ഫജ്റിന് ശേഷമുള്ള മരണം – 21
اللهم اجعل خاتمة عملي صلاة الفجر
“അല്ലാഹുവേ, എന്റെ ജീവിതത്തിലെ ഏറ്റവും അവസാനത്തെ സൽകർമ്മം ഫജ്ർ നമസ്ക്കാരമാക്കേണമേ..”
സച്ചരിതരായ ആളുകളുടെ പ്രാർത്ഥനകളിലെല്ലാം അവരുടെ അവസാനത്തെ നിമിഷങ്ങൾ നല്ലതാക്കാൻ വേണ്ടി പ്രാർത്ഥിക്കുന്ന നിരവധി പ്രാർത്ഥനകൾ കണ്ടെത്താൻ സാധിക്കും. പ്രവാചകൻ തന്നെയും അവസാന നിമിഷങ്ങളെ നമ്മുടെ പ്രാർത്ഥനാ വിഷയമാക്കാൻ കൽപിച്ചിട്ടുണ്ടല്ലോ. ജീവിതത്തിൽ നാം ആത്മീയമായി ഉയർച്ച താഴ്ച്ചകൾ അനുഭവിക്കും എന്നതൊരു യാഥാർത്യമാണ്. നമ്മുടെ ഈമാൻ വളരെ ദുർബലമായിരിക്കുന്ന അവസ്ഥയിൽ അല്ലാഹു നമ്മിലേക്ക് മരണത്തിൻ്റെ മാലാഖയെ പറഞ്ഞയക്കുന്നത് നാമാരും ആഗ്രഹിക്കുന്നുമില്ല. അവസാന സമയങ്ങൾ ഏറ്റവും നല്ലതാക്കാൻ അല്ലാഹുവോട് നമുക്ക് നിരവധി രൂപത്തിൽ ചോദിക്കാവുന്നതാണ്. സച്ചരിതരായ ആളുകളുടെ അവസാന വേളകൾക്ക് സാക്ഷ്യം വഹിച്ചവർക്ക് അത്തരം സന്ദർഭത്തെ പറ്റി കുറച്ചധികം പറയാനുണ്ടായിരിക്കും. ജീവിതത്തിന്റെ അവസാന നാളുകളിൽ അവരുടെ പെരുമാറ്റം മരണം ആദ്യമേ അറിയിക്കപ്പെട്ട ഒരാളുടേത് പോലെ ആയിരിക്കും. അല്ലെങ്കിൽ അവർക്ക് അങ്ങനെയാണ് അനുഭവപ്പെടുക. അത്തരം സന്ദർഭങ്ങൾ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും എത്രയോ മേലെയാണ്. അക്ഷരാർത്ഥത്തിൽ വിവരണാതീതം. സുബ്ഹാനല്ലാഹ്! ധാരാളം സലഫുകളുടെ അവസാന നിമിഷത്തെ പറ്റി സമാനമായ പല റിപ്പോർട്ടുകളും കാണാം.
മേൽ ഉദ്ധരിച്ച പ്രാർത്ഥന അബ്ദുല്ലാഹി ബിൻ അബീ സർഹിൽ (റ) നിന്ന് ഉദ്ധരിച്ചതാണ്. ഒരു ദിവസം അദ്ദേഹം വളരെ ആവേശത്തോടെ രാത്രി നമസ്ക്കരിക്കുകയായിരുന്നു. അദ്ദേഹം നമസ്ക്കാരത്തിനിടയിൽ അല്ലാഹുവിനോട് ഇങ്ങനെ ചോദിക്കുകയുണ്ടായി:
اللهم اجعل خاتمة عملي صلاة الفجر
“അല്ലാഹുവേ.. എന്റെ ജീവിതത്തിലെ ഏറ്റവും അവസാനത്തെ സൽകർമ്മം ഫജ്ർ നമസ്ക്കാരമാക്കണേ…”
അദ്ദേഹം ഇന്നത്തെ ഫജ്ർ നമസ്ക്കാരം എന്ന് കൃത്യമായി എടുത്ത് പറഞ്ഞിരുന്നില്ല. അദ്ദേഹത്തിനു രാത്രി നമസ്ക്കാരത്തിന്റെ വേളയിൽ അല്ലാഹുവുമായിട്ട് പ്രത്യേകമായ അടുപ്പം തോന്നുന്നത് കൊണ്ട് രാത്രി നമസ്ക്കാരത്തിൽ തന്നെ അങ്ങനെ എടുത്ത് പ്രാർത്ഥിക്കുകയായിരുന്നു. രാത്രി നമസ്ക്കാരം പതിവാക്കിയവരെ സംബന്ധിച്ചിടത്തോളം അവരുടെ ദിവസം തുടങ്ങുന്നത് ഫജ്റിനും മുന്നേ രാത്രി നമസ്ക്കാരങ്ങൾ കൊണ്ടാണല്ലോ. അത്തരം ആളുകളുടെ രാത്രി നമസ്ക്കാരത്തിന്റെയും രാത്രിയുടെയും അവസാനം കൂടിയാണല്ലോ ഫജ്ർ. അങ്ങനെ അദ്ദേഹം ഫജ്ർ നമസ്ക്കാരത്തിന് വേണ്ടി പ്രത്യേകം വുദു ചെയ്യുകയും നമസ്ക്കരിക്കുകയും അവസാനത്തിൽ മരണമടയുകയും ചെയ്തു. സുബ്ഹാനല്ലാഹ്!!
വളരെ നാടകീയമായ ഒരു മരണമായിരുന്നില്ല അദ്ദേഹത്തിന്റേത്. പോർക്കളത്തിൽ വെച്ചോ കുത്തേറ്റോ അല്ലല്ലോ അദ്ദേഹം മരണമടയുന്നത്. ഉർവ (റ) അല്ലാഹുവിനോട് പ്രാർത്ഥിച്ചത് സുജൂദിലായിരിക്കെ മരണപ്പെടണേ എന്നാണ്. അല്ലാഹുവുവിനെ നേർക്ക് നേരെ അഭിമുഖീകരിച്ചു കൊണ്ടിരിക്കെ മരണപ്പെടുന്നത് എത്ര മഹത്തരമായ കാര്യമാണ്.
അല്ലാഹുവിന് ഏറ്റവും പ്രിയമുള്ള വേളയിൽ, അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കിയ വേളകളിൽ അല്ലാഹു നമ്മെ തിരിച്ചു വിളിക്കുമാറാകട്ടെ. ആമീൻ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1