സ്വയം പര്യപ്തതയുള്ളവരെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു
കഴിഞ്ഞ അധ്യായത്തിൽ നാം കരുത്തിനെ കുറിച്ചാണ് സൂചിപ്പിച്ചത്. ഈ അധ്യായത്തിൽ വിശ്വാസികൾ എപ്പോഴും സൃഷ്ടികളിൽ നിന്ന് നിരാശ്രയത്വം പാലിക്കുന്നവരും സ്വയം പര്യപ്തത കൈവരിക്കുന്നവരുമാകണം എന്നാണ് പറയാൻ ഉദ്ദേശിക്കുന്നത്. അതായത് വിശ്വാസികൾ ആവശ്യങ്ങളും സഹായങ്ങളും തേടുന്നവരാകുന്നതിന് പകരം മറ്റുള്ളവർക്ക് ആവശ്യങ്ങൾ നിവർത്തിച്ച് കൊടുക്കന്നവരും സഹായങ്ങൾ എത്തിക്കുന്നവരുമാകാൻ ശ്രമിക്കണം.
റസൂൽ(സ) അരുളി: “സ്വന്തമായി ഒരു കുടുംബം ഉണ്ടായിട്ടും ആളുകളോട് യാചിക്കാതെ ജീവിക്കുന്ന ഫഖീറുകളെ അല്ലാഹു ഇഷ്ടപ്പെടുന്നു” സ്വന്തം കുടുംബത്തെ ഊട്ടാൻ വേണ്ടി പോലും അവർ മറ്റുള്ളവരോട് യാചിക്കില്ല എന്ന് ഹദീസിൽ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. ഒരാൾ സ്വയം തിരഞ്ഞെടുക്കാതെ അയാളെ ബാധിക്കുന്ന ദാരിദ്ര്യം പോലുള്ള പരീക്ഷണങ്ങൾക്ക് ധാരാളം ഗുണങ്ങളുണ്ട്. അത്തരം പരീക്ഷണങ്ങളിൽ അകപ്പെട്ടുപ്പോവുമ്പോൾ നാം നമ്മുടെ മാന്യത സംരക്ഷിക്കാനും കഴിവിൻ്റെ പരമാവധി സ്വതന്ത്രനും നിരാശ്രയനുമായി ജീവിക്കാനും ശ്രമിക്കും.
ദരിദ്രൻ്റേയും ദാരിദ്ര്യത്തിൻ്റേയും ധാരാളം പുണ്യങ്ങൾ നിരവധി ഹദീസുകളിലൂടെ പഠിപ്പിച്ച കൂട്ടത്തിൽ ദാരിദ്ര്യം പോലുള്ള വിഷമ ഘട്ടങ്ങളിൽ നിന്ന് അഭയം തേടാനും റസൂൽ നമ്മെ പഠിപ്പിക്കുകയുണ്ടായി. ഏറ്റവും കഷ്ടതകൾ അനുഭവിക്കുന്ന സന്ദർഭത്തിൽ പോലും കഴിവിൻ്റെ പരമാവധി മറ്റുള്ളവരോട് ആവശ്യങ്ങൾ ചോദിക്കാതെ നിരാശ്രയനായി ജീവിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
റസൂലിൻ്റെ ജീവിത്തിൽ ഇത്തരം നിരവധി സംഭവങ്ങൾ കാണാൻ സാധിക്കും. ഒരിക്കൽ ഔഫ് ബ്നു മാലിക്ക് റസൂൽ(സ) യോട് ഒരിക്കൽ ”ഞങ്ങൾ ആളുകളോട് ഒരു കാര്യത്തിനും ആവശ്യം ചോദിക്കുകയില്ല” എന്ന് പ്രതിജ്ഞ ചെയ്യുകയുണ്ടായി. റസൂലിൻ്റെ സന്നിധിയിൽ സാക്ഷിയായ സ്വഹാബാക്കൾ പിന്നീട് ഈ പ്രതിജ്ഞയെ വളരെ ഗൗരവത്തിലാണ് കണ്ടിരുന്നത്. ഒട്ടകപ്പുറത്തും കുതിരപ്പുറത്തുമൊക്കെ യാത്ര ചെയ്യുമ്പോൾ കൈവശമുള്ള വല്ലതും നിലത്ത് വീണാൽ മറ്റൊരാളോട് അത് എടുത്തു തരാൻ പോലും അവർ പറയുമായിരുന്നില്ല.
നിരാശ്രയ ബോധം നമ്മുടെ മനസ്സിൻ്റെ അറകളിൽ എപ്പോഴും രൂഢമൂലമാക്കി നിർത്തേണ്ട കാര്യമാണ്. ജിബ്രീൽ റസൂലിന് നൽകിയ രണ്ട് ഉപദേശങ്ങൾ ശ്രദ്ധേയമാണ്. അതിലൊന്ന്, മുഅ്മിനിൻ്റെ ശറഫ് രാത്രി നമസ്ക്കാരത്തിലാണ് എന്നതാണ്. അതായത് നമ്മുടെ ശറഫ് ആളുകൾ നമ്മെ എങ്ങനെ നോക്കുന്നു എന്നതിലോ ഭൂമിയിൽ നമുക്ക് എന്ത് പരിഗണന ലഭിക്കുന്നു എന്നതിലോ അല്ല. മറിച്ച്, രാത്രി നമസ്കാരത്തിലൂടെ അല്ലാഹുവിൻ്റെ ശറഫ് നേടിയെടുക്കുന്നതിലാണ്.
രണ്ടാമതായി ജിബ്രീൽ നൽകിയ ഉപദേശം, ഒരാളുടെ അഭിമാനം നിലനിൽക്കുന്നത് അവൻ സ്വയം പര്യാപ്തനും ആവശ്യങ്ങൾ ചോദിക്കുന്ന കാര്യത്തിൽ അനാശ്രയനാവുമ്പോഴുമാണ്. അതു കൊണ്ട് തന്നെ സാമ്പത്തികമായും ശാരീരികമായും മാനസ്സികമായും പരമാവധി ആരെയും ആശ്രയിക്കാതെ ജീവിക്കാൻ നാം ശ്രമിക്കണം.
ദാരിദ്ര്യത്തിൽ നിന്നും കടത്തിൽ നിന്നും കരകയറാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന അതേ വേളയിൽ തന്നെ ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ ആളുകളോട് സഹായം ചോദിക്കൽ അനിവാര്യമായ സന്ദർഭങ്ങളിൽ തീർച്ചയായും സഹായം ചോദിക്കാം. ആളുകളെ ആശ്രയിക്കാതെ ജീവിക്കാൻ സാധിക്കുന്ന സന്ദർഭത്തിലും അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് അല്ലാഹു ഇഷ്ടപെടുന്നില്ല എന്ന് മാത്രമല്ല നമ്മൾ കഴിവിന്റെ പരമാവധി അനാശ്രയനാവനും ആരോടും സഹായങ്ങൾ ചോദിക്കാതെ ജീവിക്കാനുള്ള കരുത്തും നേടി എടുക്കണം.
ആളുകളെ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ അല്ലാഹു നമ്മെ സഹായിക്കട്ടെ. ജനങ്ങൾക്ക് പകരം അല്ലാഹുവിനെ മാത്രം ആശ്രയിക്കേണ്ടി വരുന്നവരായി അല്ലാഹു നമ്മെ മാറ്റി തരുമാറാകട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം