മനസ്സിന്റെ ആർത്തി – 9
اللهم قني شح نفسي “അല്ലാഹുവേ, മനസ്സിന്റെ ആർത്തിയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു”
പ്രവാചകനും അവിടുത്തെ അനുചരന്മാരും ഭയപ്പെടുകയും ആശങ്ക പുലർത്തുകയും ചെയ്ത ചില വിഷയങ്ങൾ കാണുമ്പോൾ നാം അൽഭുതപ്പെട്ടു പോകും. നന്മകളിൽ ഏറെ മുന്നേറിയ അവർ, ഒരിക്കലും അകപ്പെട്ടു പോകാൻ സാധ്യതയില്ലാത്ത തിന്മകളിൽ നിന്നുപോലും അഭയം തേടുന്നത് കാണാം. എന്തിനാണ് ശാരീരികമായും മാനസികമായും അത്തരം തിന്മകളിൽ നിന്ന് അവർ അല്ലാഹുവോട് അഭയം തേടിയത് എന്നത് നമ്മുടെ ആലോചനകൾക്കുമപ്പുറത്തുള്ള കാര്യമാണ്. ഇബ്റാഹീം നബിക്ക് സിദ്ദീഖ് എന്ന് വിശേഷണമുള്ളപ്പോൾ തന്നെ, തന്നിൽ നിന്നും അസത്യമായത് വല്ലതും സംഭവിച്ചു പോകുമോ എന്ന് അദ്ദേഹം ഭയപ്പെടുന്നു. സ്ത്രീകളിൽ തന്നെ ഏറ്റവും മികച്ച സ്വഭാവത്തിന് ഉടമയായ മർയം ബീവി തന്നിൽ നിന്ന് മര്യാദയില്ലായ്മ സംഭവിച്ചു പോകുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. അല്ലാഹുവുമായിട്ട് അവർ നിലനിർത്തിയ ബന്ധത്തിന്റെ ഉയർന്ന നിലവാരമാണ് ഇതൊക്കെയും വെളിപ്പെടുത്തി തരുന്നത്.
സമാനമായ മറ്റൊരു ഉദാഹരണം അബ്ദു റഹ്മാൻ ബിൻ ഔഫ് (റ) വിന്റേതാണ്. അദ്ദേഹം നടത്തിയ വളരെ ശ്രദ്ധാർഹമായ ഒരു പ്രാർത്ഥനയാണ് ഈ അധ്യായം. വളരെ സമ്പന്നനായ അബ്ദു റഹ്മാൻ ബിൻ ഔഫ് (റ) മദീനയിലെ തന്നെ ഏറ്റവും ഉദാരനും ദാനശീലനുമായ ഒരാളായിട്ടാണ് ഇസ്ലാമിക ചരിത്രത്തിൽ അടയാളപ്പെടുത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ കച്ചവട ചരക്കുകൾ മദീനയിലേക്ക് എത്തുമ്പോൾ ഏതോ സൈന്യം ആക്രമിക്കാൻ വരുന്നതാണോ എന്ന് സംശയിക്കാൻ മാത്രം ശബ്ദമുഖരിതമാവുമായിരുന്നു. അത്രയും വലുതായിരുന്നു അദ്ദേഹത്തിന്റെ കച്ചവടവും ചരക്കുകളും. അദ്ദേഹം ത്വവാഫിന്റെ വേളയിൽ നടത്തിയ പ്രാർത്ഥന ഇങ്ങനെയാണ്.
اللهم قني شح نفسي
“അല്ലാഹുവേ, മനസ്സിന്റെ ആർത്തിയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു”
ത്വവാഫ് ചെയ്യുമ്പോൾ അദ്ദേഹം മറ്റൊന്നും ചെയ്യുകയോ ചൊല്ലുകയോ ചെയ്തിരുന്നില്ല. ഈ പ്രാർത്ഥന ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. കഅബക്ക് ചുറ്റും “അല്ലാഹുവേ, മനസ്സിന്റെ ആർത്തിയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു” എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് നടക്കുന്ന അബ്ദു റഹ്മാൻ ബിൻ ഔഫ് (റ) വിനെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.!!
എന്തിനാണ് ധാരാളമായി ഈ പ്രാർത്ഥന മാത്രം നടത്തുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ്: “മനസ്സിന്റെ ആർത്തിയിൽ നിന്ന് സംരക്ഷിക്കപ്പെടുന്ന പക്ഷം ഞാൻ മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ മറ്റു തിന്മകളിൽ അകപ്പെട്ടു പോവുകയോ ഇല്ല.
മനസ്സിന്റെ ആർത്തിയിൽ നിന്ന് മുക്തി നൽകാനാണ് അദ്ദേഹം പ്രാർത്ഥിക്കുന്നത്. സാധാരണ സാമ്പത്തിനോടാണ് നമുക്ക് ആർത്തി ഉണ്ടാവാറുള്ളത്.
സമ്പത്തിനോടുള്ള ആർത്തി കാരണം ആളുകളെ വഞ്ചിച്ച് സമ്പാദിക്കുന്നതാണ് അത് പ്രകടമാവുന്ന ഒരു രീതി. വളരെ ദരിദ്രനായ ഒരാൾക്ക് സമ്പത്ത് ആവശ്യമായി വരുമ്പോഴുണ്ടാവുന്ന ആഗ്രഹത്തെ പറ്റിയല്ല, മറിച്ച് ആവിശ്യത്തിലധികം ഉണ്ടാവുകയും എന്നിട്ടും സമ്പത്തിനോട് ആർത്തി വെച്ച് പുലർത്തുകയും ചെയ്യുന്നവരിലാണ് അത് പ്രകടമാവുക. റസൂൽ പറഞ്ഞത് പോലെ: “ആദം സന്തതിക്ക് ഒരു താഴ്വര നിറയെ സ്വർണ്ണം നൽകപ്പെട്ടാൽ അവൻ മറ്റൊന്ന് കൂടി ആഗ്രഹിക്കും. അങ്ങനെ മറ്റൊന്ന് നൽകപ്പെട്ടാൽ അവൻ മൂന്നാമത് ഒന്ന് കൂടി ആഗ്രഹിക്കും. വായിൽ മണ്ണ് നിറയുന്നത് വരെ അവന് തൃപ്തിയടയുകയില്ല.”
ഇത് ആർത്തിയുടെ ഒരു രൂപമാണ്. എന്നാൽ അബ്ദു റഹ്മാൻ ബിൻ ഔഫ് (റ) പ്രാർത്ഥിക്കുന്നത് ആത്മീയമായ മറ്റൊരു തലത്തിൽ നിന്നാണ്. അദ്ദേഹം പറയുന്നത് സമ്പത്തിനോടുള്ള ആർത്തി പോലത്തന്നെ സ്വന്തം മനസിനോടുള്ള ആർത്തി നമ്മെ ഇല്ലാതാക്കും എന്നാണ്. നമ്മൾ തിന്മകളാൽ പ്രേരിപ്പിക്കപ്പെടുന്നത് മനസിനോടും മനസിന്റെ താല്പര്യങ്ങളോടുമുള്ള ആർത്തി കൊണ്ടാണ്.
ഈ പ്രാർത്ഥന നാം പഠിക്കാനും പ്രാർത്ഥിക്കാനും ശ്രമിക്കണം. അല്ലാഹുവിന്റെ അതിരുകൾ ലംഘിക്കുന്ന എല്ലാത്തിൽ നിന്നും നാം അവനോട് അഭയം തേടണം. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1