ആരാലും ശ്രദ്ധിക്കപെടാത്തവരെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു
ഈ അധ്യായം കുറച്ച് സങ്കീർണ്ണമായതാണ്. ആരാലും ശ്രദ്ധിക്കപ്പെടാത്തവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ആളുകൾക്കിടയിൽ ഒട്ടും പ്രസിദ്ധരല്ലാത്ത, ആളുകൾ കൂട്ടം കൂടുന്ന ഇടങ്ങളിലെല്ലാം അധികമാരും ശ്രദ്ധിക്കാത്തവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. സഅദ്ബ്നു അബീവഖാസ്(റ) റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. റസൂൽ പറയുന്നു: “ഭക്തനും സമ്പന്നനും ജനങ്ങളിൽ അറിയപ്പെടാൻ ആഗ്രഹിക്കാത്തവനുമായ ദാസനെ തീർച്ചയായും അല്ലാഹു സ്നേഹിക്കുന്നു” അവർ ജനങ്ങളാൽ ശ്രദ്ധിക്കപ്പെടാത്തവരും ജനമധ്യത്തിൽ നിന്ന് ഒളിച്ചോടുന്നവരും പ്രശസ്തി ആഗ്രഹിക്കാത്തവരുമാണ്. പല നിലക്കാണ് ഒരാൾ ജനങ്ങളാൽ ശ്രദ്ധിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക. ഒരാൾ നന്മകളിൽ മുന്നേറുമ്പോൾ സ്വാഭാവികമായും ആളുകൾ അദ്ദേഹത്തെ ശ്രദ്ധിക്കുകയും ആളുകൾക്കിടയിൽ പ്രസിദ്ധനാവുകയും ചെയ്യും. ഇവിടെയാണ് റസൂൽ(സ) പറയുന്ന ആരാലും ശ്രദ്ധിക്കപ്പെടാത്തവരുടെ പ്രത്യേകത മനസ്സിലാവുന്നത്. അവർ നന്മകളിൽ വളരെ നിശബ്ദമായി മറ്റാരുമറിയാതെയാണ് കുതിച്ചു മുന്നേറുന്നത്.
പ്രവാചകൻ ഒരിക്കൽ അനുചരന്മാരോടൊന്നിച്ച് ഇരിക്കുമ്പോൾ ഒരാൾ അവരുടെ മുന്നിലൂടെ നടന്നു പോയി. അപ്പോൾ റസൂൽ അവരോട് ചോദിച്ചു “ഇദ്ദേഹത്തെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം. അവർ പറഞ്ഞു: “അല്ലാഹുവിൻ്റെ പ്രവാചകരേ, അദ്ദേഹം ജനങ്ങൾക്കിടയിൽ വളരെ പ്രസിദ്ധനായ വ്യക്തിയാണ്. അദ്ദേഹം മധ്യസ്ഥത വഹിച്ചാൽ ജനങ്ങൾ അദ്ദേഹത്തിൻ്റെ മധ്യസ്ഥത സ്വീകരിക്കുകയും വിവാഹ അഭ്യർത്ഥന നടത്തിയാൽ അത് സ്വീകരിക്കപ്പെടുകയും ചെയ്യും” ശേഷം റസൂൽ മറ്റൊരു വ്യക്തിയെ കാണിച്ചു കൊണ്ട് ചോദിച്ചു: ”ഈ വ്യക്തിയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്.” അവർ പറഞ്ഞു: ”അല്ലാഹുവിൻ്റെ പ്രവാചകരേ, ഇദ്ദേഹം വളരെ ദുർബലനാണ്. ഇദ്ദേഹം ആളുകൾക്കിടയിൽ മധ്യസ്ത്ഥ വഹിച്ചാൽ അദ്ദേഹത്തിൻ്റെ മധ്യസ്ത്ഥ ജനങ്ങൾ സ്വീകരിക്കുകയില്ല. അദ്ദേഹം വിവാഹ അഭ്യർത്ഥന നടത്തിയാൽ തീർച്ചയായും അത് തള്ളപ്പെടും” അപ്പോൾ റസൂൽ പറയുകയാണ്: ”അല്ലാഹുവിൻ്റെ ദൃഷ്ടിയിൽ ഈ രണ്ടാളുകളിലൊരാൾ മറ്റൊരാളെക്കാൾ ശ്രേഷ്ഠനാണ്.”
ഈ ഹദീസിൻ്റെ ഉള്ളടക്കത്തിൽ നിന്ന് മനസ്സിലാവുന്ന ഏറ്റവും ആകർഷണീയമായ സംഗതി ഇതാണ്, അല്ലാഹു ഏറ്റവും സ്നേഹിക്കുന്ന പലരും സമൂഹത്തിലെ മുഖ്യധാരയിൽ വളരെ കുറച്ച് മാത്രം ശ്രദ്ധിക്കപ്പെടുന്നവരാണ്. അല്ലാഹുവുമായി ഏറ്റവും അടുപ്പത്തിലുള്ള അവൻ്റെ ഔലിയാക്കൾ ജനങ്ങൾക്കിടയിലെ മറഞ്ഞിരിക്കുന്ന രത്നങ്ങളാണ്. അവർ ശാന്തരായി കൊണ്ട് ആരാധനകളിലും സേവന പ്രവർത്തനങ്ങളിലും ഏർപ്പെടുകയും ചെയ്യുന്നു. അവർ ആളുകളെ പുഞ്ചിരിച്ചു കൊണ്ട് അഭിസംബോധന ചെയ്യുകയും ജനങ്ങൾക്കിടയിൽ അപൂർവമായി പ്രത്യക്ഷപ്പെടുകയും വീമ്പ് പറയാത്തവരുമാണ്. യഥാർത്ഥത്തിൽ ജനങ്ങളിൽ നിന്ന് ഒരൽപം വിട്ട് നിൽക്കുമ്പോഴും അവർ അല്ലാഹുവിൻ്റെ സന്നിദ്ധിയിൽ പ്രശസ്തിയുടെ ഉന്നതി കൈവരിക്കുകയാണ്. പ്രശസ്തി കൈവരിക്കുന്നതിൽ നിന്നും ഓടിയൊളിക്കുന്നത് ലജ്ജയുടെ ഭാഗമാണ് എന്നും അല്ലാഹുവിന് ഇഷ്ടമുള്ളവർ സദസ്സുകളിൽ സന്നിഹിതരാവുന്നവരും ആരും ശ്രദ്ധിക്കാതെ എഴുന്നേറ്റ് പോവുന്നവരുമാണ് എന്നും റസൂൽ പഠിപ്പിക്കുന്നു.
അവർ നന്മയിൽ മത്സരിക്കുന്നില്ല എന്നോ അവർ ചെയ്യുന്ന നന്മകൾ ആരും ശ്രദ്ധിക്കുന്നില്ല എന്നോ അല്ലാഹുവിന് വേണ്ടി മാത്രമായി ചെയ്യേണ്ട കാര്യങ്ങൾ പൊതുസ്ഥലത്ത് വെച്ച് ചെയ്യുന്നതിൽ നിന്ന് പിൻവലിയുന്നു എന്നൊന്നുമല്ല ഇതിന് അർത്ഥം. പകരം അവർ ചെയ്യുന്ന നന്മകൾ വളരെ ശാന്തമായി ചെയ്യുന്നവരും വളരെ വിനയമുള്ളവരും ആളുകൾക്കിടയിൽ പ്രകടനപരത ഒളിപ്പിച്ചു വെക്കുന്നവരുമാണ്. അതിനോടൊപ്പം തന്നെ അവർ ആവശ്യത്തിനു മാത്രം സംസാരിക്കുന്നവരും അന്യാവശ്യമായി അവരുടെ ശബ്ദമുയർത്താത്തവരുമാണ്.
ഭൂമിയിലെ ഏറ്റവും പ്രസിദ്ധിയാർജിച്ച മനുഷ്യനായിട്ട് പോലും അദ്ദേഹത്തെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അത്ര പെട്ടന്നൊന്നും വേർതിരിച്ചറിയാൻ കഴിയുമായിരുന്നില്ല. അല്ലാഹു നൽകിയ പ്രശസ്തിയും പദവിയും അദ്ദേഹം ദുരുപയോഗം ചെയ്യുമായിരുന്നില്ല. അദ്ദേഹം അത്രക്ക് ശാന്തനും നിശബ്ദനുമായിരുന്നു. ഉസ്മാൻ(റ) വും അങ്ങനെയായിരുന്നു. സ്വഹാബാക്കളുടെ കൂട്ടത്തിലെ ഏറ്റവും സമ്പന്നൻമാരിൽ ഒരാളായിരുന്നിട്ട് പോലും ജനക്കൂട്ടത്തിനിടയിൽ നിന്ന് കണ്ടുപിടിക്കാൻ കഷ്ടപ്പെടുമാറ് വലിയ വിനയാന്വിതനായിരുന്നു അദ്ദേഹം.
വളരെ ശ്രദ്ധേയമായ ഒരു സംഭവം കൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി കൊണ്ട് ഈ അധ്യായം അവസാനിപ്പിക്കുകയാണ്. റസൂൽ(സ) ഒരു ദിവസം രാവിലെ ഉണർന്നപ്പോൾ സ്ഥിരമായി മസ്ജിദ് അടിച്ചു വൃത്തിയാക്കിയിരുന്ന സ്ത്രീയെ കാണാത്തത് കാരണം അവർ എവിടെയാണ് എന്ന് ആരാഞ്ഞു. അപ്പോൾ സ്വഹാബാക്കൾ പറഞ്ഞു: “അല്ലാഹുവിൻ്റെ ദൂതരേ, അവർ രാത്രിയിൽ അല്ലാഹുവിലേക്ക് യാത്രയായി. താങ്കളെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപിച്ച് ബുദ്ധിമുട്ടിക്കേണ്ടതില്ല എന്ന് കരുതി ഞങ്ങൾ ഇന്നലെ രാത്രി തന്നെ മറമാടുകയുണ്ടായി.” ഇത് കേട്ടതോടെ റസൂൽ ആകെ അസ്വസ്ഥനായി. റസൂൽ “അവരുടെ ഖബർ എവിടെയാണ്?” എന്ന് ചോദിക്കുകയും അദ്ദേഹം ഖബറിനരികിൽ വെച്ച് ജനാസ നമസ്കാരം നിർവഹിക്കുകയും എൻ്റെ നമസ്കാരം ഖബറിലുള്ളവർക്ക് വെളിച്ചമാണ് എന്ന് പറയുകയും ചെയ്തു. കേവലം പള്ളി അടിച്ചുവാരുന്ന സ്ത്രീയല്ലേ എന്ന് കരുതി തൻ്റെ അനുചരന്മാർ പരിഗണിക്കാൻ മറന്നു പോയവരെ റസൂൽ(സ) കൃത്യമായി പരിഗണിച്ചിരുന്നു. ഈ സംഭവത്തിൽ നിന്ന് മനസ്സിലാവുന്ന സംഗതി ജനങ്ങളാൽ ശ്രദ്ധിക്കപ്പെടാത്തവർ അല്ലാഹുവിനാൽ ശ്രദ്ധിക്കപ്പെടും എന്നതാണ്.
അല്ലാഹുവിൻ്റെ ശ്രദ്ധ ലഭിക്കുന്ന പക്വതയും നിശബ്ദതയും വിനയവും പരിശീലിക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം