അല്ലാഹുവേ, നിനക്കറിയാം ഞാൻ നിന്നെ സ്നേഹിക്കുന്നു! – 7
اللهم إني أعوذ بك من صباح النار ومن مسائها، ولما نزل به الموت قال: هذه آخر ساعة من الدنيا، اللهم إنك تعلم أني أحبك، فبارك لي في لقائك
“അല്ലാഹുവേ, നരകത്തിന്റെ പ്രഭാതത്തിൽ നിന്നും നരകത്തിന്റെ പ്രദോഷത്തിൽ നിന്നും ഞാൻ നിന്നോട് ശരണം തേടുന്നു. മരണം അവനിലേക്ക് ആസന്നമായാൽ അവൻ പറയും: ഇതെന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളാണ്. ഞാൻ നിന്നെ ഇഷ്ട്ടപെടുന്നു എന്ന് നിനക്കറിയാം. അതുകൊണ്ട് മരണശേഷം നിന്നെ കണ്ടുമുട്ടാൻ നീ എന്നെ അനുഗ്രഹിക്കണമേ”
ഹുദൈഫത്തുൽ യമാനി (റ) വളരെ പ്രധാനപ്പെട്ട സ്വഹാബികളിൽ ഒരാളാണ്. പ്രവാചകൻ മുനാഫിഖീങ്ങളുടെ പേരുകൾ ഹുദൈഫ (റ) ന് നേരത്തെ തന്നെ അറിയിച്ചു കൊടുത്തിരുന്നു. അതുകാരണം പ്രവാചകൻ്റെ രഹസ്യ സൂക്ഷിപ്പുകാരൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം പറയുന്ന ഒരു കാര്യം, ആളുകൾ പ്രവാചകനോട് സ്വർഗത്തെ പറ്റിയും നന്മയെ പറ്റിയുമാണ് ചോദിക്കാറുള്ളത്, എന്നാൽ ഞാൻ തിന്മയെ പറ്റിയും തിന്മയുടെ പ്രത്യാഘാതങ്ങളെ പറ്റിയുമാണ് ചോദിക്കാറുള്ളത്. അതു കാരണം എനിക്ക് തിന്മയിൽ നിന്ന് വിട്ടു നിൽക്കാമല്ലോ എന്നാണ് അദ്ദേഹം പറയുന്നത്.
ഈ അധ്യായം, ഹുദൈഫ (റ) നടത്തിയ വളരെ സുന്ദരമായ ഒരു പ്രാർത്ഥനയാണ്. അദ്ദേഹം നരകത്തെയും നരകശിക്ഷയെയും ഏറെ ഭയപ്പെട്ടു. അതുകൊണ്ട് എങ്ങനെയെങ്കിലും നരക പ്രവേശനത്തിൽ നിന്ന് സംരക്ഷിക്കേണമേ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഹുദൈഫ (റ) മരണവേളയിലാണ് ഈ പ്രാർത്ഥന നടത്തുന്നത്. അദ്ദേഹം ഇങ്ങനെ പ്രാർത്ഥിക്കുന്നത് കേട്ട് ചുറ്റുമുള്ളവർ വികാരഭരിതരായി. തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അല്ലാഹുവേ, ഇതെന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളാണ്. ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു എന്ന് നിനക്കറിയാം. അതുകൊണ്ട് മരണശേഷം നിന്നെ കണ്ടുമുട്ടാൻ നീ എന്നെ അനുഗ്രഹിക്കണമേ..!!”
ഇങ്ങനെയൊരു ചോദ്യം നാം സ്വയം ചോദിക്കാൻ തയാറാവണം. ഇമാം അഹ്മദ് (റ) പറയുന്നത് അല്ലാഹുവിന്റെയടുക്കൽ നിങ്ങളുടെ സ്ഥാനം എത്രയാണെന്നറിയാൻ നമ്മുടെ ജീവിത്തിൽ അല്ലാഹുവിന് നാം കൽപ്പിക്കുന്ന സ്ഥാനം എത്രയാണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ മതിയെന്നാണ്. മാത്രമല്ല അല്ലാഹു നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്നറിയാൻ നാം അല്ലാഹുവിനെ എത്രമാത്രം സ്നേഹിക്കുന്നു എന്നും അറിയാൻ ശ്രമിച്ചാൽ മതിയെന്നാണ്. ഹുദൈഫ (റ) പറഞ്ഞത് പോലെ ആത്മവിശ്വാസത്തോട് കൂടി അല്ലാഹുവിനോടുള്ള ബന്ധത്തിന്റെയും സ്നേഹത്തിന്റെയും കാര്യത്തിൽ ഹുദൈഫ (റ)വിന് ഏറെ ആത്മവിശ്വാസമുണ്ടായിരുന്നു. മേൽ ഉദ്ധരിച്ച പ്രാർത്ഥനയിൽ കേവലമായി അല്ലാഹുവിനെ സ്നേഹിക്കുന്നു എന്ന് മാത്രമല്ല അദ്ദേഹം പറയുന്നത്. പകരം അല്ലാഹുവിനെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് അദ്ദേഹം വാക്കുകളിൽ തന്നെ പ്രകാശിപ്പിക്കുന്നു. അല്ലാഹുവുമായിട്ട് അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ ആഴമാണ് അത് വെളിപ്പെടുത്തി തരുന്നത്. അല്ലാഹുവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് ആത്മവിശ്വാസത്തോട് കൂടി പറയാൻ പറ്റുന്ന തരത്തിൽ അല്ലാഹുവിനെ സ്നേഹിക്കാൻ നമുക്ക് സാധിക്കണം. മാത്രമല്ല, അല്ലാഹുവിനോട് സ്നേഹം ചോദിക്കാൻ കൂടി പ്രവാചകൻ പഠിപ്പിക്കുന്നു.
اللَّهمَّ إِنِّي أَسْأَلُكَ حُبَّكَ، وَحُبَّ مَنْ يُحِبُّكَ، وَالعمَل الَّذِي يُبَلِّغُني حُبَّكَ
“അല്ലാഹുവേ, ഞാൻ നിന്റെ സ്നേഹം ചോദിക്കുന്നു. നീ സ്നേഹിക്കുന്നവരുടെ സ്നേഹവും നിന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കുന്ന കർമ്മങ്ങളോടുള്ള സ്നേഹവും ഞാൻ ചോദിക്കുന്നു. അല്ലാഹുവിന്റെ സ്നേഹം ലഭിക്കാനായി പ്രത്യേകമായി ഇങ്ങനെയൊരു പ്രാർത്ഥന കൂടി റസൂൽ പഠിപ്പിക്കുന്നു.
അല്ലാഹുവോട് അവന്റെ സ്നേഹത്തിനായി ചോദിക്കുന്നതും നമ്മെ സ്നേഹിക്കാൻ അല്ലാഹുവിനോട് ആവശ്യപ്പെടുന്നതും അവന് പ്രിയപ്പെട്ടവരിലേക്കും പ്രിയപ്പെട്ട കർമ്മങ്ങളിലേക്കും അടുപ്പിക്കാൻ ആവശ്യപ്പെടുന്നതുമെല്ലാം അവന്റെ സ്നേഹം കരസ്തമാക്കാനുള്ള നിരവധി വഴികളാണ്. ജീവിതാവസാനം, എല്ലാം അവന്റെ സ്നേഹമായി നമ്മെ വലയം ചെയ്യും. അല്ലാഹുവിനെ മുൻനിർത്തിയുള്ള പ്രതീക്ഷയും ഭയവും ജീവിതം മുന്നോട്ട് നയിക്കാനുള്ള ചിറകുകളാണെങ്കിൽ അല്ലാഹുവിനോടുള്ള സ്നേഹം ജീവിതത്തിന്റെ മാംസവും മജ്ജയുമാണ്.
നാം അവനെ സ്നേഹിക്കുകയും അവൻ നമ്മെയും സ്നേഹിക്കുകയും ചെയുന്ന സന്ദർഭത്തിൽ മരണമടയാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. നാളെ പരലോകത്ത് അവന്റെ സ്നേഹം കരസ്തമാക്കിയവരോടൊപ്പം ഒന്നിച്ചു ചേരാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1