ഏറ്റവും മികച്ച ദിനങ്ങൾ – 1

اللهم اجعل خير زماني آخره, وخير عملي خواتمه, وخير أيامي يوم ألقاك
“അല്ലാഹുവേ, എന്റെ ഏറ്റവും മികച്ച കാലം എന്റെ അവസാന കാലം ആക്കേണമേ. ഏറ്റവും മികച്ച സൽകർമ്മം അവസാനത്തേത് ആക്കി തരേണമേ. എന്റെ ഏറ്റവും മികച്ച ദിനം, നിന്നെ കണ്ടു മുട്ടുന്ന ദിനവുമാക്കി തരേണമേ. ”
സലഫുകളുടെ ജീവിതത്തിൽ അവർ നടത്തിയ ഏറ്റവും സുന്ദരവും തഖ്വ നിർഭരവുമായ പ്രാർത്ഥനകൾ ജീവിതത്തിൻ്റെ അവസാന വേളകളിലെ പ്രാർത്ഥനകളാണ്. മുത്തഖീങ്ങളായ നമ്മുടെ മുൻഗാമികളുടെ ജീവിതങ്ങൾ പരിശോധിക്കുമ്പോഴെല്ലാം മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണത്.
അബൂബക്കർ സിദ്ദീഖ് (റ) റസൂൽ (സ്വ) ക്ക് വേണ്ടി ജീവിതം മുഴുവനായി സമർപ്പിച്ച വ്യക്തിയായിരുന്നു. ജീവതത്തിൽ മാത്രമല്ല മരണവേളയിൽ പോലും അദ്ദേഹം പ്രവാചകനെ അക്ഷരാർത്ഥത്തിൽ അനുകരിക്കുകയായിരുന്നു. സ്വർഗത്തിൽ അബൂബക്കറിൻ്റെ സ്ഥാനം എൻ്റെ തൊട്ടടുത്താണ് എന്ന് പ്രവാചകൻ സന്തോഷവാർത്ത അറിയിക്കുകയുണ്ടായി. അതേ പ്രവാചകൻ്റെ തൊട്ടപ്പുറത്താണ് മരണശേഷം അബൂബക്കർ (റ)വിനെ മറമാടിയത്. മരണശേഷവും റസൂൽ (സ്വ)ക്ക് ഒപ്പമാവാൻ അബൂബക്കർ (റ) എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടാവുമെന്ന് നാം സങ്കൽപ്പിച്ചു നോക്കിയാൽ മതി. ഭൂമിയിൽ നിന്നുള്ള വിടവാങ്ങലിന് ശേഷവും റസൂൽ ബാക്കി വെച്ച പ്രവാചകത്വത്തിൻ്റെ അടയാളങ്ങളിലേക്ക് എത്ര തവണ അദ്ദേഹം നോക്കി നിന്നിട്ടുണ്ടാവും.
അബൂബക്കർ (റ) മനോഹരമായ അവസാന നിമിഷങ്ങളാൽ അനുഗ്രഹീതനായിരിന്നു. 63 ആം വയസ്സിൽ, റസൂൽ (സ്വ) വിടവാങ്ങിയ അതേ ദിവസവും അതേ പ്രായത്തിലുമാണ് അദ്ദേഹവും ഈ ലോകത്തോട് വിട പറഞ്ഞത്. ഈ കാര്യം നേരത്തെ മനസ്സിലാക്കിയ അബൂബക്കർ (റ) അതിൽ സന്തോഷവാനാവുകയും മരണശയ്യയിൽ റസൂൽ (സ്വ) ധരിച്ച അതേ വസ്ത്രം ധരിച്ചു കിടക്കുകയും ചെയ്തു. അദ്ദേഹം നടത്തിയ ഹൃദയസ്പർശിയായ പ്രാർത്ഥന ഇങ്ങനെയായിരുന്നു:
اللهم اجعل خير زماني آخره
“അല്ലാഹുവേ, എന്റെ ഏറ്റവും മികച്ച കാലം എന്റെ അവസാന കാലമാക്കിത്തരണേ.” പ്രൗഢോജ്വലമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. എങ്കിലും, തൻ്റെ അവസാന നാളുകൾ ഏറ്റവും മികച്ചതാവാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അദ്ദേഹം തുടർന്ന് പ്രാർത്ഥിച്ചു.
وخير عملي خواتمه
“ഏറ്റവും മികച്ച സൽകർമ്മം അവസാനത്തേത് ആക്കി തരേണമേ.”
‘അബൂബക്കർ (റ) അത്ഭുതാവഹമായ പല നേട്ടങ്ങളും കരസ്ഥമാക്കിയിട്ട് പോലും, അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ആഗ്രഹം മറ്റൊന്നായിരുന്നു. തൻ്റെ ഏറ്റവും മികച്ച കർമം അവസാനത്തെ കർമം ആയിത്തീരുക.! ആ പ്രാർത്ഥന അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
وخير أيامي يوم ألقاك
“എന്റെ ഏറ്റവും മികച്ച ദിനം, നിന്നെ കണ്ടു മുട്ടുന്ന ദിനമാക്കി തരണേ. ” അതായത് വിധിനിർണ്ണയ നാളിൽ അല്ലാഹുവിനെ കാണാൻ പറ്റണേ എന്ന്.
നമുക്ക് ഏറെ ഊർജം നൽകുന്ന ഒരു പ്രാർത്ഥനയാണിത്. മരണവേളയിൽ അബൂബക്കർ (റ) യൂസഫ് നബിയുടെ ഒരു പ്രാർത്ഥന കൂടി ഓർമ്മപ്പെടുത്തി.
تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ
“(അല്ലാഹുവേ) നീയെന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളിലുള്പ്പെടുത്തുകയും ചെയ്യേണമേ.”
അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിന്റെ ഏറ്റവും ഉൽകൃഷ്ടമായ രീതി കൂടിയാണിത്. കാരണം നമ്മുടെ അവസാന കാലത്തെയും, അവസാന അമലിനെയും ഒടുവിൽ അല്ലാഹുവിനെ കണ്ടുമുട്ടുന്ന ദിവസത്തെയും പറ്റിയാണല്ലോ നാം പറയുന്നത്.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1