അല്ലാഹുവിന്റെ അടുക്കലുള്ള രേഖ -28

اللَّهُمَّ إِنْ كُنْتَ كَتَبْتَنِي فِي أَهْلِ السَّعَادَةِ، فَأَثْبِتْنِي فِيهَا. وَإِنْ كُنْتَ كَتَبْتَ عَلَيَّ الذَّنْبَ وَالشِّقْوَةَ ، فَامْحُنِي وَأَثْبِتْنِي فِي أَهْلِ السَّعَادَةِ ، فَإِنَّكَ تَمْحُو مَا تَشَاءُ وَتُثْبِتُ ، وَعِنْدَكَ أُمُّ الْكِتَابِ
“അല്ലാഹുവേ, നീ എന്നെ അനുഗ്രഹീതരുടെ കൂട്ടത്തിലാണ് രേഖപ്പെടുത്തിയതെങ്കിൽ എന്നെ അതിൽ തന്നെ നിലനിർത്തേണമേ… എന്നെ പാപികളുടെയും ദൗർഭാഗ്യവാന്മാരുടെയും കൂട്ടത്തിലാണ് ഉൾപ്പെടുത്തിയതെങ്കിൽ അതിൽ നിന്നും എന്നെ നീ മാറ്റിതരികയും സൗഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്യേണമേ. തീർച്ചയായും നീ ഇച്ഛിക്കുന്നത് മായ്ച്ചു കളയുകയും നിലനിർത്തുകയും ചെയ്യുന്നു. നിന്റെ അടുക്കലാണ് ഉമ്മുൽ കിതാബ്.”
അബൂ ഉസ്മാൻ അൽ ഹിന്ദി (റ) റിപ്പോർട്ട് ചെയുന്ന ഒരു സംഭവം ഇങ്ങനെയാണ്. അദ്ദേഹം ഒരിക്കൽ ത്വവാഫ് ചെയ്തു കൊണ്ടിരിക്കെ ത്വവാഫ് ഏകദേശം പകുതിയായ വേളയിൽ ഉമർ (റ) പൊട്ടിക്കരയാൻ തുടങ്ങി. ഉമർ (റ) എന്തിനാണ് കരയുന്നത് എന്നറിയാൻ അടുത്ത് പോയി നോക്കിയപ്പോൾ അദ്ദേഹം ഒരു പ്രാർത്ഥന ചൊല്ലുകയായിരുന്നു. ആ പ്രാർത്ഥനയാണ് ഈ അധ്യായം.
സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഉമർ (റ) താൻ മുനാഫിഖാണോ എന്ന് സ്വയം സംശയിച്ചിരിന്നുവെന്നതിന് മറ്റൊരു ഉദാഹരണമാണ് ഈ പ്രാർത്ഥന. പ്രവാചകൻ (സ്വ) പഠിപ്പിക്കുന്നത് നമ്മൾ ഈ ഭൂമിയിലേക്ക് വരുന്നതിനും മുന്നേ, ഗർഭപാത്രത്തിൽ നാലു മാസം മാത്രം പ്രായമുള്ള സമയത്ത് തന്നെ മലക്കുകൾ നമ്മുടെ ആയുസ്സും, നമ്മുടെ ഉപജീവനവും മരണതീയതിയും തുടങ്ങി നമ്മുടെ അവസാന പരിണതി വരെ എഴുതിവെക്കും എന്നാണ്. അതിനർത്ഥം നമുക്ക് നമ്മുടെ ഭാഗധേയം ഒരിക്കലും തീരുമാനിക്കാൻ കഴിയില്ല എന്നൊന്നുമല്ല. നമ്മുടെ പരിണതിക്ക് നാമല്ല കുറ്റക്കാരൻ എന്ന അർത്ഥവും അതിനില്ല.
ഉമർ (റ) സംസാരിച്ചു കൊണ്ടിരുന്നത് അല്ലാഹുവിന്റെ അടുക്കലുള്ള രേഖകളെ പറ്റിയാണ്. അല്ലാഹുവുമായിട്ട് നമുക്കുള്ള ബന്ധം ഏറ്റവും കൃത്യമായി തീരുമാനിക്കുന്നത് ആ രേഖയാണ്. പരലോകത്ത് ആ രേഖ വലതു കയ്യിലാണോ ഇടത് കയ്യിലാണോ നമുക്ക് ലഭിക്കുന്നത് എന്നത് അനുസരിച്ചിരിക്കും നമ്മുടെ സ്വർഗ നരക പ്രവേശനം. വലതു കയ്യിൽ കർമ്മരേഖ ലഭിക്കുന്ന മഹാഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ.
അന്നേ ദിവസം ചിലയാളുകൾ ആഘോഷിക്കുകയായിരിക്കും. അവരുടെ കർമ്മരേഖ സന്തോഷത്തോടെ എല്ലാവർക്കും കാണിച്ചു കൊടുക്കും. ചില ആളുകൾ തങ്ങളുടെ രേഖകൾ മറച്ചു വെച്ചു കളയും. ശേഷം അവരുടെ കൈകൾ ചങ്ങലവെക്കപ്പെടും. ഈ കർമ്മരേഖ മുൻനിർത്തിയാണ് ഉമർ (റ) ഇങ്ങനെ പ്രാർത്ഥിക്കുന്നത്.
اللَّهُمَّ إِنْ كُنْتَ كَتَبْتَنِي فِي أَهْلِ السَّعَادَةِ، فَأَثْبِتْنِي فِيهَا. وَإِنْ كُنْتَ كَتَبْتَ عَلَيَّ الذَّنْبَ وَالشِّقْوَةَ ، فَامْحُنِي وَأَثْبِتْنِي فِي أَهْلِ السَّعَادَةِ ، فَإِنَّكَ تَمْحُو مَا تَشَاءُ وَتُثْبِتُ ، وَعِنْدَكَ أُمُّ الْكِتَابِ
“അല്ലാഹുവേ, നീ എന്നെ അനുഗ്രഹീതരുടെ കൂട്ടത്തിലാണ് രേഖപ്പെടുത്തിയതെങ്കിൽ എന്നെ അതിൽ തന്നെ നിലനിർത്തേണമേ. മറിച്ച് എന്നെ പാപികളുടെയും ദൗർഭാഗ്യവാന്മാരുടെയും കൂട്ടത്തിലാണ് ഉൾപ്പെടുത്തിയത് എങ്കിൽ അതിൽ നിന്നും എന്നെ നീ മാറ്റിതരികയും സൗഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്യേണമേ. തീർച്ചയായും നീ ഇച്ഛിക്കുന്നത് മായ്ച്ചുകളയുകയും നിലനിർത്തുകയും ചെയ്യുന്നു. നിന്റെ അടുക്കലാണ് ഉമ്മുൽ കിതാബ്.”
ഇപ്പോൾ, ഈ നിമിഷം അല്ലാഹു നമുക്ക് കർമ്മരേഖ നൽകുകയാണെങ്കിൽ അത് ഏത് കയ്യിലാണ് അവൻ വെച്ച് നൽകുക എന്ന ചോദ്യം നമ്മോട് സ്വയം ചോദിക്കാനും ഉമർ (റ) പ്രേരിപ്പിക്കുന്നു. അത് ഇടത് കയ്യിൽ നൽകപ്പെടുന്ന അവസ്ഥയിലാണ് നാം ഇപ്പോഴുള്ളതെങ്കിൽ നമ്മുടെ ഏതൊക്കെ മേഖലകളാണ് നാം ഇനിയും സംസ്കരിച്ചെടുക്കാനുള്ളത്?
അല്ലാഹു നമ്മെ വലതു കയ്യിൽ കർമ്മരേഖ ലഭിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ. അല്ലാഹു നമ്മെ നരകതീയിൽ നിന്ന് മോചിപ്പിക്കുകയും നമുക്കായി സ്വർഗത്തിൽ ഒരു ഭവനം ഒരുക്കിവെക്കുകയും ചെയ്യട്ടെ. ആമീൻ.
വിവ – ടി.എം ഇസാം
🪀 കൂടുതല് വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL