അല്ലാഹു സൗന്ദര്യം ഇഷ്ട്ടപ്പെടുന്നു
അല്ലാഹു സൗന്ദര്യം ഇഷ്ടപ്പെടുന്നു. റസൂൽ പറയുന്നു: “അല്ലാഹു സൗന്ദര്യമുള്ളവനാണ്. അവൻ സൗന്ദര്യം ഇഷ്ടപ്പെടുകയും ചെയ്യുന്നു.” പ്രത്യേകിച്ചും പെരുന്നാൾ ദിവസമൊക്കെ നമുക്ക് ഉണ്ടാവേണ്ട മര്യാദയെ കുറിച്ചു കൂടിയാണ് ഈ ഹദീസ് ഓർമപ്പെടുത്തുന്നത്. പ്രവാചകൻ ഒരിക്കൽ “അണു മണിതൂക്കം അഹങ്കാരം മനസ്സിലുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല” എന്ന് പറയുകയുണ്ടായി. അപ്പോൾ അനുചരന്മാർ ചോദിച്ചു: ”ഒരാൾ നല്ല രീതിയിൽ വസ്ത്രം ധരിക്കുന്നത് അഹങ്കാരമാണോ പ്രവാചകരേ?” അവിടന്ന് പറഞ്ഞു: “അല്ലാഹു സുന്ദരനാണ്, അവൻ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു.”
പ്രവാചകൻ(സ) പറഞ്ഞു: “അല്ലാഹു തന്റെ അടിമയിൽ അവന്റെ അനുഗ്രഹത്തിന്റെ അടയാളങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നു” അതു കൊണ്ട് തന്നെ നല്ല വസ്ത്രം ധരിക്കുന്നതും ഏറ്റവും നല്ലത് തന്നെ തിരഞ്ഞെടുക്കുന്നതും അഹങ്കാരം നടിക്കാനല്ല, മറിച്ച് അവനോടുള്ള നന്ദി പ്രകടിപ്പിക്കാൻ വേണ്ടിയാകണം. അല്ലാഹു പറയുന്നു: ”എല്ലാ ആരാധനാലയങ്ങളിലും നിങ്ങൾക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങൾ ധരിച്ചുകൊള്ളുക”
പെരുന്നാൾ ദിവസമാണ് ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിച്ച് പള്ളിയിൽ എത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ദിവസം. ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിക്കാനും അലങ്കാരങ്ങളെ അവലംബിക്കാനും അതിനേക്കാൾ മികച്ച മറ്റൊരു ദിവസവുമില്ല.
റമദാനിലെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്രതാനുഷ്ഠാനത്തിന് ശേഷം ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് നാം പെരുന്നാൾ ആഘോഷിക്കുകയാണ്. അനുവദനീയമായ പരിധിക്ക് അകത്തുനിന്ന് കൊണ്ട് അല്ലാഹുവിൻ്റെ പ്രീതിക്ക് വേണ്ടി സൗന്ദര്യ പ്രകടനം നടത്തുമ്പോഴാണ് നാം ഏറ്റവും സുന്ദരൻമാരാവുന്നത്. അല്ലാഹു നമുക്ക് അനുഗ്രഹം നൽകിയിട്ടും നമ്മൾ വളരെ ദരിദ്രരെ പോലെ ജീവിക്കുന്നത് കാണാൻ അവൻ ആഗ്രഹിക്കുന്നില്ല. ഇമാം ഗസ്സാലി(റ) പറയുന്നത് കഴിവ് ഉണ്ടായിട്ടും ദരിദ്രരെ പോലെ കീറി പറഞ്ഞ വസ്ത്രം ധരിക്കുമ്പോൾ അത് അല്ലാഹുവിനോട് സ്നേഹം പ്രകടിപ്പിക്കുകയാണ് താൻ എന്നാണ് കരുതുന്നത്. പക്ഷെ അല്ലാഹു നമുക്ക് അനുഗ്രഹങ്ങൾ നൽകാൻ ഇഷ്ടപ്പെടുന്നു എന്ന് മാത്രമല്ല അനുഗ്രഹങ്ങളുടെ അടയാളങ്ങൾ നമ്മിൽ കാണാനും അവൻ ആഗ്രഹിക്കുന്നു. അവൻ്റെ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കൂടിയുള്ളതാണ് എന്നും ഇമാം ഗസ്സാലി കൂട്ടി ചേർക്കുന്നു.
ഉമർ ബ്നു അബ്ദുൽ അസീസ്(റ) നമുക്ക് നൽകിയ ഉപദേശം ഇങ്ങനെയാണ്: “നിങ്ങൾ പൊങ്ങച്ചത്തോട് കൂടിയല്ലാതെ അനുഗ്രഹങ്ങളെ പറ്റി സംസാരിക്കുക. സ്വയം പെരുമ ഒഴിവാക്കാനും മറ്റുള്ളവരുടെ അസൂയ പിടിച്ചുപറ്റാതിരിക്കാനും നിങ്ങൾ സൂക്ഷിക്കണം” യഥാർതത്തിൽ മറ്റുള്ളവരുടെ അനുഗ്രഹങ്ങളിൽ ഏറ്റവും അസൂയാലുക്കളായ ആളുകളാണ് കൂടുതൽ സ്വയം പെരുമ നടിക്കുന്നതും വലിയ ആഡംബരങ്ങളിൽ മുങ്ങി കുളിക്കുന്നതും. അതിനു പകരം വളരെ മിതമായ രീതിയിൽ കാര്യങ്ങൾ ചെയ്യാനും, ചെയ്യുന്ന കാര്യങ്ങളിൽ നാഥൻ തന്ന അനുഗ്രഹങ്ങളുടെ അടയാളങ്ങൾ പ്രകാശിപ്പിക്കാനും സ്ഥിരമായി നാഥനെ സ്തുതിക്കാനും നമുക്ക് സാധിക്കണം.
അല്ലാഹു എല്ലാ കാലത്തും നമ്മെ അവൻ്റെ സ്നേഹം കൊണ്ട് പൊതിയുമാറാകട്ടെ. ആമീൻ.
( അവസാനിച്ചു )
വിവർത്തനം – ടി.എം ഇസാം