സൃഷ്ട്ടിപ്പും സ്വഭാവവും -29
اللهم احسن خلقي كما احسنت خلقي
“അല്ലാഹുവേ… എന്റെ സൃഷ്ടിപ്പ് നന്നാക്കിയത് പോലെ നീ എന്റെ സ്വാഭാവവും നല്ലതാക്കേണമേ”
ഉമ്മു ദർദ (റ) റിപ്പോർട്ട് ചെയ്യുന്നു: “എന്റെ ഭർത്താവ് ഒരു രാത്രിയിൽ മുഴുവൻ ഒരൊറ്റ പ്രാർത്ഥന മാത്രം നടത്തുന്നത് ഒരിക്കൽ ഞാൻ കാണുകയുണ്ടായി. പ്രവാചകൻ (സ്വ) പഠിപ്പിച്ച ഒരു പ്രാർത്ഥനയായിരുന്നു അദ്ദേഹം പ്രാർത്ഥിച്ചു കൊണ്ടിരുന്നത്. അത് ഇങ്ങനെയാണ്.
اللهم احسن خلقي كما احسنت خلقي
“അല്ലാഹുവേ.. എന്റെ സൃഷ്ടിപ്പ് നന്നാക്കിയത് പോലെ നീ എന്റെ സ്വാഭാവവും നല്ലതാക്കേണമേ”
خَلْق എന്നത് നമ്മുടെ ശരീരവും ആകാര ഭംഗിയുമാണെങ്കിൽ خُلق കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ സ്വഭാവവും ആന്തരിക സൗന്ദര്യവുമാണ്. നമ്മുടെ സ്വഭാവം അനുസരിച്ചാണ് നമ്മുടെ ശരീരത്തിന്റെ സൗന്ദര്യമെങ്കിൽ നമ്മെ കാണാൻ എന്ത് രൂപമായിരിക്കും? അതിനെ പറ്റി കൂടിയാണ് ഈ പ്രാർത്ഥന ഓർമ്മപ്പെടുത്തുന്നത്. പക്ഷെ എന്തു കൊണ്ടായിരിക്കും അബൂ ദർദ (റ) രാത്രി മുഴുവൻ ഈയൊരു പ്രാർത്ഥന മാത്രം പ്രാർത്ഥിച്ചത്?
രാവിലെ ആയപ്പോൾ ഉമ്മു ദർദ (റ) അവരോട് ഈ കാര്യം ചോദിക്കുകയുണ്ടായി. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ്. ഒരു വിശ്വാസി അവന്റെ സ്വഭാവം മികച്ചതാക്കുമ്പോൾ അദ്ദേഹം ജനങ്ങളോട് നല്ല നിലയിൽ പെരുമാറുന്നു. അങ്ങനെ അദ്ദേഹത്തിന്റെ പെരുമാറ്റം കാരണം ആളുകൾ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും അവരുടെയൊക്കെ പ്രാർത്ഥന അദ്ദേഹത്തെ സ്വർഗത്തിൽ എത്തിക്കുകയും ചെയ്യും. ഇനി സ്വഭാവ ശുദ്ധി ഇല്ലാത്ത ആളുകളോ, അവരുടെ സ്വഭാവം കാരണം മറ്റുള്ളവർക്കെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാകും. അവർക്കെതിരിൽ ആളുകൾ പ്രാർത്ഥിക്കുകയും അതവർക്ക് നരകത്തിലേക്കുള്ള വഴി കാണിക്കുകയും ചെയ്യും. അതുകൊണ്ടാണ് അബൂ ദർദ (റ) ഈ ഒരൊറ്റ കാര്യം മാത്രം രാത്രി മുഴുവൻ അല്ലാഹുവിനോട് ചോദിച്ചത്. അങ്ങനെ നല്ല സ്വാഭാവത്തിന് ഉടമയാകുമ്പോൾ പരലോകത്ത് അല്ലാഹു മാത്രമല്ല, ആരോടൊക്കെയാണോ അദ്ദേഹം ഇടപഴകിയത് അവരൊക്കെയും നമ്മുടെ സ്വഭാവ സവിശേഷതകൾക്ക് അനുകൂലമായി സാക്ഷ്യം പറയും.
ഇസ്ലാമിക സമൂഹത്തിന് വേണ്ടി ധാരാളം യുദ്ധങ്ങളിൽ പോരാടിയ വ്യക്തിയാണ് അബൂ ദുജാന (റ). അദ്ദേഹം മരണകിടക്കയിലായിരുന്നപ്പോൾ അദ്ദേഹത്തോട് ചിലർ ഇങ്ങനെ ചോദിക്കുകയുണ്ടായി: “ഉഹുദ് യുദ്ധ വേളയിൽ റസൂൽ (സ) യെ ശത്രുക്കൾക്കിടയിൽ നിന്ന് രക്ഷിച്ചെടുക്കുന്നതിന് വേണ്ടി നിങ്ങൾ വലിയ പരിശ്രമങ്ങൾ നടത്തിയിരുന്നല്ലോ.. മുതുകിൽ ധാരാളം അമ്പുകൾ വന്നു തറച്ച താങ്കളെ അന്ന് കാണാൻ മുള്ളൻ പന്നിയെ പോലെ ഉണ്ടായിരുന്നു. അല്ലാഹുവുമായിട്ടുള്ള ബന്ധത്തിൽ താങ്കൾക്ക് ഏറ്റവും പ്രതീക്ഷ നൽകുന്ന കർമ്മം ഏതാണ്?” അദ്ദേഹം പറഞ്ഞു: ഞാൻ എന്റെ ജീവിതത്തിൽ എന്റെ നാവ് കൊണ്ട് ആരെയും വേദനിപ്പിച്ചിട്ടില്ല എന്നതിനേക്കാൾ എനിക്ക് പ്രതീക്ഷ നൽകുന്ന മറ്റൊന്നുമില്ല”. സുബ്ഹാനല്ലാഹ്!!
അല്ലാഹു നമുക്ക് നല്ല സ്വഭാവം നൽകുമാറാകട്ടെ. ആ സ്വഭാവം ഒരേ പോലെ ജനങ്ങൾക്കിടയിലും അല്ലാഹുവിനോടുള്ള ബന്ധത്തിലും പ്രകടിപ്പിക്കാൻ നമുക്ക് സാധിക്കുമാറാകട്ടെ. അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും വേദനിപ്പിച്ചത് കാരണം ആരും നമുക്കെതിരെ പരലോകത്ത് സാക്ഷ്യം വഹിക്കുന്ന അവസ്ഥ നമുക്ക് ഉണ്ടാവാതിരിക്കട്ടെ.
വിവ – ടി.എം ഇസാം
🪀 കൂടുതല് വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL