രഹസ്യവും പരസ്യവും – 23
اللهم إني نصحت لخلقك ظاهرا وغششت نفسي باطنا فهب لي غشي لنفسي لنصحي لخلقك
“അല്ലാഹുവേ, പരസ്യ ജീവിതത്തിൽ ഞാൻ നിന്റെ സൃഷ്ടികളോട് വളരെ ആത്മാർത്ഥതയുള്ളവനായിരുന്നു. എന്നാൽ രഹസ്യ ജീവിതത്തിൽ ഞാൻ എന്നോട് തന്നെ വഞ്ചന കാണിച്ചിരുന്നു.”
ഉന്നത ശ്രേഷ്ഠനായ പണ്ഡിതൻ യുസുഫ് ബിൻ ഹുസൈൻ (റ) വിന് ചുറ്റും ഒരുകൂട്ടം ആളുകൾ തടിച്ചുകൂടി ഇരിക്കുകയായിരുന്നു. അതിനിടയിൽ ആരോ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “അല്ലയോ പണ്ഡിതവര്യരേ… ഞങ്ങൾക്ക് വളരെ ഹൃദയ സ്പർശിയായ ഒരു പ്രാർത്ഥന പഠിപ്പിച്ചു തന്നാലും”. ചിലപ്പോഴെങ്കിലും, വ്യക്തിപരമായി ആരെങ്കിലും നടത്തുന്ന പ്രാർത്ഥനകൾ, വലിയ ആശയം ഉൾകൊള്ളുന്നതും വളരെ ആഴമുള്ളതുമായിരിക്കും. യുസുഫ് ബിൻ ഹുസൈൻ (റ) ഒരൽപ്പം സമയം ആലോചിച്ചതിന് ശേഷം പറഞ്ഞു:
اللهم إني نصحت لخلقك ظاهرا وغششت نفسي باطنا فهب لي غشي لنفسي لنصحي لخلقك
“അല്ലാഹുവേ, പരസ്യ ജീവിതത്തിൽ ഞാൻ നിന്റെ സൃഷ്ടികളോട് വളരെ ആത്മാർത്ഥതയുള്ളവനായിരുന്നു. എന്നാൽ രഹസ്യ ജീവിതത്തിൽ ഞാൻ എന്നോട് തന്നെ വഞ്ചന കാണിച്ചിരുന്നു.”
ഈ പ്രാർത്ഥന പങ്കുവെച്ചതിനു ശേഷം അദ്ദേഹം കരഞ്ഞു കൊണ്ട് അവിടം വിട്ടു. അത്രമാത്രം ഹൃദയത്തിൽ തട്ടുന്ന, ഈ പരമ്പരയിലെ മറ്റേത് പ്രാർത്ഥനയെക്കാളും അർത്ഥ തലങ്ങളുള്ള പ്രാർത്ഥന കൂടിയാണിത്.
അല്ലാഹുവിന്റെ സൃഷ്ടികളോട് വളരെയധികം ആത്മാർത്ഥതയോടെ പെരുമാറുകയും അവരോട് നീതി കാണിക്കുകയും ചെയ്യുമ്പോഴും സ്വന്തത്തോട് ആത്മാർത്ഥത കാണിക്കാനും നീതി പുലർത്താനും പലപ്പോഴും മറന്നു പോകുന്നു. അവർ ഒറ്റക്കാവുന്ന സന്ദർഭങ്ങളിൽ അല്ലാഹുവിനെ മറന്നു പോവുകയും പരസ്യമായി ചെയ്ത നന്മകളെ രഹസ്യമായി തിന്മ ചെയ്യാനുള്ള കാരണമായി സ്വയം കണ്ടെത്തുകയും ചെയുന്നു. അത് കാരണമാണ് ചരിത്രത്തിലെ പുണ്യപുരുഷന്മാരിൽ പോലും ഇത്തരം പോരായ്മകൾ ഉണ്ടാവുന്നത്. പരസ്യമായി വലിയ നന്മകൾ ചെയ്യുന്നുവെങ്കിലും രഹസ്യ ജീവിതത്തെ കുറിച്ച് വലിയ ആശങ്കകൾ വെച്ച് പുലർത്തേണ്ടതില്ല എന്നവർ തെറ്റിദ്ധരിച്ചു. ഇവിടെയാണ് യുസുഫ് ബിൻ ഹുസൈൻ (റ) വിന്റെ പ്രാർത്ഥന പ്രസക്തമാവുന്നത്. മാറ്റാരെയുമല്ല, സ്വന്തത്തെ തന്നെയാണ് വഞ്ചിച്ചത് എന്നദ്ദേഹം ഏറ്റു പറയുന്നു. അല്ലാഹു രഹസ്യവും പരസ്യവും ഒരുപോലെ അറിയുന്നവനാണ് എന്ന ഉത്തമ ബോധ്യവും ഈ പ്രാർത്ഥന പകർന്നു നൽകുന്നു.
രഹസ്യത്തിൽ സംഭവിച്ചു പോയ മുഴുവൻ തിന്മകളും അല്ലാഹു നമുക്ക് പൊറുത്തുതരട്ടെ. രഹസ്യവും പരസ്യവും ഒരുപോലെ നന്നാക്കി തരുമാറാകട്ടെ. ആമീൻ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1