തീയണച്ച ദുആ – 16
بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم
“അല്ലാഹുവിന്റെ നാമത്തിൽ; അല്ലാഹുവിന്റെ നാമത്തോടൊപ്പം ആകാശ ഭൂമിയിലുള്ള ഒരു വസ്തുവിനും ഉപദ്രവമുണ്ടാക്കാൻ കഴിയുന്നതല്ല. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്.”
നമ്മൾ പ്രാർത്ഥിക്കുന്ന ദുആയുടെ ഫലപ്രാപ്തിയിൽ നമുക്കുള്ള വിശ്വാസം എത്രമാത്രമാണ് എന്ന് നമ്മെ സ്വയം ചോദിക്കാൻ പ്രേരിപ്പിക്കുന്ന ഒരു അധ്യായമാണിത്. ചില ആളുകൾ പ്രാർത്ഥന നടത്തുമ്പോൾ ഉത്തരം ലഭിക്കുമോ എന്ന് അവർക്ക് തന്നെയും യാതൊരു ഉറപ്പുമുണ്ടാവില്ല. അത്തരം ആളുകൾ പ്രാർത്ഥനയുടെ താല്പര്യത്തെ തന്നെ റദ്ദ് ചെയ്തു കളയുകയാണ്. പ്രാർത്ഥിക്കുന്ന കാര്യം എങ്ങനെയാണെങ്കിലും അല്ലാഹു നടത്തിയെടുക്കും എന്ന വിശ്വാസമുണ്ടെങ്കിൽ നമുക്ക് വേണ്ടി വലിയ പർവതങ്ങൾ വരെ അല്ലാഹു മാറ്റിവെക്കും എന്ന് ഇബ്നുൽ ഖയ്യിം (റ) പറയുന്നത് അതുകൊണ്ടാണ്.
അബൂ മൂസൽ അശ്അരി (റ) റിപ്പോർട്ട് ചെയുന്ന ഇറാഖിലെ ബസറയിൽ നടന്ന ഒരു സംഭവം ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ അയൽ വീടുകൾ മൊത്തമായി അഗ്നിക്കിരയാവുന്നത് അദ്ദേഹത്തിന് ഒരിക്കൽ കാണേണ്ടി വന്നു. അഗ്നിക്കിരയായത് കണ്ടപ്പോൾ തന്നെ ചില ആളുകൾ അങ്ങാടിയിലേക്ക് ഓടിപ്പോയി വിവരം അറിയിക്കുകയും തീയണക്കാൻ സഹായം ആരായുകയും ചെയ്തു. അങ്ങനെ ആളുകൾ തീ അണച്ചു കൊണ്ടൊരിക്കെ അബൂ മൂസൽ അശ്അരി (റ) ഒരു വ്യക്തിയെ കാണുകയുണ്ടായി. അദ്ദേഹത്തോട് വീട്ടിൽ നിന്നും ഇറങ്ങണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “എന്റെ വീട് കത്തിയമരുന്നതിൽ എനിക്ക് യാതൊരു വിധ പേടിയും ഇല്ല തന്നെ!!”. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ കൂടി കൂട്ടി ചേർത്തു: “ഞാൻ എന്റെ നാഥനെ മുൻനിർത്തി ഒരു പ്രതിജ്ഞ നടത്തിയിട്ടുണ്ട്. അതു കൊണ്ട് എൻ്റെ വീട് കത്തിയമരുകയില്ല!!” അദ്ദേഹം നാഥനുമായി നടത്തിയ പ്രാർത്ഥനയുടെ കാര്യത്തിൽ അത്രക്ക് ആത്മവിശ്വാസം കാത്തു സൂക്ഷിച്ചിരുന്നു. അവസാനം, എല്ലാ വീടുകളും കത്തിയമർന്നപ്പോഴും അദ്ദേഹത്തിൻ്റെ വീട് മാത്രം അഗ്നിബാധക്ക് ഇരയാവാതെ ബാക്കിയാവുകയായിരുന്നു.
അബൂ മൂസൽ അശ്അരി (റ) തുടർന്നു പറയുന്നത്, എന്റെ നാട്ടിൽ തലയിൽ കീരീടമില്ലാത്ത കീറി പറഞ്ഞ വസ്ത്രധാരികളായ ചില ആളുകളുണ്ടാവും എന്ന് റസൂൽ പറയുന്നതായി അദ്ദേഹം കേട്ടു എന്നാണ്. അവർക്ക് സമ്പത്തോ അധികാരമോ ഒന്നുമില്ലെങ്കിലും അല്ലാഹുവുമായിട്ടൊരു പ്രതിജ്ഞ നടത്തിയാൽ അല്ലാഹു അവർക്ക് വേണ്ടി അത് പൂർത്തികരിച്ചു കൊടുക്കും. സമാനമായ മറ്റൊരു ഹദീസിൽ റസൂൽ ഇങ്ങനെ കൂടി പറയുന്നുണ്ട്. ചിലർ ജനങ്ങളാൽ ആട്ടിയകറ്റപ്പെടുകയും ജനങ്ങളുടെ അവഗണനകൾക്ക് വിധേയമാകുകയും ചെയ്യുമെങ്കിലും അല്ലാഹുവുമായിട്ട് അവർ കരാർ നടത്തുമ്പോൾ അല്ലാഹു അവർക്ക് വേണ്ടി കരാർ പാലിക്കും.
സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള, ആരാലും പരിഗണിക്കപ്പെടാത്തതും സമൂഹത്തിൽ അവഗണിക്കപ്പെടുകയും ചെയുന്നവർക്ക് നേരെയാണ് അല്ലാഹുവിന്റെ പരിഗണന എന്ന് കൃത്യമായി മനസ്സിലാക്കി തരുന്ന ഉദാഹരണമാണ് മേലുദ്ധരിച്ചത്. ഇത്തരം വ്യക്തികൾക്ക് ഒരു പക്ഷെ സമൂഹത്തിൽ യാതൊരു വിധ അധികാരവുമുണ്ടാവില്ല. ആളുകളിൽ നിന്നുള്ള ബഹുമാനം പോലും അവർക്ക് നിഷേധിക്കപ്പെടും. എല്ലാവരാലും അടിച്ചമർത്തപ്പെടുമ്പോഴും ഏറ്റവും ശക്തനും (القادر) എല്ലാത്തിനും കഴിവുള്ളവനുമായ (المقتدر) അല്ലാഹുവുമായിട്ട് അവർക്ക് അടുത്ത ബന്ധമുണ്ടാകും. വളരെ വിശ്വാസത്തോടും ആത്മാർത്ഥതയോടും കൂടി അല്ലാഹുവിനെ വിളിക്കുമ്പോഴെല്ലാം അല്ലാഹു അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകി അവരെ ആദരിക്കും.
സ്വഹാബാക്കളുടെ കൂട്ടത്തിലെ ഉന്നത ശ്രേഷ്ഠനായ പണ്ഡിതനും മുഫ്തിയുമായ അബൂ ദർദാഅ് (റ) വുമായി ബന്ധപ്പെട്ട ഒരു സംഭവം കൂടി ഇവിടെ ഉദ്ധരിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ബസറയിലെ മനുഷ്യനെ പോലെ തന്നെ അബൂ ദർദാഅ് (റ) വിൻ്റെ അയൽവാസിയുടെ വീട് കത്തിയമരുകയുണ്ടായി. ആ വ്യക്തിക്ക് അഭയം നൽകാനുള്ള കാരണമായി അബൂ ദർദാഅ് (റ) പറഞ്ഞത്, അദ്ദേഹം പ്രവാചകൻ (സ്വ) പഠിപ്പിച്ച ഒരു പ്രാർത്ഥന എന്നും പ്രാർത്ഥിച്ചിരുന്നു എന്നതാണ്. വീട് കത്തിയമർന്ന വ്യക്തി പറയുന്നത് ഇങ്ങനെയാണ്:
بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم
“അല്ലാഹുവിന്റെ നാമത്തിൽ; അല്ലാഹുവിന്റെ നാമത്തോടൊപ്പം ആകാശ ഭൂമിയിലുള്ള ഒരു വസ്തുവിനും ഉപദ്രവമുണ്ടാക്കാൻ കഴിയുന്നതല്ല. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്.”
എന്ന് രാവിലെയും വൈകുന്നേരവും മൂന്നു തവണ ചൊല്ലാൻ പഠിപ്പിച്ചിട്ടുണ്ട് എന്നാണ്”
നമ്മുടെ പ്രാർത്ഥനകളിൽ വിശ്വാസം കാത്തു സൂക്ഷിക്കാൻ നമുക്ക് സാധിക്കുമാറാകട്ടെ. അല്ലാഹുവിൽ തവക്കുൽ ചെയ്യാനുള്ള ശക്തിയും അവൻ നമുക്ക് നൽകുമാറാകട്ടെ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1