ഇളവുകൾ സ്വീകരിക്കുന്നത് അല്ലാഹു ഇഷ്ട്ടപ്പെടുന്നു

നമ്മെ അനന്തമായി സ്നേഹിക്കുന്ന ഒരു നാഥനുണ്ട് നമുക്ക്. അവൻ നമ്മോട് അങ്ങേയറ്റം കാരുണ്യവാനും ഉദാരനുമാണ്. തൻ്റെ അടിമകളെ കഷ്ടപ്പെടുത്താൻ ഒരിക്കലും അവൻ ഉദ്ദേശിക്കുന്നില്ല. അത് കൃത്യമായി മനസ്സിലാവാൻ റസൂലിൻ്റെ ഈ ഹദീസ് ശ്രദ്ധിക്കൂ. റസൂൽ(സ) പറഞ്ഞു: ”അല്ലാഹു നൽകിയ ഇളവുകൾ സ്വീകരിക്കുന്നവരെ അവൻ ഇഷ്ടപ്പെടുന്നു.” ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു ഹദീസിൽ അല്ലാഹുവിനെ ധിക്കരിക്കുന്ന കർമങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നത് പോലെ തന്നെ നിങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി അവൻ നിങ്ങൾക്ക് സമ്മാനമായി നൽകിയ ഇളവുകൾ സ്വീകരിക്കുന്നതും അവൻ ഇഷ്ടപ്പെടുന്നു എന്നും കാണാം. നിങ്ങൾ എത്രത്തോളം കഷ്ടപ്പെടുന്നത് കാണാൻ അല്ലാഹു ഇഷ്ടപ്പെടുന്നുവോ അത്ര തന്നെ നിങ്ങൾ ഇളവുകൾ സ്വീകരിക്കുന്നത് കാണുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു എന്നും റസൂൽ പറഞ്ഞിരിക്കുന്നു.
അല്ലാഹു നമ്മെ ഒരിക്കലും ബുദ്ധിമുട്ടിക്കാനോ കഷ്ടതകൾ അനുഭവിപ്പിക്കാനോ ആഗ്രഹിക്കുന്നില്ല. ഉദാഹരണമായി റമദാനിൽ യാത്രകാരനായിരിക്കെ നോമ്പ് പിടിക്കുന്നതിലെ ബുദ്ധിമുട്ട് അല്ലാഹു മനസ്സിലാക്കുന്നു. അതു കൊണ്ട് തന്നെ യാത്രക്കാർക്ക് നോമ്പിൻ്റെ കാര്യത്തിൽ അല്ലാഹു ഇളവ് അനുവദിച്ചിരിക്കുന്നു. കാരണം അല്ലാഹു നമ്മെ പീഡിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. അല്ലാഹു നോമ്പുകാരന് നൽകിയ സമ്മാനമാണത്. ഇളവ് സ്വീകരിക്കുന്നതിലൂടെ അല്ലാഹുവിൻ്റെ സമ്മാനം സ്വീകരിക്കുകയാണ് നാം ചെയ്യുന്നത്. യാത്രയിൽ നോമ്പ് എടുത്തവരേയും എടുക്കാത്തവരെയും മുൻനിർത്തി റസൂൽ പറഞ്ഞത് “അല്ലാഹുവിൻ്റെ പ്രതിഫലം നോമ്പ് മുറിച്ചു കൊണ്ട് യാത്ര ചെയ്തവർക്കാണ്. കാരണം അവർ അല്ലാഹുവിൻ്റെ സമ്മാനം സ്വീകരിച്ചിരിക്കുന്നു. സമാനമായി യാത്ര ചെയ്യുമ്പോൾ നമസ്കാരം ചുരുക്കി നമസ്കരിക്കുന്നതാണ് പുണ്യകരം. അതുമുഖേന അല്ലാഹുവിൻ്റെ സമ്മാനം സ്വീകരിക്കുന്നതോടൊപ്പം തന്നെ റസൂലിൻ്റെ സുന്നത്ത് പിൻപറ്റുക കൂടിയാണ് നാം.
അതുപോല തന്നെ നോമ്പ് തുറക്കുമ്പോൾ എത്രയും വേഗത്തിലാക്കാനാണ് പഠിപ്പിക്കപ്പെട്ടിടുള്ളത്. റസൂൽ പറയുന്നു: ”എനിക്ക് ഏറ്റവും ഇഷ്ടമുള്ള അടിമകൾ നോമ്പ് തുറക്കാൻ ധൃതി കാണിച്ചവരാണ്.” നോമ്പ് തുറക്കുന്നത് വൈകിപ്പിക്കുന്നതിൽ പ്രത്യേകം പുണ്യം നൽകി നമ്മെ ബുദ്ധിമുട്ടിക്കാൻ അല്ലാഹു താൽപര്യപ്പെടുന്നില്ല. മഗ്രിബിൻ്റെ സമയമാവുന്നതോട് കൂടി തന്നെ നാം കഴിയുന്ന അത്രയും വേഗം ഈത്തപഴവും വെള്ളവും കുടിക്കുകയാണ് അല്ലാഹുവിന് വേണ്ടത്. അതേ സമയം അത്താഴത്തിൻ്റെ കാര്യത്തിലും അല്ലാഹു നമുക്ക് ഇളവുകൾ നൽകി കഷ്ടപ്പാട് നീക്കി. ഏറ്റവും അവസാന സമയം അത്താഴം കഴിക്കുന്നതാണ് ഉത്തമം. അത് എവിടം മുതലാണോ അനുവദനീയം അല്ലാത്തത് അതിൻ്റെ തൊട്ട് മുന്നെ വരെ അല്ലാഹു അത് അനുവദിച്ചിരിക്കുന്നു. നമ്മുടെ നാഥൻ അത്രക്ക് വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നവനാണ്. റമദാനിൻ്റെ അവസാന പത്തിൽ നടത്തുന്ന പ്രാർത്ഥന പോലും ഇങ്ങനെയാണ്: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّي “അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്ച്ച് പൊറുത്തു മാപ്പു തരുന്നവനാണ്. മാപ്പു നൽകുന്നത് ഇഷ്ടമുള്ളവനാണ്. അതിനാൽ എന്റെ തെറ്റുകളെ മായ്ച്ച് പൊറുത്ത് മാപ്പാക്കണേ!”
എങ്ങനെയാണോ അല്ലാഹു നമുക്ക് പൊറുത്തുതരാൻ ആഗ്രഹിക്കുന്നത് അതേ പോലെ അല്ലാഹു നമ്മുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനും വിശാലമനസ്കത കാണിക്കാനും ആഗ്രഹിക്കുന്നു. അവൻ സമ്മാനമെന്നോണം നമുക്ക് നൽകുന്ന ഇളവുകൾ സ്വീകരിക്കുന്നതും അവൻ ഇഷ്ടപ്പെടുന്നു.
അതേ സമയം ഇളവുകൾ സ്വീകരിക്കുക എന്നത് കൊണ്ട് എപ്പോഴും ഏറ്റവും എളുപ്പമുള്ള ഫത്വ സ്വീകരിക്കാം എന്ന് മനസ്സിലാക്കാൻ പാടില്ല. ഏറ്റവും എളുപ്പമുള്ള ഫത്വ സ്വീകരിക്കുന്നതിന് പകരം ശരീഅത്തിൻ്റേയും ഫിഖ്ഹിൻ്റേയും പരിധിക്ക് അകത്ത് നിന്നു കൊണ്ട് തന്നെ ഇളവുകൾ സ്വീകരിച്ച് അല്ലാഹുവിന് നന്ദി പറയുകയാണ് വേണ്ടത്. അവൻ പൊറുത്തുതരാനും കാര്യങ്ങൾ എളുപ്പമാക്കാനും ഉദ്ദേശിക്കുന്നു.
വിശുദ്ധ ഖുർആൻ പറയുന്നു: “നിങ്ങൾക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു.” അത് പോലത്തന്നെ “നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല.” എന്നും അല്ലാഹു പറയുന്നു. ഈ ആയത്തിൻ്റെ പശ്ചാത്തലം നോമ്പുമായി ബന്ധപ്പെട്ടതാണ്. യാത്രക്കാർക്കും രോഗികൾക്കുമുള്ള നോമ്പിലെ ഇളവുകൾ സൂചിപ്പിച്ചതിന് ശേഷമാണ് അല്ലാഹു നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് സൂചിപ്പിക്കുന്നത്. നമ്മളെ സ്വയം പീഡിപ്പിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടാത്തത് കാരണം അവൻ ഇളവുകൾ സമ്മാനമായി നൽകുന്നു. അതിന് പകരമായി അവന് ധാരാളം നന്ദി പറയുക എന്നതാണ് പരമാവധി നമുക്ക് ചെയ്യാൻ കഴിയുന്നത്.
അല്ലാഹുവിൻ്റെ സമ്മാനങ്ങൾ സ്വീകരിക്കുന്നവരിലും അവനിൽ നിന്ന് പാപമോചനം ലഭിക്കുന്നവരിലും അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം