എന്റെ തിന്മകളും നിന്റെ നന്മയും – 14

اللهم لا تحرمني خير ماعندك بشر ماعندي “അല്ലാഹുവേ, എന്റെ തിന്മകൾ കാരണം നിന്റെ നന്മകൾ എന്നിൽ നിന്നും തടയരുതേ.”
സലഫുകൾ നടത്തിയ ഏറ്റവും മനോഹരമായ പ്രാർത്ഥനകൾ നാം എടുത്ത് പരിശോധിക്കുമ്പോൾ കാണാൻ കഴിയുന്ന ഒരു കാര്യം, അത്തരം പ്രാർത്ഥന നടത്തിയ വ്യക്തികളെല്ലാം സലഫുകളുടെ കൂട്ടത്തിലെ പ്രമുഖരും വളരെ പ്രശസ്തരുമായ വ്യക്തികളാണ്. അവരുടെ ഈമാൻ കാരണമാണ് അവർ പ്രമുഖരും ആളുകൾക്കിടയിൽ സുപരിചിതരുമായത്. എങ്കിലും ചില സന്ദർഭങ്ങളിലെങ്കിലും ഏറ്റവും തഖ്വയുള്ള ആളുകൾ ജനങ്ങൾക്കിടയിൽ അറിയപ്പെടാതെ പോവാറുണ്ട്.
ഈ അധ്യായത്തിൽ നാം വിശദീകരിക്കുന്നത് , സലഫുകളുടെ കൂട്ടത്തിൽ ഒട്ടും പ്രമുഖനല്ലാത്ത അധികമാർക്കും പരിചിതനല്ലാത്ത അത്തരമൊരാൾ നടത്തിയ പ്രാർത്ഥനയാണ്. ഇമാം സുഫിയാൻ അസ്സൗരി (റ)യുടെ കാലത്താണ് ഈ സംഭവം നടക്കുന്നത്. സുഫിയാൻ അസ്സൗരി (റ) ഒരിക്കൽ നമസ്ക്കാര ശേഷം പള്ളിയിൽ ഇരിക്കുമ്പോൾ തൊട്ടപ്പുറത്ത് നിന്നൊരാൾ ഖുർആൻ പാരായണം ചെയ്യുകയും ദിക്ക്റുകൾ ചൊല്ലുകയും ചെയ്യുകയായിരുന്നു. അതിനിടയിൽ ആ വ്യക്തി ഒരു പ്രാർത്ഥന ചൊല്ലി. ആ പ്രാർത്ഥനയെ പറ്റി സുഫിയാൻ അസ്സൗരി (റ) പിന്നീട് പറയുന്നത് ഇങ്ങനെയാണ്: “ആ പ്രാർത്ഥന എന്നെ ജീവിതകാലം മുഴുവൻ നിശബ്ദനാക്കി.” ആരാലും അറിയപ്പെടാത്ത വിനയാന്വിതനായ ആ വ്യക്തി നടത്തിയ പ്രാർത്ഥന ഇങ്ങനെയായിരുന്നു:
اللهم لا تحرمني خير ماعندك بشر ماعندي
“അല്ലാഹുവേ, എന്റെ തിന്മകൾ കാരണം നിന്റെ നന്മകൾ എന്നിൽ നിന്നും തടയരുതേ.”
എന്റെ ജീവിതത്തിൽ ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നതും എനിക്കറിയുന്നതുമായ നിരവധി പ്രാർത്ഥനയേക്കാളും എത്രയോ മികച്ചതായിരുന്നു ആ പ്രാർത്ഥന എന്നുകൂടി സുഫിയാൻ അസ്സൗരി (റ) ആ പ്രാർത്ഥനയെ കുറിച്ച് പറഞ്ഞുവെക്കുന്നു. അല്ലാഹുവിന്റെ നന്മകൾ നാം ചെയ്തു കൂട്ടിയ തിന്മകളെക്കാൾ എത്രയോ വലുതാണ് എന്ന ബോധം ഈ പ്രാർത്ഥന നമ്മിൽ സൃഷ്ടിക്കുന്നു. നാം സയ്യിദുൽ ഇസ്തിഗ്ഫാർ ചൊല്ലുന്ന വേളയിലും സാമാനമായ കുറ്റബോധമനോഭാവം പ്രകടിപ്പിക്കുന്നുണ്ട്.
”എനിക്ക് നീ അനുഗ്രഹം ചെയ്തത് ഞാൻ അംഗീകരിക്കുന്നു. എന്റെ പാപങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ. ” എന്നാണല്ലോ സയ്യിദുൽ ഇസ്തിഗ്ഫാറിൽ നാം പറയുന്നത്.
നമുക്ക് നിരന്തരം നടത്താവുന്ന ഒരു പ്രാർത്ഥനയാണിത്. അല്ലാഹുവേ, ഞങ്ങൾ തീർച്ചയായും നിന്റെ കാരുണ്യത്തെയാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങൾക്ക് പൊറുത്തു തരണേ.. ഞങ്ങളുടെ തിന്മകൾ കാരണം നിന്റെ നന്മകൾ ഞങ്ങളിൽ നിന്നും തടയരുതേ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1