അല്ലാഹു ക്ഷമാശീലരെ ഇഷ്ട്ടപ്പെടുന്നു

{وَاللَّهُ يُحِبُّ الصَّابِرِينَ} അല്ലാഹു ക്ഷമാലുക്കളെ ഇഷ്ടപ്പെടുന്നു. (ആലു ഇംറാൻ: 146)
കഴിഞ്ഞ അധ്യായത്തിൽ സൂചിപ്പിച്ച തവക്കുലും സ്വബ്റും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അല്ലാഹുവിൽ സമ്പൂർണ്ണമായ വിശ്വാസമില്ലെങ്കിൽ ക്ഷമ കൈക്കൊള്ളൽ അസാധ്യമായിരിക്കും. നമ്മുടെ ജീവിതത്തിൻ്റെ സമ്പൂർണ്ണമായ നിയന്ത്രണം നമ്മളല്ലാത്ത ഒരാളിലാണ് എന്ന് ഉറച്ച വിശ്വാസമില്ലാത്തിടത്തോളം ക്ഷമ കൈക്കൊള്ളാൻ നമുക്ക് സാധ്യമല്ല. നമുക്ക് ഏറ്റവും അനുഗുണമായ രീതിയിൽ മാത്രമേ നമ്മുടെ ജീവിതത്തിൽ ഇടപെടുകയും തീരുമാനിക്കുകയുമുള്ളൂ എന്ന് ഉറച്ച ബോധ്യമുണ്ടാവുമ്പോൾ മാത്രമേ ശരിയായ രീതിയിൽ ക്ഷമ അവലംബിക്കാൻ സാധിക്കുകയുള്ളൂ. ഇങ്ങനെയാണ് തവക്കുലും സ്വബ്റും ബന്ധപ്പെട്ട് കിടക്കുന്നതും. രണ്ടും അല്ലാഹുവിലുള്ള ദൃഢവിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ടാണ് അല്ലാഹു രണ്ടു കൂട്ടരേയും ധാരാളമായി സ്നേഹിക്കുന്നത്.
ക്ഷമാലുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ ക്ഷമ എന്ന വലിയ ഗുണം പ്രയാസകരമായ സമയങ്ങളിൽ മാത്രം കൈക്കൊള്ളേണ്ട ഒന്നല്ല. അത് ജീവിതത്തിൽ ഉടനീളം മുറുകെ പിടിക്കാൻ നാം സന്നദ്ധരാവണം.
പ്രയാസങ്ങളിലും പ്രതിസന്ധികളിലും എങ്ങനെ ക്ഷമയവലംബിക്കണം എന്നത് വ്യക്തമാണ്. അത്തരം സന്ദർഭങ്ങളിൽ അല്ലാഹുവിൻ്റെ സ്നേഹവും പ്രീതിയും പ്രതീക്ഷിച്ച് ക്ഷമയവലംബിക്കാറുണ്ട്. പരീക്ഷണങ്ങൾ നേരിടുമ്പോൾ ക്ഷമയവലംബിക്കുന്നവരെ പറ്റി ഇബ്നു മസ്ഊദ്(റ) പറയുന്നത് ഇങ്ങനെയാണ്: “വിധി നിർണ്ണയ നാളിൽ ഒരു പറ്റം ആളുകൾ സ്വർഗ പ്രവേശനം കരസ്ഥമാക്കുക അവർ ചെയ്തുകൂട്ടിയ സൽകർമങ്ങൾ മുഖേന അല്ല. മറിച്ച് ജീവിതത്തിലെ ക്ലേശങ്ങൾക്കും പ്രശ്നങ്ങൾക്കും എതിരെ ക്ഷമ അവലംബിച്ചത് കൊണ്ടായിരിക്കും.” അതുകൊണ്ട് ജീവിതത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയെ പോലും ക്ഷമ കൊണ്ട് നേരിടാൻ നാം തയാറാകണം. ജീവിതത്തിലെ പ്രശ്നങ്ങളേക്കാൾ ഏറെ അല്ലാഹുവിന്റെ സ്നേഹത്തിന് മുഖ്യപരിഗണന നൽകണം. അല്ലാഹുവിന്റെ സ്നേഹം നമ്മുടെ ലക്ഷ്യമായാൽ ജീവിത സന്ദർഭങ്ങളിൽ സ്വബ്റും തവക്കുലും കൈക്കൊള്ളാൻ അല്ലാഹു നമ്മെ സന്നദ്ധരാക്കും.
പ്രയാസങ്ങളിലും പ്രതിസന്ധികളിലും ക്ഷമ അവലംബിക്കുന്നത് പോലെ തന്നെ ജീവിതത്തിലെ സൗഖ്യ വേളകളിലും നാം ക്ഷമ അവലംബിക്കേണ്ടതുണ്ട്. ജീവിതത്തിൽ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഇല്ലാത്ത സമയങ്ങളിൽ ആഖിറത്തിനെ മറന്നു പോവാനും ഭൗതികമായ സുഖങ്ങൾ കരസ്ഥമാക്കാനും നാം ശ്രമിച്ചേക്കാം. ഭൂമിയിലെ ജീവിതത്തോട് കൂടി നമ്മുടെ ജീവിതം അവസാനിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് അത്.
ഭൗതിക സുഖങ്ങൾക്ക് പിന്നാലെ നാം നിരന്തരം ഓടിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? ഇഹലോകജീവിതം മാത്രമേ മനുഷ്യനുള്ളൂ എന്ന് മനസ്സിലാക്കിയത് കൊണ്ട് മാത്രമാണ് അങ്ങനെ സംഭവിക്കുന്നത്. അങ്ങനെയല്ല, ഈ ലോകത്തെ നമ്മുടെ ജീവിതം എണ്ണപ്പെട്ട ഏതാനും ദിവസങ്ങൾ മാത്രമാണ് എന്നും പരലോകജീവിതം ശാശ്വതമാണ് എന്നും നാം അറിയണം. പരലോകത്ത് സൽകർമികൾക്ക് അല്ലാഹു ഒരുക്കിവെച്ച പ്രതിഫലങ്ങൾ ഭൂമി ലോകത്തെ മറ്റൊന്നിനും പകരമാവുകയില്ല എന്ന ബോധമുണ്ടാക്കുന്നതിലൂടെ ഇഹലോകത്തെ പല പ്രലോഭനങ്ങളിൽ നിന്നും ക്ഷമയോടെ വിട്ടുനിൽക്കാൻ നമുക്ക് സാധിക്കും.
വിഷമഘട്ടങ്ങളിൽ ക്ഷമ കൈക്കൊള്ളുന്നതിലൂടെ എങ്ങനെയാണോ നാം അല്ലാഹുവിന്റെ സ്നേഹവും പ്രീതിയും കരസ്ഥമാക്കുന്നത്, അതേ രൂപത്തിൽ വലിയ പ്രതിസന്ധികളും പ്രശ്നങ്ങളൊന്നുമില്ലാത്ത ഘട്ടങ്ങളിലും ക്ഷമ അവലംബിച്ച് അല്ലാഹുവിന്റെ പ്രീതി നേടിയെടുക്കാൻ നമുക്ക് സാധിക്കും എന്ന് ചുരുക്കം.
ക്ഷമയുടെ മറ്റൊരു രൂപം പണ്ഡിതന്മാർ വിശദീകരിക്കുന്നത് ആരാധനാ വേളകളിലെ ക്ഷമയാണ്. അല്ലാഹുവിനെ ആരാധിക്കുന്ന സമയങ്ങളിലും അവൻ്റെ വിധിവിലക്കുകൾ പിൻപറ്റുന്നതിലും നാം ക്ഷമ കാണിക്കാതിരിക്കുന്നത് അല്ലാഹുവിനോടുള്ള അനാദരവിന്റെ അടയാളമാണ്. ആരാധനാ വേളകളിൽ ക്ഷമ അവലംബിക്കുന്നതിലൂടെ അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാനുള്ള സന്നദ്ധതയാണ് നാം പ്രകടമാക്കുന്നത്. അതു മുഖേന നമ്മുടെ ഇഹ്സാൻ വർദ്ധിക്കും. അല്ലാഹു നമ്മെ ക്ഷമാലുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുമാറാകട്ടെ. ആമീൻ.
( തുടരും )
വിവർത്തനം – ടി.എം ഇസാം