റസൂലിനൊപ്പം സ്വർഗത്തിൽ – 6

اللَّهُمّ إِنِّي أَسْأَلُكَ إِيمَانًا لاَ يَرْتَدُّ، وَنَعِيمًا لاَ يَنْفَدُ، وَمُرَافَقَةَ مُحَمَّدٍ (صلى الله عليه وسلم) فِي أَعْلَى جَنَّةِ الْخُلْدِ
“അല്ലാഹുവേ, അചഞ്ചലമായ വിശ്വാസവും അവിരാമമായ അനുഗ്രഹങ്ങളും അനശ്വര സ്വർഗ്ഗത്തിന്റെ അത്യുന്നതിയിൽ റസൂലിന്റെ (സ്വ) സഹവാസവും ഞാൻ നിന്നോട് ചോദിക്കുന്നു”
റസൂൽ (സ) അബൂബക്കറിനും (റ) ഉമറിനുമൊപ്പം (റ) ഒരു രാത്രിയിൽ മദീനയിലെ തെരുവുകളിലൂടെ നടക്കാൻ ഇറങ്ങിയതായിരുന്നു. അവർ പ്രവാചകന്റെ പള്ളിക്ക് അരികിൽ എത്തിയപ്പോൾ ഇബ്നു മസ്ഊദ് (റ)വിനെ അവിടെ കാണാനിടയായി. സുന്ദരമായ ശബ്ദത്തിനുടമയും അദ്ദേഹത്തിന്റെ ഖുർആൻ പാരായണം റസൂലിന് ഏറ്റവും പ്രിയപ്പെട്ടതുമായിരുന്നു. പ്രവാചകൻ തനിക്ക് വേണ്ടി പ്രത്യേകമായി ഖുർആൻ പാരായണം ചെയ്ത് തരാൻ അബ്ദുല്ലാഹി ബിൻ മസൂഊദ് (റ)നോട് ആവിശ്യപ്പെടാറുമുണ്ടായിരുന്നു.
ആ രാത്രിയിലും അദ്ദേഹം സുന്ദരമായ ശബ്ദത്തിൽ കരഞ്ഞു കൊണ്ട് ഖുർആൻ പാരായണം ചെയ്യുകയും തുടർന്ന് പ്രാർത്ഥനയിൽ മുഴുകുകയുമായിരുന്നു. ഇത് കണ്ട പ്രവാചകൻ അവിടെ നിൽക്കുകയും അദ്ദേഹത്തിന്റെ പ്രാർത്ഥന സാകൂതം ശ്രദ്ധിക്കുകയും ചെയ്തു. പ്രാർത്ഥന കേട്ടുകൊണ്ടിരിക്കെ റസൂൽ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു: “നീ ചോദിക്കുക, നൽകപ്പെടും, നിനക്ക് തീർച്ചയായും നൽകപ്പെടും!!”
ഇത് കേട്ടപ്പോൾ അബൂബക്കറും (റ) ഉമറും (റ) തങ്ങൾക്കെങ്ങാനും ഇങ്ങനെയൊരു അനുഗ്രഹം ലഭിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. അല്ലാഹുവിന്റെ ഒരു അടിമ പ്രാർത്ഥിച്ചു കൊണ്ടിരിക്കെ പ്രവാചകൻ അടുത്ത് വന്ന് നിന്ന് “ചോദിക്കൂ, നിനക്ക് നൽകപ്പെടും” എന്ന് പറയുന്ന സന്ദർഭത്തെ പറ്റി ഒന്ന് ആലോചിച്ചു നോക്കൂ!! അബ്ദുല്ലാഹി ബിൻ മസ്ഊദ് (റ) പ്രാർത്ഥന അവസാനിപ്പിക്കുമ്പോഴേക്ക് റസൂൽ (സ) ആമീൻ എന്ന് പറയുകയും ചെയ്തു. അബ്ദുല്ലാഹി ബിൻ മസ്ഊദിന് ഇതിനേക്കാൾ വലുതൊന്നും ലഭിക്കാനുണ്ടായിരുന്നില്ല.
ഈ പ്രാർത്ഥനയിലെ ആദ്യത്തെ ആവശ്യം
اللَّهُمّ إِنِّي أَسْأَلُكَ إِيمَانًا لاَ يَرْتَدُّ
“അല്ലാഹുവേ, അചഞ്ചലമായ വിശ്വാസവും നൽകണെ.” എന്നാണ്. കാരണം ഈ ഭൂമിയിൽ നിങ്ങളുടെ വിശ്വാസത്തേക്കാൾ നിങ്ങൾക്ക് പ്രിയങ്കരമായതും പ്രധാനപെട്ടതുമായ ഒന്നും ഉണ്ടാവാൻ പാടില്ല. തുടർന്ന് ചോദിക്കുന്നത്,
وَنَعِيمًا لاَ يَنْفَدُ ന് വേണ്ടിയാണ്. അറ്റുപോവാത്ത, അവസാനമില്ലാത്ത അനുഗ്രഹങ്ങൾക്ക് വേണ്ടിയാണ്. തുടർന്ന് പ്രാർത്ഥിക്കുന്നതാണ് അതിനേക്കാൾ പ്രധാനം. റസൂൽ പഠിപ്പിക്കുന്നത് നിങ്ങൾ സ്വർഗ്ഗത്തിന് വേണ്ടി അല്ലാഹുവിനോട് ചോദിക്കുമ്പോൾ കേവലം സ്വർഗ്ഗ പ്രവേശനമല്ല ചോദിക്കേണ്ടത്. പിന്നെയോ, ജന്നാത്തുൽ ഫിർദൗസ് തന്നെ ചോദിക്കാൻ ശ്രമിക്കണം. അതുകൊണ്ടാണ് ഇബ്നു മസൂഊദ് (റ) തുടർന്ന് പറയുന്നത്:
فِي أَعْلَى جَنَّةِ الْخُلْدِ എന്നാണ് അദ്ദേഹം പറയുന്നത്.
“അല്ലാഹുവേ, ശാശ്വതമായ സ്വർഗ്ഗത്തിൽ, ഏറ്റവും ഉന്നതിയിൽ റസൂലിനോടൊപ്പമുള്ള സഹവാസവും ഞാൻ നിന്നോട് ചോദിക്കുന്നു”. അബ്ദുല്ലാഹി ബിൻ മസ്ഊദിന് (റ) സ്വർഗ്ഗത്തിന്റെ ഏറ്റവും ഉന്നതിയിൽ എത്തിച്ചേരുക മാത്രമല്ല, അവിടെ റസൂൽ (സ)യോടൊപ്പമുള്ള സഹവാസം കൂടി അനുഭവിക്കണമായിരുന്നു. പ്രവാചകാനുചരൻമാർക്ക് മറ്റേത് ആഗ്രഹത്തെക്കാളും പ്രധാനപ്പെട്ട ആഗ്രഹമായിരുന്നു സ്വർഗ്ഗത്തിന്റെ ഏറ്റവും ഉന്നതിയിൽ ശാശ്വതമായ റസൂലിനോടൊപ്പമുള്ള സഹവാസം. റസൂൽ അവരോട് ആഗ്രഹങ്ങൾ പറയാൻ പറഞ്ഞപ്പോഴെല്ലാം അവർക്ക് പറയാനുണ്ടായിരുന്നത് അത് മാത്രമായിരുന്നു.
ചാഞ്ചാട്ടമില്ലാത്ത ഈമാനും അറ്റമില്ലാത്ത അനുഗ്രഹങ്ങളും സ്വർഗത്തിൻ്റെ ഏറ്റവും ഉന്നതിയിൽ റസൂലിനോടൊപ്പമുള്ള സഹവാസവും അല്ലാഹു നമുക്കും പ്രദാനം ചെയ്യുമാറാകട്ടെ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1