നമസ്ക്കാര സമയങ്ങളിലെ കണിശത
കഴിഞ്ഞ അധ്യായത്തിൽ കർമ നൈരന്തര്യത്തെ കുറിച്ചാണ് സൂചിപ്പിച്ചത്. എല്ലാ നല്ല അമലുകളിലും നൈരന്തര്യം കാത്തുസൂക്ഷിക്കാൻ നാം സന്നദ്ധമാവണം.
പരലോകത്ത് ആദ്യം ചോദ്യം ചെയ്യപ്പെടുന്ന കാര്യം നമസ്കാരമാണ് എന്ന് റസൂൽ (സ) മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരാൾ ഇസ്ലാമിൻ്റെ പ്രകാശത്തിലേക്ക് പ്രവേശിക്കുന്നതോടു കൂടി അയാൾ നിർബന്ധമായും നിർവഹിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കർമമാണ് നമസ്കാരം. ഇന്ന് നാം വിശദീകരിക്കാൻ ഉദ്ദേശിക്കുന്ന ഹദീസ് ഇതാണ്. ഇബ്നു മസ്ഊദ് (റ)പറയുന്നു: ”അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള അമൽ ഏതാണ് എന്ന് ഞാൻ റസൂലിനോട് ചോദിച്ചു. നമസ്കാരം കൃത്യസമയത്ത് നിർവഹിക്കലാണ് എന്ന് അവിടന്ന് മറുപടി നൽകി”
മറ്റൊരു റിപ്പോർട്ടിൽ ”നമസ്കാരം അതിൻ്റെ ആദ്യ സമയങ്ങളിൽ തന്നെ നിർവഹിക്കലാണ്” എന്നും കാണാം. നമസ്കാരം കൃത്യസമയത്ത് തന്നെ നിർവഹിക്കുക എന്നത് പ്രത്യക്ഷത്തിൽ വളരെ എളുപ്പമുള്ള കാര്യമാണെങ്കിലും യാഥാർത്ഥ്യം അങ്ങനെയല്ല. നമ്മൾ ഖിയാമു ലൈലിനെ കുറിച്ചും തറാവീഹിനെ കുറിച്ചും മറ്റ് സുന്നത്തായ കാര്യങ്ങളെ കുറിച്ചും ധാരാളം സംസാരിക്കുമ്പോഴും അഞ്ച് നേരത്തെ നിർബന്ധ നമസ്കാരങ്ങൾ അതിൻ്റെ ശരിയായ സമയത്ത് തന്നെ നിർവഹിക്കാൻ നാം മറന്നു പോവുന്നു.
നിർബന്ധ കാര്യങ്ങളിൽ പരലോകത്ത് ആദ്യം ചോദ്യം ചെയ്യപ്പെടുന്നതും ദീനിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗവുമാണ് നമസ്കാരം. അത് കൃത്യ സമയത്ത് തന്നെ അതിൻ്റെ എല്ലാ പൂർണ്ണതയോടും കൂടി നാം നിർവഹിക്കുന്നതാണ് ഒരു പക്ഷെ അല്ലാഹുവിൻ്റെ സ്നേഹം ലഭിക്കാൻ നാം ചെയ്യുന്ന ഏറ്റവും വലിയ കർമം.
രാത്രി നമസ്കാരവും സുന്നത്ത് നമസ്കാരവും നിർവഹിക്കുമ്പോഴും ഏറ്റവും പ്രധാനപ്പെട്ടത് അഞ്ച് നേരത്തെ നിർബന്ധ നമസ്കാരങ്ങൾ അതിൻ്റെ കൃത്യ സമയത്ത് നിർവഹിച്ച് പൂർത്തികരിക്കലാണ്. കാരണം നിർബന്ധ നമസ്കാരങ്ങളിലെ ന്യൂനതകൾ പരിഹരിക്കപ്പെടുന്നത് സുന്നത്ത് നമസ്കാരങ്ങളിലൂടെയാണ്. നമ്മുടെ നമസ്കാരങ്ങളിൽ സ്വാഭാവികമായും ന്യൂനതകൾ സംഭവിച്ചിട്ടുണ്ടാവും. അതു കൊണ്ടാണ് പരലോകത്ത് നിന്ന് അപൂർണ്ണമായ നമസ്കാരങ്ങൾ കാണുമ്പോൾ ”ഐഛിക കർമങ്ങൾ എവിടെ?” എന്ന് അല്ലാഹു ചോദിക്കുന്നത്. തുടർന്ന് നിർബന്ധ കർമങ്ങളിൽ വന്നു പോയ പോരായ്മകളും വീഴ്കളും ഐശ്ചിക കർമങ്ങൾ കൊണ്ട് നികത്തപ്പെടും.
നമസ്കാരം അതിൻ്റെ ആദ്യസമയത്ത് തന്നെ നിർവഹിക്കുന്നത് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കർമമായി മാറുന്നത് എങ്ങനെയാണ്? എല്ലാ നമസ്കാരങ്ങളും (ഇശാ ഒഴികെ, ഇശാഅൻ്റെ കാര്യത്തിൽ ചെറിയ ഇളവുകളുണ്ട്) അതിൻ്റെ ആദ്യ സമയത്ത് തന്നെ നിർവഹിക്കാനാണ് പ്രോൽസാഹിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്താണ് നമസ്കാരത്തിൻ്റെ ആദ്യ സമയത്തിന് ഇത്ര പ്രത്യേകത.? حي على الصلاة، حي على الفلاح (നിങ്ങൾ നമസ്ക്കാരത്തിലേക്ക് വരൂ… നിങ്ങൾ വിജയത്തിലേക്ക് വരൂ) എന്ന് കേൾക്കുമ്പോൾ തന്നെ, അത് കേട്ട ആദ്യ സമയത്ത് തന്നെ നാം അല്ലാഹുവിലേക്ക് നമസ്കരിക്കാൻ ചെല്ലുന്നു എന്നതിന്റെ അർത്ഥം നാം ആകാംക്ഷയോടെയും പ്രത്യാശയോടെയും അല്ലാഹുവിലേക്ക് അടുക്കാൻ ആഗ്രഹിക്കുന്നു എന്നാണ്. ഇബ്നുൽ ഖയ്യിം(റ) പറയുന്നത്: “നിങ്ങൾ നമസ്ക്കാരത്തിലേക്ക് ചെല്ലേണ്ടത് അല്ലാഹുവിനെ ആഗ്രഹിക്കുന്ന ഹൃദയവും കൊണ്ടാണ്” എന്നാണ്. അതായത് അല്ലാഹുവിനെ കാണാൻ കൊതിക്കുന്ന ഹൃദയവുമായി. ബാങ്ക് കൊടുക്കാൻ വേണ്ടി റസൂൽ (സ) “ബിലാലെ ഞങ്ങളെ സന്തോഷിപ്പിക്കൂ” എന്നാണ് പറയാറുണ്ടായിരുന്നത്. എന്റെ കൺകുളിർമയാണ് നമസ്ക്കാരം എന്നും അവിടന്ന് പറയാറുണ്ടായിരുന്നു. ഈ രൂപത്തിൽ ജീവിതത്തിൽ നമസ്ക്കാരത്തിനു മുൻഗണന നൽകുന്നു എന്നതിന്റെ അർത്ഥം നാം ജീവിതത്തിൽ അല്ലാഹുവിന് മുൻഗണന നൽകുന്നു എന്നാണ്.
നമ്മുടെ യാത്രകളും കരിയർ സംബന്ധിയായും മറ്റുമൊക്കെയുള്ള, ഇടക്കെങ്കിലും നമസ്ക്കാരം പിന്തിക്കേണ്ടി വരുന്ന നമ്മുടെ
തിരക്കുകൾ അല്ലാഹുവിന് തീർച്ചയായും മനസ്സിലാവും. യാത്രകളിൽ ഒക്കെ നമ്മൾ രണ്ട് നമസ്ക്കാരങ്ങൾ ചേർത്ത് നമസ്ക്കരിക്കാറുമുണ്ട്. എന്നാൽ നമ്മുടെ സാധാരണ ദിവസങ്ങളിൽ നമസ്കാരങ്ങൾ അതിൻ്റെ ആദ്യ സമയത്ത് തന്നെ നിർവഹിക്കാറുണ്ടോ? ചില ആളുകൾ അടുത്ത നമസ്കാരം തുടങ്ങുന്നതിന് അഞ്ച് മിനിറ്റ് മുമ്പാണ് മുന്നേയുള്ള നമസ്ക്കാരം നിർവഹിക്കുക. ചില ആളുകളാവട്ടെ നമസ്കാരത്തിനായി ബാങ്ക് വിളിച്ചതിന് അഞ്ചു മിനിറ്റ് ആവുന്നതിന് മുന്നേ തന്നെ അതിന് ഒരുങ്ങും. ഏത് സമയത്ത് നമസ്കരിച്ചാലും ഒരേ നമസ്ക്കാരങ്ങൾ തന്നെയാണ് രണ്ട് കൂട്ടരും നിർവഹിക്കുന്നത്. പക്ഷെ അത് രണ്ട് കൂട്ടരുടേയും അല്ലാഹുവിനോടുള്ള പെരുമാറ്റവും നിലപാടും വെളിപ്പെടുത്തി തരുന്നു. മുനാഫിഖീങ്ങളെ പറ്റി അല്ലാഹു പറയുന്നത്: ”അവർ നമസ്കാരത്തിന് അലസരായിക്കൊണ്ടാണ് എഴുന്നേറ്റ് നിൽക്കുന്നത്”.
മുൻ സമുദായങ്ങളെ അല്ലാഹു ശിക്ഷക്ക് ഇരയാക്കാനുള്ള കാരണമായി പറയുന്നത്: “അവർക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിൻതലമുറ വന്നു. അവർ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു” എന്നാണ്. “നമസ്കാരം പാഴാക്കി” എന്ന പ്രയോഗത്തെ ഉമർ(റ) വിശദീകരിച്ചത് “അനുവദനീയമായതിനും അപ്പുറത്തേക്ക് അവർ നമസ്ക്കാരത്തെ പിന്തിച്ചു” എന്നാണ്. അവർ അസർ മഗ്രിബിൻ്റെ സമയത്ത് നമസ്കരിക്കുകയും അവരുടെ ഇഛകളെ പിൻപറ്റുകയും ചെയ്തു. പതിവായി നമസ്കാരം പിന്തിച്ചാൽ സ്വാഭാവികമായി അതൊരു ശീലമായി മാറുകയും അവസാനം നമസ്കാരം തന്നെ ഒഴിവാക്കുന്ന അസ്ഥയിലേക്ക് നാം എത്തുകയും ചെയ്യും.
ഈ ആയത്തിൻ്റെ തൊട്ടു മുന്നേ അല്ലാഹു സൂചിപ്പിക്കുന്നത് “സുജൂദ് ചെയ്തും കരഞ്ഞും നിലം പതിക്കുന്നവരെ” കുറിച്ചാണ്. ഈ ആയത്തിന്റെ ആശയം ഉമർ(റ) വളരെ സുന്ദരമായി വിശദീകരിക്കുന്നത് കാണാവുന്നതാണ്. അദ്ദേഹം പറയുന്നത് സദ്വൃത്തർ خضوع ഉള്ളവരാണ്. അഥവാ നമസ്കാരത്തിൽ അവർ കൃത്യമായി നിൽക്കുകയും ശാരീരികമായി തന്നെ വിനയം കാണിക്കുന്നവരുമാണ്. അതിനോടൊപ്പം തന്നെ അവർ خشوع ഉം പ്രകടിപ്പിക്കുന്നു. അഥവാ ആന്തരികമായ അച്ചടക്കവും അവർ പാലിക്കുന്നു. അത് കാരണം അവർ കരയുന്നു. എന്നാൽ അവർക്ക് ശേഷം വരുന്നവർക്ക് രണ്ടും നഷ്ടപ്പെടുക മാത്രമല്ല അവർ നമസ്കാരം തന്നെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുന്നവരായി മാറി.
ഇബ്നുൽ ഖയ്യിം(റ) നമസ്കാരത്തെ പറ്റി പറയുമ്പോൾ സൂചിപ്പിക്കുന്ന വളരെ ഗൗരവമേറിയ ഒരു വർത്തമാനം ഇങ്ങനെയാണ്. “ഒരടിമ നമസ്കാരത്തിലേക്ക് പ്രവേശിക്കുകയും അല്ലാഹുവിലേക്ക് തിരിയുകയും ചെയ്യുമ്പോൾ, അല്ലാഹു പറയും: എന്റെ അടിമേ..,എങ്ങോട്ടേക്കാണ് നീ തിരിയുന്നത്.? എന്നേക്കാൾ മികച്ചതും ഉന്നതനുമായ ആരെയെങ്കിലും നീ കണ്ടെത്തിയോ..?”
നമുക്ക് ആദ്യം മൗലികമായ കർമങ്ങൾ നന്നാക്കി തുടങ്ങേണ്ടതുണ്ട്. ആദ്യം നമുക്ക് അഞ്ചു നേരത്തെ നമസ്ക്കാരങ്ങൾ കൃത്യസമയത്ത് ഒരിക്കലും നഷ്ടപെട്ടു പോവാതെ നിർവഹിക്കാൻ ശ്രമിക്കാം. അങ്ങനെ നിർവഹിക്കാൻ പറ്റുന്നത് അല്ലാഹുവിന്റെ വലിയ അനുഗ്രഹം തന്നെയാണ്. റസൂൽ (സ) പറയുന്നു: “അഞ്ചു നേരത്തെ നമസ്കാരങ്ങൾ കൃത്യസമയത്തു ഏറ്റവും പൂർണതയോട് കൂടി നിർവഹിച്ച ഒരു വ്യക്തി പരലോകത്ത് ഹാജരായാൽ അല്ലാഹു അതിന്റെ പ്രാധാന്യം മനസിലാക്കുകയും അദ്ദേഹത്തിന് സ്വർഗം വാഗ്ദാനം ചെയ്യുകയും ചെയ്യും.
അല്ലാഹു വളരെ കൃത്യനിഷ്ഠയോട് കൂടി നമസ്ക്കാരം നിർവഹിക്കാൻ തൗഫീഖ് നൽകുകയും അതിലെ കുറവുകൾ നമുക്ക് പരിഹരിച്ചു തരുകയും ചെയ്യുമാറാകട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം