ശ്രമിച്ചു കൊണ്ടേയിരിക്കുന്നവരെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു
അധികമാളുകളും ആത്മാർത്ഥമായി അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാതിരിക്കുന്നതിന്റെ കാരണം അവർ അല്ലാഹുവിൽ നിന്ന് ഏറെ അകന്നു പോയിരിക്കുന്നു എന്ന് സ്വയം തെറ്റിദ്ധരിച്ചത് കൊണ്ടാണ്. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതിലൂടെ അല്ലാഹുവും അടിമയും തമ്മിലുള്ള അകലം കുറയുക മാത്രമാണ് ചെയ്യുന്നത് എന്ന് അവർ അറിഞ്ഞിരുന്നെങ്കിൽ.
പിശാച് നമ്മെ തെറ്റ് ചെയ്യാൻ ക്ഷണിക്കുകയും അതു മുഖേന തിന്മയിൽ നാം അകപ്പെടുകയും ചെയ്യുന്നതോടു കൂടി നമ്മളും അല്ലാഹുവും തമ്മിൽ അകൽച്ചയുണ്ടാവുന്നു. മാത്രമല്ല, പ്രാർത്ഥിച്ചും തൗബ ചെയ്തും അകൽച്ച ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് നമ്മെ പിശാച് തടഞ്ഞുനിർത്തുന്നു. തിന്മ ചെയ്യാൻ പ്രേരിപ്പിച്ച അതേ പിശാച് പശ്ചാതപിച്ചും പ്രാർത്ഥിച്ചും അല്ലാഹുവിലേക്ക് മടങ്ങുന്നതിൽ നാണക്കേട് ഉള്ളതായി തോന്നിപ്പിക്കാൻ ശ്രമിക്കുന്നു. അല്ലാഹുവിലേക്ക് അടുക്കാനും അല്ലാഹുവും നമ്മളും തമ്മിലുള്ള അകലം കുറക്കാനുമായി നാം നടത്തുന്ന പരിശ്രമങ്ങൾ പോലും അല്ലാഹു ഇഷ്ടപ്പെടുന്നു എന്നത് കൊണ്ട് തന്നെ അത്തരം ശ്രമങ്ങൾ പോലും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവാതിരിക്കാൻ പിശാച് പരിശ്രമിക്കുന്നു.
അല്ലാഹുവിലേക്ക് പശ്ചാതപിച്ച് മടങ്ങാൻ നാം ശ്രമിക്കുമ്പോൾ അല്ലാഹുവുമായുള്ള ബന്ധം ഏറെ ദൃഢമാവുകയാണ് ചെയ്യുന്നത്. സൂറ: അൽ ബഖറയിൽ ഇങ്ങനെ കാണാം.
{إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ}
തീർച്ചയായും പശ്ചാതപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുന്നു. (അൽ ബഖറ: 222)
ഈ ആയത്തിൽ ശുചിത്വം കൊണ്ട് ഉദ്ദേശിക്കുന്നത് നമസ്കാരത്തിന്റെ ഭാഗമായുള്ള വുദുവിനെ കുറിച്ചും ശാരീരിക ശുചിത്വത്തെ കുറിച്ചുമാണ് എന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. അതേസമയം ചില പണ്ഡിതന്മാർ ഈ ഭാഗം വിശദീകരിക്കുമ്പോൾ ശാരീരികമായ ശുചിത്വം എന്നതിനോടൊപ്പം തന്നെ ആത്മീയമായ ശുചിത്വം എന്നു കൂടി കൂട്ടിച്ചേർത്ത് വ്യാഖ്യാനിച്ചതായി കാണാം.
“ശുചിത്വമുള്ളവർ” എന്ന പ്രയോഗത്തിലെ ആത്മീയമായ ശുചിത്വം എന്ന ഭാഗം കേന്ദ്രീകരിച്ചുകൊണ്ട് ചില കാര്യങ്ങൾ പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അല്ലാഹു ശുചിത്വമുള്ളവരെ ഇഷ്ടപ്പെടുന്നു. അഥവാ, തിന്മകളിൽ നിന്ന് തങ്ങളെ സ്വയം ശുദ്ധീകരിച്ചും സംസ്കരിച്ചും കൊണ്ടേയിരിക്കുന്ന ഒരു കൂട്ടർ. സ്വയം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി പശ്ചാതപിച്ചു മടങ്ങുന്നതിലൂടെ നാം ആ തെറ്റിലേക്ക് മടങ്ങുന്നില്ല എന്നത് സത്യമാണ്. എങ്കിലും അതിനേക്കാൾ അല്ലാഹു ഇഷ്ടപ്പെടുന്നത് പശ്ചാതപിക്കാനും സ്വയം മനസ്സ് ശുദ്ധീകരിക്കാനുമുള്ള നമ്മുടെ സന്നദ്ധതയും ആഗ്രഹവുമാണ്. അങ്ങനെ പ്രാർത്ഥനകൾ മുഖേനയും പശ്ചാതാപം മുഖേനയും നമ്മൾ നടത്തുന്ന കഠിന പ്രയത്നങ്ങൾ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു. അല്ലാഹുവിലേക്ക് അടുക്കാനുള്ള നമ്മുടെ ശ്രമങ്ങളെ വരെ അല്ലാഹു ഇഷ്ടപ്പെടുന്നതിലൂടെ അല്ലാഹുവിന്റെ മാർഗത്തിൽ കൂടുതൽ പ്രയത്നങ്ങൾ നടത്താൻ നാം പ്രേരിതരാവുകയാണ്.
മേലുദ്ധരിച്ച ആയത്തിന് ഇമാം ഹസനുൽ ബസ്വരിയും പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ മുജാഹിദും നൽകിയ വ്യാഖ്യാനം വളരെ പ്രസക്തമാണ്. ‘അല്ലാഹു പശ്ചാതപിക്കുന്നവരെ ഇഷ്ടപ്പെടുന്നു’ എന്നതിന്റെ വിവക്ഷ, പാപത്തിൽ ഉറച്ചുനിൽക്കാത്തവരേയും ഒരേ പാപം തന്നെ നിരവധി തവണ ആവർത്തിച്ച് ആവർത്തിച്ച് ചെയ്യാത്തവരേയും ഇഷ്ടപെടുന്നു എന്നാണ് അവർ നൽകിയ വിശദീകരണം. പാപം ചെയ്തു പോയാൽ തന്നെ പശ്ചാതാപം കൊണ്ട് അല്ലാഹുവിലേക്ക് അവർ ശരണം പ്രാപിക്കുകയും ചെയ്യും. ആയത്തിന് അവർ നൽകുന്ന രണ്ടാമത്തെ വിശദീകരണം, അവർ പശ്ചാതാപത്തിൽ ഉറച്ചു നിൽക്കുന്നവരാകുന്നു എന്നാണ്. ഒരിക്കൽ പശ്ചാതപിച്ചു മടങ്ങുന്നതിലൂടെ അതിനെ വളരെ ഗൗരവത്തിൽ പരിഗണിക്കുകയും അതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും ചെയ്യുന്നു. ഇനിയും അതേ തിന്മയിലേക്ക് മടങ്ങിപ്പോകുന്നത് അല്ലാഹുവിനോടുള്ള അനാദരവാണ് എന്നും അവർ സ്വയം മനസ്സിലാക്കുന്നു.
ഇവിടെ നാം മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു സംഗതി, നാം അല്ലാഹുവിലേക്ക് അടുക്കാൻ നടത്തുന്ന ചെറിയ ശ്രമങ്ങളിൽ വരെ അല്ലാഹു നമ്മെ ഇഷ്ടപ്പെടുന്നു എന്നതാണ്. ആത്മാർത്ഥമായി പശ്ചാതപിച്ചു മടങ്ങിയതിനു ശേഷം വീണ്ടും അറിയാതെ തിന്മയിൽ വീണുപോകുമ്പോൾ പോലും നമ്മുടെ മുൻകഴിഞ്ഞ തൗബ വെറുതെയാവുന്നില്ല. മറിച്ച് അല്ലാഹുവിൽ നിന്ന് പൂർണ്ണമായി പിൻവലിയുമ്പോഴും അല്ലാഹുവിനെ കുറിച്ചുള്ള നല്ല ധാരണകൾ നഷ്ടപ്പെടുമ്പോഴുമാണ് അല്ലാഹു നമ്മെ കൈ ഒഴിയുന്നത്.
മനസ്സിനെ സംസ്കരിക്കാൻ വേണ്ടി സ്ഥിരമായി ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും കൂടുതൽ പശ്ചാതപിക്കാനും അത് മുഖേന സംസ്കരിക്കാനും അവൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.
ആമീൻ. ( തുടരും )
വിവർത്തനം – ടി.എം ഇസാം