പ്രവാചകനെ വിസ്മയിപ്പിച്ച പ്രാർത്ഥന – 17
يا من لا تراه العيون، ولا تخالطه الظنون، ولا يصفه الواصفون، ولا تغيره الحوادث، ولا يخشى الدوائر، يعلم مثاقيل الجبال، ومكاييل البحار، وعدد قطر الأمطار، وعدد ورق الأشجار، وعدد ما أظلم عليه الليل وأشرق عليه النهار، ولا تواري منه سماء سماء، ولا أرض أرضاً، ولا بحر ما في قعره، ولا جبل ما في وعره، اجعل خير عمري آخره، وخير عملي خواتيمه، وخير أيامي يوم ألقاك فيه
“ഒരാളുടെ ദൃഷ്ടിയിലും പെടാത്തവനെ, ഊഹങ്ങൾ കലരാത്തവനെ, വർണിക്കുന്നവരുടെ വർണനകൾക്കതീതനായവനെ, മാറ്റങ്ങളേൽക്കാത്തവനെ, ദുഷ്ട ശക്തികളെയൊന്നും ഭയമില്ലാത്തവനെ, പർവതങ്ങളുടെ തൂക്കവും സമുദ്രങ്ങളുടെ അളവും ഇലകളുടെയും മഴത്തുള്ളികളുടെയും എണ്ണവും അറിയുന്നവനെ, രാത്രി ഇരുട്ടിലാക്കുന്നവയേയും പകൽ പ്രകാശിപ്പിക്കുന്നവയേയും അറിയുന്നവനെ, ആകാശഭൂമികളും അഴലാഴങ്ങളും ഗിരിശൃംഗങ്ങളും തന്നിൽ നിന്ന് മറക്കപ്പെടാത്തവനെ, എന്റെ ആയുസ്സിന്റെ ഏറ്റവും നല്ല ഭാഗം അതിന്റെ അന്ത്യവും എന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും നല്ലത് അതിന്റെ അവസാനവും ദിനങ്ങളിലേറ്റവും മികച്ചത് നിന്നെ കണ്ടുമുട്ടുന്ന ദിനവുമാക്കേണമേ”
വളരെ പ്രത്യേകമായ ഒരു പ്രാർത്ഥനയാണ് ഈ അധ്യായത്തിലൂടെ പരിചയപ്പെടുത്താൻ പോവുന്നത്. അബ്ദുല്ലാഹി ബിൻ മസൂദിന്റെ (റ) പ്രാർത്ഥന പ്രവാചകൻ കേട്ടത് പോലെ സമാനമായ ഒരു സംഭവമാണ് ഇത്. റസൂൽ (സ്വ) പള്ളിയുടെ അരികിലൂടെ നടന്നു പോകുമ്പോൾ പള്ളിയിൽ നിന്നും അധികമാർക്കും സുപരിചിതനല്ലാത്ത, വളരെ ആവേശത്തോടെ നന്മകൾ ചെയുന്ന ഗ്രാമീണനായ മനുഷ്യൻ പ്രാർത്ഥിക്കുന്നത് പ്രവാചകൻ കേൾക്കുകയുണ്ടായി. അദ്ദേഹത്തെ നേരിട്ട് പരിചയം ഇല്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ പ്രാർത്ഥന റസൂലിനെ ഏറെ അത്ഭുതപ്പെടുത്തി. പ്രവാചകൻ അല്ലാഹുവുമായിട്ട് ഏറ്റവും അടുത്ത് നിൽക്കുന്നയാളായത് കൊണ്ടു തന്നെ മറ്റ് ആളുകൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുന്നത് കേൾക്കുമ്പോൾ അതിന്റെ പൊരുൾ മനസ്സിലാക്കുകയും അല്ലാഹുവുമായിട്ടുള്ള അവരുടെ ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. ഒരുപക്ഷേ തഖ്വയുള്ളവർ അല്ലാഹുവിനെ ഏറ്റവും സമഗ്രവും കുറ്റമറ്റതുമായ രീതിയിലാവില്ല വിളിക്കുന്നതെങ്കിലും തന്റെ രക്ഷിതാവ് എത്രമാത്രം കഴിവുള്ളവനാണെന്ന് കൃത്യമായി അറിഞ്ഞുകൊണ്ടായിരിക്കും വിളിക്കുന്നത്.
ഈ പ്രാർത്ഥനയിൽ അദ്ദേഹം പ്രകൃതിയിലെ പർവ്വതങ്ങൾ, സമുദ്രം, മഴ, വൃക്ഷം തുടങ്ങി ഏകദേശം എല്ലാ ഘടകങ്ങളെയും പ്രതിപാദിക്കുന്നു. കേവലം പ്രകൃതിപരം എന്ന നിലയിൽ ഒതുക്കാൻ കഴിയാത്ത പലതും ഉണ്ടെന്ന് സ്വയം മനസ്സിലാക്കിയ അദ്ദേഹം മറ്റു പല സൃഷ്ടി ജാലങ്ങളെയും ഈ പ്രാർത്ഥനയിൽ എടുത്ത് പറയുന്നു. അല്ലാഹുവിനുള്ള സ്തുതി എത്ര പറഞ്ഞാലും അവസാനിക്കാത്തതാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. നം സ്തുതിച്ചു കൊണ്ടേയിരിക്കുക. ധാരാളം സ്തുതിച്ചതിന് ശേഷം അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.
اللهم اجعل خير عمري آخره، وخير عملي خواتيمه، وخير أيامي يوم ألقاك فيه
“അല്ലാഹുവെ, എന്റെ ഏറ്റവും മികച്ച കാലം എന്റെ അവസാന കാലം ആക്കേണമെ, ഏറ്റവും മികച്ച സൽകർമ്മം അവസാനത്തേത് ആക്കി തരേണമെ, എന്റെ ഏറ്റവും മികച്ച ദിനം, നിന്നെ കണ്ടു മുട്ടുന്ന ദിനവുമാക്കി തരേണമേ. ”
ഈ പരമ്പരയിൽ ആദ്യം ചർച്ച ചെയ്ത, അബൂബക്കർ സിദ്ധീഖ് (റ) അദ്ദേഹത്തിന്റെ അവസാന കാലത്ത് നടത്തിയതിന് സമാനമായ പ്രാർത്ഥനയാണ് ഇത്.
ഗ്രാമീണനായ മനുഷ്യന്റെ പ്രാർത്ഥന കേട്ട് അത്ഭുതപ്പെട്ട റസൂൽ അദ്ദേഹത്തിന്റെ പ്രാർത്ഥന കഴിയുന്നത് വരെ അവിടെ കാത്തുനിൽക്കാനും പ്രാർത്ഥന കഴിഞ്ഞാൽ റസൂലിനെ അറിയിക്കാനും ഒരാളെ ഏർപ്പാട് ചെയ്യുകയുണ്ടായി. പ്രാർത്ഥന കഴിഞ്ഞപ്പോൾ അദ്ദേഹം ആരാണെന്നും എവിടെ നിന്നാണെന്നും പ്രവാചകൻ ആരാഞ്ഞു. അദ്ദേഹം ബനൂ അംറിലെ ആളാണെന്ന് പറഞ്ഞപ്പോൾ പ്രവാചകൻ അദ്ദേഹത്തിന് ഒരു സമ്മാനം നൽകുകയുണ്ടായി. എന്നിട്ട് ചോദിച്ചു: “ഞാൻ എന്തിനാണ് താങ്കൾക്ക് ഈ സമ്മാനം നൽകുന്നത് എന്ന് താങ്കൾക്ക് അറിയാമോ.? ഒരുപക്ഷെ നമ്മൾ തമ്മിൽ ബന്ധമുണ്ടായിരിക്കാം എന്ന് പ്രവാചകൻ തന്നെ അതിന് മറുപടിയും പറഞ്ഞു. അല്ലാഹുവിനെ പറ്റി സുന്ദരമായി സംസാരിക്കാൻ ഒരാൾ കവി ആയിരിക്കണം എന്ന് യാതൊരു നിർബന്ധവുമില്ല. അല്ലാഹുവിനെ അറിയുക എന്നതാണ് പ്രധാനം. അല്ലാഹുവുമായിട്ടുള്ള ബന്ധത്തിൽ നമ്മുടെ ആത്മാർത്ഥത എത്ര അധികമുണ്ടോ അതിനൊത്ത് അല്ലാഹുവിനെ കുറിച്ചുള്ള നമ്മുടെ സ്തുതി പറച്ചിലുകൾക്ക് സൗന്ദര്യമേറും.
പർവതങ്ങളുടെ തൂക്കവും സമുദ്രങ്ങളുടെ അളവും ഇലകളുടെയും മഴത്തുള്ളികളുടെയും എണ്ണവും അറിയുന്ന നാഥൻ നമ്മുടെ എല്ലാ പാപങ്ങളും പൊറുത്തു നൽകുമാറാകട്ടെ. ആയുസ്സിന്റെ ഏറ്റവും നല്ല ഭാഗം അതിന്റെ അന്ത്യവും പ്രവർത്തനങ്ങളിൽ ഏറ്റവും നല്ലത് അതിന്റെ അവസാനവും ദിനങ്ങളിലേറ്റവും മികച്ചത് അല്ലാഹുവിനെ കണ്ടുമുട്ടുന്ന ദിനവുമാക്കി അവൻ മാറ്റിതരുമാറാകട്ടെ. ആമീൻ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1