രോഗം ബാക്കിയാക്കുന്നത് – 18

أذْهِبِ البَاسَ رَبَّ النَّاسِ، اشْفِ وأَنْتَ الشَّافِي، لا شِفَاءَ إلَّا شِفَاؤُكَ، شِفَاءً لا يُغَادِرُ سَقَمًا
“സകല ജനങ്ങളുടെയും രക്ഷിതാവെ, ദുരിതമകറ്റേണമെ, സുഖപ്പെടുത്തുന്നവൻ നീ ആയതിനാൽ നീ അസുഖം സുഖപ്പെടുത്തണെ. നീ നൽകുന്ന ശമനമല്ലാതെ മറ്റൊരു ശമനവുമില്ല തന്നെ. ഒരസുഖവും ബാക്കിയാവാത്ത ശമനം നീ പ്രദാനം ചെയ്യേണമെ.
രോഗം വരുമ്പോൾ നടത്തേണ്ട പ്രാർത്ഥനയാണ് ഈ അധ്യായത്തിൽ ഉദ്ധരിച്ചിട്ടുള്ളത്. അതിനോടൊപ്പം തന്നെ രോഗത്തോട് പ്രവാചക അനുചരൻമാരിൽ ഒരാളുടെ സമീപനം കൂടി വിശദീകരിക്കാൻ ആഗ്രഹിക്കുകയാണ്.
പ്രവാചകന്റെ (സ്വ) സംസാരങ്ങളിൽ ധാരാളമായി പരാമർശിക്കപ്പെടുകയും എന്നാൽ ഒരിക്കൽ പോലും കണ്ടു മുട്ടാതെ പോവുകയും ചെയ്ത വ്യക്തിയാണ് ഉവൈസ് അൽ ഖർനി (റ). നിങ്ങളെപ്പോഴെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കിൽ അദ്ദേഹത്തോട് നിങ്ങൾക്ക് പാപമോചനം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാൻ പറയണം എന്ന് പോലും റസൂൽ (സ്വ) പറയുകയുണ്ടായി. അല്ലാഹുവുമായിട്ട് അത്രമാത്രം ബന്ധം കാത്തു സൂക്ഷിച്ചയാളായിരുന്നു അദ്ദേഹം.
എല്ലാ വർഷവും ഹജ്ജിന് വേണ്ടി ആളുകൾ വരുമ്പോൾ ഉമർ (റ) യാത്രാ സംഘങ്ങളോട്, പ്രത്യേകിച്ചും യമനിലെ യാത്രാ സംഘങ്ങളോട്, നിങ്ങളുടെ കൂട്ടത്തിൽ ഉവൈസ് (റ) ഉണ്ടോ എന്ന് ചോദിക്കുമായിരുന്നു. അവസാനം ഒരിക്കൽ ഉമർ (റ) അദ്ദേഹത്തെ കണ്ടെത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ഓരോ അടയാളങ്ങളും ചോദിച്ചു മനസിലാക്കുകയും ഇത് പ്രവാചകൻ പറയാറുള്ള ഉവൈസ് (റ) തന്നെയാണ് എന്ന് ഉറപ്പുവരുത്തിയതിന് ശേഷം ഉമർ (റ) അദ്ദേഹത്തോട് പാപമോചനത്തിന് വേണ്ടി പ്രാർത്ഥിക്കാൻ പറയുകയുണ്ടായി.
ഉവൈസ് (റ) വിന്റെ ചില പ്രത്യേകതകൾ കൂടി പ്രവാചകൻ പറഞ്ഞു കൊടുക്കുകയുണ്ടായി. അതിലൊന്ന്, അദ്ദേഹം കുഷ്ഠരോഗി ആയിരുന്നു എന്നാണ്. എങ്കിലും അദ്ദേഹം അല്ലാഹുവിനോട് രോഗശമനത്തിന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഒരു ദിർഹമിന്റെ വലുപ്പത്തിൽ ചെറിയൊരു ഭാഗത്ത് രോഗം മാറ്റാതെ നിലനിർത്തണം എന്നായിരുന്നു ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ പ്രത്യേകതയായി പ്രവാചകൻ പറയുന്നത് അദ്ദേഹത്തിന്റെ മാതാവുമായുള്ള ബന്ധത്തെ കുറിച്ചാണ്. അദ്ദേഹം ഉമ്മയെ അങ്ങേയറ്റം അനുസരിച്ചിരുന്നു. അതു കാരണം അല്ലാഹു അദ്ദേഹത്തെ ആദരിച്ചുവെന്നും റസൂൽ പറയുന്നു. യഥാർത്ഥത്തിൽ അല്ലാഹുവുമായിട്ട് അടുക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്ന് നമ്മുടെ ഉമ്മമാരുമായിട്ടുള്ള ബന്ധം നന്നാക്കുക എന്നതാണ്. ഒരാൾ തന്റെ ഉമ്മയെ ബഹുമാനിക്കുമ്പോൾ അല്ലാഹുമായിട്ട് അടുക്കുന്നത് പോലെ മറ്റൊരു കർമ്മം ചെയ്യുമ്പോഴും നാം അല്ലാഹുവിനോട് അടുക്കില്ല എന്നാണ് ഇബ്നു അബ്ബാസ് (റ) പറയുന്നത്.
ഉവൈസ് (റ) അദ്ദേഹത്തിന്റെ രോഗ ശമനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാർത്ഥന വളരെ ശ്രദ്ധേയമാണ്. കുഷ്ഠ രോഗം ശമിക്കാൻ പ്രാർഥിച്ചപ്പോഴും ഒരു ദിർഹം വലുപ്പത്തിൽ രോഗം ശരീരത്തിൽ ബാക്കിയാക്കാനാണ് അദ്ദേഹം ദുആ ചെയ്തത്. എന്തു കൊണ്ടായിരിക്കും അദ്ദേഹം അങ്ങനെ പ്രാർത്ഥിച്ചത് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ? ശരീരത്തിൽ രോഗത്തിന്റെ ഒരംശം മാത്രം ബാക്കിയാവുമ്പോൾ മുന്നേ അദ്ദേഹം അനുഭവിച്ച കഷ്ടതകളെ പറ്റിയും രോഗശമനം നൽകിയ അല്ലാഹുവിനെ കുറിച്ചും ഓർമയുണ്ടാവും.
നമ്മെ ഏറെ ഇരുത്തി ചിന്തിപ്പിക്കേണ്ടുന്ന ഒരു ഉദാഹരണമാണിത്. നാം പലപ്പോഴും അങ്ങേയറ്റം നിരാശയിൽ ആണ്ടു പോവുമ്പോൾ അല്ലാഹുവിലേക്ക് കൈകൾ ഉയർത്തുകയും നമ്മുടെ കഷ്ടതകൾ നീക്കി തരാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു. കഷ്ടപ്പാടുകൾ മാറ്റി തരാൻ വേണ്ടി അല്ലാഹുവുമായിട്ട് ചില വാഗ്ദാനങ്ങൾ നടത്തുക വരെ ചെയ്യുന്നു. അങ്ങനെ അല്ലാഹു നമ്മുടെ ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുമ്പോൾ അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങൾ മറന്നു പോവുന്നു എന്ന് മാത്രമല്ല നാം നടത്തിയ വാഗ്ദാനം പോലും മറന്നു കളയുന്നു. ആ നിലക്ക് ഇത് വളരെ ഹൃദയ സ്പർശിയായ ഒരു സംഭവമാണ്. നമ്മുടെ ബുദ്ധിമുട്ടുകൾ നീക്കി തരാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന സന്ദർഭത്തിൽ തന്നെ ആ ബുദ്ധിമുട്ട് കൊണ്ടൊരു ഗുണപാടവും അല്ലാഹുവിനെ ഓർക്കാനുള്ള കാരണവും കണ്ടെത്താൻ നാം ശ്രമിക്കണം. കാരണം നാം ബുദ്ധിമുട്ടുകളിൽ ആകുമ്പോൾ അല്ലാഹുവിനോട് അടുക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ബുദ്ധിമുട്ടുകളൊക്കെയും നീങ്ങി മറയുമ്പോഴും അവനെ ഓർമയിൽ നിലനിർത്താനുള്ള കാരണങ്ങളാണ് നാം തേടേണ്ടത്. ഈ ലോകത്ത് വെച്ച് അല്ലാഹു നമ്മിൽ നിന്ന് എന്തെങ്കിലും എടുക്കുകയാണെങ്കിൽ തീർച്ചയായും അതിനേക്കാൾ മികച്ചത് നമുക്ക് വേണ്ടി അവൻ ഒരുക്കി വെച്ചിരിക്കും. ഈ ലോകത്ത് നമുക്ക് നൽകാവുന്നതിൽ ഏറ്റവും മികച്ചത് അവനെ കുറിച്ചുള്ള സ്മരണ തന്നെയാണ്. ഉവൈസ് (റ)ന് ലഭിച്ചതും അതുതന്നെ ആയിരുന്നു.
കഷ്ടപ്പാടുകൾ നീങ്ങുമ്പോൾ അല്ലാഹുവിനെ മറക്കാതിരിക്കാനുള്ള ഭാഗ്യം അവൻ നമുക്ക് നൽകട്ടെ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1