എന്നെ നീ മറ്റുള്ളവർക്ക് പാഠമാക്കരുതെ! – 12
اللهم لا تجعلني عبرة لغيري ولا تجعل أحدا أسعد بما علمتني مني
“അല്ലാഹുവെ, എന്നെ നീ മറ്റുള്ളവർക്ക് പാഠമാക്കരുതെ. നീ എനിക്ക് നൽകിയ അറിവ് കൊണ്ട് എന്നെക്കാൾ മറ്റൊരാളെയും നീ ഭാഗ്യവാനാക്കരുതെ.”
കഴിഞ്ഞ അധ്യായത്തിൽ നാം ഉദ്ധരിച്ച ഇബ്നുൽ ഖയ്യിം ജൗസി (റ) നടത്തിയ പ്രാർത്ഥനയിൽ ഒരു അധ്യാപകൻ എന്ന നിലയിൽ അദ്ദേഹത്തെ ആശങ്കപ്പെടുത്തിയ വിഷയങ്ങൾ പറഞ്ഞു വെച്ചിരുന്നല്ലോ. സമാനമായി മറ്റൊരു പണ്ഡിതൻ, മുത്വരിഫ് (റ) അദ്ദേഹത്തിൻ്റെ ന്യായമായ ചില ആശങ്കകൾ മുൻനിർത്തി നടത്തിയ പ്രാർത്ഥനയാണ് ഈ അധ്യായം. അദ്ദേഹം തെറ്റുകൾ വല്ലതും സംഭവിച്ചു പോയിട്ടുണ്ടോ എന്ന ആശങ്കയിൽ ഇങ്ങനെ പ്രാർത്ഥിച്ചു.
اللهم لا تجعلني عبرة لغيري ولا تجعل أحدا أسعد بما علمتني مني
“അല്ലാഹുവെ, എന്നെ നീ മറ്റുള്ളവർക്ക് പാഠമാക്കരുതെ. നീ എനിക്ക് നൽകിയ അറിവ് കൊണ്ട് എന്നെക്കാൾ മറ്റൊരാളെയും നീ ഭാഗ്യവാനാക്കരുതെ.”
തിന്മകളുടെ കാര്യത്തിൽ ഞാൻ മറ്റുള്ളവർക്ക് ഗുണപാഠം ആവാതിരക്കണമേ എന്നും താൻ മറ്റുള്ളവർക്ക് പകർന്നു നൽകിയതെല്ലാം മറ്റാരേക്കാളും തനിക്കായിരിക്കണം ഏറ്റവും അധികം ഉപകാരപ്പെടേണ്ടത് എന്നുമാണ് അദ്ദേഹത്തിൻ്റെ തേട്ടം.
ആളുകൾ നസീഹത്തിനെ സ്വീകരിക്കുന്ന രീതി മുൻനിർത്തി റസൂൽ പഠിപ്പിച്ചു തരുന്ന രണ്ട് മൂന്നു ഉദാഹരണങ്ങൾ നിങ്ങളുമായിട്ട് പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. റസൂൽ പറയുന്നത്, ചില ആളുകൾ മണ്ണ് വെള്ളം വലിച്ചെടുക്കുന്നതിന് സമാനമായി ഉപദേശങ്ങൾ സ്വന്തം ജീവിതത്തിൽ സ്വാംശീകരിക്കുന്നവരായിരിക്കും. എങ്ങനെയാണോ ഭൂമി അതിവേഗതയിൽ വെള്ളം വലിച്ചെടുത്തു ഭൂമിയിൽ ആവശ്യമുള്ളത് വിളയായി ഉൽപാദിപ്പിക്കുന്നത് അതുപോലെ അവർ ഉപദേശങ്ങൾ സ്വീകരിക്കുകയും ജനങ്ങൾക്ക് ഉപകാരമുള്ള കർമ്മങ്ങൾ ചെയ്യുകയും ചെയ്യും. ചില ഭൂമി വളരെ കാഠിന്യമുള്ളതായിരിക്കും. അവക്ക് അകത്തേക്ക് വെള്ളം കയറാത്തത് പോലെ ചില മനുഷ്യർ ഉപദേശങ്ങൾ സ്വീകരിക്കുകയോ അവ അവർക്ക് ഉപകാരപ്പെടുകയോ ചെയ്യുകയില്ല. ചിലയാളുകൾ കോപ്പയോ പിഞ്ഞാണമോ പോലെയാണ്. അതിലേക്ക് വെള്ളമൊഴിച്ചാൽ അതിലങ്ങനെ തങ്ങി കിടക്കും. ആ വെള്ളം കൊണ്ട് മറ്റുള്ളവർക്ക് യാതൊരുവിധ ഉപകാരവുമുണ്ടാവില്ല. ഇതിൽ നിന്നെല്ലാം വ്യത്യസ്ത്ഥമായി വളരെ വളക്കുറുള്ള മണ്ണിൻ്റെ സ്വഭാവക്കാരായി മാറാൻ നാം തയാറാവണം. ഉപദേശങ്ങൾ സ്വീകരിക്കുകയും നൽകുകയും അത് നമ്മുടെ ജീവിതത്തിൽ പകർത്താനും നാം ശ്രമിക്കണം. അങ്ങനെ ധാരാളം ഉപദേശങ്ങൾ നൽകുന്നയാൾ എന്ന നിലക്ക് കൂടിയാണ് മുത്വരിഫ് (റ) ഈ പ്രാർത്ഥന നടത്തുന്നത്.
ഏതെങ്കിലും നിലക്കുള്ള തിന്മയുടെയോ കാപട്യത്തിന്റെയോ ഉദാഹരണങ്ങളോ മാതൃകകളോ അവരിൽ ഉണ്ടാവരുതെന്ന് അവർക്ക് അത്രമാത്രം നിർബന്ധമുണ്ടായിരുന്നു. അതേസമയം, അവരുടെ അറിവ് കൊണ്ട് അവരെക്കാൾ കൂടുതൽ മെച്ചം ആർക്കും ഉണ്ടാവുന്നത് അവർ ഇഷ്ടപ്പെട്ടില്ല. ഞാൻ പകർന്നു നൽകുന്ന അറിവ് മറ്റാരേക്കാളും ഏറ്റവും മനോഹരമായി ജീവിതത്തിൽ പകർത്തുന്നത് ഞാൻ തന്നെയാവണം എന്ന നിർബന്ധബുദ്ധി കൂടി അവർക്ക് ഉണ്ടായിരുന്നു. പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കാത്തവരെ പറ്റി വിശുദ്ധ ഖുർആൻ പറയുന്നത് ഇങ്ങനെയാണ്: “വിശ്വസിച്ചവരേ, നിങ്ങള് ചെയ്യാത്തത് പറയുന്നതെന്തിനാണ്?, ചെയ്യാത്തത് പറഞ്ഞുകൊണ്ടിരിക്കുകയെന്നത് അല്ലാഹുവിന് ഏറെ വെറുപ്പുള്ള കാര്യമാണ്. (61:2,3)
നാം മറ്റുള്ളവർക്ക് ഉപദേശവും അറിവും പകർന്നു കൊടുക്കുമ്പോൾ അത് മറ്റാരെക്കാളും നന്നായി ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത് നമ്മൾ തന്നെയാവണം. ആളുകൾക്ക് ഉപകാരമുള്ള അറിവ് പകർന്നു നൽകാനും നാം സ്വയം തന്നെ വഴി തെറ്റി പോവാതിരിക്കാനും നാം നിരന്തം അല്ലാഹുവിനോട് പ്രാർത്ഥിക്കുക കൂടി ചെയ്യണം.
ആളുകൾക്ക് പകർന്നു നൽകുന്നതെല്ലാം ജീവിതത്തിൽ പകർത്താൻ നമുക്ക് സാധിക്കുമാറാകട്ടെ. കേവലം അറിവുള്ളവരായല്ല, അറിവ് ജീവിതത്തിൽ അതേ പടി പകർത്തിയവരായി അല്ലാഹു നമ്മെ സ്വർഗത്തിൽ പ്രവേശിപ്പിക്കുമാറാകട്ടെ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1