അല്ലാഹു ശുദ്ധി ഇഷ്ട്ടപ്പെടുന്നു

കഴിഞ്ഞ അധ്യായത്തിൽ നമസ്കാരം അതിൻ്റെ കൃത്യ സമയത്ത് നിർവഹിക്കുന്നതിനെ പറ്റിയാണ് സൂചിപ്പിച്ചത്. നമസ്കാരം തുടങ്ങുന്നത് വുദു കൊണ്ടാണ്. അതേ സമയം ഇസ്ലാം ഏറെ പ്രോൽസാഹിപ്പിക്കുന്ന ശുചിത്വം എന്ന മഹത്തായ ഗുണത്തിൻ്റെ ഭാഗമാണ് വുദു. ശുദ്ധി ഈമാനിൻ്റെ പകുതിയാണ് എന്ന് റസൂൽ ഓർമപ്പെടുത്തുന്നുണ്ട്. ഇസ്ലാമിനെ പറ്റി പ്രാഥമിക ധാരണ മാത്രമുള്ള പലരും ഇസ്ലാമിലെ ശുചിത്വത്തിൻ്റെ പ്രാധാന്യത്തെ പറ്റി അജ്ഞരാണ്.
ഹൃദയം പള്ളിയുമായി ബന്ധിപ്പിക്കപ്പെട്ട ആളുകളെ പറ്റി വിശുദ്ധ ഖുർആൻ പറയുന്നത് “അവിടെ ശുദ്ധി വരിക്കാനിഷ്ടപ്പെടുന്നവരുണ്ട്. അല്ലാഹു ശുദ്ധി വരിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” ഒരേ സമയം ശാരീരികമായ ശുദ്ധിയും മാനസികമായ വിശുദ്ധിയുമാണ് ഇവിടെ അർത്ഥമാക്കുന്നത്.
ധൃതി കാണിക്കാതെ ശ്രദ്ധയോടെ പ്രാർത്ഥനകൾ ഒക്കെ ചൊല്ലി വുദു ചെയ്യാനും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനും പള്ളിയിലേക്ക് വരുമ്പോൾ വായ്നാറ്റം ഇല്ലാതെ വരാനും റസൂൽ പഠിപ്പിക്കുന്നു. മാത്രമല്ല എല്ലാ നമസ്കാരങ്ങൾക്ക് മുമ്പും റസൂൽ മിസ്വാക്ക് ചെയ്തിരുന്നു. തൻ്റെ സമുദായത്തിന് ബുദ്ധിമുട്ടാവും എന്ന് കരുതി അത് നിർബന്ധമാക്കിയിട്ടില്ലെങ്കിലും നമ്മൾ അത് ശീലമാക്കണം. കാരണം അല്ലാഹുവിൻ്റെ മുന്നിലേക്ക് നിൽക്കാൻ പോവുന്നതിന് മുന്നേയുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമാണത്. കൃത്യ സമയത്തുള്ള നമസ്കാരം എല്ലാ തിരക്കുകളെക്കാളും അല്ലാഹുവാണ് നമുക്ക് വലുത് എന്നതിൻ്റെ അടയാളമാണെങ്കിൽ ഭയഭക്തിയോട് കൂടിയുള്ള നമ്മുടെ നമസ്കാരം മറ്റെല്ലാ ചിന്തകളേക്കാളും അല്ലാഹുവിനെ കുറിച്ചുള്ള ആലോചനയാണ് നമുക്ക് വലുത് എന്നതിൻ്റെ അടയാളമാണ്. നമസ്കാരത്തിന് മുമ്പുള്ള ഒരുക്കത്തിലെ കൃത്യത നമ്മൾ നമസ്കാരത്തിൻ്റെ വേളയിൽ അല്ലാഹുവിൻ്റെ മുന്നിൽ നിൽക്കാനുള്ള ആഗ്രഹത്തിൻ്റെ അളവ് വിളിച്ചു പറയുന്നു എന്നാണ് പണ്ഡിതന്മാർ പറയുന്നത്. ഇമാം ഗസ്സാലി(റ) നമ്മോട് ചോദിക്കുന്ന ഒരു ചോദ്യം, നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെ കാണാനായി പോവുമ്പോൾ എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നിങ്ങൾ നടത്തുക? നല്ല വസ്ത്രം ധരിച്ചും സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചും നന്നായി മുടി ചീകിയും നമുക്ക് അണിഞ്ഞൊരുങ്ങാൻ പറ്റുന്നതിൻ്റെ ഏറ്റവും നല്ല രീതിയിൽ നാം അണിഞ്ഞൊരുങ്ങും. അങ്ങനെയാണെങ്കിൽ നമ്മുടെ കാര്യത്തിൽ വദൂദ് ആയ നമ്മെ അത്യധികം സ്നേഹിക്കുന്ന അല്ലാഹുവിൻ്റെ മുന്നിലേക്ക് പോവുമ്പോൾ എത്രമാത്രം ശുചിത്വം നാം പാലിക്കണം? ഏറ്റവും നന്നായി വുദു ചെയ്യുന്നതിലൂടെ നമസ്കാരത്തിൽ അല്ലാഹുവിനോട് രഹസ്യസംഭാഷണം നടത്താനുള്ള നമ്മുടെ ആഗ്രഹം പ്രകടിപ്പിക്കുക കൂടിയാണ് നാം ചെയ്യുന്നത്.
പള്ളിയിലേക്ക് വരുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എല്ലാ സംഗതികളിൽ നിന്നും റസൂൽ നമ്മെ വിരോധിച്ചിട്ടുണ്ട്. ഉള്ളി തിന്ന് കൊണ്ട് പള്ളിയിലേക്ക് വരുന്നത് ഒരേ സമയം മലക്കുകൾക്കും നമസ്കാരത്തിനായി നമ്മുടെ തൊട്ടടുത്ത് നിൽക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നും റസൂൽ മുന്നറിയിപ്പ് നൽകുന്നു. മറ്റുള്ളവരെ പരിഗണിച്ച് കൊണ്ട് നാം ഒഴിവാക്കുന്ന അത്തരം സംഗതികൾ നമുക്ക് ചുറ്റുമുള്ള ആളുകളേയും മലക്കുകളേയും പരിഗണിക്കാനും ബഹുമാനിക്കാനുള്ള മനസ്സിൻ്റെ വിശാലതയാണ്. പക്ഷെ അതിനേക്കാളൊക്കെ മേലെ ഞാൻ അല്ലാഹുവിൻ്റെ മുന്നിലാണ് നിൽക്കുന്നത് എന്ന ബോധം തന്നെയാണ്.
വുദു ചെയ്യുമ്പോൾ വളരെ കുറച്ചു വെള്ളം മാത്രം ഉപയോഗിക്കാനും റസൂൽ നമ്മെ പഠിപ്പിക്കുന്നു. എന്നാൽ നമ്മൾ പരമാവധി വെള്ളം ഉപയോഗിച്ചും ധാരാളം വെള്ളം തെറിപ്പിച്ചും ആണ് വുദു ചെയ്യാറുള്ളത്. റസൂൽ വളരെ കുറച്ചു വെള്ളം മാത്രമാണ് ഉപയോഗിച്ചിരുന്നത്. അതേ സമയം ശരീരത്തിന്റെ എല്ലാ ഭാഗത്തും വെള്ളം എത്തുന്നുണ്ട് എന്നും റസൂൽ ഉറപ്പുവരുത്തിയിരുന്നു. തന്റെ വിരലുകൾക്കിടയിലും കാൽ വിരലുകൾക്കടിയിലുമെല്ലാം അദ്ദേഹം വെള്ളം നനച്ചിരുന്നു. ഇതൊക്കെ വളരെ നിസാരമായ സംഗതിയായി തോന്നാമെങ്കിലും വലിയ ശ്രദ്ധ റസൂൽ അതിൽ നൽകിയിരുന്നു. നമ്മൾ മുന്നേ സൂചിപ്പിച്ച പോലെ ഇത്ഖാന്റെ ഭാഗമാണ് ഇത്.
അല്ലാഹുവിനെ അഭിമുഖീകരിക്കാൻ പോവുന്ന വേളകളിൽ ബാഹ്യമായും ആന്തരികമായും അല്ലാഹു നമ്മെ ശുദ്ധീകരിക്കട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം