സത്യവും മിഥ്യയും – 30

اللهم أرنا الحق حقا وارزقنا اتباعه وأرنا الباطل باطلا وارزقنا اجتنابه
“അല്ലാഹുവേ, സത്യത്തെ സത്യമായി കാണിച്ചു തരികയും അതിനെ പിൻപറ്റാൻ ഉതവിയേകുകയും ചെയ്യേണമേ. മിഥ്യയെ മിഥ്യയായി കാണിച്ചു തരികയും അതിൽ നിന്നും അകന്നു നിൽക്കാൻ ഉതവി നൽകുകയും ചെയ്യേണമേ.”
ഏതാണ് സത്യം എന്ന് എങ്ങനെയാണ് എനിക്ക് മനസ്സിലാക്കാൻ സാധിക്കുക? അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഏതൊക്കെയാണ്? അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാനും സ്വർഗ പ്രവേശനം കരസ്ഥമാക്കാനും ഞാൻ നിർബന്ധമായും ചെയ്യേണ്ടുന്ന കർമ്മങ്ങൾ ഏതൊക്കെയാണ്? നമ്മുടെയൊക്കെ മനസ്സിൽ ധാരാളമായി ഉദിച്ച ചോദ്യങ്ങളായിരിക്കും ഇതൊക്കെയും. ഏറ്റവും പ്രധാനമായി നാം മനസ്സിലാക്കേണ്ടത്, ഒരു ദിവസം 17 തവണയാണ് നാം സൂറത്തുൽ ഫാത്തിഹ പാരായണം ചെയ്യുക വഴി സിറാത്തുൽ മുസ്തഖീമിന് വേണ്ടി അല്ലാഹുവിനോട് ചോദിക്കുന്നത്. നമ്മുടെ പ്രാർത്ഥന ആത്മാർത്ഥമെങ്കിൽ ഒരു കാരണവശാലും അല്ലാഹു നമ്മെ വഴി പിഴപ്പിക്കുകയില്ല. അല്ലാഹു നിങ്ങളെ നേരായ മാർഗത്തിൽ നയിക്കുക തന്നെ ചെയ്യും. അല്ലാഹുവിനോട് ഹിദായത്ത് ചോദിക്കുക എന്നതാണ് ഹിദായത്ത് നഷ്ടപ്പെടാതിരിക്കാനും അവന്റെ മാർഗത്തിൽ തന്നെ നിലയുറപ്പിക്കാനുമുള്ള ഏക വഴി. ഉമർ (റ) നടത്തിയ അത്തരമൊരു പ്രാർത്ഥനയാണ് ഈ അധ്യായം.
നാം ഒരുപക്ഷെ തെറ്റായ കാര്യത്തിൽ ഇടപെട്ടു കൊണ്ടിരിക്കുകയായിരിക്കും. പക്ഷെ അത് തിന്മയാണ് എന്ന ബോധം നമ്മിൽ ഉണ്ടായിട്ടുണ്ടാവില്ല. അതുമല്ലെങ്കിൽ ചില കാര്യങ്ങളുടെ കാര്യത്തിൽ അത് ശരിയാണോ തെറ്റാണോ എന്ന് നമുക്ക് തന്നെയും അറിയാൻ പറ്റാത്ത സാഹചര്യം ഉണ്ടാകാം. ഇത്തരം സന്ദർഭങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ധാരാളമായി സംഭവിക്കുന്നതാണ്. എന്ത് തന്നെയായാലും നാം എപ്പോഴും പ്രാർത്ഥിക്കേണ്ടത്, കാര്യങ്ങൾ ഏറ്റവും തെളിമയിൽ മനസ്സിലാവാനും നമ്മുടെ കുറ്റങ്ങളും കുറവുകളും തിരിച്ചറിയാൻ സാധിക്കാനുമാണ്.
ഈ പരമ്പരയിൽ നിന്നും നിങ്ങൾക്ക് ധാരാളം പ്രാർത്ഥനകൾ മനസിലാക്കാൻ പറ്റിയെന്നും അവയുമായി ബന്ധപ്പെട്ട നിരവധി സംഗതികൾ പഠിക്കാൻ പറ്റിയെന്നുമാണ് കരുതുന്നത്. അല്ലാഹു നമുക്ക് ഹിദായത്ത് നൽകുകയും മറ്റുള്ളവർക്ക് ഹിദായത്ത് കൊടുക്കാനും നമ്മെ സന്നദ്ധമാക്കട്ടെ. അല്ലാഹു നമ്മെ ഒരിക്കലും വഴി തെറ്റിക്കാതിരിക്കട്ടെ. നമുക്ക് സ്വർഗം നൽകുകയും ചെയ്യട്ടെ. ആമീൻ.
( അവസാനിച്ചു )
വിവ – ടി.എം ഇസാം
🪀 കൂടുതല് വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL