ഇബ്രാഹിം (അ)യുടെ ഗുരു നാഥാ- 25
يا معلم إبراهبم علمني
“ഇബ്രാഹീം (അ) ന് അറിവ് നൽകിയവനേ, എനിക്ക് നീ അറിവ് നൽകിയാലും”
ഗുരുനാഥൻമാരിൽ നിന്നും അവരുടെ ശിഷ്യന്മാർ ഉദ്ധരിക്കുന്ന പ്രാർത്ഥനകളിൽ ധാരാളം പ്രാർത്ഥനകൾ വളരെ മനോഹരവും ഹൃദയസ്പർശി ആയതുമാണ്. നിങ്ങൾ എപ്പോഴെങ്കിലും വായനയുടേയോ പഠനത്തിന്റെയോ വേളയിൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ അത്തരം സംഗതികളിൽ അധികം ശ്രദ്ധ ലഭിക്കുന്നില്ലെങ്കിൽ തീർച്ചയായും ഈ അദ്ധ്യായത്തിൽ വിശദീകരിക്കുന്ന ദുആ നിങ്ങളൊന്ന് ശ്രദ്ധിക്കണം. ഇബ്നുൽ ഖയ്യിം (റ) അദേഹത്തിന്റെ ഉസ്താദ് ഇബ്നു തൈമിയ്യ (റ)യിൽ നിന്നും ഉദ്ധരിക്കുന്നു: “അദ്ദേഹത്തിന്റെ പഠന വേളയിൽ എവിടെയെങ്കിലും കുരുങ്ങി പോവുകയാണെങ്കിൽ അദ്ദേഹം ഇങ്ങനെ പ്രാർത്ഥിക്കുമായിരുന്നു.”
يا معلم إبراهبم علمني
“ഇബ്രാഹീമിന്റെ ഗുരുനാഥാ… എന്നെ പഠിപ്പിച്ചാലും”
ഇങ്ങനെ ഇബ്നു തൈമിയ (റ) പ്രാർത്ഥിക്കാറുണ്ടായിരുന്നു എന്ന് ഇബ്നുൽ ഖയ്യിം (റ) പറയുന്നു. ഈ ദുആ നമ്മെ ബോധ്യപ്പെടുത്തുന്ന കാര്യം, നമുക്ക് അറിവ് പകർന്നു തരുന്നതും കാര്യങ്ങൾ മനസ്സിലാക്കി തരുന്നതും യുക്തിയും ബുദ്ധിയും പ്രദാനം ചെയ്യുന്നതും അല്ലാഹുവാണ് എന്ന ബോധമാണ്.
മാത്രമല്ല അല്ലാഹുവിനെ ഈ രൂപത്തിൽ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ നാം നമ്മെ പ്രവാചകൻമാരോടൊപ്പം ചേർത്തു കേട്ടുകയാണ്. അവർ വിളിച്ചു പ്രാർത്ഥിച്ച അതേ അല്ലാഹുവിനെയാണ് നാം വിളിക്കുന്നത് എന്ന ബോധ്യം നമ്മിൽ ഉണ്ടാവുന്നു. ഇബ്രാഹിം (അ), സക്കരിയ്യ (അ), ഈസ (അ), മർയം ബീവി, മുഹമ്മദ് നബി (സ) യെല്ലാം വിളിച്ച അതേ പടച്ചവനെയാണ് ഞാനും വിളിക്കുന്നത് എന്ന ബോധം നമ്മിൽ ഉണ്ടാവുന്നു. മാത്രമല്ല ഇവരുടെയൊക്കെയും ജീവിതത്തിൽ അല്ലാഹു കാണിച്ച അമാനുഷികതകൾ നമ്മുടെ ജീവിതത്തിലും കാണിക്കാൻ അല്ലാഹുവിന് സാധിക്കും എന്ന് കൂടി നാം മനസ്സിലാക്കുന്നു. ജീവിതത്തിൽ എത്ര വലിയ ദുരിതപൂർണ്ണമായ അനുഭവങ്ങൾ ഉണ്ടാവുമ്പോഴും എല്ലാ കഷ്ട്ടപാടുകളിൽ നിന്നും ഇവരെയൊക്കെ കരകയറ്റിയ നാഥൻ നമ്മോടൊപ്പമുണ്ട് എന്ന ബോധം നമ്മുടെ ഉള്ളിൽ പ്രവർത്തിച്ചു തുടങ്ങും.
അല്ലാഹു നമുക്ക് വിജ്ഞാനം നൽകുകയും പ്രവാചകന്മാരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചുകൂട്ടുകയും ചെയ്യുമാറാകട്ടെ. ആമീൻ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1