എന്നെ വധിക്കുന്ന കരങ്ങൾ – 5

اللَّهُمَّ ارْزُقْنِي شَهَادَةً فِي سَبِيلِكَ، وَاجْعَلْ مَوْتِي فِي بَلَدِ رَسُولِكَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، اللَّهُمَّ لَا تَجْعَلْ قَتْلِي عَلَى يَدَيْ عَبْدٍ قَدْ سَجَدَ لَكَ سَجْدَةً يُحَاجُّنِي بِهَا يَوْمَ الْقِيَامَةِ
(അല്ലാഹുവേ, എനിക്ക് നിന്റെ മാർഗത്തിൽ ശഹാദത്ത് പ്രദാനം ചെയ്യേണമേ. എന്റെ മരണം നിന്റെ റസൂലിന്റെ നാട്ടിൽ വെച്ച് ആക്കി തരണമേ. അല്ലാഹുവേ, എന്റെ കൊലപാതകം നിന്റെ മുന്നിൽ സുജൂദ് ചെയ്ത ഒരാളുടെ കരങ്ങളാൽ ആക്കരുതേ. വിധി നിർണയ നാളിൽ അദ്ദേഹം അത് എനിക്കെതിരിൽ ഉപയോഗിക്കുകയും ചെയ്യരുതേ.)
ഈ പരമ്പരയിലെ ആദ്യത്തെ അധ്യായത്തിൽ അബൂബക്കർ സിദ്ദീഖ് (റ) അദ്ദേഹത്തിൻ്റെ അവസാന നാളിൽ നടത്തിയ പ്രാർത്ഥന നാം വിശദീകരിച്ചിരുന്നു. തൻ്റെ അവസാനത്തെ ദിനങ്ങളും അവസാനത്തെ കർമ്മവും നല്ലതാവാൻ എത്രമാത്രം അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്ന് ആ പ്രാർത്ഥനയിൽ നിന്ന് വ്യക്തമാണ്. എൻ്റെ ഏറ്റവും മികച്ച നിമിഷം അല്ലാഹുവിനെ കണ്ടുമുട്ടുന്ന സന്ദർഭമാവണേ എന്ന് കൂടി അദ്ദേഹം ആ പ്രാർത്ഥനയിൽ ചേർത്ത് പറയുന്നു. സമാനമായി ഉമർ (റ) അദ്ദേഹത്തിൻ്റെ അവസാന നിമിഷങ്ങൾ മുൻനിർത്തി നടത്തിയ പ്രാർത്ഥനയാണ് ഈ അധ്യായം.
താൻ ശഹീദായിട്ടാണ് മരണപ്പെടുക എന്ന് ഉമർ (റ)വിന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ഉഹുദ് യുദ്ധ സന്ദർഭത്തിൽ മുസലിംകൾ അൽപ്പം പ്രതിസന്ധിയിലായപ്പോൾ, അബൂബക്കറും ഉമറും ഉസ്മാനും കൂടെയുണ്ടായിരിക്കെ റസൂൽ ഇങ്ങനെ പറയുകയുണ്ടായി. “നമ്മൾ ഉഹുദിൽ ഉറച്ചു നിൽക്കണം. നിങ്ങളുടെ കൂടെ അല്ലാഹുവിന്റെ പ്രവാചകനും സിദ്ദീഖും (അബൂബക്കർ (റ) ) രണ്ട് ശുഹദാക്കളുമുണ്ട് (ഉമറും ഉസ്മാനും). റസൂൽ ഇങ്ങനെ പറഞ്ഞതോട് കൂടി തൻ്റേത് ഒരു സാധാരണ മരണമല്ലെന്നും കൊലപാതകമായിരിക്കുമെന്നും ഉമർ (റ)വിന് മനസ്സിലായിരുന്നു. താൻ കൊല്ലപ്പെടും എന്ന് ഉറപ്പിച്ചിരുന്നുവെങ്കിലും ഉമർ (റ)വിന് അത് മാത്രം മതിയാവുമായിരുന്നില്ല. സ്വർഗ്ഗപ്രവേശനത്തെ കുറിച്ച് റസൂലിനാൽ സന്തോഷവാർത്ത അറിയിക്കപ്പെട്ട സ്വഹാബി ആയിരുന്നിട്ടും തന്റെ ഉള്ളിൽ നിഫാഖ് അടിഞ്ഞു കൂടി കിടപ്പുണ്ടോ എന്ന് അദ്ദേഹം സ്വയം സംശയിച്ചു. അതു കാരണം റസൂൽ മുനാഫിഖീങ്ങളുടെ പേരുകൾ രഹസ്യമായി വെളിപ്പെടുത്തി കൊടുത്ത ഹുദൈഫ(റ) വിനോട് തൻ്റെ പേര് ആ കൂട്ടത്തിലുണ്ടോ എന്ന് അദ്ദേഹം നിരന്തരം ചോദിച്ചു കൊണ്ടേയിരുന്നു. കൂടാതെ, താൻ എവിടെ വെച്ചാണ്, ആരുടെ കരങ്ങളാലാണ് കൊല്ലപ്പെടേണ്ടത് എന്നും അദ്ദേഹം പ്രാർത്ഥിച്ചു.
ഉമർ (റ) നടത്തിയ മറ്റൊരു പ്രാർത്ഥന ഇങ്ങനെയാണ്. “അല്ലാഹുവേ, നിൻ്റെ മാർഗത്തിൽ ശഹീദായിട്ട് നീ എന്നെ സ്വീകരിക്കേണമേ, എൻ്റെ ശഹാദത്ത് പ്രാവചകൻ്റെ മദീനയിൽ വെച്ച് തന്നെ ആക്കേണമേ. ”
ഉമർ (റ)വിനെ സംബന്ധിച്ചിടത്തോളം മദീനയിൽ വെച്ച് കൊല്ലപ്പെടുക എന്നത് അസംഭവ്യമായ കാര്യമായിരുന്നു. കാരണം മദീന റസൂലിന്റെ ഭൂമിയും മുസ്ലിംകളുടെ ശക്തികേന്ദ്രവുമായിരുന്നു. അതുകൊണ്ട് തന്നെ പ്രവാചകന്റെ മദീനയിൽ വെച്ച് കൊല്ലപ്പെടുകയാണെങ്കിൽ അതൊരു മുസ്ലിമിന്റെ കരങ്ങൾ കൊണ്ട് തന്നെയാവുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. ഈ പ്രാർത്ഥന നടത്തിയപ്പോൾ അദ്ദേഹത്തിന്റെ മകൾ സംശയം പ്രകടിപ്പിക്കുകയുണ്ടായി. താങ്കൾക്ക് എങ്ങനെ മദീനയിൽ തന്നെ ശഹീദായി മരണമടയാൻ സാധിക്കും എന്നായിരുന്നു അവരുടെ ചോദ്യം. അല്ലാഹു അങ്ങനെ ആഗ്രഹിക്കുന്നുവെങ്കിൽ അങ്ങനെ തന്നെ സംഭവിക്കും എന്നായിരുന്നു ഉമർ(റ) ന്റെ മറുപടി. ഉമർ (റ) ഒരു ദിവസം അല്ലാഹുവിന്റെ പ്രവാചകനെ വധിക്കാൻ വേണ്ടി ഇറങ്ങി തിരിച്ചു, പക്ഷെ അതേ ദിവസം തന്നെ മുസ്ലിമായി. അതേ ഉമർ(റ) അല്ലാഹുവിന്റെ പ്രവാചകന്റെ മദീനയിൽ തന്നെ ശഹീദാവുകയും പ്രവാചകന് തൊട്ടരികിൽ മറമാടപ്പെടുകയും ചെയ്തു. ഒരു മനുഷ്യന്റെ അന്ത്യനിമിഷങ്ങൾ ഒരാൾക്കും പ്രവചിക്കാൻ പറ്റാത്ത വണ്ണം രഹസ്യമായതാണ് എന്നാണ് ഇതിൽ നിന്നൊക്കെയും മനസ്സിലാവുന്നത്.
ഉമർ (റ) ഇങ്ങനെ കൂടി പ്രാർത്ഥിച്ചു: “അല്ലാഹുവേ, എന്റെ കൊലപാതകം നിന്റെ മുന്നിൽ സുജൂദ് ചെയ്ത ഒരാളുടെ കരങ്ങളാൽ ആവരുതേ. വിധി നിർണയ നാളിൽ അദ്ദേഹം അത് എനിക്കെതിരിൽ ഉപയോഗിക്കുകയും ചെയ്യരുതേ.” വിശ്വാസിയായ ഒരാളാലോ ആളുകൾക്കിടയിൽ നല്ല അഭിപ്രായമുള്ള ഒരാളുടെ കരങ്ങളാലോ കൊല്ലപ്പെടാൻ ഉമർ (റ) ഒരിക്കലും ആഗ്രഹിച്ചില്ല. അല്ലാഹു അക്ബറും ലാഇലാഹഇല്ലല്ലാഹ് ഉം മുഴക്കുന്ന ഒരാളാൾ വധിക്കപ്പെടാനും അദ്ദേഹം ആഗ്രഹിച്ചില്ല. ഉമർ (റ)വിന് പള്ളിയിൽ വെച്ച് കുത്തേറ്റപ്പോൾ ഒന്നാമത് അദ്ദേഹം ചോദിച്ച ചോദ്യം, തന്നെ വധിക്കാൻ ശ്രമിച്ചയാൾ മുസ്ലിമാണോ എന്നായിരുന്നു. ആക്രമിച്ചയാൾ മുസ്ലിമല്ല എന്ന് മനസ്സിലായപ്പോൾ അദ്ദേഹം അൽഹംദുലില്ലാഹ്! എന്ന് പറയുകയായിരുന്നു.
ഭൗതിക ലോകവുമായി അത്രമാത്രം വിഛേദിക്കപ്പെടുകയും അല്ലാഹു സമ്മാനമായി ഒരുക്കി വെച്ച സ്വർഗീയ ആരാമങ്ങളുമായി അത്രമേൽ ആഗ്രഹത്തിലുമായിരുന്നു അദ്ദേഹം. അല്ലാഹുവിന്റെ പ്രവാചകന്റെ മദീനയിൽ വെച്ചുള്ള ശഹാദത്തിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥന. ആരെങ്കിലും ആത്മാർത്ഥമായിട്ടാണ് ശഹാദത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതെങ്കിൽ, അവർ അവരുടെ കിടക്കകളിൽ കിടന്ന് മരണപ്പെടുകയാണെങ്കിലും അല്ലാഹു അവർക്ക് ശഹീദിൻ്റെ പദവി നൽകും എന്ന് പോലും റസൂൽ ഓർമപ്പെടുത്തുന്നു. അതായത് ഒരാൾ ആത്മാർത്ഥമായി ശഹാദത്തിന് പ്രാർത്ഥിക്കുമ്പോൾ തന്നെ അല്ലാഹു അയാൾക്ക് ശഹീദിനുള്ള പദവി നൽകുന്നു. ഉമർ(റ) ആവട്ടെ ശഹാദത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും അങ്ങനെ തന്നെ മരണപ്പെടുകയും ചെയ്തു. മാത്രമല്ല അദ്ദേഹത്തിൻ്റെ ശഹാദത്ത് സംഭവിച്ചത് പ്രവാചകൻ്റെ മദീനയിൽ വെച്ച് തന്നെയാണ്. ‘നിങ്ങളിൽ മദീനയിൽ വെച്ച് മരണപ്പെടാൻ കഴിയുന്നവർ അങ്ങനെ ചെയ്തു കൊള്ളട്ടെ’ എന്നും റസൂൽ പറഞ്ഞതായി കാണാം.
അങ്ങനെ ഉമർ (റ) അവസാനം പ്രവാചകന്റെയും അബൂബക്കറിന്റെയും അരികിൽ ശഹീദിന്റെ പദവിയോട് കൂടി തന്നെ മറമാടപ്പെടുകയുണ്ടായി. അല്ലാഹുവിന് ഒന്നും കഴിയാത്തതായി ഇല്ല എന്നും ഉമർ (റ) വിന്റെ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നു.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1