വൃക്ഷത്തിൻ്റെ ദുആ – 15
اللهم اكتب لي بها عِندَكَ أَجْراً، وَضَعُ عَلي بها وزراء وَاجْعَلْهَا لِي عِندَكَ ذُخْراً، وَتَقَبَلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ عَلَيْهِ الصَّلَاةُ وَالسَّلَامُ
അല്ലാഹുവേ, സുജൂദ് കാരണം നീ എനിക്ക് ഒരു പ്രതിഫലം രേഖപ്പെടുത്തുകയും, എന്നിൽ നിന്ന് ഒരു പാപഭാരം ഇറക്കി വെക്കുകയും ചെയ്യേണമേ. എനിക്കായ് നിന്റെയടുക്കൽ കാത്തുവെച്ച ഒരു നിധിശേഖരമായി അതിനെ നീ മാറ്റണേ. നിന്റെ അടിമയായ ദാവൂദിൽ (അ)ൽ നിന്നും നീ സ്വീകരിച്ചതു പോലെ എന്നിൽ നിന്നും സ്വീകരിക്കണേ.
സ്വഹാബാക്കൾ, താബിഈങ്ങൾ, പണ്ഡിത ശ്രേഷ്ഠർ തുടങ്ങി ആരോരുമറിയാത്ത സുകൃതവാൻമാർ നടത്തിയ പ്രാർത്ഥനകൾ വരെ നാം ഈ പരമ്പരയിൽ വിശദീകരിക്കുകയുണ്ടായി. എന്നാൽ ഈ അധ്യായം തീർത്തും വ്യത്യസ്ഥമാണ്. ഒരു മരം നടത്തിയ പ്രാർത്ഥനയെ കുറിച്ചാണ് ഈ അധ്യായം. തിർമിദി (റ) ഉദ്ധരിക്കുന്ന സ്വഹീഹായ റിപ്പോർട്ടിൽ ഒരു വ്യക്തി മരം പ്രാർത്ഥിക്കുന്നതായി സ്വപ്നം കാണുകയും അത് റസൂൽ (സ്വ) യുമായി പങ്കുവെക്കുന്നതുമായ ഒരു സംഭവം കാണാം.
പ്രസ്തുത ഹദീസ് ഇങ്ങനെയാണ്. പ്രവാചകൻ സ്വാഹാബാക്കളോടായി ചോദിച്ചു: “ഇന്നലെ രാത്രി ആരാണ് നമുക്ക് ഉപകാരപ്പെടുന്നൊരു സ്വപ്നം കണ്ടത്?” അപ്പോൾ ഒരു വ്യക്തി എഴുന്നേറ്റ് നിന്നു കൊണ്ട് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലെ, ഞാൻ ഇന്നലെ രാത്രി വളരെ അത്ഭുതകരമായ ഒരു സ്വപ്നം കാണുകയുണ്ടായി, ഞാൻ സ്വപ്നത്തിൽ നമസ്കരിക്കുകയായിരുന്നു. എന്റെ മുന്നിൽ ഒരു മരവുമുണ്ടായിരുന്നു. യഥാർത്ഥത്തിൽ ആ മരം എനിക്ക് ഇമാം നിൽക്കുന്നത് പോലെയായിരുന്നു. ഞാൻ സുജൂദ് ചെയതപ്പോൾ ആ മരവും സുജൂദ് ചെയ്തു. ശേഷം ആ മരം ഒരു പ്രാർത്ഥന നടത്തുന്നത് ഞാൻ കേട്ടു.
ഇവിടെ മരമാണ് പ്രാർത്ഥന നടത്തുന്നത്. ഇതൊരു സാധാരണ മരം അല്ല. ആ മരം പ്രസ്തുത സ്വഹാബിക്കൊരു പ്രാർത്ഥന പഠിപ്പിച്ചു കൊടുക്കുകയാണ്. മാത്രമല്ല മനുഷ്യേതര ജീവജാലങ്ങളും അല്ലാഹുവിന് മുന്നിൽ സുജൂദ് ചെയ്യുന്നു എന്ന കാര്യവും ആ സ്വഹാബി മനസ്സിലാക്കുന്നു. ഈ സ്വപ്നം റസൂൽ (സ്വ)ക്ക് ഏറെ ഇഷ്ടപ്പെട്ടു. ഈ പ്രാർത്ഥനയാവട്ടെ നമ്മെ നിരവധി സംഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്. അതിലൊന്ന് സുജൂദുമായി ബന്ധപ്പെട്ടതാണ്. സുജൂദിലേക്ക് പോവുമ്പോഴെല്ലാം നാം ഓർമിക്കേണ്ടുന്ന ഒരു കാര്യം, അല്ലാഹുവുമായിട്ട് നാം ഏറ്റവും അടുത്തു നിൽക്കുന്ന സന്ദർഭമാണ് സുജൂദ് എന്നതാണ്. സുഫിയാൻ ബിൻ ഉയാന (റ) സുജൂദിനെ മുൻനിർത്തി പറയുന്നത് സൃഷ്ടിജാലങ്ങളിൽ ഏറ്റവും സുന്ദരമായി സുജൂദ് ചെയ്യാൻ കഴിയുക മനുഷ്യനാണ് എന്നാണ്. കാരണം മനുഷ്യന്റെ ശരീര ഘടന തന്നെ സുജൂദ് ചെയ്യാൻ പാകത്തിലാണ് എന്നാണ്. നമ്മുടെ അവയവങ്ങളിലധികവും, നമ്മുടെ നെറ്റിതടവും കൈകാലുകളുമെല്ലാം വിനയപൂർവ്വം അല്ലാഹുവിന്റെ മുന്നിൽ കുനിച്ചു വെക്കൽ കൂടിയാണ് സുജൂദ്. അല്ലാഹുവിനാവട്ടെ അതിനേക്കാൾ പ്രിയങ്കരമായ മറ്റൊന്നുമില്ലതാനും. ഒരു മനുഷ്യൻ അല്ലാഹുവുമായിട്ട് ഏറ്റവും അടുത്ത് നിൽക്കുന്നത് സുജൂദിന്റെ സന്ദർഭത്തിലാണ് അത്കൊണ്ട് തന്നെ നിങ്ങൾ സുജൂദിൽ ആണെങ്കിൽ, അത് വളരെ പ്രത്യേകമായ പ്രാർത്ഥനകൾ നടത്തേണ്ട സന്ദർഭമാണ്. പ്രത്യേകിച്ചും സുന്നത്ത് നമസ്ക്കാരങ്ങളിലെ സുജൂദുകൾ.
അല്ലാഹു നമ്മുടെ പ്രാർത്ഥനകളും സുജൂദുകളും സ്വീകരിക്കുമാറാവട്ടെ. സുജൂദിന്റെ വേളയിൽ വിനയം മുറുകെപിടിക്കാനും ജീവിത സന്ദർഭങ്ങളിൽ അവന്റെ കൽപനകൾ മുറുകെപിടിക്കാനും അവൻ നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1