അല്ലാഹു പൂർണത ഇഷ്ട്ടപ്പെടുന്നു
ഇനി നാം പറയാൻ പോവുന്ന അല്ലാഹുവിന് ഇഷ്ടമുള്ള വിശിഷ്ട ഗുണം വളരെ പ്രധാനപ്പെട്ടതും കഴിഞ്ഞ അധ്യായത്തിൽ സൂചിപ്പിച്ച രണ്ട് ഗുണങ്ങളെ നിർമിക്കുന്നതുമാണ്. റസൂൽ(സ) പറഞ്ഞു: “ആരെങ്കിലും ഒരു പ്രവൃത്തി ചെയ്താൽ(അത്) ഏറ്റവും പരിപൂർണതയോട് കൂടി ചെയ്തു തീർക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു. അഥവാ ഒരു പ്രവൃത്തി ചെയ്യുമ്പോൾ സമ്പൂർണ്ണ ശ്രദ്ധ അതിലേക്ക് തിരിച്ച് ഏറ്റവും പരിപൂർണ്ണമായി ചെയ്തു തീർക്കണം എന്നാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.
ഇത്ഖാൻ എന്ന പദമാണ് ഹദീസിൽ ഉപയോഗിച്ചിട്ടുള്ളത്. ചെയ്യുന്ന ജോലിയിലെ സമ്പൂർണത, പരിപൂർണത എന്നൊക്കെയാണ് അർത്ഥം. ഇഹ്സാനെ കുറിച്ചും, ഇഹ്സാൻ എങ്ങനെയാണ് നമ്മുടെ അമലുകളുടെ നിലവാരത്തെ ഉയർത്തുന്നത് എന്നും നേരത്തെ ഞാൻ സൂചിപ്പിച്ചിരുന്നു. ചെയ്യുന്ന ആരാധനാ കർമങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാനുള്ള പ്രചോദനമാണ് ഇഹ്സാനെങ്കിൽ മറ്റു പ്രവർത്തനങ്ങളെ പരിപൂർണ്ണതയിൽ എത്തിക്കുന്നത് ഇത്ഖാനെ കുറിച്ചുള്ള ബോധമാണ്.
ചെയ്യുന്ന പ്രവർത്തനങ്ങളെ അതിൻ്റെ ഏറ്റവും മനോഹാരിതയിൽ എത്തിക്കുന്നത് ഇത്ഖാനാണ്.
ഇസ്ലാമിക പാരമ്പര്യത്തിൻ്റെ ഭാഗമായി നിലകൊള്ളുന്ന അവിശ്വസിനീയമായ വാസ്തുവിദ്യയും കാലിഗ്രഫിയുമെല്ലാം രൂപം കൊള്ളാനുള്ള കാരണം ചരിത്രത്തിൽ മുസ്ലിംകൾ അവരുടെ പ്രവൃത്തികളിൽ സമ്പൂർണ്ണ ശ്രദ്ധയും ഇത്ഖാനും മുറുകെപ്പിടിച്ചത് കൊണ്ടാണ്. അതു കൊണ്ട് തന്നെ ഏർപ്പെടുന്ന പ്രവൃത്തികൾ എത്ര ചെറുതോ വലുതോ ആവട്ടെ, മുഴുവൻ ശ്രദ്ധ നൽകി ഏറ്റവും പരിപൂർണ്ണമായി പൂർത്തികരിക്കാൻ നാം സന്നദ്ധരാവണം.
സേവന-സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ സാമ്പത്തികമായി അത് ഒരു നേട്ടവും ഉണ്ടാക്കുന്നില്ല എന്ന കാരണം കൊണ്ട് നാം അത്തരം വലിയ ഗൗരവമുള്ള പ്രവർത്തനങ്ങളിൽ അലസത കാണിക്കാറുണ്ട്. ഇതിൽ നിന്ന് എനിക്ക് വരുമാനം ഒന്നും ലഭിക്കുന്നില്ലല്ലോ അത് കൊണ്ട് കുറച്ച് അലസതയൊക്കെ ആവാം എന്ന് ആലോചിക്കുന്നതിന് പകരം ഇത്തരം ഇസ്ലാമികമായ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് അല്ലാഹുവാണ് പ്രതിഫലം നൽകുന്നത് എന്ന ആലോചനയാണ് നമ്മെ പ്രചോദിപ്പിക്കേണ്ടത്. നമ്മൾ ആർക്ക് വേണ്ടിയാണ് എന്നും, പൈസയേക്കാൾ വലിയ എന്ത് നേട്ടമാണ് അല്ലാഹു നമുക്ക് നൽകാൻ പോകുന്നത് എന്നും നാം മനസ്സിലാക്കണം. ചെയ്യുന്ന കാര്യം എന്ത് തന്നെ ആയാലും, നമ്മുടെ പരമാവധി ശ്രദ്ധ നൽകി ഏറ്റവും പരിപൂർണ്ണതയോട് കൂടി ചെയ്യുന്നത് കാണാൻ അല്ലാഹു ഇഷ്ടപ്പെടുന്നു. ചെയ്യുന്ന ജോലികളിൽ അങ്ങേയറ്റത്തെ പരിപൂർണ്ണത കൈവരിക്കാനുള്ള ഒരേയൊരു കാരണം അതിനുള്ള നമ്മുടെ പ്രചോദനം അത്രമേൽ ഉൽകൃഷ്ടമായതാണ് എന്നത് മാത്രമാണ്. ആ പ്രചോദനത്തിൻ്റെ ഉറവിടം അല്ലാഹു മാത്രമാണ്.
നമ്മൾ ചെയ്യുന്ന പ്രവർത്തനങ്ങൾ സമ്പൂർണ്ണമായി അല്ലാഹുവിന് വേണ്ടിയുള്ളതാണെങ്കിൽ നാം അതിനെ പ്രത്യേകമായി പരിഗണിക്കണം. ആ പ്രവൃത്തി അങ്ങേയറ്റം പരിപൂർണ്ണതയോട് കൂടി ചെയ്യുന്നത് അല്ലാഹുവിനും അവനു വേണ്ടി നാം ചെയ്യുന്ന കർമത്തിനും നാം നൽകുന്ന പരിഗണനയാണ്. അത്തരം അമലുകളിൽ അധികശ്രദ്ധ നൽകാനും ഇഹ്സാനോടു കൂടി ചെയ്യാനും ഇത്ഖാനോട് കൂടി അത് പൂർത്തീകരിക്കാനും നാം തയാറാവണം. അമലുകളുടെ സൗന്ദര്യം വർധിപ്പിക്കുന്ന ഈ രണ്ട് കാര്യങ്ങളും, ഇത്ഖാനും ഇഹ്സാനും കർമങ്ങളുടെ സ്ഥാനം ഉയർത്തുന്നതിൽ നമുക്ക് വലിയ പ്രചോദനമാവേണ്ടതുണ്ട്.
അല്ലാഹു നമുക്ക് ഇഹ്സാനും ഇത്ഖാനും വർധിപ്പിച്ചു തരട്ടെ. നമ്മുടെ ആരാധനാ കർമങ്ങളിലും മറ്റ് കർമങ്ങളിലും ഇഹ്സാനും ഇത്ഖാനും മുറുകെപ്പിടിക്കാൻ നമുക്ക് സാധിക്കട്ടെ. അല്ലാഹു അവൻ്റെ സ്നേഹിതരുടെ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം