അല്ലാഹുവിന്റെ മാർഗത്തിൽ സ്നേഹിക്കുന്നവരെ ഇഷ്ട്ടപ്പെടുന്നു

സനേഹത്തെ പറ്റി, അല്ലാഹുവിൻ്റെ മാർഗത്തിൽ അവന് വേണ്ടിയുള്ള സ്നേഹത്തെ പറ്റിയാണ് ഈ അദ്ധ്യായം. അല്ലാഹുവിൻ്റെ തൃപ്തി മാത്രം പ്രതീക്ഷിച്ച് അവന് വേണ്ടി ആളുകളെ ഇഷ്ടപ്പെടുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ഇത് ദീനുൽ ഇസ്ലാമിൻ്റെ മാത്രം പ്രത്യേകതയാണ്. അതിൻ്റെ അത്ഭുതം മനസ്സിലാവാൻ മുൻ കഴിഞ്ഞ സമുദായത്തെ പറ്റി അല്ലാഹു പറയുന്ന ഒരു കാര്യം നോക്കൂ.. “നിങ്ങളൊന്നിച്ച് അല്ലാഹുവിൻറെ പാശത്തെ മുറുകെപിടിക്കുക. നിങ്ങൾ ഭിന്നിച്ച് പോകരുത്. നിങ്ങൾ അന്യോന്യം ശത്രുക്കളായിരുന്നപ്പോൾ നിങ്ങൾക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓർക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ മനസ്സുകൾ തമ്മിൽ കൂട്ടിയിണക്കി. അങ്ങനെ അവൻറെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളായിത്തീർന്നു.”
കേവലമായ ഉപരിതലത്തിലുള്ള സൗഹൃദമോ അല്ലെങ്കിൽ പ്രവാചകൻ്റെ നിർബന്ധപൂർവമോ ആയിരുന്നില്ല അവരുടെ സുഹൃദ് ബന്ധം. അങ്ങനെ അല്ലാഹു അവരുടെ ഹൃദയങ്ങളെ ഇണക്കിയിരുന്നില്ല എങ്കിൽ അവർ പരസ്പരം പോരടിക്കുമായിരുന്നു. എന്നാൽ അല്ലാഹു അവർക്കിടയിൽ സ്നേഹം നിക്ഷേപിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്തു. ഇസ്ലാമിലെ സ്നേഹ ബന്ധങ്ങൾ അത്രക്ക് പ്രത്യേകതയുള്ളതാണ്. അത് വംശത്തിനും ഗോത്രത്തിനും സാമൂഹിക അവസ്ഥകൾക്കും വ്യക്തിപരമായ താൽപര്യങ്ങൾക്കും അതീതമായി ജനങ്ങളെ ഒന്നിപ്പിക്കുന്നു. ഇസ്ലാം അല്ലാത്ത ഒന്നിൻ്റെ പേരിൽ സുഹൃത്തുകൾ ആവാൻ സാധ്യതയില്ലാത്ത പലരേയും അല്ലാഹു തമ്മിൽ സുഹൃത്തുക്കളാക്കുന്നു.
അല്ലാഹുവിന് വേണ്ടി സ്നേഹിക്കുക എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്.? റസൂൽ(സ) അല്ലാഹുവിൻ്റെ അർശിൻ്റെ തണൽ വാഗ്ദാനം ചെയ്ത കൂട്ടരിൽ ഒരു കൂട്ടർ നമ്മൾ കഴിഞ്ഞ അധ്യായത്തിൽ സൂചിപ്പിച്ചത് പോലെ ‘ഹൃദയം പള്ളിയുമായി ചേർത്ത് കെട്ടിയ’വരാണ്. രണ്ടാമത്തെ കൂട്ടർ, അല്ലാഹുവിൻ്റെ സ്നേഹത്തിന് വേണ്ടി മാത്രം പരസ്പരം സ്നേഹിച്ചവരാണ്. സ്വഹീഹു മുസ്ലിമിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ഹദീസിൽ റസൂൽ(സ) ഇങ്ങനെ പറയുന്നതായി കാണാം, ഒരു വ്യക്തി തൻ്റെ സ്നേഹിതനെ കാണാൻ തൊട്ടടുത്ത ഗ്രാമത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിൻ്റെ അരികിൽ ഒരു മാലാഖ മനുഷ്യരൂപത്തിൽ വന്ന് കൊണ്ട് വന്നു കൊണ്ട് “നീ എന്തിനാണ് നിൻ്റെ സുഹൃത്തിനെ സന്ദർശിക്കാൻ പോവുന്നത്” എന്ന് ചോദിക്കുമ്പോൾ അദ്ദേഹം പ്രതികരിക്കുന്നത് “അല്ലാഹുവിന് വേണ്ടിയാണ് ഞാൻ എൻ്റെ സ്നേഹിതനെ കാണാനായി പോവുന്നത്. അവനെ ഞാൻ സ്നേഹിക്കുന്നത് അല്ലാഹുവിന് വേണ്ടി മാത്രമാണ്.” അപ്പോൾ മലക്ക് പറയും: “അങ്ങനെയെങ്കിൽ നീ അറിഞ്ഞു കൊള്ളുക, ഞാൻ അല്ലാഹുവാൽ അയക്കപ്പെട്ട മാലാഖയാണ്. നീ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നത് കാരണം അല്ലാഹു നിന്നെ ഇഷ്ടപ്പെടുന്നു എന്ന് അറിയിക്കാൻ പറഞ്ഞു.”
നാം അല്ലാഹുവിൻ്റെ തൃപ്തിക്ക് വേണ്ടി സ്നേഹിക്കുമ്പോൾ അല്ലാഹു നമ്മെ സ്നേഹിക്കുന്നു. റസൂൽ പറയുന്നു: ”വിധി നിർണ്ണയ നാളിൽ അല്ലാഹു പറയും: എൻ്റെ തൃപ്ത്തിക്ക് വേണ്ടി പരസ്പരം സ്നേഹിച്ചവർക്കെല്ലാം എൻ്റെ ഐശ്വര്യവും തണലുമുണ്ട്.” അല്ലാഹുവിൻ്റെ മാർഗത്തിൽ സ്നേഹിച്ചവർക്ക് പരലോകത്ത് അല്ലാഹുവിൻ്റെ തണലാണ് ലഭിക്കുന്നതെങ്കിൽ ഇഹലോകത്ത് അവർക്കിടയിൽ ഭൗതികമായ ഒന്നിനും തകർക്കാൻ പറ്റാത്ത വിധം ശക്തമായ അഭേദ്യമായ സ്നേഹബന്ധമുണ്ടാവും. ഭൂമിയിൽ തന്നെ അവർ പരസ്പരം സംരക്ഷകരാവുകയും അവർക്കിടയിൽ തണൽ വിരിക്കപ്പെടുകയും ചെയ്യുന്നു.
നാം ആരെയെങ്കിലും അല്ലാഹുവിൻ്റെ തൃപ്ത്തിക്ക് വേണ്ടി സ്നേഹിക്കുന്നുണ്ടെങ്കിൽ അവന് വേണ്ടിയാണ് സ്നേഹിക്കുന്നത് എന്ന് തുറന്ന് പറയാനും റസൂൽ(സ) ഉപദേശിക്കുന്നു. ഇത് ഒരു പക്ഷെ വളരെ അരോചകമുണ്ടാക്കുന്നതോ പരുങ്ങലുളവാക്കുന്നതോ ആയേക്കാം. കാരണം സാധാരണ നാം സ്നേഹം പറയുന്നതും പ്രകടിപ്പിക്കുന്നതുമൊക്കെ ഭാര്യയോടും മക്കളോടും മാത്രമാണ്. അവരോടൊപ്പം തന്നെ അല്ലാഹുവിൻ്റെ മാർഗത്തിലെ സഹോദരൻമാരോടും സ്നേഹിക്കുന്നു എന്ന് പറയാൻ നമുക്ക് സാധിക്കണം. അല്ലാഹുവിന് വേണ്ടി പരസ്പരം സ്നേഹിക്കുന്ന രണ്ട് കൂട്ടർ, അതിൽ ഒരാൾ മറ്റൊരാളെ അധികം സ്നേഹിക്കുന്നുവെങ്കിൽ അദ്ദേഹത്തെയാണ് അല്ലാഹുവിന് കൂടുതൽ ഇഷ്ടം എന്നും റസൂൽ(സ) പറയുന്നു. അല്ലാഹുവിന് വേണ്ടി രണ്ടാളുകൾ സ്നേഹിക്കുന്നു എന്ന് മാത്രമല്ല ഒരാൾ മറ്റൊരാളെ എത്ര സ്നേഹിക്കുന്നു എന്നത് കൂടി പരിഗണിച്ചാണ് അല്ലാഹു അവൻ്റെ സ്നേഹം നമുക്ക് വിരിച്ചു നൽകുക.
വളരെ സുന്ദരമായ ഒരു കാര്യം കൂടി റസൂൽ പറയുന്നു: “അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടാൽ അവൻ ജിബ്രീലിനെ വിളിച്ച് പറയും: ‘ഓ… ജിബ്രീൽ.. ഞാൻ ഇന്ന വ്യക്തിയെ സ്നേഹിക്കുന്നു. നീയും ഇവനെ സ്നേഹിക്കണം.’ അങ്ങനെ ജിബ്രീൽ അദ്ദേഹത്തെ സ്നേഹിക്കും. തുടർന്ന് ജിബ്രീൽ മലക്കുകളെ വിളിച്ചു കൊണ്ട് പറയും: ‘അല്ലാഹു ഇന്ന വ്യക്തിയെ സ്നേഹിക്കുന്നു. അതു കൊണ്ട് നിങ്ങളും ഇദ്ദേഹത്തെ സ്നേഹിക്കണം.’ അങ്ങനെ മലക്കുകളും സ്വർഗീയവാസികളും അദ്ദേഹത്തെ സ്നേഹിക്കാൻ തുടങ്ങും. തുടർന്ന് അല്ലാഹു ആളുകളുടെ ഹൃദയത്തിൽ അദ്ദേഹത്തോടുള്ള സ്നേഹം നിക്ഷേപിക്കുകയും ചെയ്യും.”
അല്ലാഹുവിന് വേണ്ടി സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന കൂട്ടരിൽ അവൻ നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ. പരലോകത്ത് അവൻ്റെ സ്നേഹവും തണലും അവൻ നമുക്ക് വിരിച്ചു നൽകട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം