കർമ നൈരന്തര്യം അല്ലാഹു ഇഷ്ട്ടപ്പെടുന്നു
“റസൂലരേ…, അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട അമലുകൾ ഏതാണ്..? “ചെറുതാണെങ്കിലും നൈരന്തര്യം കാത്തു സൂക്ഷിക്കപ്പെടുന്ന അമലുകളാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടത്.” അവിടുന്ന് മറുപടി നൽകി.
റമദാനിൻ്റെ ദിനരാത്രങ്ങൾ അതിൻ്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ സ്ഥിരമായി നാം കേൾക്കുന്ന ഒരു ഹദീസാണിത്. റമദാനിൽ നാം സ്ഥിരമായി ചെയ്തു വന്ന പല അമലുകളും തുടർന്നു കൊണ്ടു പോകാൻ റസൂലിൻ്റെ ഈ നിർദേശം നമ്മെ സഹായിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കാറുള്ളത് മറിച്ചല്ലേ..? റമദാനിൽ സ്ഥിരമായി ചെയ്തു വന്ന പലതും റമദാൻ കഴിയുന്നതോട് കൂടി തന്നെ നിർത്തിവെക്കാറാണ് നമ്മുടെ പതിവ്.
റസൂൽ (സ)യും കുടുംബവും എല്ലാ നല്ല കർമങ്ങളും നൈരന്തര്യത്തോട് കൂടി ചെയ്യുന്നവരായിരുന്നു എന്ന് ആയിഷ (റ)പറയുന്നുണ്ട്.
അങ്ങനെയാണെങ്കിൽ റമദാനിന് ശേഷവും തറാവീഹ് നമസ്കാരവും പകൽ സമയങ്ങളിലെ നോമ്പും എങ്ങനെ നിലനിർത്തി കൊണ്ടു പോവാം എന്ന് നാം അത്ഭുതത്തോട് കൂടി ചോദിച്ചേക്കാം. റമദാനിൽ നാം നോമ്പെടുത്തത് പോലെ നോമ്പെടുക്കാനോ അത്ര തന്നെ രാത്രി നിന്ന് നമസ്കരിക്കാനോ അല്ലാഹുവിനെ സ്മരിക്കാനോ അവൻ്റെ മാർഗത്തിൽ ചിലവഴിക്കാനോ സാധിച്ചെന്ന് വരില്ല, എന്നല്ല പലപ്പോഴും അത് അസാധ്യവുമാണ്. എന്നാൽ റമദാനിന് ശേഷവും കർമങ്ങൾ അതേപടി നിലനിർനിത്തി കൊണ്ട് വലിയ അളവിൽ സ്ഥിരത പ്രകടിപ്പിക്കാൻ നമുക്ക് സാധിക്കണം.
ചെയ്യുന്ന കർമങ്ങളിലെ സ്ഥിരത അല്ലാഹുവിൻ്റെ സ്നേഹവുമായി ബന്ധപ്പെട്ട് കിടക്കുന്നത് എങ്ങനെയാണെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നുണ്ട്. ഒരു വ്യക്തി കൃത്യമായ നൈരന്തര്യത്തോട് കൂടി ചില അമലുകളിൽ ഏർപ്പെടുന്നുവെങ്കിൽ അല്ലാഹുവുമായുള്ള ബന്ധത്തിലെ അദ്ദേഹത്തിൻ്റെ നിഷ്കളങ്കതയുടെ അടയാളമാണത് എന്ന് പണ്ഡിതൻമാർ പറയുന്നു. ഇനി അങ്ങനെ നമുക്ക്, ചെയ്യുന്ന അമലുകളിൽ സ്ഥിരത നിലനിർത്താൻ സാധിക്കുന്നില്ല എങ്കിൽ അല്ലാഹു അല്ലാത്ത മറ്റെന്തിനൊക്കെയോ നമ്മുടെ ജീവിതത്തിൽ കൂടുതൽ പ്രാധാന്യമുണ്ട് എന്നാണ് അതിന്റെ അർത്ഥം.
റമദാനിൻ്റെ അവസാന പത്ത് ദിനരാത്രികളിലേക്ക് അടുക്കുമ്പോൾ സ്വാഭാവികമായും നമ്മൾ സ്വയം തന്നെ ആരാധനകൾ അതിൻ്റെ എല്ലാ ചൈതന്യത്തോടും കൂടി പൂർത്തികരിക്കാൻ പല നിലക്ക് നിർബന്ധിതരാവും. എന്നാൽ പെരുന്നാളിലേക്ക് പ്രവേശിക്കുന്നതോട് കൂടി നേർ വിപരീതമായി ഒറ്റയടിക്ക് എല്ലാ കർമങ്ങളും നിർത്തിവെക്കുന്നതിലേക്ക് എത്തും. ഇങ്ങനെ നൈരന്തര്യമില്ലാത്ത കർമങ്ങൾ ചോദ്യം ചെയ്യുന്നത് അല്ലാഹുവുമായിട്ടുള്ള നമ്മുടെ ബന്ധത്തിലെ വീഴ്ചയും സ്ഥിരതയില്ലായ്മയുമാണ്.
റമദാനിന് ശേഷവും എത്ര ചെറുതാണെങ്കിലും നൈരന്തര്യത്തോട് കൂടി ചെയ്യാൻ പറ്റുന്ന കർമങ്ങൾ നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാക്കാൻ നാം ശ്രദ്ധിക്കണം. റമദാനിന് ശേഷം നാം നില നിർത്താൻ ഉദ്ദേശിക്കുന്ന കർമം വളരെ ചെറുതാണല്ലോ, അത് കൊണ്ട് എൻ്റെ റമദാൻ നഷ്ടപ്പെട്ട് പോവുമോ എന്നൊന്നും നാം ആശങ്കപ്പെടേണ്ടതില്ല. എത്ര ചെറുതാണെങ്കിലും ചെയ്യുന്നതിൻ്റെ നൈരന്തര്യം നഷ്ടപ്പെട്ട് പോവാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. അങ്ങനെ ചെറിയ അമലുകൾ സ്ഥിരമായി ചെയ്ത് ചെയ്ത് നമുക്ക് വലുതിലേക്ക് കടക്കാം. ഇൻഷാ അല്ലാഹ്.
റമദാനിന് ശേഷം നമ്മൾ ഖിയാമുലൈൽ സ്ഥിരമാക്കുകയും അത് അടുത്ത റമദാൻ വരെ ഇടമുറിയാതെ കൊണ്ടുപോവാനും നമുക്ക് സാധിച്ചാൽ അടുത്ത റമദാനിൽ നമ്മൾ നിർവഹിക്കുന്ന തറാവീഹ് കഴിഞ്ഞ വർഷത്തേക്കാൾ മികച്ച അനുഭൂതിയാണ് നമുക്ക് സമ്മാനിക്കുക.
നൈരന്തര്യം കാത്തുസൂക്ഷിക്കാൻ കഴിയുന്ന അമലുകൾ ശീലമാക്കാനും അധികം ക്ഷീണം ഉണ്ടാക്കുന്ന അമലുകൾ ചെയ്യാതിരിക്കാനും റസൂൽ (സ)കൽപ്പിക്കാറുണ്ടായിരുന്നു.
“അല്ലാഹുവിനെ ആരാധിച്ച് നമ്മൾ ക്ഷീണിക്കുക എന്നല്ലാതെ നമ്മളുടെ പ്രാർത്ഥനയും ആരാധനയും കാരണം അല്ലാഹുവിന് ഒരിക്കലും ക്ഷീണം ബാധിക്കുകയോ അനുഭവപ്പെടുകയോ ഇല്ല എന്നും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത് നൈരന്തര്യം കാത്തു സൂക്ഷിക്കപ്പെടുന്ന അമലുകൾ” ആണ് എന്നും റസൂൽ (സ) പറയുന്നു. റമദാനിൽ നാം സ്ഥിരമാക്കുന്ന അമലുകൾ റമദാനിന് ശേഷവും ജീവിതാവസാനം വരെയും അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെയും നിലനിർത്താൻ അവൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം