അല്ലാഹു നീതിമാന്മാരെ ഇഷ്ട്ടപ്പെടുന്നു
നാം മുമ്പ് സൂചിപ്പിച്ചത് പോലെ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന രണ്ട് കുട്ടർ, മുത്തഖീങ്ങളും മുഹ്സിനീങ്ങളുമാണ്. അല്ലാഹുവിൻ്റെ സ്നേഹം ലഭിച്ച മൂന്നാമതൊരു കൂട്ടർ നീതിമാൻമാരാണ്. അല്ലാഹു പറയുന്നു: “തീർച്ചയായും അല്ലാഹു നീതിമാന്മാരെ ഇഷ്ടപ്പെടുന്നു.”
നീതിയെ പറ്റി നാം ആലോചിക്കുമ്പോഴെല്ലാം ഭരണാധികാരി, അധികാരം, ഗവൺമെൻ്റ് തുടങ്ങിയ വലിയ വലിയ കാര്യങ്ങളെ പറ്റി മാത്രമാണ് ആലോചിക്കുക. എന്നാൽ വിശുദ്ധ ഖുർആൻ നീതി എന്ന മഹത്തായ സങ്കൽപത്തെ അവതരിപ്പിക്കുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിലെ പല സംഗതികളുമായി ചേർത്തുവെച്ചു കൊണ്ടാണ്. അടിച്ചമർത്തലുകൾക്കും പക്ഷപാതിത്വത്തിനും അനീതിക്ക് മേൽ കെട്ടിപ്പൊക്കിയ എല്ലാ സംവിധാനങ്ങൾക്കും അല്ലാഹു എതിരാണ്. അതേസമയം, നമ്മുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ നീതിമാൻമാരേയും നീതി പാലകരേയും അല്ലാഹു ഏറെ പുകഴ്ത്തി പറയുകയാണ് ചെയ്യുന്നത്. നീതിമാൻമാരെ അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന് മാത്രമല്ല നമുക്ക് യാതൊരു ഇഷ്ടമോ താൽപര്യമോ ഇല്ലാത്ത, നമുക്ക് വിദ്വേഷമുള്ള ആളുകളോട് പോലും നീതി പാലിക്കാൻ അല്ലാഹു കൽപിക്കുന്നു.
وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا…
ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുത്. (മാഇദ :8)
അല്ലാഹു പറയുന്നു…{إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ}
നീതിപാലിക്കുന്നവരെ തീർച്ചയായും അല്ലാഹു സ്നേഹിക്കുന്നു. (മാഇദ :42)
സൂറത്തുൽ ഹുജറാത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ പങ്കുവെക്കുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്ന രണ്ട് വിഭാഗത്തെ പറ്റി സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിലും കുടുംബ ബന്ധങ്ങളിലും ജോലി സ്ഥലത്തുമെല്ലാം സ്ഥിരം സംഭവിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമായി വിശുദ്ധ ഖുർആൻ നിർദേശിക്കുന്നത് നീതി സ്ഥാപിക്കുക എന്നതാണ്.
ഇസ്ലാമിക പാരമ്പര്യത്തിലെ നീതിമാൻമാരായ ഭരണാധികാരികളുടെ കഥകൾ വായിക്കുന്നതിനോടൊപ്പം തന്നെ നമ്മൾ സ്വയം നീതിക്ക് പ്രാധാന്യം നൽകുന്നവരാകാനാണ് പണ്ഡിതൻമാർ നമ്മെ ഉപദേശിക്കുന്നത്. നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഭരണാധികാരികൾ ഏറ്റവും ആദ്യം അല്ലാഹുവിൻ്റെ തണൽ ലഭിക്കുന്നവരാണ് എന്നും അവർക്ക് അല്ലാഹു വെളിച്ചം കൊണ്ടുള്ള പ്രസംഗപീഠം സമ്മാനിക്കുമെന്നൊക്കെ വായിച്ചു പുളകം കൊള്ളുന്നതിന് പകരം നമ്മുടെ ദൈനംദിന കാര്യങ്ങൾ മുതലുള്ള മുഴുവൻ സന്ദർഭങ്ങളിലും നീതിക്ക് വേണ്ടി നിലകൊള്ളാൻ നാം ശ്രമിക്കണം. അല്ലാഹു നീതിമാന്മാരെ ഇഷ്ടപ്പെടുന്നു എന്ന് മാത്രമല്ല, അടിച്ചമർത്തലുകളോട് വെറുപ്പ് പ്രകടിപ്പിക്കുകയും അടിച്ചമർത്തുന്നവരെ അല്ലാഹുവിൻ്റെ സ്നേഹത്തിൽ നിന്ന് തടഞ്ഞു നിർത്തുകയും ചെയ്യുന്നു.
നാം നമ്മോട് തന്നെ ചോദിക്കേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്. ഞാൻ ഇപ്പോൾ ആരോടെങ്കിലും അനീതി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിൽ പരലോകത്ത് എൻ്റെ അവസ്ഥ എന്തായിരിക്കും? പരലോകത്തെ അല്ലാഹു വിശേഷിപ്പിക്കുന്നത് ‘അനീതിയില്ലാത്ത ദിനം’ എന്നാണല്ലോ. അന്നത്തെ ദിവസം അല്ലാഹു എങ്ങനെയായിരിക്കും എന്നെ കെകാര്യം ചെയ്യുക? മൃഗങ്ങളോട് പോലും നീതി കാണിക്കുന്ന ആ നാളിൽ അനീതി പ്രവർത്തിച്ച എന്നെ അവൻ ശിക്ഷിക്കില്ല എന്ന് എനിക്ക് എങ്ങനെ പറയാൻ കഴിയും.
നീതിയെയും അനീതിയെയും മുൻനിർത്തി സുഫിയാൻ സൗരി പറയുന്ന സംഗതികൾ നമ്മുടെ ജീവിതത്തെ തൊട്ടുണർത്തേണ്ടതാണ്. അദ്ദേഹം സ്വയം ചോദിക്കുന്നു: “മറ്റൊരാളുടെ ജീവിതത്തിൽ അനീതി പ്രവർത്തിച്ച ഒരാളാവുമോ ഞാൻ? എവിടെയെങ്കിലും നടമാടിക്കൊണ്ടിരിക്കുന്ന അനീതിയിൽ പങ്കാളി ആയിരിക്കുമോ ഞാൻ? ആരുടെയെങ്കിലും നീതിക്കുവേണ്ടി എഴുന്നേറ്റ് നിൽക്കേണ്ട സമയത്ത് ഞാൻ മൗനം പാലിക്കാറുണ്ടോ? ഞാൻ ആരെയെങ്കിലും ഉപദ്രവിക്കാറും അടിച്ചമർത്താറുമുണ്ടോ? വിചാരണ നാളിൽ ജനങ്ങളുമായി നീതിപൂർവമല്ലാത്ത എന്റെ പെരുമാറ്റങ്ങൾ അല്ലാഹു പൊറുത്തു തരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം, അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ സംഭവിച്ച പിഴവുകൾ അവൻ വിട്ടുവീഴ്ച ചെയ്യും. എന്നാൽ അപരനോട് നാം ചെയ്ത തെറ്റുകൾ അങ്ങനെയല്ല.
അതുകൊണ്ട് ആളുകളോട് അനീതി പ്രവർത്തിച്ചു പോകുന്നതിൽ നിന്ന് നമ്മെ രക്ഷിക്കാൻ അല്ലാഹുവിനോട് നാം പ്രാർത്ഥിക്കണം. അന്ത്യനാളിൽ അല്ലാഹുവിന്റെ നീതി കൊണ്ടല്ല, അവന്റെ കാരുണ്യം മുൻനിർത്തി അവൻ നമ്മുടെ കർമങ്ങളെ സ്വീകരിക്കുമാറാകട്ടെ. ആമീൻ.
( തുടരും )
വിവർത്തനം – ടി.എം ഇസാം