അല്ലാഹു ഉപകാരിയായ മനുഷ്യരെ ഇഷ്ട്ടപ്പെടുന്നു

”അല്ലാഹുവിന് ഏറ്റവും സ്നേഹമുള്ള കൂട്ടർ, ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവരാണ്” നമ്മൾ സാധാരണ ഫണ്ട് റെയിസിങ്ങിനും ആളുകളെ ദാനധർമ്മങ്ങളെ പറ്റി ബോധവാൻമാരാക്കാനും സേവന പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കാനും അതിൻ്റെ പ്രാധാന്യം ഊന്നി പറയാനും മാത്രം അവലംബിക്കുന്ന ഒരു ഹദീസാണിത്. എന്തുകൊണ്ടാണ് അവർ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവരായത് എന്ന ആലോചന ഇവിടെ പ്രസക്തമാണ്. അല്ലാഹുവിൽ വിശ്വസിച്ചത് കാരണം അവരിലുണ്ടായ ഗുണങ്ങൾ ജനങ്ങളുമായുള്ള പെരുമാറ്റത്തിൽ അവർ പ്രതിഫലിപ്പിക്കുന്നു. ജനങ്ങളെ പരിഗണിച്ചും സേവിച്ചും അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും അതുമുഖേന അവർ അല്ലാഹുവിൻ്റെ സ്നേഹം കരസ്ഥമാക്കുകയും ചെയ്യുന്നു.
നാം നേരത്തെ ഇഹ്സാനെ കുറിച്ചും അല്ലാഹു ഇഹ്സാനുള്ളവരെ എങ്ങനെയാണ് സ്നേഹിക്കുന്നതും പരിഗണിക്കുന്നതും എന്നതിനെ കുറിച്ചും സൂചിപ്പിച്ചിരുന്നു. നാം അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നു എന്ന ബോധത്തിനാണ് ഇഹ്സാൻ എന്ന് പറയുന്നത്. അല്ലാഹുവുമായിട്ടുള്ള ബന്ധത്തിൽ ഇഹ്സാൻ ഉണ്ടാവുന്നതോട് കൂടി സ്വാഭാവികമായി ജനങ്ങളുമായുള്ള നമ്മുടെ പെരുമാറ്റം മികച്ചതാകുന്നു. ഈ സംഗതിയുടെ വെളിച്ചത്തിലാണ് മേൽ സൂചിപ്പിച്ച ഹദീസ് നാം മനസ്സിലാക്കേണ്ടത്.
ഹദീസിന്റെ തുടർച്ചയായി അല്ലാഹുവിന്റെ റസൂൽ(സ) പഠിപ്പിക്കുന്നു: “അല്ലാഹുവിങ്കൽ ഏറ്റവും ശ്രേഷ്ഠതയുള്ള കർമം, നിൻ്റെ സഹോദരൻ്റെ ഹൃദയത്തിൽ സന്തോഷമുണ്ടാക്കലാണ്.” അവർ മനുഷ്യ ഹൃദയങ്ങൾക്ക് സമാധാനം സമ്മാനിക്കുകയും ആളുകളുടെ പ്രതിസന്ധികളിൽ അവരോടൊപ്പം നിൽക്കുകയും ചെയ്യുന്നു. ആരും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാത്തവരെ അവർ പരിഗണിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങൾ വിഷമ ഘട്ടങ്ങളും സങ്കടങ്ങളും താണ്ടുമ്പോൾ അവർ കൂടെ നിൽക്കുന്നതിനോടൊപ്പം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുക കൂടി ചെയ്യുന്നു. അവർ ജനങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നു. അവർ വെറുതെ ചിരിക്കുക മാത്രമല്ല, മറ്റുള്ളവർക്ക് ചിരിക്കാനുള്ള കാരണങ്ങൾ നൽകി അവരെ ചിരിപ്പിക്കുക കൂടി ചെയ്യുന്നു. ജനങ്ങളുടെ എല്ലാ വൈകാരികതകളും അവർ മനസ്സിലാക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്നു.
അല്ലാഹു നമ്മുടെ ബുദ്ധിമുട്ടുകൾ നീക്കം ചെയ്ത് തരണം എന്ന് നാം ആഗ്രഹിക്കുന്നു. ഒരുപക്ഷെ അല്ലാഹുവുമായിട്ടുള്ള നമ്മുടെ ബന്ധം കൂടുതൽ ഊഷ്മളമാവുന്നത് പോലും പ്രതിസന്ധി ഘട്ടങ്ങളിലാണ്. എന്നാൽ നാം മുഖേന അല്ലാഹു മറ്റൊരാളുടെ പ്രയാസം നീക്കി കൊടുത്താൽ എങ്ങനെയുണ്ടാവും? അല്ലെങ്കിൽ റസൂൽ(സ) പറയുന്നത് പോലെ “അവർ മറ്റൊരാളുടെ കടം വിട്ടുകൊടുക്കുന്നു.” അല്ലെങ്കിൽ “അവർ മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നു”.
ഒന്നുകിൽ നിങ്ങൾ അവരെ സാമ്പത്തിക ബാധ്യതയിൽ നിന്ന് മോചിപ്പിക്കുന്നു അല്ലെങ്കിൽ, സാമ്പത്തികമായി എന്തെങ്കിലും നൽകുന്നു.
വളരെ പ്രധാനപ്പെട്ട മറ്റൊരു സംഗതി കൂടി ഇവിടെ പ്രസ്താവ്യമാണ്. റസൂൽ(സ) ചെറിയ ചെറിയ കർമങ്ങൾ ചെയ്ത് സ്വർഗപ്രവേശനം കരസ്ഥമാക്കിയവരെ പറ്റി ഓർമിപ്പിക്കുന്നുണ്ട്. അവരിൽ പലരും ജനങ്ങൾക്ക് വേണ്ടി സേവന പ്രവർത്തനം ചെയ്തത് കാരണം സ്വർഗപ്രവേശനം സാധ്യമാക്കിയവരാണ്. ഉദാഹരണത്തിന് ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം നൽകിയ സ്ത്രീ, വഴിയിൽ നിന്നും ഏറെ അപകടകരമായ സാധനം മാറ്റിയ വ്യക്തി, തുടങ്ങിയവരുടെ കഥകൾ റസൂൽ(സ) ഓർമിപ്പിക്കുന്നുണ്ട്.
കാരുണ്യത്തിൻ്റെ പുറത്ത് ജനങ്ങൾക്ക് വേണ്ടിയുള്ള ഇത്തരം ചെറിയ സേവനങ്ങൾക്ക് പോലും അല്ലാഹു വലിയ പ്രതിഫലമാണ് ഒരുക്കി വെച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് അല്ലാഹു അത്ര വലിയ പ്രതിഫലം നൽകുന്നത്. വിശ്വാസം മുഖേന നമ്മിൽ ഉണ്ടായ അല്ലാഹുവിൻ്റെ ഗുണങ്ങൾ ജനങ്ങളിലേക്ക് പ്രതിഫലിച്ചതാണ് അതിൻ്റെ കാരണം. ജനങ്ങളോട് നാം സ്നേഹം പ്രകടിപ്പിക്കുമ്പോൾ അല്ലാഹു അതിന്റെ ഇരട്ടി നമ്മെ സ്നേഹിക്കുന്നു. ജനങ്ങളോട് നാം കരുണ കാണിക്കുമ്പോൾ അല്ലാഹു നമ്മുടെ മേലിൽ അതിനേക്കാളേറേ സ്നേഹം ചൊരിയുന്നു.
പ്രവാചകൻ(സ) അരുളി: “ജനങ്ങളോട് കരുണ കാണിക്കാത്തവരുടെ മേൽ അല്ലാഹു കരുണ കാണിക്കുകയില്ല.” അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവർ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്പെട്ടവരാണ്. കാരണം ജനങ്ങളെ കഷ്ടപാടുകളിൽ നിന്ന് മോചിപ്പിക്കാൻ അവരെയാണ് അല്ലാഹു ഏൽപ്പിച്ചത്.
അല്ലാഹു അവൻ്റെ ഏറ്റവും പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ. ജനങ്ങളെ സഹായിക്കുക വഴി അല്ലാഹുവിൻ്റെ സഹായം ലഭിക്കാനുള്ള ഭാഗ്യം അവൻ നമുക്ക് നൽകുമാറാകട്ടെ. ആമീൻ. (തുടരും)
വിവർത്തനം – ടി.എം ഇസാം