അല്ലാഹു മുഹ്സിനീങ്ങളെ ഇഷ്ട്ടപ്പെടുന്നു
അല്ലാഹുവിന്റെ ദൃഷ്ടിയിൽ ഏറ്റവും സ്തുത്യർഹമായ സ്ഥാനവും റസൂൽ(സ) യിൽ പ്രകടമായ ഏറ്റവും ഉന്നതമായ ഗുണവുമാണ് ഇഹ്സാൻ. തഖ്വയും അല്ലാഹുവിനെക്കുറിച്ചുള്ള നിരന്തരമുള്ള ബോധവുമാണ് ഇഹ്സാനിലേക്കുള്ള ചവിട്ടുപടികൾ. ആദ്യത്തെ അദ്ധ്യായത്തിൽ ഉദ്ധരിച്ച ഉമറുബ്നു അബ്ദുൽ അസീസ്(റ) വിന്റെ തഖ്വയുമായി ബന്ധപ്പെട്ട ഉദ്ധരണി ഓർമയിൽ ഉണ്ടാവുമല്ലോ. അദ്ദേഹം പറയുന്നു: “തിന്മകളിൽ നിന്ന് വിട്ടു നിന്ന ശേഷം നമ്മൾ ചെയ്യുന്ന കർമങ്ങൾ, പകൽ മുഴുവൻ നോമ്പ് നോൽക്കുന്നതും രാത്രി നിന്ന് നമസ്കരിക്കുന്നതും എല്ലാം ഏറ്റവും മികച്ച ഇബാദത്തുകൾ ആണ്, അഥവാ ഇഹ്സാനാണ്. തഖ്വയും ഇഹ്സാനും തമ്മിലുള്ള ബന്ധം നാം മനസ്സിലാക്കിയിട്ടുണ്ടോ..? അല്ലാഹു എല്ലാം കാണുന്നുണ്ട് എന്ന ബോധത്തിൽ അല്ലാഹുവിന്റെ സ്നേഹത്തെ നമ്മിൽ നിന്ന് തട്ടി അകറ്റുന്ന മുഴുവൻ സംഗതികളിൽ നിന്നും പിന്തിരിയൽ ആണ് തഖ്വ. എന്നാൽ ഇഹ്സാൻ എന്നുപറഞ്ഞാൽ അല്ലാഹു നമ്മെ കാണുന്നുണ്ട് എന്ന ബോധത്തിൽ അവന്റെ നോട്ടത്തെ ബഹുമാനിച്ചു കൊണ്ടും അതൊരു പ്രോത്സാഹനമായി മനസ്സിലാക്കിയും അല്ലാഹുവിന്റെ അധിക സ്നേഹം നേടിയെടുക്കാനുള്ള ശ്രമങ്ങളാണ്. അത് നമ്മുടെ കർമങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കുകയും കേവലമായ നിർബന്ധ കർമങ്ങൾ മാത്രം നിർവഹിച്ചു അല്ലാഹുവിന്റെ സ്നേഹം നേടിയെടുക്കുന്നതിന് പകരം ഐച്ഛികമായ ധാരാളം കർമങ്ങൾ ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഫലത്തിൽ, നമ്മൾ സ്വയം തന്നെ അല്ലാഹുവിന്റെ മറ്റ് അടിമകളിൽ നിന്നും നമ്മെ വിശിഷ്ടരാക്കുകയാണ് ചെയ്യുക. കാരണം ഈമാനിന്റെ കാര്യത്തിൽ വളരെ സാധാരണക്കാരനായ ഒരാളാവാനോ അല്ലാഹുവിനെ കേവലമായി സ്നേഹിക്കാനോ നാം ആഗ്രഹിക്കുന്നില്ല. അല്ലാഹു നമ്മളെ സ്നേഹിക്കുന്നത് പോലെ നമ്മൾ അല്ലാഹുവിനെ സ്നേഹിക്കുന്ന പരസ്പരമുള്ള പ്രണയമാണ് നാം ആഗ്രഹിക്കുന്നത്. അത് കേവലം നിർബന്ധ കർമങ്ങളിലൂടെ നേടിയെടുക്കാനല്ല നാം ശ്രമിക്കേണ്ടത്. അല്ലാഹുവിന് പ്രത്യേകമായി ഇഷ്ടമുള്ള ആൾക്കാരിൽ ഉൾപ്പെടാൻ മാത്രം ധാരാളം കർമങ്ങളിൽ നാം വ്യാപൃതരാവണം.
വിശുദ്ധ ഖുർആനിൽ മുത്തഖീങ്ങളോട് സനേഹം പ്രകടിപ്പിച്ച അതേ അളവിൽ അല്ലാഹു ഇഹ്സാനുള്ളവരേയും പരിഗണിക്കുന്നതായി കാണാം. {إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ} (തീർച്ചയായും ഇഹ്സാൻ ഉള്ളവരെ അല്ലാഹു ഇഷ്ടപ്പെടുന്നു) തുടങ്ങിയ പരാമർശങ്ങൾ വിശുദ്ധ ഖുർആനിൽ ഉടനീളം കാണാം. വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും ഇഹ്സാൻ എന്ന സ്വഭാവ ഗുണം അല്ലാഹുവുമായുള്ള ബന്ധവുമായി ചേർത്തും മനുഷ്യരുമായുള്ള ബന്ധവുമായി ചേർത്തും വിശദീകരിച്ചതായി കാണാം. നിർബന്ധ കർമങ്ങൾക്ക് പുറമേ ഐച്ഛികമായ ധാരാളം കർമങ്ങളിൽ ഏർപ്പെടുക എന്നതാണ് അല്ലാഹുവുമായുള്ള ബന്ധത്തിലെ ഇഹ്സാൻ. അങ്ങനെ കർമങ്ങൾ ചെയ്യുമ്പോൾ നമുക്ക് ചുറ്റുമുള്ളവരെ നോക്കാനോ മറ്റുള്ളവർ നമ്മെ നോക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കാനോ കഴിയുകയില്ല. സമൂഹം എങ്ങനെ വീക്ഷിക്കുന്നു എന്നതിനേക്കാൾ അല്ലാഹു നമ്മെ വീക്ഷിക്കുന്നു എന്ന ബോധത്തിൽ വ്യാപൃതരായിരിക്കണം നമ്മൾ. അത് നമ്മുടെ കർമങ്ങളുടെ സൗന്ദര്യം വർധിപ്പിക്കും.
ജനങ്ങളുമായുള്ള ഇടപഴകലിലെ ഇഹ്സാനെ പറ്റി അല്ലാഹു ധാരാളമായി സംസാരിക്കുന്നുണ്ട്. അത്തരം സന്ദർഭങ്ങളിൽ പലതിലും നമുക്ക് നമ്മെ തന്നെ കണ്ടെടുക്കാൻ സാധിക്കും. ചില ഉദാഹരണങ്ങൾ നോക്കൂ.
الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ (സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമ്മങ്ങൾ ചെയ്യുന്നവരാണ് അവർ.) സാധാരണ ഒരു മനുഷ്യൻ സൗഖ്യത്തിൽ ആയിരിക്കുമ്പോൾ ധാരാളമായിട്ട് ചിലവഴിക്കും. ആവശ്യത്തിലധികം സകാത്തും മറ്റ് ദാനധർമ്മങ്ങളും നൽകി കൊണ്ട് കൈകളും ഹൃദയങ്ങളും തുറന്നിട്ട അവസ്ഥയിലായിരിക്കും അവൻ. എന്നാൽ അവർ ക്ലേശത്തിൽ ആയാലോ, ആരും പ്രതീക്ഷിക്കാത്ത വണ്ണം അവർ സ്വയം നിലനിൽപ്പ് പോലും പരിഗണിക്കാതെ ദാനധർമ്മങ്ങൾ നൽകുന്നത് തുടർന്നുകൊണ്ടേയിരിക്കും.
وَالْكَاظِمِينَ الْغَيْظَ (അവർ അവരുടെ കോപം ന്യായമാണെങ്കിലും അടക്കിപിടിക്കും)
കോപിക്കുമ്പോൾ ഹറാമായ സംഗതികളിൽ നിന്ന് വിട്ടുനിൽക്കുക മാത്രമല്ല അവർ ചെയ്യുന്നത്. തങ്ങളുടെ കോപം സ്വയം വിഴുങ്ങുകയും കോപത്തെ നല്ലകാര്യത്തിനു വേണ്ടി മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ എന്നും അവർ ഉറപ്പുവരുത്തുന്നു. വളരെ നിസാരമായ കാര്യങ്ങൾക്ക് വേണ്ടിയും അല്ലാഹുവിന്റെ സ്നേഹത്തെ നഷ്ടപ്പെടുത്തി കളയുന്ന കാര്യങ്ങളിലും അവർ കോപത്തെ അവലംബിക്കില്ല. അല്ലാഹുവിന്റെ കോപം അവൻ തങ്ങളിൽനിന്ന് അകറ്റി നിർത്തണം എന്ന് ആഗ്രഹിക്കുന്നത് കൊണ്ട് തങ്ങളുടെ കോപം ന്യായമായ സന്ദർഭങ്ങളിൽ പോലും അവർ നിയന്ത്രണ വിധേയമാക്കുന്നു.
وَالْعَافِينَ عَنِ النَّاسِ (അവർ മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നു.)
നീതിബോധം നിറവേറ്റപ്പെടാൻ വേണ്ടി ഒരു വ്യക്തിയിൽ നിന്ന് അന്യായമായി തട്ടിയെടുക്കുന്നത് തിരിച്ചെടുക്കാൻ ഉള്ള ന്യായമായ അവകാശം ഇസ്ലാം അംഗീകരിക്കുന്നു. നീതി ലഭിക്കുക എന്നതാണ് സാമൂഹികമായി ശരി. എങ്കിലും അവർ സ്വയം പൊറുത്തു കൊടുക്കും. കാരണം അവർ അല്ലാഹുവിൽ നിന്ന് ആഗ്രഹിക്കുന്നത് അത് മാത്രമാണ്. ഇതാണ് യഥാർത്ഥത്തിൽ ഇഹ്സാൻ.
അല്ലാഹു പറയുന്നു:
أَلَا تُحِبُّونَ أَن يَغْفِرَ اللَّهُ لَكُمْ (അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ?)
അങ്ങനെ പൊറുത്തു തരാൻ യോഗ്യരല്ല എന്ന് നാം സ്വയം മനസ്സിലാക്കുമ്പോഴും അല്ലാഹു നമുക്ക് പൊറുത്തു തരാൻ ആഗ്രഹിക്കുന്നു.
വിശുദ്ധ ഖുർആൻ മൂന്നു തരത്തിലുള്ള നഫ്സുകളെ പരിചയപ്പെടുത്തുന്നതായി കാണാം. അതിൽ ഒന്നാമത്തേത്- النَّفْسَ لَأَمَّارَةٌ بِالسُّوءِ
(ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്ന നഫ്സ്)
അഥവാ തിന്മ പ്രവർത്തിക്കുന്നതിൽ സന്തോഷവും വിനോദവും കണ്ടെത്തുന്ന നഫ്സ്.
രണ്ടാമത്തേത്, النَّفْسِ اللَّوَّامَةِ (സ്വയം കുറ്റപ്പെടുത്തുന്ന മനസ്സ്)
തന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുകയും അല്ലാഹുവിന്റെ സ്നേഹത്തിൽ നിന്ന് നമ്മെ പിൻവലിച്ചു കളയുന്ന മുഴുവൻ സംഗതികളിൽ നിന്നും തടഞ്ഞു നിർത്തുകയും ചെയ്യുന്ന മനസ്സ്.
മൂന്നാമത്തേത്, النَّفْسُ الْمُطْمَئِنَّةُ (ആത്മ ശാന്തിയടഞ്ഞ ആത്മാവ്)
അഥവാ പൂർണ്ണമായ ഇഹ്സാനുള്ള നഫ്സ്. ഏറ്റവും മികവുറ്റ വ്യക്തികളായിരിക്കും അവർ. കാരണം അല്ലാഹുവുമായുള്ള ഹൃദയ ബന്ധത്തിൽ ശാന്തത കൈവരിച്ചവരായിരിക്കും അവർ. ജീവിതത്തിലെ അതികഠിനമായ സന്ദർഭങ്ങളിൽ പോലും അവർ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി കഠിനപ്രയത്നം നടത്തും.
അല്ലാഹുവേ നിന്റെ പ്രീതി ലഭിക്കുന്ന മുഹ്സിനീങ്ങളുടെ കൂട്ടത്തിൽ നീ ഞങ്ങളെ ഉൾപ്പെടുത്തേണമേ… എല്ലാത്തിനും അപ്പുറത്ത് നിന്റെ സ്നേഹത്തിനു പാത്രമാവുന്നവരുടെ കൂട്ടത്തിൽ നീ ഞങ്ങളെ ഉൾപ്പെടുത്തേണമേ…
ആമീൻ. ( തുടരും )
വിവർത്തനം – ടി.എം ഇസാം