സൽകർമ്മങ്ങളുടെ അടയാളങ്ങൾ
റസൂൽ(സ) അരുളി: “രണ്ടുതുള്ളികളെക്കാൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊന്നുമില്ല. അല്ലാഹുവിനെക്കുറിച്ചുള്ള ഭയത്താൽ ഒഴുക്കുന്ന കണ്ണുനീർ തുള്ളിയും അല്ലാഹുവിന്റെ മാർഗത്തിൽ ഒഴുകുന്ന രക്തതുള്ളിയും.” ശേഷം റസൂൽ(സ) കൂട്ടിച്ചേർത്തു. “അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ രണ്ട് അടയാളങ്ങളുണ്ട്. അല്ലാഹുവിന്റെ മാർഗത്തിലുള്ള പോരാട്ടത്തിനിടയിൽ ശരീരത്തിൽ ബാക്കിയായ പാടുകളും, അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ആരാധനാകർമങ്ങൾ മുഖേന അവന്റെ ശരീരത്തിൽ ബാക്കിയായ അടയാളങ്ങളും.” ഈ ഹദീസിനെ റസൂലിന്റെ അനുചരന്മാരെ മുൻനിർത്തി കൊണ്ടാണ് നാം ആലോചിക്കേണ്ടത്. നാം എങ്ങാനും റസൂലിന്റെ കാലത്താണ് ജീവിച്ചത് എങ്കിൽ നിരവധി യുദ്ധങ്ങളിലൂടെ നാം കടന്നു പോകുമായിരുന്നു. ഏതെങ്കിലുമൊരു യുദ്ധത്തിൽ നാം കൊല്ലപ്പെടാൻ വരെ സാധ്യത ഇല്ലേ? ഇനി ബദറിലും ഉഹ്ദിലും ഒന്നും നാം കൊല്ലപ്പെട്ടില്ലെങ്കിലും ഏറ്റവും ചുരുങ്ങിയത് നമ്മുടെ അവയവങ്ങളിൽ യുദ്ധത്തിൽ പങ്കെടുത്തതിന്റെ മുറിവുകളും അടയാളങ്ങളും ബാക്കിയാവുമായിരുന്നു. ഇത്തരം മുറിവു പറ്റിയ ആളുകളെ റസൂൽ(സ) സമാധാനിപ്പിക്കാറുണ്ടായിരുന്നു. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് പോരാടിയവർ നാളെ പരലോകത്ത് എത്തുമ്പോൾ ഒരു മുറിവോ പാടോ ഇല്ലാതെയാണ് അവർക്ക് അല്ലാഹു സ്വർഗപ്രവേശനം സാധ്യമാക്കുക എന്ന് റസൂൽ(സ) പറയാറുണ്ട്.
വിധിനിർണയ നാളിൽ അല്ലാഹു മനുഷ്യനോട് ചോദിക്കുന്ന ഒരു ചോദ്യത്തെപ്പറ്റി റസൂൽ(സ) മുന്നറിയിപ്പ് നൽകുന്നു. عن جسده فيما ابلاه
നിങ്ങളുടെ ശരീരം നിങ്ങൾ എങ്ങനെയാണ് ഉപയോഗപ്പെടുത്തിയത് എന്ന് നാളെ ചോദിക്കപ്പെടും. മനുഷ്യന്റെ ശരീരത്തെ പറ്റിയും അത് അല്ലാഹുവിന്റെ മാർഗത്തിൽ എങ്ങനെ ചിലവഴിക്കും എന്നുമുള്ള ആലോചനയിൽ വിശ്വാസി തീർച്ചയായും അവൻ്റെ കണ്ണിനെ പറ്റിയും കണ്ണുനീരിനെ പറ്റിയും ഓർക്കും. നമ്മുടെ ആരാധനകളിലും പ്രാർത്ഥനകളിലും പശ്ചാത്തലങ്ങളിലുമെല്ലാം കണ്ണുനീരിനു വളരെ ഗാഢവും വൈകാരികവുമായ സ്ഥാനമുണ്ട്. അല്ലാഹുവിനുവേണ്ടി കണ്ണുനീർ പൊഴിക്കുന്ന കണ്ണുകൾ നരകത്തെ സ്പർശിക്കുകയോ ഒരു തരത്തിലുള്ള ശിക്ഷക്ക് വിധേയമാവുകയോ ചെയ്യുകയില്ല എന്ന് റസൂൽ(സ) പഠിപ്പിക്കുന്നുണ്ട്.
അല്ലാഹുവിന്റെ മാർഗത്തിൽ നടത്തിയ പരിശ്രമങ്ങളുടെ അടയാളങ്ങൾ ചിലരുടെയെങ്കിലും ശരീരത്തിൽ നമുക്ക് കാണാൻ സാധിക്കും. നമ്മുടെ കൂട്ടത്തിൽ ഹജ്ജ് ചെയ്തവർക്ക് അത് നന്നായി മനസ്സിലാവും.(ജീവിതത്തിൽ ഒരു വട്ടമെങ്കിലും സ്വീകാര്യമായ ഹജ്ജ് ചെയ്യാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ) അറഫയിലെ ഇഹ്റാമിന്റെ വസ്ത്രത്തിലുള്ള ഹാജിമാരെ വീക്ഷിച്ചു നോക്കൂ..അവർ ദിവസങ്ങളായി ഉറക്കമൊഴിച്ചവരായിരിക്കും. മാത്രമല്ല അവരുടെ മുഖങ്ങൾ പൊടി പുരണ്ടും ഉറക്കമൊഴിച്ചത് കാരണം കണ്ണുകൾക്ക് അടിയിൽ തടിപ്പ് വന്നതായും കാണാൻ സാധിക്കും. അറഫയിൽ ശാരീരികമായി അത്ര ഉന്മേഷത്തിൽ ആരെയും നിങ്ങൾക്ക് കാണാൻ സാധിക്കില്ല. അവർ ക്ഷീണിച്ച് തളർന്നിട്ടുണ്ടാവും.
റസൂൽ(സ) പറയുന്നു: ‘ഹാജിമാർ അറഫയിൽ എത്തുന്ന സന്ദർഭത്തിൽ അല്ലാഹു മലക്കുകളോട് വീമ്പു പറയും.’
”ലോകത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും എന്നിലേക്ക് വന്നണഞ്ഞ അടിമകളെ നിങ്ങൾ നോക്കൂ… അവരുടെ മുടികൾ ചീകി ഒതുക്കിയിട്ടില്ല. അവരുടെ മുഖം പൊടി പുരണ്ടിരിക്കുന്നു, അവർ ക്ഷീണിതരാണ്. എന്നിട്ടും അവർ ഇടമുറിയാതെ ചോദിച്ചു കൊണ്ടേയിരിക്കുന്ന ഒരേയൊരു സംഗതി എൻ്റെ കാരുണ്യവും സ്നേഹവും മാത്രമാണ്.”
അറഫക്ക് സമാനമായ നിരവധി അനുഭവങ്ങളിലൂടെ പ്രവാചകനും അനുചരന്മാരും കടന്നു പോയിട്ടുണ്ട്. നിരവധി രാപ്പകലുകൾ അവർ അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ധർമ്മസമരത്തിലായിരുന്നു.
അല്ലാഹുവിൻ്റെ മാർഗത്തിൽ ജരാനര ബാധിക്കുന്നതും പരിക്ക് പറ്റുന്നതും വലിയ സഹനമാണ്. അത്തരം ആളുളെ മുൻനിർത്തി റസൂൽ(സ) പറയുന്നത് അല്ലാഹുവിൻ്റെ മാർഗത്തിലുണ്ടാവുന്ന മുറിപ്പാടുകൾക്ക് അല്ലാഹു സാക്ഷിയാണ് എന്നാണ്.
റസൂൽ(സ) യുടെ പേരക്കുട്ടി സൈനുൽ ആബിദീൻ മരണപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ മുതുകിൽ ധാരാളം പാടുകളുണ്ടായിരുന്ന്നെത്രെ. പാവങ്ങളായ ആളുകൾക്ക് വേണ്ടി ഭക്ഷണ ചുമട് എത്തിക്കുന്നതിനിടയിൽ ഉണ്ടായി വന്നതാണ് ആ പാടുകൾ. ഇത്തരം പാടുകളെല്ലാം അല്ലാഹുവിൻ്റെ മാർഗത്തിൽ നടത്തിയ കഠിന പ്രയത്നങ്ങളുടെ അടയാളങ്ങളാണ്.
സുജൂദ് വർധിപ്പിച്ചത് കാരണം നെറ്റിയിൽ നമസ്കാര തഴമ്പുള്ള ധാരാളം ആളുകളെ നമുക്ക് ചുറ്റിലും കാണാൻ സാധിക്കും. സുജൂദ് കാരണമുണ്ടായ അടയാളത്തെ കേവലം ഭൗതികമായി മനസ്സിലാക്കാവതല്ല. പടച്ച തമ്പുരാൻ്റെ അടിമകളുടെ മുഖം പ്രകാശിപ്പിക്കാൻ മാത്രം പോന്നതാണത്.
സ്വയം പരിക്കേൽപ്പിക്കാനും നെറ്റിയിൽ ഉരസി വേദനിപ്പിക്കാനുമല്ല ഞാൻ നിങ്ങളോട് പറയുന്നത്.
ശരീരത്തെ സ്വയം വേദനിപ്പിക്കുന്നതും പീഡിപ്പിക്കുന്നതും അല്ലാഹു നിരോധിച്ചിരിക്കുന്നു. പകരം, അല്ലാഹുവിന്റെ മാർഗത്തിൽ ശരീരത്തിലുണ്ടായ പാടുകളും അടയാളങ്ങളും നിങ്ങളുടെ ശരീരത്തിൽ ഉണ്ടായിരിക്കെ നിങ്ങൾ നടത്തുന്ന പ്രാർത്ഥന അല്ലാഹു കേൾക്കുന്ന സന്ദർഭത്തെ പറ്റി ആലോചിച്ചു നോക്കൂ…!!
നമ്മുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അല്ലാഹുവിന് മുന്നിൽ പ്രതീക്ഷ നഷ്ടപ്പെട്ടതിൻ്റെ അടയാളമല്ല. അവന്റെ പ്രീതി ലഭിക്കാൻ വേണ്ടിയും അവനിൽ അങ്ങേയറ്റത്തെ പ്രതീക്ഷയുള്ളത് കൊണ്ടും നമ്മുടെ പ്രാർത്ഥനകൾ ഒന്നും വൃഥാവിലാവില്ല എന്ന ഉറച്ച ബോധ്യമുള്ളത് കൊണ്ടും നാം പൊഴിച്ച കണ്ണു നീരുകളാണ് അത്.
അല്ലാഹു നമ്മുടെ പോരായ്മകൾ എല്ലാം പരിഹരിച്ചു തരുമാറാകട്ടെ. അല്ലാഹുവിൽ നിന്ന് അകന്നുപോവുന്ന സന്ദർഭങ്ങളിൽ എല്ലാം അവൻ നമ്മെ ചേർത്തു പിടിക്കട്ടെ. ആമീൻ. ( തുടരും )
വിവർത്തനം – ടി.എം ഇസാം