പെട്ടന്ന് ശക്തമായി കാറ്റ് വീശാനും തിരമാലകൾ വളരെ കനത്തിൽ കപ്പലിന്റെ ഇരു വശങ്ങളിലും വന്നടിക്കുകയും കപ്പൽ ഇരു വശത്തേക്കും ചാഞ്ഞാടാനും തുടങ്ങി. ഉറക്കിൽ നിന്ന് എഴുന്നേറ്റ് അദ്ദേഹം കപ്പലിന്റെ മേൽ തട്ടിലേക്ക് ചെന്നു. തങ്ങൾ മുങ്ങി മരിക്കാൻ പോവുകയാണ് എന്ന് ഉറപ്പിച്ചിരുന്ന കപ്പിലിലുള്ളവർ ഇബ്റാഹീം ബിൻ അദ്ഹമിനോട് ഇങ്ങനെ ആവശ്യപ്പെട്ടു. “ഈ ദുരിതത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ചെടുക്കാൻ അല്ലാഹുവിനെ എങ്ങനെ വിളിച്ചു പ്രാർത്ഥിക്കാനാണ് താങ്കൾക്ക് സാധിക്കുക? ഇത് കേട്ടപ്പോൾ ഇബ്റാഹീം ബിൻ അദ്ഹം (റ) തന്റെ രണ്ട് കരങ്ങളും അല്ലാഹുവിലേക്ക് ഉയർത്തി കൊണ്ട് ഇങ്ങനെ പറഞ്ഞു:
أريتنا قدرتك فأرنا عفوك
“അല്ലാഹുവേ, നിന്റെ ശക്തി ഞങ്ങൾക്ക് നീ ദൃശ്യമാക്കിയതു പോലെ നിന്റെ മുക്തി ഞങ്ങൾക്ക് ദൃശ്യമാക്കേണമേ.”
അദ്ദേഹം ഈ പ്രാർത്ഥന നടത്തിയപ്പോഴേക്കും കാറ്റ് ശമിച്ചു, തിരയടങ്ങി, കപ്പൽ വളരെ ശാന്തമായി നീങ്ങി തുടങ്ങുകയും ചെയ്തു. ഇബ്റാഹീം ബിൻ അദ്ഹം (റ) തിരിച്ചു ഉറങ്ങാനായി മടങ്ങുകയും ചെയ്തു. അല്ലാഹുവുമായിട്ട് അദ്ദേഹം പുലർത്തിയ ബന്ധം അങ്ങനെയുള്ളതായിരുന്നു, അത്രമാത്രം ശക്തമായിരുന്നു അല്ലാഹുവും അദ്ദേഹവും തമ്മിലുള്ള അടുപ്പം.
ഇബ്റാഹീം ബിൻ അദ്ഹം (റ) എത്ര വലിയ മഹാത്മാവായിരുന്നു എന്ന് ആലോചിച്ചിരിക്കുന്നതിന് പകരം നിങ്ങൾ അല്ലാഹുവിന്റെ ശക്തി നേർക്ക് നേരെ അനുഭവിച്ച ഒരു സന്ദർഭം ആലോചിച്ചു നോക്കൂ. അന്നേ ദിവസം നാം എത്ര മാത്രം അല്ലാഹുവിൽ ആശ്രിതരായിരുന്നു എന്ന് ചിന്തിച്ചു നോക്കൂ. ഇനി അദ്ദേഹം നടത്തിയ പ്രാർത്ഥനയിലേക്ക് വരാം.
“അല്ലാഹുവേ, നീ ഞങ്ങളെ പരീക്ഷിച്ചിരിക്കുന്നു” എന്നല്ല അദ്ദേഹം പറഞ്ഞത്.
أريتنا قدرتك
“അല്ലാഹുവേ, നീ നിന്റെ ശക്തി ഞങ്ങൾക്ക് കാണിച്ചു തന്നിരിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥന. അല്ലാഹുവിന്റെ ശക്തി അദ്ദേഹം സ്പഷ്ടമായി പ്രത്യക്ഷപ്പെടുത്തി കൊടുത്ത സന്ദർഭമായിരുന്നു അത്. ശേഷം അദ്ദേഹം പറഞ്ഞു:
فأرنا عفوك
“അതു പോലെ നീ നിന്റെ മാപ്പ് ഞങ്ങളോട് കാണിക്കേണമേ.”
അടുത്ത തവണ പരീക്ഷണ ഘട്ടങ്ങളിൽ വീണു പോവുമ്പോൾ, ആരോരും രക്ഷക്ക് എത്തില്ല എന്ന് ഉറപ്പാവുന്ന സന്ദർഭത്തിൽ, അല്ലാഹുവിന് മാത്രമേ എന്നെ രക്ഷിക്കാൻ സാധിക്കുകയുള്ളു എന്ന് ഉറപ്പായാൽ നമ്മുടെ ചുണ്ടുകളിൽ ഈ പ്രാർത്ഥന മുഴങ്ങട്ടെ. “അല്ലാഹുവേ, നിന്റെ ശക്തി ഞങ്ങൾക്ക് നീ ദൃശ്യമാക്കിയതു പോലെ നിന്റെ മുക്തി ഞങ്ങൾക്ക് ദൃശ്യമാക്കേണമേ.”
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1