നമ്മുടെ തിന്മകളും അല്ലാഹുവിന്റെ കാരുണ്യവും തമ്മിൽ – 4
يارب إن ذنوبي عظيمة، وان قليل عفوك أعظم منها، فامح بقليل عفوك عظيم ذنوبي
“എന്റെ പാപങ്ങൾ എത്രയോ ഗുരുതരമുള്ളതാണ് റബ്ബേ.. എന്നാൽ നിന്റെ വിട്ടുവീഴ്ചയിൽ നിന്നൊരൽപം എന്റെ പാപങ്ങളേക്കാൾ എത്രയോ മഹത്തരമായതാണ്. അല്ലാഹുവേ… നിന്റെ വിട്ടു വീഴ്ച കൊണ്ട് എൻ്റെ പാപങ്ങളുടെ കൂമ്പാരത്തെ നീ മായ്ക്കേണമേ..”
ഉമവീ ഭരണത്തിലെ അഞ്ചാം ഖലീഫ അബ്ദുൽ മലിക്ക് ബിൻ മർവാൻ നടത്തിയ പ്രാർത്ഥനയാണ് ഈ അധ്യായത്തിന്റെ ഉള്ളടക്കം. ഇസ്ലാമിക സമൂഹത്തിന് വേണ്ടി വലിയ നേട്ടങ്ങൾ കൊയ്ത നേതാവായിരുന്നെങ്കിലും അദ്ദേഹത്തിൽ നിന്നും നിരവധി പിഴവുകളും സംഭവിക്കുകയുണ്ടായി. എന്നാൽ ആ പിഴവുകൾ കാരണം അദ്ദേഹം ഉണ്ടാക്കിയെടുത്ത നേട്ടങ്ങൾക്ക് നേരെ കണ്ണടച്ചു കളയാൻ പാടില്ല. തന്റെ ഭാഗത്തു നിന്ന് ഉണ്ടായ തെറ്റുകളെ സംബന്ധിച്ചു അവസാന ഘട്ടത്തിൽ അദ്ദേഹം സ്വയം ബോധവാനാകുന്നുണ്ട്. ജീവിതത്തിന്റെ അവസാന നാളുകളിൽ അദ്ദേഹം നടത്തിയ പ്രാർത്ഥനയാണിത്.
يارب إن ذنوبي عظيمة، وان قليل عفوك أعظم منها، فامح بقليل عفوك عظيم ذنوبي
“എന്റെ പാപങ്ങൾ എത്രയോ ഗുരുതരമുള്ളതാണ് റബ്ബേ.. എന്നാൽ നിന്റെ വിട്ടുവീഴ്ചയിൽ നിന്നൊരൽപം അതിലും എത്രയോ മഹത്തരമാണ്. അല്ലാഹുവേ… അതിനാൽ നിന്റെ വിട്ടു വീഴ്ച കൊണ്ട് എൻ്റെ പാപങ്ങളുടെ കൂമ്പാരത്തെ നീ മായ്ക്കേണമേ..”
ഇത്രയും സുന്ദരമായ പ്രാർത്ഥന തന്റെ അവസാന നാളുകളിൽ നടത്താൻ സാധിച്ചതിൽ ഇമാം അൽ അസ്മാഇ (റ)അബ്ദുൽ മലിക് ബിൻ മർവാനോട് അസൂയപ്പെടുക പോലുമുണ്ടായി.
ഈ പ്രാർത്ഥനയിൽ അബ്ദുൽ മലിക് ബിൻ മർവാൻ സ്വയം വമ്പു പറയുകയല്ല, മറിച്ച് കുറ്റ സമ്മതം നടത്തുകയാണ്. അദ്ദേഹത്തിന്റെ നിസ്സഹായതയും ദൗർബല്യങ്ങളും അല്ലാഹുവിനോട് ഏറ്റു പറയുകയാണ്. ഈ പ്രാർത്ഥനയുടെ സൗന്ദര്യവും അതാണ്. സമാനമായി നമ്മളും വ്യക്തിപരമായി അല്ലാഹുവിനോട് ശക്തമായ വൈകാരിക ബന്ധം കാത്തു സൂക്ഷിക്കുകയും നമ്മുടെ കുറ്റങ്ങളും കുറവുകളും ഏറ്റു പറയുകയും വേണം. വിശിഷ്യാ അല്ലാഹുവിനോട് പാപമോചനം തേടുന്ന സന്ദർഭങ്ങളിൽ. സയ്യിദുൽ ഇസ്തിഗ്ഫാറിൽ റസൂൽ അത് പഠിപ്പിക്കുന്നുണ്ട്. “എനിക്ക് നീ ചെയ്ത് തന്ന അനുഗ്രഹങ്ങൾ ഞാൻ അംഗീകരിക്കുന്നു. എന്റെ പാപങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുകയും ചെയ്യുന്നു” എന്നാണല്ലോ നാം സയ്യിദുൽ ഇസ്തിഖ്ഫാറിൽ നടത്തുന്ന പ്രാർത്ഥന. ഈ പ്രാർത്ഥനയിൽ അബ്ദുൽ മലിക്ക് ബിൻ മർവാൻ സ്വയം സമ്മതിക്കുന്ന ഒരു കാര്യം, സ്വർഗ പ്രവേശനം സാധ്യമാവുന്നത് നാം ചെയ്ത നന്മകൾ കാരണമോ തിന്മകളിൽ നിന്ന് വിട്ട് നിന്നത് കൊണ്ടോ അല്ല. പകരം അല്ലാഹുവിന്റെ കാരുണ്യത്തിനു പാത്രമാവാൻ വേണ്ടി കഠിനാധ്വാനം ചെയ്തത് കൊണ്ടും അത് മുഖേന അവൻ്റെ കാരുണ്യത്തിന് അർഹനായത് കൊണ്ടും മാത്രമാണ്. അല്ലാഹുവിൻ്റെ കാരുണ്യമോ… അത് നാമേവരുടെയും ആഗ്രഹാഭിലാഷമാണ്.
ഈ ലോകത്തെയും അല്ലാഹുവിന്റെ കാരുണ്യത്തെയും മുൻനിർത്തി റസൂൽ (സ്വ) ഓർമ്മപ്പെടുത്തുന്നത്, അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നൂറിൽ തൊണ്ണൂറ്റി ഒമ്പതും അവൻ പരലോകത്തിന് വേണ്ടി മാത്രമായി മാറ്റി വെച്ചിരിക്കുകയാണ്. ഇഹലോകത്ത് നാം കാണുകയും അനുഭവിക്കുകയും ചെയുന്ന സ്നേഹവും കാരുണ്യവുമെല്ലാം അവന്റെ കരുണാ കടാക്ഷങ്ങളുടെ ഒരു ഭാഗം മാത്രമാണ്. ബാക്കി തൊണ്ണൂറ്റി ഒമ്പതും പരലോകത്തിനു വേണ്ടിയുള്ളതാണ്. റഹ്മാനും റഹീമുമായ നാഥൻ നാം മനസ്സിലാക്കിയതിലും എത്രയോ ഉദാരവാനാണ്. ഇത് നാം തിരിച്ചറിയുന്ന പക്ഷം, നമ്മുടെ ജീവിതം പ്രതീക്ഷാ നിർഭരമായി മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. പക്ഷെ അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ചുള്ള പ്രതീക്ഷ ഒരിക്കലും നിർബന്ധ കർമ്മങ്ങളിൽ നിന്നും നമ്മുടെ മേലുള്ള ബാധ്യതകളിൽ നിന്നും വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നതാവരുത്. എന്റെ കർമ്മങ്ങൾ കൊണ്ടല്ല, അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് മാത്രമാണ് നമ്മുടെ തിന്മകൾ പൊറുക്കപ്പെടുന്നത് എന്ന് സമ്മതിക്കാൻ നാം തയാറാവണം. നമ്മുടെ തിന്മകൾ മുഴുവനായി ഇല്ലാതാവാൻ അവന്റെ കാരുണ്യത്തിൽ നിന്നുമുള്ള ഒരു തുള്ളി ധാരാളം.
നമ്മുടെ ചെറുതും വലുതുമായ, പരസ്യവും രഹസ്യവുമായ, അറിഞ്ഞതും അറിയാത്തതുമായ മുഴുവൻ തിന്മകളും അല്ലാഹു നമുക്ക് വിട്ടു പൊറുത്ത് മാപ്പാക്കി തരുമാറാകട്ടെ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1