മാതാവിനെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു

കഴിഞ്ഞ അധ്യായത്തിൽ അല്ലാഹുവിൻ്റെ പ്രീതിക്ക് വേണ്ടി ജനങ്ങളെ ഇഷ്ടപ്പെടുന്നതിനെ പറ്റിയാണ് സൂചിപ്പിച്ചത്. എന്നാൽ പലപ്പോഴും സ്നേഹത്ത പറ്റി ആലോചിക്കുമ്പോൾ നാം നമ്മുടെ വീടിന് പുറത്തുള്ളവരെ പറ്റിയാണ് ആലോചിക്കുക. നമ്മുടെ സ്വന്തം വീട്ടിലുള്ളവരെ സനേഹിക്കാൻ പലപ്പോഴും നാം മറന്നു പോവാറുണ്ട്. റസൂൽ(സ) യോട് ജനങ്ങളിൽ ഏറ്റവും നല്ല സഹവർത്തിത്വനായി ഞാൻ കടപ്പെട്ടത് ആരോടാണ്? എന്ന് ചോദിച്ചപ്പോൾ പ്രവാചകൻ പറഞ്ഞു: ”നിന്റെ മാതാവിനോട്. അദ്ദേഹം ചോദിച്ചു: പിന്നെ ആരോടാണ്. പറഞ്ഞു: നിന്റെ മാതാവിനോട്. പിന്നെ ആരോടാണ്? പ്രവാചകൻ പറഞ്ഞു: നിന്റെ മാതവിനോട് തന്നെ. പിന്നെയും ആരോടാണ് എന്ന് ചോദിച്ചപ്പോൾ പ്രവാചകൻ പറഞ്ഞു: നിന്റെ പിതാവിനോട്. ”
ഈ ഹദീസ് കേൾക്കുമ്പോൾ നമ്മൾ ഓർക്കേണ്ടത് മറ്റാരേയുമല്ല, നമ്മുടെ വീട്ടിലുള്ള മാതാവിനെയാണ്. അത്ര പ്രത്യേകമായ മുൻഗണനയാണ് അല്ലാഹു മാതാക്കൾക്ക് നൽകിയിട്ടുള്ളത്. സ്വഹാബിമാരിലൊരാളെ പ്രവാചകൻ പറഞ്ഞയച്ചത് “സ്വർഗം സ്ഥിതി ചെയ്യുന്നത് നിൻ്റെ മാതാവിൻ്റെ കാൽച്ചുവട്ടിലാണ്” എന്ന് പറഞ്ഞു കൊണ്ടായിരുന്നു. വിശുദ്ധ ഖുർആനിൽ അല്ലാഹുവിനെ അനുസരിക്കുന്നതിനോടൊപ്പം തന്നെ മാതാപിതാക്കളെ അനുസരിക്കാൻ കൽപിച്ചതായി കാണാം. അവർക്ക് അല്ലാഹുവിന് മേലെ സ്ഥാനം നൽകാതെ തന്നെ അവരോട് ധാരാളമായി കരുണ കാണിക്കാനും സ്നേഹിക്കാനും ഓർമപ്പെടുത്തുന്നു. അല്ലാഹു പറയുന്നു: ”നിങ്ങൾ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും നിന്റെ നാഥൻ വിധിച്ചിരിക്കുന്നു”
രണ്ട് പ്രധാനപ്പെട്ട സംഗതികളിലേക്ക് കൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഒരാൾ റസുൽ(സ) നെ സമീപിച്ച് കൊണ്ട് ഞാൻ വലിയ ഒരു പാപം ചെയ്തിരിക്കുന്നു എന്നും എനിക്ക് പാപമോചനം ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ എന്നും ആരാഞ്ഞു. മറുപടിയായി റസൂൽ ചോദിക്കുന്നത് നിൻ്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ എന്നായിരുന്നു. അദ്ദേഹം ഇല്ല എന്ന് മറുപടി പറഞ്ഞപ്പോൾ റസൂൽ ചോദിക്കുന്നത് ഉമ്മയുടെ സഹോദരി ജീവിച്ചിരിപ്പുണ്ടോ എന്നായിരുന്നു. അങ്ങനെയെങ്കിൽ അവരോട് നല്ല നിലയിൽ വർത്തിക്കാനും പെരുമാറാനും കൂടി റസൂൽ നിർദേശിച്ചു. ഉമ്മയുമായി അടുത്ത ബന്ധത്തിലുള്ള മാതൃസഹോദരിയെ പറ്റി പോലും റസൂൽ പറയുന്നത് “അവർക്ക് മാതാവിൻ്റെ സ്ഥാനമാണ്” എന്നാണ്. ചുരുക്കത്തിൽ നമ്മുടെ പാപങ്ങൾ മായ്ച്ചു കളയാൻ പോലും മാതാവ് മുഖേന സാധിക്കും എന്നാണ് റസൂൽ പറയുന്നത്.
സമാനമായി ഇബ്നു അബ്ബാസിൽ നിന്നും ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്. കൊലപാതകിയായ ഒരാൾ അദ്ദേഹത്തോട് എൻ്റെ കാര്യത്തിൽ പാപമോചനം ലഭിക്കാൻ എന്ന് ചോദിക്കുമ്പോൾ അദ്ദേഹം തിരിച്ചു ചോദിക്കുന്നത് “നിൻ്റെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? ” എന്നായിരുന്നു. മറ്റെല്ലാ നിയമ നടപടികൾക്കും അതീതമായി അദ്ദേഹത്തിൻ്റെ ആഖിറത്തിനെ പറ്റി മാത്രമായിരുന്നു ഇബ്നു അബ്ബാസ്(റ) യുടെ ചിന്ത. അദ്ദേഹം മാതാവ് ജീവിച്ചിരിപ്പില്ല എന്ന് മറുപടി പറഞ്ഞപ്പോൾ എങ്കിൽ നിങ്ങൾ പോയി അല്ലാഹുവിനോട് പാപമോചനമിരക്കുകയും അവനിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യൂ എന്ന് പറഞ്ഞു. ഇബ്നു അബ്ബാസ്(റ) വിൽ നിന്ന് ചുറ്റുമുള്ള അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികൾ ന്യായമായും അദ്ദേഹത്തോട് സംശയമുന്നയിച്ചു. പാപമോചനം ചെയ്താൽ അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുമെന്നിരിക്കെ നിങ്ങളെന്തിനാണ് താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിച്ചത്.? അതിന് അദ്ദേഹം പറഞ്ഞ മറുപടി, അല്ലാഹുവാണെ, നിങ്ങളുടെ മാതാവിനെ ശ്രുശ്രൂഷിക്കുന്നതിനേക്കാൾ ശ്രേഷ്ഠകരമായ ഒരു കർമവും എനിക്കറിയില്ല എന്നായിരുന്നു.
നമ്മുടെ മാതാക്കളെ അനുസരിക്കുക എന്നത് നമുക്ക് വളരെ എളുപ്പമായതും സാധിക്കുന്നതുമായ കർമമാണ്. നമ്മുടെ മാതാവ് ജീവിച്ചിരിക്കുന്നുവെങ്കിൽ അവരോട് നാം നല്ല നിലയിൽ തന്നെയാണ് വർത്തിക്കുന്നത് എന്ന് നാം ഉറപ്പുവരുത്തണം. അതിനോടൊപ്പം തന്നെ നമ്മുടെ ഉപ്പമാരെയും നാം സ്നേഹിക്കുകയും അനുസരിക്കുകയും വേണം. അത് വഴി അല്ലാഹുവിൽ നിന്നുള്ള കാരുണ്യവും അനുഗ്രഹങ്ങളും നമുക്ക് നേടിയെടുക്കാൻ സാധിക്കും. “നമ്മുടെ പിതാവിൻ്റെ തൃപ്ത്തിയിൽ അല്ലാഹുവിൻ്റെ തൃപ്ത്തിയുണ്ട് ” എന്നും റസൂൽ പഠിപ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ മാതാപിതാക്കളെ സ്വർഗത്തിലേക്കുള്ള കവാടമായി തന്നെ നാം മനസ്സിലാക്കണം. പ്രത്യേകിച്ചും അവരുടെ വാർധക്യത്തിൽ അവരെ സേവിക്കാനും അവരോട് കാരുണ്യവും സ്നേഹവും കാണിക്കാനും നാം സന്നദ്ധമാവണം. അവരുടെ വയസ്സ് കൂടുതോറും ക്ഷമ വർധിപ്പിച്ചു കൊണ്ടേയിരിക്കുക. അല്ലാഹുവിൻ്റെ സ്നേഹം കരഗതമാക്കാൻ അവരേക്കാൾ നമുക്ക് സ്നേഹിക്കാൻ കഴിയുന്ന മറ്റൊരാളുമില്ല.
അല്ലാഹു നമ്മെയും നമ്മുടെ മാതാപിതാക്കളേയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം