കച്ചവടത്തിലെ ഉദാരത അല്ലാഹു ഇഷ്ട്ടപ്പെടുന്നു

ഈ അധ്യായത്തിൽ നാം കച്ചവടത്തിൽ ഏർപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട പൊതുവായ ഒരു സംഗതിയെ പറ്റിയാണ് സൂചിപ്പിക്കുന്നത്.
ഹജ്ജിനും ഉംറക്കുമായി വിവിധ നാടുകളിൽ നിന്ന് മക്കയിൽ എത്തുന്നവർക്ക് മക്കയിലെ കച്ചവട രീതി കാണാൻ പറ്റും. അവിടെ ഒന്നിനും കൃത്യമായ നിശ്ചിത തുകയുണ്ടാവുകയില്ല. എല്ലാം വിലപേശി വാങ്ങുന്ന സമ്പ്രദായമാണ്. ഒരു രൂപ അധികം എന്നത് ചില ആളുകളെ ബാധിക്കുന്ന വിഷയമേ ആയിരിക്കുകയില്ല. എന്നാൽ ചിലർക്ക് അത് തങ്ങൾ ആഗ്രഹിക്കുന്ന സാധനം വാങ്ങാതിരിക്കാനുള്ള കാരണമായേക്കാം.
റസൂൽ പറയുന്നു: “വിൽക്കുമ്പോഴും വാങ്ങുമ്പോഴും വിധിക്കുമ്പോഴുമെല്ലാം ദയാർദ്രമായി പെരുമാറുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.”
പ്രത്യേകിച്ചും കടമിടപാട് നടത്തുമ്പോൾ വളരെ സുതാര്യമായി തന്നെ ഇടപാട് അവസാനിപ്പിക്കാനും ഒരു നിലക്കുള്ള പലിശയും കടം തിരിച്ചു വാങ്ങുമ്പോൾ ഉൾപ്പെടാതിരിക്കാനും നാം പ്രത്യേകം ശ്രദ്ധിക്കണം.
വിശുദ്ധ ഖുർആനിൽ അല്ലാഹു പ്രത്യേകമായി താക്കീത് ചെയ്ത ഒരു കൂട്ടർ കച്ചവടത്തിൽ കൃത്രിമം കാണിച്ചവരാണ്.
{وَيْلٌ لِّلْمُطَفِّفِينَ} “അളവിൽ കൃത്രിമം കാണിച്ചവർക്ക് മഹാനാശം.”
അല്ലാഹുവിന്റെ കാര്യത്തിൽ ഒരു വിശ്വാസി ഏറ്റവും ഭയപ്പെടേണ്ടത് താൻ കച്ചവടത്തിൽ അപരനോട് ശരിയല്ലാത്ത എന്തെങ്കിലും കാര്യം ചെയ്തത് അല്ലാഹു ചോദ്യം ചെയ്യുമല്ലോ എന്ന കാര്യത്തിലാണ്. സത്യസന്ധരായ വ്യാപാരിയുടെ കാര്യത്തിൽ അല്ലാഹു സന്തുഷ്ടനാണ് എന്ന് റസൂൽ(സ) ഓർമിപ്പിക്കുന്നു. അവർ ആളുകളെ വഞ്ചിക്കുകയോ അളവിലും തൂക്കത്തിലും കൃത്യമം കാണിക്കുകയോ ചെയ്യുകയില്ല എന്ന് കൂടി റസൂൽ കൂട്ടി ചേർക്കുന്നു. അവർ ജനങ്ങൾക്ക് ഒട്ടും കുറക്കാതെ വിതരണം ചെയ്യുകയും അല്ലാഹുവിൽ നിന്ന് അധികമായി ആഗ്രഹിക്കുകയും ചെയ്യുന്നു.
നമ്മൾ മറ്റൊരാളോട് ഇടപാട് നടത്തുമ്പോൾ പാലിക്കേണ്ട മര്യാദകളെ പറ്റി ധാരാളം അധ്യാപനങ്ങൾ കാണാം.
വിൽക്കൽ വാങ്ങൽ പ്രക്രിയകളിൽ നമ്മൾ ആവശ്യക്കാരന് മുന്നിൽ അവർ പറയുന്നതിനനുസരിച്ച് വിഢികളാവണം എന്നോ വിലപേശുന്നവരുടെ മുന്നിൽ അടിയറവ് എന്നല്ല ഇതിനർത്ഥം. മറിച്ച് ഒന്ന് രണ്ട് ദിർഹം അധികം കിട്ടുന്നതിനായി കച്ചവടത്തിലെ ഇസ്ലാമികമായ അധ്യാപനങ്ങളിലും പരിധികളിലും രാജിയാവരുത് എന്നാണ്. പണമുണ്ടാക്കുക എന്നത് വളരെ നല്ല കാര്യമാണ് എന്നതിനോടൊപ്പം തന്നെ കച്ചവടത്തിൽ വിട്ടുവീഴ്ച ചെയ്യാനും നാം തയാറാവണം. സാധനം വാങ്ങുമ്പോൾ ധാരാളമായി വിലപേശാതിരിക്കാനും വിൽക്കുമ്പോൾ വിട്ടുവീഴ്ച ചെയ്യാനും നാം പഠിക്കണം. ആ പൈസ അദ്ദേഹം എടുത്തു കൊള്ളട്ടെ, അദ്ദേഹം അതിനുള്ള ആവശ്യത്തിലാവാം എന്ന് കരുതി കച്ചവടത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് ഇഹ്സാൻ്റെ വലിയ തലമാണ്. അതോടൊപ്പം തന്നെ സത്യസന്ധമായി ജീവിക്കാൻ ശ്രമിക്കുന്നവരോട് സാമ്പത്തികമായി നമ്മൾ കാണിക്കുന്ന മഹാമനസ്കതയാണത്.
ചില രാജ്യങ്ങളിൽ വളരെ ചെറിയ സാധന സാമഗ്രികൾ വിൽപന നടത്തുന്നവരെ കാണാൻ സാധിക്കും. അവരിൽ നിന്ന് അത് വാങ്ങാൻ നാം ശ്രമിക്കണം. അത് സത്യസന്ധമായി ജീവിക്കാൻ ശ്രമിക്കുന്ന കച്ചവടക്കാരെ ആദരിക്കലാണ്. അല്ലാഹു എപ്പോഴും വിൽക്കുകയും വാങ്ങുകയുമൊക്കെ ചെയ്യുന്നത് ഇഷ്ടപ്പെടുന്നു. അല്ലാഹു അത്തരക്കാരിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം