അല്ലാഹു ആത്മാഭിമാനികളെ ഇഷ്ട്ടപ്പെടുന്നു
അഹങ്കാരം, ആത്മാഭിമാനം തുടങ്ങിയ വാക്കുകളൊക്കെ വളരെ നെഗറ്റീവ് അർഥങ്ങളിൽ ആണ് വിശുദ്ധ ഖുർആനിലും ഹദീസുകളിലുമൊക്കെ ഉപയോഗിച്ചിട്ടുള്ളത്. “ഹൃദയത്തിൽ അണുമണി തൂക്കം അഹങ്കാരം ഉള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല” എന്നാണ് റസൂൽ(സ) പറയുന്നത്. ശൈത്വാൻ പോലും സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടത് സ്വയം പെരുമ നടിച്ചത് കൊണ്ടാണ്. ധാരാളം രാഷ്ട്രങ്ങൾ തകർന്ന് തരിപ്പണമാവാനും റസൂലിന്റെ കാലത്തും റസൂലിന് ശേഷവും ധാരാളം ആളുകൾ ഇസ്ലാം എന്ന സത്യത്തെ നിഷേധിക്കാനുള്ള കാരണവും പെരുമയും അഹങ്കാരവുമായിരുന്നു.
അതേസമയം അല്ലാഹു ചില മോശം ഗുണങ്ങളെ പോലും ഇസ്ലാമിന്റെ മാർഗത്തിൽ നല്ല രീതിയിൽ വലിയ നന്മകൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നതായി കാണാൻ കഴിയും. ഉദാഹരണമായി, പൊതുവെ മനുഷ്യർ മത്സരബുദ്ധിയുള്ളവരാണ്. എന്നാൽ അല്ലാഹു ഈ മത്സരബുദ്ധിയെ പൂർണ്ണമായി നിരാകരിച്ചില്ല. പകരം, അല്ലാഹുവിൻ്റെ തൃപ്തിക്ക് വേണ്ടി നന്മകളിൽ മത്സരബുദ്ധി പുലർത്താൻ സ്വഹാബാക്കളേയും വിശ്വാസികളെ മൊത്തതിലും പ്രേരിപ്പിച്ചു. അല്ലാഹുവിൻ്റെ സ്നേഹത്തിന് വേണ്ടി മത്സരബുദ്ധിയോടെ പരിശ്രമിക്കുന്ന വേളയിൽ മനസ്സിൽ ആത്മാഭിമാനവും സ്വയം പെരുമയും കടന്നു വന്നേക്കാം. അതുകൊണ്ട് തന്നെ അതിനെ നന്മയുടെ മാർഗത്തിൽ ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കണം.
ഉദാഹരണമായി റസൂൽ(സ) പഠിപ്പിക്കുന്ന ഒരു സംഗതി നോക്കാം. ഒരു വ്യക്തി സദസ്സിൽ ഇരിക്കെ ചുറ്റുമുള്ളവർ അല്ലാഹുവിനെ അതൃപ്തിപ്പെടുത്തുന്ന കള്ളങ്ങളും പരദൂഷണവും പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നിട്ടും ആ വ്യക്തി അവരെ തടയാൻ മുതിരുന്നില്ല. പ്രവാചകൻ പറയുന്നു. ആ വ്യക്തി നാളെ പരലോകത്ത് എന്തുകൊണ്ടാണ് നീ അവരെ തടയാതിരുന്നത് എന്ന് ചോദിക്കപ്പെടുമ്പോൾ “എനിക്ക് ജനങ്ങളെ (തിന്മയിൽ നിന്ന്) തടയുന്നത് പേടി ആയത് കൊണ്ടാണ്” എന്ന് മറുപടി നൽകും. അദ്ദേഹത്തിന്റെ മറുപടിയോട് അല്ലാഹു പ്രതികരിക്കുക ജനങ്ങളെക്കാൾ ഏറ്റവും ഭയപ്പെടാൻ അർഹൻ ഞാൻ ആണ് എന്ന് പറഞ്ഞു കൊണ്ടാണ് എന്ന് കൂടി റസൂൽ കൂട്ടിച്ചേർക്കുന്നു. ഈ രൂപത്തിലുള്ള സ്വയം പെരുമയാണ് നമുക്ക് ഉണ്ടാവേണ്ടത്. നമുക്ക് ചുറ്റും തിന്മയും കള്ളവും നടമാടുമ്പോൾ അതിനെതിരെ ശബ്ദം ഉയർത്താൻ നമുക്ക് ആത്മാഭിമാനവും ധൈര്യവും ഉണ്ടാവണം.
മേൽ സൂചിപ്പിച്ച ഹദീസിൽ രണ്ട് പ്രധാനപ്പെട്ട സംഗതികളുണ്ട്. അതിൽ ഒന്ന് നാം ഈ അധ്യായത്തിലും രണ്ടാമത്തേത് അടുത്ത അധ്യായത്തിലും സൂചിപ്പിക്കാം.
മേൽ സൂചിപ്പിച്ച ഹദീസിൽ സ്വയം പെരുമ എന്നതിന് خيلاء എന്ന പദം ആണ് റസൂൽ(സ) ഉപയോഗിച്ചിട്ടുള്ളത്. خيلاء ഒരേ സമയം അല്ലാഹു ഇഷ്ടപ്പെടുകയും വെറുക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ട്. യുദ്ധക്കളത്തിൽ പോരാടാൻ പ്രേരിപ്പിക്കുകയും ജനങ്ങളെ ധാരാളം ദാനധർമങ്ങൾ നൽക്കാൻ പ്രേരിപ്പിക്കുകയും ചെയുന്ന അഭിമാനബോധം അല്ലാഹു ഇഷ്ടപ്പെടുന്നു. അതേസമയം നിങ്ങളിൽ ഉള്ള خيلاء മാറ്റാരെയെങ്കിലും അടിച്ചമർത്താൻ കാരണമായാൽ അല്ലാഹു അത് വെറുക്കുന്നു.
ജീവിതത്തിൽ നമുക്ക് ഉണ്ടാവേണ്ടുന്ന വളരെ പ്രത്യേകമായ ആത്മാഭിമാനത്തെ കുറിച്ചാണ് റസൂൽ(സ) ഓർമിപ്പിക്കുന്നത്. ചരിത്രത്തിൽ അബു ദുജാന എന്ന വ്യക്തിയെ തൊട്ട് ഉദ്ദരിക്കുന്ന ഒരു സംഭവമുണ്ട്. അദ്ദേഹം അൽപം പെരുമ നടിച്ചായിരുന്നു നടന്നിരുന്നത്. എന്നാൽ റസൂൽ(സ) പെരുമയോട് കൂടി നടക്കുന്നത് അല്ലാഹുവിൻ്റെ വെറുപ്പ് സമ്പാദിക്കുന്നതിന് കാരണമാവുമെന്ന് അദ്ദേഹത്തെ ഉപേദേശിച്ചു. യുദ്ധത്തിന് മുന്നോടിയായുള്ള നൃത്തം ചവിട്ടുന്ന സന്ദർഭത്തിൽ അല്ലാത്ത മുഴുവൻ സന്ദർഭങ്ങളിലും പെരുമ ഒഴിവാക്കാനാണ് റസൂൽ അദ്ദേഹത്തോട് കൽപിച്ചത്. അത് കൊണ്ട് തന്നെ അബൂ ദുജാന യുദ്ധ സന്ദർഭങ്ങളിൽ ചുവന്ന തൂവാല തലക്ക് ചുറ്റും കെട്ടി പെരുമ നടിച്ച് നൃത്തം ചവിട്ടാറുണ്ടായിരുന്നു. അത്കണ്ട് മുസ്ലിംകളുടെ ആത്മവിശ്വാസം വർധിക്കുകയും ശത്രുപക്ഷം ഭയചകിതമാവുകയും ചെയ്തിരുന്നു. തീർത്തും മോശമായ സ്വയം പെരുമയെ നന്മയുടെ മാർഗത്തിൽ, അല്ലാഹുവിൻ്റെ സ്നേഹം കരസ്ഥമാക്കാനുള്ള ഒരു മാധ്യമമായി ഉപയോഗപ്പെടുത്തുകയാണ്.
സമാനമായി സ്വദഖ ചെയ്യുന്ന കാര്യത്തിലും മത്സരബുദ്ധിയും പെരുമയും കാണാവുന്നതാണ്. പക്ഷെ ആ പൊങ്ങച്ചം ഒരിക്കലും നമ്മുടെ ഉദ്ദേശശുദ്ധി തന്നെ മാറി പോവാനോ ദാനധർമങ്ങൾ സ്വീകരിക്കുന്നവരെ അപമാനിക്കാനോ കാരണമാവരുത്. ഒരിക്കലും ഞാൻ നല്ല ഉദാരമനസ്കനാണ് എന്ന് ആളുകൾ മനസ്സിലാക്കട്ടെ എന്ന ഉദ്ദേശത്തോട് കൂടിയും ദാനധർമങ്ങൾ നൽക്കാൻ പാടില്ല.
ഗോത്രീയതയെ ഇസ്ലാം ഒരു നിലക്കും പ്രോത്സാഹിപ്പിക്കുന്നില്ല. അതേ സമയം, നന്മകളിൽ റസൂൽ(സ) ഗോത്രീയതയെ ഉപയോഗപ്പെടുത്തിയതായി കാണാം. അബൂബക്കറും ഉമറും വരെ ഇങ്ങനെ നന്മയുടെ കാര്യത്തിൽ മത്സരിച്ചിരുന്നു. അതുകൊണ്ട് തന്നെ നമ്മൾ നന്മകളുടെ കാര്യത്തിലും അല്ലാഹുവിന്റെ മാർഗത്തിൽ ധാരാളം ചിലവഴിക്കുന്ന കാര്യത്തിലുമൊക്കെ ദൈവപ്രീതി കരസ്ഥമാക്കുക എന്ന ഉദ്ദേശത്തോട് കൂടി ആത്മാഭിമാനത്തോട് കൂടി പ്രവർത്തിക്കണം. സദുദ്ദേശത്തോട് കൂടി സൽകർമത്തിന് വേണ്ടി നാം ഇറങ്ങി പുറപ്പെട്ടാൽ നന്മയിലേക്ക് മാത്രമാണ് നാം എത്തിച്ചേരുക.
മനസ്സിലെ അഹങ്കാരവും പെരുമയും കാരണം ഒരാൾ മറ്റൊരാളെ ഉപദ്രവിക്കുന്നതും ധാർഷ്ട്യം പ്രകടിപ്പിക്കുന്നതും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. അല്ലാഹുവിന് ഇഷ്ടമുള്ള ഗുണങ്ങളെ പറ്റിയാണ് നാം പറയുന്നത്. നമ്മെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന തരത്തിൽ ആത്മാഭിമാനബോധവും സ്വയം പെരുമയും അല്ലാഹു നമുക്ക് വർധിപ്പിച്ചു തരുമാറാകട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം