എന്നെ അതിനേക്കാൾ മികച്ചതാക്കേണമേ – 19

اجعلني خيراً مما يظنون واغفر لي ما لا يعلمون ولا تؤاخذني بما يقولون
“അല്ലാഹുവേ, അവർ എന്നെ പറ്റി വിചാരിക്കുന്നതിനേക്കാൾ എന്നെ മികച്ചവൻ ആക്കേണമേ. അവർക്ക് എന്നെ പറ്റി അറിയാത്തതിൽ നിന്ന് എനിക്ക് പൊറുത്തു തരണമേ. അവർ എന്നെ പറ്റി പറയുന്നത് കാരണം എന്നെ പിടികൂടരുതേ.”
ചിലപ്പോളെങ്കിലും ആളുകൾക്ക് നമ്മെ പറ്റി തെറ്റിദ്ധാരണകൾ ഉണ്ടാവാറുണ്ട്. നമ്മളെ പറ്റി ശരിയല്ലാത്ത പല കാര്യങ്ങളിലും ആളുകൾ വിശ്വസിക്കുകയും അനാവശ്യമായി നമ്മെ പുകഴ്ത്തുകയും ചെയ്യാറുണ്ട്. എന്നാൽ നാം അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ ആളുകൾ നമ്മെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം പരലോകത്തു നമുക്ക് എതിരെ ആയിരിക്കും സാക്ഷി നിൽക്കുക. അവർ നമ്മെ പറ്റി പാടി പുകഴ്ത്തിയതിൽ നിന്നും നേർ വിപരീതമായിരിക്കും ചിലപ്പോൾ നാം. റസൂൽ വളരെ ഗൗരവത്തിലാണ് ഇങ്ങനെയൊരു അവസ്ഥയെ പറ്റി നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഒരു വ്യക്തി മരണശേഷം മറമാടപ്പെട്ട് കഴിയുമ്പോൾ ആളുകളൊക്കെ അദ്ദേഹത്തെ പറ്റി വലിയ നന്മകൾ പറയുമ്പോൾ മലക്കുകൾ ആ വ്യക്തിയോട് താങ്കൾ ഇങ്ങനെയൊക്കെ തന്നെ ആയിരുന്നോ എന്ന് ചോദിക്കുന്ന സന്ദർഭത്തെ പറ്റി റസൂൽ ഓർമ്മപ്പെടുത്തുന്നുണ്ട്.
ഇങ്ങനെയുള്ള അവസ്ഥ വലിയ പണ്ഡിതൻമാർക്കും പ്രമുഖർക്കും മാത്രം സംഭവിക്കുന്നതല്ല. ജനങ്ങളുടെ കണ്ണിൽ നല്ല വ്യക്തിയായി നടിക്കുകയും തങ്ങളുടെ കർമ്മങ്ങൾ അതിന് അനുസരിച്ചു കൊണ്ട് ചിട്ടപ്പെടുത്തുകയും ചെയ്യാത്ത എല്ലാവർക്കും ഇങ്ങനെ സംഭവിച്ചേക്കാം. നമ്മുടെ പേരിലുള്ള കള്ളങ്ങളും അപവാദങ്ങളും നാം വെറുക്കുന്ന അതേ രൂപത്തിൽ നമ്മുടെ പേരിലുള്ള അനാവശ്യമായ പ്രശംസകളും സ്തുതി പറയലുകളും നാം വെറുക്കണം. അബൂബക്കർ (റ) ഇക്കാര്യത്തിൽ വളരെയേറെ ശ്രദ്ധാലുവായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം വളരെ രഹസ്യമായിട്ടാണ് പല കാര്യങ്ങളും ചെയ്തത്. അബൂബക്കർ (റ) ആരും കാണാതെ രഹസ്യമായി അമലുകൾ ചെയ്യാൻ ശ്രമിക്കുന്നത് ചിലപ്പോഴെങ്കിലും സ്വാഹാബികളുടെ കണ്ണിൽ പതിയുകയുണ്ടായി. അങ്ങനെയാണെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ.., നമ്മൾ ഇതുവരെയും അറിയാത്ത, ഒരാളും കാണാതെയും ഒരു ചരിത്ര ഗ്രന്ഥത്തിലും രേഖപ്പെടുത്താതെയും എത്ര സൽകർമ്മങ്ങൾ അബൂബക്കർ (റ) ചെയ്തു പോന്നിട്ടുണ്ടാവും. അബൂബക്കർ (റ) പഠിപ്പിക്കുന്ന, ഈ അധ്യായത്തിൽ നാം ഉദ്ധരിക്കുന്ന പ്രാർത്ഥന എല്ലാവരും വായിച്ചിരിക്കേണ്ടതാണ്.
اجعلني خيراً مما يظنون واغفر لي ما لا يعلمون ولا تؤاخذني بما يقولون
“അല്ലാഹുവേ…അവർ എന്നെ പറ്റി വിചാരിക്കുന്നതിനേക്കാൾ എന്നെ മികച്ചവൻ ആക്കണമേ. അവർക്ക് എന്നെ പറ്റി അറിയാത്തതിൽ നിന്ന് എനിക്ക് പൊറുത്തു തരേണമേ. അവർ എന്നെ പറ്റി പറയുന്നത് കാരണം എന്നെ പിടികൂടരുതേ. ”
ഈ പ്രാർത്ഥനയുടെ ആദ്യഭാഗത്തിൽ അദ്ദേഹം ظن എന്ന പദം ഉപയോഗിച്ചത് കാണാം. ആളുകൾ തന്നെ പറ്റി നല്ലത് വിചാരിച്ചേക്കാം എന്നാൽ താൻ അങ്ങനെയാണ് എന്ന് അദ്ദേഹത്തിന് തന്നെ ഉറപ്പ് ഇല്ലാത്തത് കൊണ്ടും അദ്ദേഹം അങ്ങനെ സ്വയം കരുതാത്തത് കൊണ്ടുമാണ് പ്രാർത്ഥനയിൽ ظن എന്ന പദം ഉപയോഗിച്ചത്. അബൂബക്കർ (റ) പറയുന്നു, അവർക്ക് എന്നെ പറ്റി അറിയാത്തതിൽ നിന്ന് എനിക്ക് പൊറുത്തു തരണമേ. അതായത് ജനങ്ങൾ അറിയാത്ത പല പോരായ്മകളും അദ്ദേഹത്തിനുണ്ട് എന്നാണ് ഉദ്ദേശം. തുടർന്ന് അദ്ദേഹം പറയുന്നു:
“അവർ എന്നെ പറ്റി പറയുന്നത് കാരണം എന്നെ പിടികൂടരുതേ.. ”
അഥവാ, ഈ ലോകത്ത് ആളുകൾ എന്നിൽ ഇല്ലാത്ത നല്ല ഗുണങ്ങൾ പാടി പുകഴ്ത്തുന്നതിന് പകരം പരലോകത്ത് എന്നെ പറ്റി നല്ലത് പറയുന്ന സാക്ഷികൾ ഉണ്ടാവണേ എന്ന് കൂടിയാണ് അദ്ദേഹം പ്രാർത്ഥിക്കുന്നതിന്റെ സാരം.
ഇബ്നുൽ ഖയ്യിം (റ) പറയുന്ന ശ്രദ്ധേയമായ ഒരു കാര്യം, ജനങ്ങൾ നമ്മിൽ ആകൃഷ്ടരാവുകയാണെങ്കിൽ നാം ഓർക്കേണ്ട ഒരു കാര്യം, അവർ നമ്മുടെ നന്മകൾ കാരണമല്ല പകരം നമ്മുടെ തിന്മകൾക്ക് മേൽ അല്ലാഹു മറഇട്ടത് കൊണ്ട് മാത്രമാണ് നമ്മോട് മതുപ്പുള്ളവരായത് എന്നാണ്. നാം ഏറെ ജാഗരൂകരാവണം. അല്ലാത്ത പക്ഷം നാം വഞ്ചിതരാവാൻ സാധ്യതയുണ്ട്.
ആളുകൾ നമ്മെ പറ്റി കരുതുന്നതിനേക്കാൾ മികച്ച മനുഷ്യരായി അല്ലാഹു നമ്മെ മാറ്റി തരുമാറാകട്ടെ. ആളുകൾ നമ്മെ പറ്റി പറയുന്നതിന് നാളെ പരലോകത്തു അവൻ നമ്മെ പിടികൂടാതിരിക്കട്ടെ. ആമീൻ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1