റമദാൻ പച്ചമനുഷ്യനെ വാർത്തെടുക്കുന്ന കാലം

മഹാമാരിയുടെ അഗ്നി പരീക്ഷണങ്ങളിൽ നിന്നും ഘട്ടം ഘട്ടമായി മോചനം കിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുണ്യങ്ങളുടെ പൂക്കാലം വീണ്ടും സമാഗതമാകുകയാണ്.പഠിപ്പിക്കപ്പെട്ട പഞ്ചകർമ്മങ്ങളിലെ എല്ലാ അനുഷ്ഠാനങ്ങളുടെയും ആത്മാവ് ഉൾകൊള്ളുന്ന റമദാൻ വിശ്വാസികളുടെ മനസ്സുകളിൽ സൃഷ്ടിക്കുന്ന വർണ്ണരാചികൾ വിവരണാതീതം.പ്രഥമമായി അനുശാസിക്കപ്പെട്ട സത്യസാക്ഷ്യത്തിന്റെ പ്രയോഗ വൽകരണത്തിന് അനുയോജ്യമായ മണ്ണും വെള്ളവും വളവും ലഭിക്കുന്ന കൃഷിയിറക്കൽ കാലവും,നന്മയുടെ കൊയ്തുകാലവും കൂടെയാണിത്. പ്രാർഥനാ നിർഭരമായ മനസ്സോട് കൂടെ ഈ പുണ്യമാസത്തിലേക്ക് പ്രവേശിച്ച് ഒരു മഹദ് ദൗത്യത്തിന് കച്ചമുറുക്കിയിറങ്ങാൻ,ലക്ഷ്യസ്ഥാനത്തേക്ക് കാടും മേടും കുന്നും താഴ്വരകളും താണ്ടി പരന്നൊഴുകാൻ പരുവപ്പെട്ടവനായി വിശ്വാസി മാറും.
പ്രതിജ്ഞാബദ്ധനായ വിശ്വാസി അതീവ ജാഗ്രതയിലാണ്.അല്ലാഹുവിന്റെ മുന്നിൽ അഞ്ചു നേരവും അണിനിരന്ന് സകല തിന്മകളോടുമുള്ള പോരാട്ടത്തിനുള്ള തയ്യാറെടുപ്പിന് ശേഷമാണ് സമൂഹത്തിൽ വ്യാപൃതനാകുന്നത്.പഞ്ചേന്ദ്രിയങ്ങളെ വരുതിയിൽ നിർത്താനുള്ള ജാഗ്രവത്തായ നാളുകൾ,ദാനധർമ്മങ്ങൾ കവിഞ്ഞൊഴുകാനുള്ള പ്രചോദനങ്ങൾ, ക്ഷമയും സഹനവും കനിവും പാരമ്യതയിലെത്തുന്ന സന്ദർഭങ്ങൾ അവനിൽ രൂപപ്പെടുത്തുന്ന മാനവിക മാനുഷിക ഭാവങ്ങൾ ഒരു സംസ്കൃത സമൂഹ സങ്കൽപങ്ങളുടെ മാനത്ത് മഴവില്ലുകൾ തീർക്കും.
അവധി നിശ്ചയിക്കപ്പെട്ട സമൂഹത്തിൽ അവന്റെ സാന്നിധ്യവും സ്വാധീനവും ഫലപ്രദമായി നടക്കണം.റമദാനിൽ നേടിയെടുക്കുന്ന ശിക്ഷണങ്ങൾ പാഴായിപ്പോകാതിരിക്കാനുള്ള സൂക്ഷ്മത ഈ വസന്തത്തിൽ തന്നെ തുടങ്ങിവെക്കണം.
നിർണ്ണിതമായ അവധിയെത്തിയാൽ അണുമണി വ്യത്യാസമില്ലാതെ വിധി നടപ്പിലാക്കപ്പെടുന്ന സമൂഹത്തോടുള്ള ബാധ്യത ഓരോ നോമ്പുകാരന്റെയും മനസ്സിനെ മഥിച്ചു കൊണ്ടിരിക്കണം.
ഒരു വിശ്വാസിയെ എല്ലാ അർഥത്തിലും സമൂഹത്തിന് അനുഭവിക്കാനുള്ള അവസരങ്ങൾ ജനിപ്പിക്കുക എന്നതാണ് സത്യസാക്ഷ്യത്തിന്റെ മറ്റൊരു വായന.ഇതു തന്നെയാണ് ഓരോ വിശ്വാസിയുടെയും ഒഴിച്ചുകൂടാനാകാത്ത ദൗത്യവും.
ഈ മഹദ് ദൗത്യ നിർവഹണത്തിനുതകുന്ന ഒരു പച്ച മനുഷ്യനെ വാർത്തെടുക്കുകയാണ് റമദാനിലെ രാപ്പകലുകൾ.
ഫാഷിസവും നവ ലിബറലിസവും നിരീശ്വര നിർമ്മിത പ്രത്യയ ശാസ്ത്രങ്ങളും കോപ്പുകൂട്ടി വമിപ്പിക്കുന്ന പുകച്ചുരുളുകളാൽ അന്ധകാരാവൃതമായ ലോകത്ത് ഒരു മിന്നാമിനുങ്ങെങ്കിലുമാകാനുള്ള പ്രയത്നം വിശ്വാസിയെ സംബന്ധിച്ച് നിർബന്ധ ബാധ്യതയത്രെ.ഈ കൂരാ കൂരിരുട്ടിൽ വെളിച്ചത്തിന് നല്ല പ്രസക്തിയുണ്ട്.ദുർഗന്ധ ഭൂമികയിൽ സുഗന്ധത്തിനും.
وَلِكُلِّ أُمَّةٍ أَجَلٌۖ فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةًۖ وَلَا يَسْتَقْدِمُونَ ﴿٣٤﴾ يَا بَنِي آدَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِيۙ فَمَنِ اتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
എല്ലാ ജനങ്ങൾക്കും ഒരു നിശ്ചിത അവധിയുണ്ട്.ഒരു ജനത്തിന്റെ അവധിയെത്തിയാൽ പിന്നെ ഒരു നിമിഷം പോലും അവർ മുന്തുകയോ പിന്തുകയോ ചെയ്യുന്നതല്ല.അല്ലയോ ആദം സന്തതികളേ, ഓർമിച്ചു കൊള്ളുവിൻ! നിങ്ങളുടെ അടുക്കൽ എന്റെ ദൃഷ്ടാന്തങ്ങൾ വിശദീകരിച്ച് കൊണ്ട് നിങ്ങളിൽ നിന്നു തന്നെയുള്ള ദൂതന്മാർ ആഗതരായാൽ, അപ്പോൾ അനുസരണക്കേട് വെടിഞ്ഞ് തന്റെ നടപടികൾ സംസ്കരിക്കുന്നതാരോ, അവൻ ഭയപ്പെടാനും ദുഃഖിക്കാനും സംഗതിയാകുന്നതല്ല.(അഅ്റാഫ് 34…)
ഓരോ സമുദായത്തിന്റെയും നിർണ്ണിതമായ കാലം ഓർമ്മിപ്പിക്കുന്നതിലൂടെ ഒരോ പ്രബോധകന്റെയും ദൗത്യം കൂടെ അടിവരയിടപ്പെടുന്നുണ്ട്.കാരണം ധാർമ്മികതയുടെ പരിധി ലംഘിക്കപ്പെടുന്നതിലൂടെയാണ് ഒരോ സമുദായവും നിഷ്കാസനം ചെയ്യപ്പെടുന്നതിനുള്ള കാലഗണന എന്നാണ് പണ്ഡിത മതം.ഒരു സമൂഹത്തിന്റെ കാലാവധി നിർണ്ണയിക്കപ്പെടുന്നതിന്റെ മാനദണ്ഡം പ്രസ്തുത സമൂഹത്തിലെ ധർമ്മാധർമ്മങ്ങളുടെ താളം തെറ്റലാണ് അഥവാ മൂല്യച്യുതിയാണ്.ഉപര്യുക്ത സൂക്തത്തിന്റെ പ്രാമാണികമായ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ,നന്മയുടെ പ്രസാരണവും തിന്മയുടെ തിരസ്കാരവും ഓരോ വിശ്വാസിയുടെയും നിർബന്ധ ബാധ്യതയാണെന്ന വീക്ഷണത്തെ സാധൂകരിക്കാൻ കഴിയും.ദൈവത്തിന്റെ പ്രതിനിധിയാണെന്ന പാഠം ഉൾക്കൊള്ളുന്നവർക്ക് ഈ കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ സാധിച്ചേക്കും.
ദൈവ ദൃഷ്ടാന്തങ്ങൾ വിശദീകരിച്ച് കൊണ്ട് പ്രവാചകന്മാർ ആഗതരാകുന്നതും അതിനെ സ്വീകരിക്കുക വഴി മാത്രമാണ് ആദം സന്തതികളുടെ ശാശ്വതമായ വിജയം എന്നും തുടർന്ന് പറയുന്നു.ആദ്യ പിതാവ് മുതൽ അന്ത്യ പ്രവാചകൻ വരെയുള്ള കണ്ണി മുറിയാത്ത ശൃംഖല ഇവിടെ ഓർമ്മിപ്പിക്കപ്പെടുന്നു.
അല്ലയോ ആദം സന്തതികളേ, ഓർമിച്ചു കൊള്ളുവിൻ! നിങ്ങളുടെ അടുക്കൽ എന്റെ ദൃഷ്ടാന്തങ്ങൾ വിശദീകരിച്ച് കൊണ്ട് നിങ്ങളിൽ നിന്നു തന്നെയുള്ള ദൂതന്മാർ ആഗതരായാൽ’ يَا بَنِي آدَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِيۙ എന്ന ഖുർആനിക ഭാഷാ പ്രയോഗം ഏറെ അർഥ സമ്പന്നമാണ്.
സത്യ സന്ധവും വസ്തു നിഷ്ടവും ചരിത്ര പ്രാധാന്യമുള്ളതുമായ ശുദ്ധമായ പാരമ്പര്യമുള്ള കഥാ കഥനത്തിന്റെ മഹത്വവും പ്രവാചകന്മാരുടെ പ്രബോധനത്തിൽ ഊന്നിയ തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ മൂല്യത്രയങ്ങളും ഈ പ്രയോഗത്തിൽ നിഴലിക്കുന്നുണ്ട്.
സ്വർഗലോകത്ത് നിന്നും ഭൂമിയിലേക്ക് അയക്കപ്പെട്ട മനുഷ്യൻ യഥാർഥ തറവാട്ടിലേക്ക് തിരിച്ചു ചെല്ലാൻ ലക്ഷ്യം വെച്ച് ഈ ഭൂമിയിലെ പരീക്ഷണങ്ങളെ നേരിടണം.പ്രവാചകന്മാരുടെ കാല ശേഷം തന്നിൽ അർപ്പിതമായ പ്രബോധന ദൗത്യം കർമ്മം കൊണ്ടും ധർമ്മം കൊണ്ടും നിർവഹിക്കണം.യഥാർഥ പ്രബോധന ദൗത്യം നിർവഹിക്കാൻ കണ്ണിമുറിയാത്ത പ്രവാച പാഠപഠന കഥകളിൽ കൃത്യമായ അവബോധമുണ്ടായിരിക്കണം.എങ്കിൽ മാത്രമേ സമയാസമയങ്ങളിൽ പ്രവാചകന്മാർ വിശദീകരിച്ചതു പോലെ വശ്യമായ ഭാഷയിലും ശൈലിയിലും ദൗത്യം നിർവഹിക്കാൻ സാധിക്കുകയുള്ളൂ.
ഓരോ സമൂഹത്തിനും എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയും വിധത്തിലായിരുന്നു പ്രവാചകനമാർ നിയോഗിക്കപ്പെട്ടത്.
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْۖ فَيُضِلُّ اللَّهُ مَن يَشَاءُ وَيَهْدِي مَن يَشَاءُۚ وَهُوَ الْعَزِيزُ الْحَكِيمُ
‘നാം മനുഷ്യർക്ക് സന്ദേശം നൽകുന്നതിനായി അയച്ച ഏതു ദൈവദൂതനും സ്വജനത്തിന്റെ ഭാഷയിൽത്തന്നെയാണ് അവരോട് സംസാരിച്ചിട്ടുള്ളത്. അദ്ദേഹം അവരെ കാര്യങ്ങൾ സുവ്യക്തമായി ഗ്രഹിപ്പിക്കേണ്ടതിനാണിത്'(ഇബ്രാഹീം 4 )
പ്രബോധനം ഒരു ആചാര രീതിയൊ ചടങ്ങൊ അല്ല.പ്രബോധകന്റെ ഭാഷയും ആകർഷകമായ ശൈലിയും കഥാ കഥനങ്ങൾക്ക് പ്രാപ്തമായ ചരിത്രാവബോധവും വിജ്ഞാനവും എല്ലാം ഒരു ലക്ഷ്യ ബോധമുള്ള ഉത്തരവാദിത്ത ബോധമുള്ള പ്രബോധകനിൽ ഉണ്ടായിരിക്കണം.തന്റെ ദൗത്യ നിർവഹണത്തിന് കളമൊരുക്കാൻ സന്നദ്ധമായ വ്യവസ്ഥാപിതമായ ഒരു കണ്ണിയിൽ പ്രബോധകൻ അണി ചേരുക എന്നതും കാലത്തിന്റെ തേട്ടമത്രെ.
വിശ്വാസിയുടെ ഉത്തരവാദിത്ത നിർവഹണത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾക്കൊപ്പം പുറം തിരിഞ്ഞു നിൽക്കുന്ന അന്ധരും ബധിരരും മൂകരുമായ ഒരു സമൂഹത്തെ കുറിച്ചും ഖുർആൻ പറഞ്ഞു തരുന്നുണ്ട്.
أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَۚ إِنْ هُمْ إِلَّا كَالْأَنْعَامِۖ بَلْ هُمْ أَضَلُّ سَبِيلً
അവരിലധികമാളുകളും കേൾക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതുന്നുവോ? അവരോ, വെറും കാലികളെപ്പോലെയാകുന്നു. അല്ല; അവയെക്കാളേറെ വഴിതെറ്റിയവരാകുന്നു.(ഫുർഖാൻ 44) എന്ന ഖുർആനിക നിരീക്ഷണത്തെ ഗൗരവ പൂർവ്വം വായിച്ച് മണ്ണിനോടും മനുഷ്യനോടുമുള്ള വിശ്വാസിയുടെ പ്രതിബദ്ധതയെ ഓർത്തു കൊണ്ടും ഓർമ്മിപ്പിച്ചു കൊണ്ടും സദാ ജാഗ്രതയിലാകേണ്ടവരത്രെ പ്രബോധകർ.
വ്രത വിശുദ്ധിയുടെ ദിനരാത്രങ്ങൾ സജീവമാക്കി പുതിയ മനുഷ്യനായി ജനിക്കാൻ ഈ സംസ്ക്കരണകാലം പ്രയോജനപ്പെടുമാറാകട്ടെ.