അല്ലാഹു കരുത്തുള്ളവരെ ഇഷ്ട്ടപ്പെടുന്നു

അല്ലാഹുവിൻ്റെ സ്നേഹം കരസ്ഥമാക്കാൻ വിശ്വാസികളിൽ അത്യന്താപേക്ഷിതമായി ഉണ്ടാവേണ്ട ഗുണങ്ങളെ പറ്റിയാണ് നമ്മൾ സംസാരിച്ചു വന്നത്. തുടർന്ന് നമ്മൾ പറയാൻ പോവുന്ന ഗുണങ്ങൾ അൽപം സങ്കീർണ്ണമായതാണ്. അതായത്, നമ്മുടെ ആത്മീയ ജീവിതവും അല്ലാഹുവിൻ്റെ സ്നേഹവുമായിട്ടൊക്കെ ബന്ധപ്പെടുത്തി സാധാരണ നാം മനസ്സിലാക്കാൻ ശ്രമിക്കാത്ത ചില ഗുണങ്ങളെ പറ്റിയാണ് ഇനി പ്രതിപാദിക്കാൻ പോവുന്നത്.
റസൂൽ(സ) പറയുന്നു: “ദുർബലനായ വിശ്വാസിയേക്കാൾ നല്ലവനും അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവനും ശക്തനായ വിശ്വാസിയാണ്. എല്ലാവരിലും നന്മയുണ്ട്.” ഈ ഹദീസ് വായിച്ചതിന് ശേഷം ഒരാൾ “ഞാൻ ദുർബലനാണ്, ഞാൻ സ്വന്തം കാരണമല്ല അങ്ങനെ ആയത്. അതുകൊണ്ട് തന്നെ എനിക്ക് ധാരാളം പരിമിതിയുണ്ട്” എന്നൊക്കെ പറഞ്ഞു കൊണ്ട് പിൻവലിഞ്ഞേക്കാം. അതു കൊണ്ടാണ് റസൂൽ(സ) ഈ ഹദീസിൽ “എല്ലാവരിലും നന്മയുണ്ട്” എന്ന് കൂടി പറയുന്നത്. അല്ലാഹുവിൻ്റെ ബറക്കത്ത് എങ്ങനെയാണ്, ആരെയാണ് കാത്തിരിക്കുന്നത് എന്നൊന്നും നമുക്ക് അറിയില്ലല്ലോ. ഇസ്ലാമിൻ്റെ ആദ്യകാലത്ത് ഇസ്ലാം സ്വീകരിച്ചവരേയും അവസാനകാലത്ത് ഇസ്ലാം സ്വീകരിച്ചവരേയും മുൻനിർത്തി കൊണ്ട് സൂറത്തുൽ ഹദീദിൽ അല്ലാഹു തന്നെ അത് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “എല്ലാവർക്കും ഏറ്റവും ഉത്തമമായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.” (ഹദീദ്: 10)
പക്ഷെ പൊതുവായി പറയുകയാണെങ്കിൽ ശക്തനായ വിശ്വാസിക്ക് അശക്തനായ വിശ്വാസിയെക്കാൾ ശ്രേഷ്ഠതയുണ്ട്. റസൂൽ(സ) പറയുന്നു: “നിനക്ക് ഉപകാരപ്രദമായതിൽ നീ തൽപരനാവുകയും, അല്ലാഹുവിൽ നിന്ന് കരുത്ത് സംഭരിക്കുകയും ചെയ്യുക. നീ നിരാശനാവരുത്.” വിഷമങ്ങൾ ഉണ്ടാക്കുന്ന എന്തെങ്കിലും വന്നാൽ “ഇത് അല്ലാഹു ഉദ്ദേശിച്ചതാണ്. അവൻ തീരുമാനിച്ചത് പ്രകാരം പ്രവർത്തിക്കുന്നു” എന്ന് പറയാനും റസൂൽ(സ) പഠിപ്പിക്കുന്നു.
ശക്തിയെ പറ്റിയും കരുത്തിനെ പറ്റിയും റസൂൽ പല രൂപത്തിൽ സംസാരിക്കുന്നുണ്ട്. ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത് അധാർമികവും അശുദ്ധവുമായ സംഗതികളെ ഉപയോഗപ്പെടുത്തി കൊണ്ട് കരുത്ത് നേടാനല്ല. മറിച്ച് ഇസ്ലാം അനുവദിച്ച ധാർമിക പരിധിയെ അവലംബിച്ച് കൊണ്ട് കരുത്തുള്ളവരാകാനാണ്. വിശ്വാസികൾ ശക്തരാവുന്നതാവട്ടെ ധാർഷ്ട്യം പ്രകടിപ്പിക്കാനോ സ്വയം അഭിമാനിക്കാനോ വേണ്ടിയല്ല. അത് ഉപയോഗപ്പെടുത്തി കൊണ്ട് ധാരാളം നന്മകൾ ചെയ്യാനും പ്രതിഫലങ്ങൾ കരസ്ഥമാക്കാനുമാണ്. മേൽ ഉദ്ധരിച്ച ഹദീസ് പ്രതിപാദിക്കുന്നത് ഈമാനികമായ കരുത്ത്, ശരീരത്തിന്റെയും ആത്മാവിന്റെയും കരുത്ത് തുടങ്ങി എല്ലാത്തിനേയും കുറിച്ചാണ്. ഈമാനികമായ കരുത്തിനെ പറ്റി റസൂൽ(സ) പറയുന്നുണ്ട്, ”നിങ്ങൾ നിസ്സഹായരാവരുത്” എന്ന് ഓർമപ്പെടുത്തുന്നതിലൂടെ റസൂൽ(സ) ഉദ്ദേശിക്കുന്നത്, നമ്മൾ സ്വയം ഉയർത്തെഴുന്നേൽക്കുന്നവരാകാനും നമ്മൾ ഒരേസമയം ഒരു വ്യക്തി എന്ന നിലയിലും ഒരു സമുദായം എന്ന നിലയിലും ശക്തരാവാനും ആണ്. റസൂൽ(സ) ഇങ്ങനെ കൂടി പറയുന്നുണ്ട്, “ഉയർന്ന കൈകൾ താഴ്ന്ന കൈകളേക്കാൾ ഉത്തമമാണ്.” അതായത് കൊടുക്കുന്ന കൈകളാണ് വാങ്ങുന്ന കൈകളേക്കാൾ ഉത്തമം എന്ന്.
അല്ലാഹു ഇസ്ലാമിക സമൂഹത്തോട് മൊത്തമായി പറയുന്നു: “(ശത്രുക്കളെ നേരിടാൻ) നിങ്ങൾ കഴിയാവുന്നത്ര ശക്തി സംഭരിക്കുക.” നിങ്ങളുടെ ശക്തി പ്രകടിപ്പിക്കാൻ കൂടിയുള്ളതാണ്. കഴിഞ്ഞ അദ്ധ്യായത്തിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ചില ഗുണങ്ങൾ നാം പ്രതിപാദിച്ചിരുന്നു. പെട്ടന്ന് വികാരങ്ങൾക്ക് അടിമപ്പെട്ട് തകർന്നു പോയവരെ നമ്മുടെ മാനസിക ശക്തി ഉപയോഗിച്ച് താങ്ങിനിർത്തുന്നതും സഹായിക്കുന്നതും അല്ലാഹു ഇഷ്ടപ്പെടുന്നു. അതുപോലെ തന്നെ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരെ നമ്മുടെ സാമ്പത്തിക ശേഷി ഉപയോഗിച്ച് കൊണ്ട് കടക്കെണിയിലും മറ്റു സാമ്പത്തിക പ്രശ്നങ്ങളിലും സഹായിക്കുന്നത് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട ഇത്തരം സംഗതികളെല്ലാം ചെയ്യാൻ ശക്തി അത്യന്താപേക്ഷികമാണ്. അങ്ങനെ നമ്മുടെ കരുത്ത് ഉപയോഗിച്ചു കൊണ്ട് ജനങ്ങളെ നാം സഹായിക്കുമ്പോൾ അല്ലാഹുവിന്റെ തന്നെ ചില ഗുണങ്ങളാണ് നമ്മിൽ പ്രകാശിതമാവുന്നത്. നാം ദുർബലരും, നിസ്സഹായരും, തോൽപ്പിക്കപ്പെടുന്നവനും ആവാൻ അല്ലാഹു ആഗ്രഹിക്കുന്നില്ല.
നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന സംഗതിക്ക് തവക്കുലുമായും വലിയ ബന്ധമുണ്ട്. അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതോട് കൂടി നമ്മൾ ഒരിക്കലും അശക്തരോ ദുർബലരോ ആവുകയല്ല. അങ്ങനെ ദുർബലർ ആവുന്നതിൽ നിന്ന് റസൂൽ(സ) നമ്മെ വിലക്കുകയും ചെയ്തിരിക്കുന്നു. റസൂൽ(സ) പറയുന്നു: “നിങ്ങൾ നിസ്സഹായരാവരുത്.” അതായത് നിങ്ങൾ ഒരിക്കലും തോൽക്കാൻ മനസ്സുള്ളവരാവരുത്. മറിച്ച്, സഹായങ്ങൾ സ്വീകരിക്കുന്നതിന് പകരം നൽകുന്നവരാവുക. മറ്റുള്ളവരാൽ ആശ്വസിപ്പിക്കപ്പെടുന്നതിന് പകരം സ്വയം മറ്റുള്ളവർക്ക് ആശ്വാസം നൽകുന്നവരാകുക. അത് നമ്മെ അല്ലാഹുവിന് പ്രിയമുള്ളവരാക്കും.
ശക്തന്മാരെ അല്ലാഹു ഇഷ്ടപെടുന്നു എന്നതിനോടൊപ്പം തന്നെ നാം മനസ്സിലാക്കേണ്ടുന്ന കാര്യമാണ് “എല്ലാവരിലും നന്മയുണ്ട്” എന്ന പ്രവാചകൻ്റെ നിർദേശം. നമുക്ക് അല്ലാഹു ശക്തി പ്രദാനം ചെയ്തിട്ടില്ല എങ്കിൽ അതിനർത്ഥം അല്ലാഹു നമ്മെ വെറുക്കുന്നു എന്നൊന്നുമല്ല. അല്ലാഹു ഒരാളുടെ പരിമിതികൾ മനസിലാക്കുന്നു.
അല്ലാഹു ഈമാനികമായും ശാരീരികമായും ആത്മീയമായും മാനസികമായും ബൗദ്ധികമായും വൈജ്ഞാനികമായും എല്ലാം നമ്മുടെ ശക്തി വർധിപ്പിച്ചു തരുമാറാകട്ടെ. നമ്മുടെ എല്ലാ നല്ല കാര്യങ്ങളിലും ആ കരുത്ത് നമുക്ക് ഉപയോഗപ്രദമാക്കാനും അവൻ സഹായിക്കട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം